Connect with us

Articles

വിഷുഫലവും സ്ഥലജല വിഭ്രാന്തിയും

Published

|

Last Updated

അന്തിക്കു വന്ന മഴയും വിരുന്നുകാരനും അന്ന് പോവില്ല എന്നാണ് ചൊല്ല്. പിറ്റേന്നും പോയില്ല. നാലഞ്ചു ദിവസം തുടര്‍ന്നു, മഴ. വിരുന്നുകാരനും പോകാനൊത്തില്ല. വീടിനുള്ളില്‍ വെള്ളം കയറി. വീട്ടുകാര്‍ വേണ്ട സാധനങ്ങളെല്ലാമെടുത്ത് മുകളിലേക്ക് കയറി. വിരുന്നുകാരനും അങ്ങനെത്തന്നെ. പിന്നെ വീട്ടുകാരനെന്നോ, വിരുന്നുകാരനെന്നോ ഇല്ല. പുഴയും കരയും ഒന്നായതു പോലെ.

മുമ്പില്‍ വെള്ളം മാത്രം. തുള്ളിക്കൊരു കുടം മഴ. പല തുള്ളി പെരുവെള്ളം. വെള്ളം അങ്ങോട്ട് ഇരച്ചു കയറുകയല്ലേ? മകരത്തില്‍ മഴ പെയ്താല്‍ മലയാളം മുടിയും എന്നു കൂടിയുണ്ട്. എന്നുവെച്ചാല്‍ കൃഷി നശിക്കുമെന്ന്. ഇപ്പോള്‍ കര്‍ക്കിടകത്തിലാണ് മാരിമഴ. ഇനി മുടിയാന്‍ വല്ലതും ബാക്കിയുണ്ടോ? വീടും പോയി, കാടും പോയി, കൃഷിയും പോയി… കര്‍ക്കിടകം ദുര്‍ഘടം!.

സര്‍ക്കാറിന്റെ പല പദ്ധതിയും വെള്ളത്തിലാകാറുണ്ട്. ഇപ്പോള്‍ സര്‍ക്കാര്‍ തന്നെ വെള്ളത്തിലാണ്. ആവശ്യത്തിന് കാശില്ല. നാട്ടുകാരേ, സഹായിക്കൂ എന്നാണ് പറയുന്നത്. കേന്ദ്രത്തോടും പറഞ്ഞു. അവര്‍ അത് വേണ്ട വിധം ഗൗനിച്ചോ എന്തോ. ഒരറന്നൂറ് കൊടുത്തു. അരിയും കൊടുത്തു, മണ്ണെണ്ണയും ഉണ്ട്. അതിനൊക്കെ പണം അങ്ങോട്ട് കൊടുക്കണം പോലും. ഇതെന്ത് കഥ? സ്വതേ ദുര്‍ബല, പോരെങ്കില്‍ ഗര്‍ഭിണിയും!

മഴ തോര്‍ന്നിട്ടും സര്‍ക്കാര്‍ കഴുത്തറ്റം വെള്ളത്തില്‍. മുണ്ടു മുറുക്കി ഉടുക്കണമെന്നൊക്കെയുണ്ട്. പക്ഷേ മുണ്ടുണ്ടായിട്ടു വേണ്ടേ? ഒരു കീറത്തുണി പോലും ഇല്ലാത്ത അവസ്ഥയാണ്. സഹായം വരുന്നുണ്ട്, കേട്ടോ. എല്ലാമിങ്ങ് വാങ്ങുക തന്നെ. ആവശ്യക്കാരന് ഔചിത്യമില്ല എന്നാണല്ലോ. പണ്ടേയുണ്ട് ഈ കൊടുക്കലും വാങ്ങലും. 1924ലെ വെള്ളപ്പൊക്കത്തിലും വാങ്ങി സഹായം. സിലോണിന്റെ 600 രൂപ മുതല്‍ മലേഷ്യയുടെ 10 രൂപ വരെ. ഇന്നും അങ്ങനെത്തന്നെ. ചെറുതും വലുതുമായി നിരവധി സഹായങ്ങള്‍. ഗള്‍ഫില്‍ നിന്നും വാഗ്ദാനം വന്നു. ഇപ്പോള്‍ കോടി കൊണ്ടാണ് കളി. പലതുള്ളി പെരുവെള്ളം.

