Connect with us

Articles

എന്റെ മുഖ്യമന്ത്രി

Published

|

Last Updated

“എന്റെ മുഖ്യമന്ത്രി”- പ്രളയക്കെടുതിയില്‍ കേരളം അടിപതറി നിന്ന വേളയില്‍ തിരുവനന്തപുരത്തുകാരി അമലാ ഷഫീഖ് ഫേസ്ബുക്കിലെഴുതിയ കുറിപ്പിന്റെ തലക്കെട്ടാണിത്. അമലയുടെ കുറിപ്പ് തുടങ്ങുന്നതിങ്ങനെ: “”എക്കാലത്തും കൃത്യവും വ്യക്തവുമായ ഒരു രാഷ്ട്രീയം എനിക്കുണ്ട്. എന്നാല്‍, അതൊരിക്കലും അന്ധമായ ആരാധനയോ ന്യായീകരണ തൊഴിലാളി ലെവലോ അല്ല. ഒരിക്കലും ഞാനൊരു പിണറായി ആരാധകയല്ല. അദ്ദേഹത്തിന്റെ ചില ശരീരഭാഷയും പെരുമാറ്റങ്ങളും ഒരു പൊതു സമ്മതനായ നേതാവെന്ന നിലയില്‍ മാറ്റേണ്ടതാണെന്ന അഭിപ്രായവും ഉണ്ട്. എന്നാല്‍, ഇന്ന് വൈകീട്ടത്തെ അദ്ദേഹത്തിന്റെ പ്രസ്മീറ്റ്, ആധുനിക യുഗത്തിലെ ഒരു നേതാവെങ്ങനെയാകണം എന്ന് നമുക്ക് വ്യക്തമായി കാണിച്ച് തരുന്നു.”” തിരുവനന്തപുരത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷിലെ പ്രൊഫസര്‍ ഡോ. മീനാ ടി പിള്ള എഴുതിയത് ഇങ്ങനെ: “ഐ ആം പ്രൗഡ് ഓഫ് മൈ ചീഫ് മിനിസ്റ്റര്‍”.

നാട്ടിലാകെ പ്രളയം ഭീകരത സൃഷ്ടിച്ച നാളുകളില്‍ കാലത്തും വൈകീട്ടും മാധ്യമങ്ങളോട് സംസാരിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍വജനങ്ങള്‍ക്കും ആശ്വാസമാകുകയായിരുന്നു. ഒരു നാട് മുഴുവന്‍ വലിയ ഭീഷണി നേരിടുമ്പോള്‍ ഒരു നേതാവ് എങ്ങനെ പെരുമാറണമെന്നതിന് വ്യക്തമായ ദൃഷ്ടാന്തമായി മാറി പിണറായി. ആ വാക്കുകളില്‍ തികഞ്ഞ ആത്മവിശ്വാസമുണ്ടായിരുന്നു. സ്വന്തം ആത്മവിശ്വാസം ദുരിതമനുഭവിക്കുന്ന സാധാരണക്കാരിലേക്കും സംക്രമിപ്പിക്കുന്ന തരത്തിലായിരുന്നു അദ്ദേഹത്തിന്റെ സംസാരവും. അളന്നുമുറിച്ച വാക്കുകളില്‍, അതിശയോക്തിയോ ചമല്‍കാരമോ ഇല്ലാതെ കണക്കുകളുടെയും വസ്തുതകളുടെയും ബലത്തില്‍ മാധ്യമങ്ങളെ അഭിമുഖീകരിച്ച പിണറായി മലയാളിയുടെ മനസ്സിലേക്ക് കടന്നുകയറുകയായിരുന്നു. ഒരിക്കലും അദ്ദേഹം രാഷ്ട്രീയം പറഞ്ഞില്ല. പ്രതിപക്ഷത്തെ കുറ്റപ്പെടുത്തുകയോ ആക്ഷേപിക്കുകയോ ചെയ്തില്ല. ദുബൈ ഭരണാധികാരിയുടെ 700 കോടി രൂപ വാഗ്ദാനം വലിയ വിവാദമായപ്പോഴും പിണറായി അതില്‍ കാര്യമായി പ്രതികരിച്ചില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയോ കേന്ദ്ര സര്‍ക്കാറിനെതിരെയോ എന്തെങ്കിലും പറയാന്‍ ഇറങ്ങിത്തിരിച്ചില്ല. പ്രളയക്കെടുതി നേരിടാനും അപകടത്തില്‍ കഴിയുന്നവരെയൊക്കെയും രക്ഷപ്പെടുത്തി തിരികെ ജീവിതത്തിലേക്ക് കൊണ്ടുവരാനുമുള്ള വലിയ ദൗത്യം മാത്രമേ മുഖ്യമന്ത്രിയുടെ മനസ്സിലുണ്ടായിരുന്നുള്ളൂ അപ്പോള്‍.

