പാക്കിസ്ഥാൻ തീവ്രവാദം അവസാനിപ്പിച്ചാൽ ഇന്ത്യ ‘നീരജ് ചോപ്ര’യാകും: കരസേനാ മേധാവി

Posted on: September 6, 2018 10:26 am | Last updated: September 6, 2018 at 2:38 pm

ന്യൂഡല്‍ഹി: പാക്കിസ്ഥാന്‍ അതിര്‍ത്തി കടന്നുളള തീവ്രവാദം അവസാനിപ്പിച്ചാല്‍ ഇന്ത്യ സൗഹൃദമപരമായി പെരുമാറുമെന്ന് കരസേനാ മേധാവി ബിപിന്‍ റാവത്ത് പറഞ്ഞു. ആദ്യനീക്കം പാക്കിസ്ഥാന്റെ ഭാഗത്ത് നിന്നാണ് ഉണ്ടാവേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളെ അനുമോദിക്കാന്‍ സംഘടിപ്പിച്ച ചടങ്ങില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാക്കിസ്ഥാന്‍ തീവ്രവാദം അവസാനിപ്പിച്ചാല്‍ ഇന്ത്യ നീരജ് ചോപ്രയാകുമെന്നായിരുന്നു ഒരു ചോദ്യത്തിന് കരസേനാ മേധാവിയുടെ മറുപടി. ഏഷ്യന്‍ ഗെയിംസ് ജാവലില്‍ ത്രോയില്‍ ഇന്ത്യക്ക് വേണ്ടി സ്വര്‍ണം നേടിയ നീരജ് ചോ്പ്ര വെള്ളി നേടിയ പാക് താരത്തെ ഹ്‌സ്തദാനം ചെയ്തത് വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. ഇത് സംബന്ധിച്ച് ചോദിച്ചപ്പോഴായിരുന്നു റാവത്തിന്റെ മറുപടി.

കാശ്മീരില്‍ തീവ്രവാദം അവസാനിപ്പിക്കാനുള്ള നീക്കങ്ങള്‍ സൈന്യം തുടരുമെന്ന് റാവത്ത് വ്യക്തമാക്കി. തീവ്രവാദമല്ല യഥാര്‍ത്ഥ വഴിയെന്ന് കാശ്മീരിലെ യുവാക്കള്‍ തിരിച്ചറിഞ്ഞ് തുടങ്ങിയിട്ടുണ്ട്. രക്ഷിതാക്കള്‍ തങ്ങളുടെ മക്കളെ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്‍തിരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും ബിപിന്‍ റാവത്ത് പറഞ്ഞു. കാശ്മീരിലെ സ്ഥിതിഗതികള്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് 2017ലും 2018ലും മെച്ചപ്പെട്ടതായും കരസേനാ മേധാവി വ്യക്തമാക്കി.