എല്ലാവരും ഒത്തൊരുമിച്ച് കൊടുക്കുകയാണ്. വലതു കൈ കൊടുക്കുന്നത് ഇടതു കൈ അറിയരുതെന്നാണ്. ചിലര്‍ ഇതൊക്കെ പുരപ്പുറത്ത് കയറി പറയുന്നുണ്ട്. അവര്‍ക്കുമുണ്ടാകും ന്യായങ്ങള്‍. കൊടുക്കുന്നത് നാലാള്‍ അറിഞ്ഞാല്‍ അത് അറിയുന്നവനും കൊടുക്കാന്‍ ആവേശം വന്നാലോ? ഒത്തു പിടിച്ചാല്‍ മലയും പോരും എന്നല്ലേ?

ഇനി മന്ത്രിമാര്‍ വിദേശത്തേക്ക് പോകുകയാണ്. സഹായത്തിനാണ്. മഴക്കാലത്ത് ജര്‍മനിയില്‍ പോയ മന്ത്രിയെ തിരികെ വിളിക്കേണ്ടിയിരുന്നില്ല. അവിടെ നിന്ന് പിരിച്ചാല്‍ മതിയായിരുന്നു. സര്‍ക്കാറിനും ലാഭം, മന്ത്രിക്കും ലാഭം. മന്ത്രിയുടെ പേര് വെള്ളം പോലെ പൊങ്ങുമായിരുന്നു.

വെള്ളത്തിലായ ചിലരെ പരിചയപ്പെടാം. ഈ വര്‍ഷം മഴ കുറവായിരിക്കുമെന്ന് വിഷുഫലത്തിലൂടെ കേരളത്തിന് ആശ്വാസം പകര്‍ന്ന പണിക്കരാണ് ഒരാള്‍. ഇദ്ദേഹം ഏത് ദുരിതാശ്വാസ ക്യാമ്പിലായിരുന്നു എന്നേ ഇനി അറിയാനുള്ളൂ. അല്ലേല്‍ പേമാരി കണ്ടു കണ്ട് അടുത്ത വര്‍ഷം എന്താണ് പറയുക പടച്ചവനേ എന്നോര്‍ത്ത് പകച്ചിരിക്കുകയാവും…

നമ്മുടെ ചെന്നിത്തലയോ? ഒരു ദിവസം ഡാമുകളുടെ കൂടെ. പിറ്റേന്ന് വെള്ളപ്പൊക്കത്തിനൊപ്പം. പിന്നെ സര്‍ക്കാറിനെതിരെ വാക്കുകളുടെ പ്രളയം. അടുത്ത ദിവസം മുഖ്യമന്ത്രിക്കൊപ്പം. നമ്മള്‍ ഒറ്റക്കെട്ടാണ്. ഒപ്പം നിന്നില്ലെങ്കില്‍ നാട്ടുകാര്‍ പറയും. നിന്നാലോ പ്രതിപക്ഷമില്ലേ എന്ന് ചോദിക്കും. ആകെ സ്ഥല ജല വിഭ്രാന്തി തന്നെ. പാര്‍ട്ടിയിലെ മറ്റുള്ളവര്‍ ലീഡ് ചെയ്താലോ എന്ന വേവലാതി വേറെയും.

വെള്ളമിറങ്ങിയപ്പോള്‍ ചെളി ബാക്കിയായി. ഇപ്പോള്‍ അത് വാരിയെറിയുന്ന തിരക്കിലാണ് ചിലര്‍. വെള്ളപ്പൊക്കത്തിന് കാരണം എന്ത്? മഴയാണോ, ഡാമാണോ? തമ്മിലടിയാണ്. ഇത് ഇപ്പോഴൊന്നും നില്‍ക്കുമെന്ന് തോന്നുന്നില്ല. അടുത്ത മഴ വരെ തുടരും എന്നാണ് പ്രവചനം, അതി തീവ്രമായി…

Latest