ചെങ്ങന്നൂരില്‍ ദുരന്തഭൂമിയില്‍ നിന്നും സജി ചെറിയാന്‍ എം എല്‍ എ വിലപിച്ചത് ലോകത്തെങ്ങുമുള്ള മലയാളികള്‍ ഞെട്ടലോടെയാണ് കേട്ടത്. പാണ്ടനാട്, ഇടനാട് എന്നിങ്ങനെയുള്ള സ്ഥലങ്ങള്‍ ഏറെക്കുറെ പൂര്‍ണമായും വെള്ളത്തില്‍ മുങ്ങിപ്പോയിരുന്നു. അടിയന്തര രക്ഷാപ്രവര്‍ത്തനം എത്തിയില്ലെങ്കില്‍ ആയിരങ്ങള്‍ മരിക്കുമെന്നായിരുന്നു സജി ചെറിയാന്റെ രോദനം. പ്രതിരോധ വകുപ്പിനോട് മുഖ്യമന്ത്രി അപേക്ഷിച്ചു, കൂടുതല്‍ ബോട്ടുകള്‍ അടിയന്തരമായി വേണം. ജോധ്പൂരില്‍ കരസേനക്ക് ബോട്ടുകളുണ്ട്. രാത്രി തന്നെ അവ തിരുവനന്തപുരത്തെത്തിക്കാന്‍ തീരുമാനമായി. പക്ഷേ, രാത്രി പത്ത് മണിയോടെ വ്യോമസേനാ ഉദ്യോഗസ്ഥര്‍ ബോട്ടുകള്‍ അന്നുതന്നെ അയക്കാനാകില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ അറിയിച്ചു. പത്തേകാലിന് മുഖ്യമന്ത്രി കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമനെ ഫോണില്‍ വിളിച്ചു. കാര്യം അടിയന്തരമാണ്. ജോധ്പൂരില്‍ നിന്ന് ബോട്ടുകള്‍ വിമാനം വഴി അയക്കാനുള്ള തടസ്സം നീക്കണമെന്ന് അഭ്യര്‍ഥിച്ചു. 11 മണി കഴിഞ്ഞപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് ജോധ്പൂരില്‍ നിന്ന് സന്ദേശം കിട്ടി. വിമാനത്തില്‍ ബോട്ടുകള്‍ കയറ്റിത്തുടങ്ങി. രാത്രി തന്നെ അവ തിരുവനന്തപുരത്തെത്തും. ജോധ്പൂരില്‍ നിന്നെത്തിയ ബോട്ടുകള്‍ ചെങ്ങന്നൂരില്‍ രാവിലെ രക്ഷാപ്രവര്‍ത്തനം തുടങ്ങി.

രാഷ്ട്രീയമൊന്നും പറയാതെ സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി തിരുവനന്തപുരത്ത് തന്നെ നിലകൊണ്ടതാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രളയത്തിനെതിരെ നടത്തിയ ഏറ്റവും സമര്‍ഥമായ നീക്കം. പ്രവര്‍ത്തനങ്ങള്‍ക്കൊക്കെയും ചുക്കാന്‍ പിടിച്ച് റവന്യൂ അഡീഷനല്‍ ചീഫ് സെക്രട്ടറി പി എച്ച് കുര്യന്‍ സര്‍ക്കാറിന്റെ എല്ലാ നടപടികള്‍ക്കും നേതൃത്വം നല്‍കി. ചീഫ് സെക്രട്ടറി ടോം ജോസ് തന്ത്രപ്രധാനമായ മേല്‍നോട്ടവുമായി സദാസമയം പ്രവര്‍ത്തനനിരതനായി നിന്നു. ദിവസേനയുള്ള പത്രസമ്മേളനങ്ങളിലൂടെ പിണറായി വിജയന്‍ ജനങ്ങളുടെ ഹൃദയം കവര്‍ന്നു. സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ പട്ടാളത്തെ ഏല്‍പ്പിക്കണമെന്നും പ്രളയം ഉണ്ടായത് മുന്നറിയിപ്പില്ലാതെ അണക്കെട്ടുകള്‍ തുറന്നതുകൊണ്ടുണ്ടായ ദുരന്തമാണെന്നും മറ്റുമുള്ള പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രസ്താവനകള്‍ക്ക് കണക്കുകളും വസ്തുതകളും നിരത്തി വെച്ചു തന്നെ പിണറായി മറുപടി പറഞ്ഞു. രാഷ്ട്രീയമൊന്നും പറയാതെ പുതിയ രാഷ്ട്രീയ നേട്ടം കൈവരിക്കുകയായിരുന്നു അദ്ദേഹം.

അതെ, പ്രളയത്തിനുമുണ്ട് രാഷ്ട്രീയം. രാഷ്ട്രീയക്കാര്‍ പറയുന്നതിനും ചെയ്യുന്നതിനുമൊക്കെ പിന്നിലും രാഷ്ട്രീയമുണ്ട്. ഒരു ഭരണകര്‍ത്താവ് ദുരന്തമുഖത്ത് നിന്ന് കാര്യങ്ങള്‍ പറയുകയും ചെയ്യുകയും ചെയ്യുമ്പോള്‍ അതിനൊക്കെയും രാഷ്ട്രീയ മാനങ്ങളുമുണ്ടെന്നര്‍ഥം. അവരുടെ ഓരോ വാക്കും നോക്കും നീക്കവും ജനങ്ങള്‍ വിലയിരുത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. അതൊരു പ്രതിച്ഛായാ നിര്‍മാണമാണ്. നേതാക്കളുടെ പ്രതിച്ഛായയും ഒരു സര്‍ക്കാറിന്റെ പ്രതിച്ഛായയും ഇങ്ങനെയൊക്കെയാണ് രൂപപ്പെടുന്നത്. രാഷ്ട്രീയ നേതാവ് പറയുന്നതും പ്രവര്‍ത്തിക്കുന്നതുമൊക്കെ പ്രതിച്ഛായക്ക് വഴിയൊരുക്കുന്നു. അത് നല്ലതോ ചീത്തയോ ആവാമെന്ന് മാത്രം.

ആദര്‍ശധീരതയുടെ പുതിയ രാഷ്ട്രീയവുമായി വന്ന എ കെ ആന്റണി അങ്ങനെ ആദര്‍ശധീരനെന്നൊരു പ്രതിച്ഛായ നേടിയാണ് രാഷ്ട്രീയത്തില്‍ വളര്‍ന്നുവന്നത്. സ്വന്തം പാര്‍ട്ടിയിലെ കെ കരുണാകരനെ പിന്തള്ളാനും ഈ പ്രതിച്ഛായ കൊണ്ട് തന്നെ ആന്റണിക്ക് കഴിഞ്ഞു. 2001ല്‍ ആന്റണി മുഖ്യമന്ത്രിയായപ്പോള്‍ പ്രതിപക്ഷ നേതാവായ വി എസ് അച്യുതാനന്ദനും നല്ല പ്രതിച്ഛായ നേടാനുള്ള വഴികളിലൂടെ സഞ്ചരിച്ചു. ലാവ്‌ലിന്റെ പേരില്‍ പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയനെ പ്രതിരോധത്തിലാക്കാനും അദ്ദേഹം സ്വന്തം പ്രതിച്ഛായ ഉപയോഗിച്ചു. സ്വന്തം പ്രതിച്ഛായ നിലനിര്‍ത്തുക എന്നതാണ് രാഷ്ട്രീയ പ്രവര്‍ത്തനമെന്ന് കണ്ട് രാഷ്ട്രീയം കളിക്കുന്ന നേതാവാണ് വി എം സുധീരന്‍ എന്ന കാര്യവും ഓര്‍ക്കണം.

പ്രതിച്ഛായ നന്നാക്കാന്‍ സ്വന്തമായി ഒരിക്കലും മുന്‍കൈ എടുക്കാത്ത ആളാണ് പിണറായി വിജയന്‍. പത്രലോകത്തോട് പ്രത്യേക മമതയൊന്നും കാട്ടാത്ത നേതാവ്. ദുരന്തങ്ങളുണ്ടാകുമ്പോള്‍ കഷ്ടപ്പെടുന്നവരുടെയടുത്ത് ചെന്ന് മുതലക്കണ്ണീരൊഴുക്കാന്‍ പിണറായി തയ്യാറാവില്ല. ഓഖി ദുരന്തത്തില്‍ മരണമടഞ്ഞവരുടെ ഓരോ കുടുംബത്തിനും 20 ലക്ഷം രൂപ വീതമാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയത്. മറ്റു ചെലവുകള്‍ വേറെ. പ്രതിസന്ധിയുണ്ടാകുമ്പോള്‍ ക്രിയാത്മകമായി പ്രവര്‍ത്തിക്കുക എന്നതു മാത്രമാണ് പിണറായിയുടെ മന്ത്രം.

പ്രളയമുണ്ടായപ്പോള്‍ പ്രവര്‍ത്തനത്തോടൊപ്പം പത്രസമ്മേളനവും അദ്ദേഹം പതിവാക്കി. മുമ്പൊരിക്കലുമില്ലാത്ത വണ്ണം മാധ്യമ പ്രവര്‍ത്തകരെ ക്ഷണിച്ച് സെക്രട്ടേറിയറ്റില്‍ നടത്തിയ വിശദമായ പത്രസമ്മേളനങ്ങള്‍ പിണറായി വിജയന്റെ പ്രതിച്ഛായ ഏറെ വര്‍ധിപ്പിച്ചിരിക്കുന്നു. കേരള ജനതയെ ഒന്നാകെ പിടിച്ചിരുത്തി അളന്നുമുറിച്ച ആ വാക്കുകള്‍. രാഷ്ട്രീയം പറയാതെ, ആരോടും ശത്രുത കാണിക്കാതെ, നാട്യങ്ങളൊന്നും പ്രകടിപ്പിക്കാതെ പിണറായി വലിയൊരു നേതാവും പ്രഗത്ഭനായ ഭരണാധികാരിയുമായിരിക്കുന്നു. എന്റെ മുഖ്യമന്ത്രി എന്നു പറഞ്ഞ് സാമൂഹിക മാധ്യമങ്ങളില്‍ കുറിപ്പുകള്‍ വരുന്നത് അതുകൊണ്ട് തന്നെ.

---- facebook comment plugin here -----

Latest