Connect with us

Vazhivilakk

പൊട്ടിക്കേണ്ടതല്ലേ, ആ ഷട്ടറുകള്‍

Published

|

Last Updated

ഇനിയും ഇതാവര്‍ത്തിച്ചാല്‍, എനിക്കെന്നെത്തന്നെ പിടിച്ചാല്‍ കിട്ടാണ്ടാവും. എന്താ ആവ്വ്വാ എന്ന് പേടിയാവുന്നു. മൂന്നോ നാലോ അല്ല, എട്ടോ പത്തോ അല്ല. ഇതെത്രവരേയെന്ന് കരുതിയാ സമാധാനിക്കുക, ഇതിനൊരന്ത്യം വേണ്ടേ?
ആദ്യം വന്നത് വളക്കേസാണ്. കല്യാണം കഴിഞ്ഞിട്ട് മൂന്നോ മൂന്നേകാലോ മാസം ആയിക്കാണും. അന്നൊരു വളക്ക് ഏകദേശം എട്ടെട്ടര ഉറുപ്യവരും. അവളുടെ കല്യാണത്തിന് കുടുംബത്തിലെ ആരോ അരപ്പവന്റെ വളകൊടുത്തുവത്രെ. ഇപ്പോള്‍ അയാളുടെ മകളുടെ കല്യാണമാണ് പോലും.
“തിരിച്ചരതന്നെ എങ്ങനെയാ കൊടുക്ക്വാാാാ, ഒന്നാക്കികൊടുക്കുകയല്ലേ വൃത്തി. മുക്കാപ്പവവനെന്തായാലും വേണ്ടേ, നന്ന പാവപ്പെട്ടോരുമാണ്”- ഇതാണവള്‍ പറഞ്ഞത്. കേട്ടതും എനിക്ക് ബി പി കൂടി. അവള്‍ പറഞ്ഞതുപോലെ അവര്‍ പാവപ്പെട്ടവരായിരിക്കാം? പക്ഷെ, നമ്മളെന്താ ഇങ്ങ് വാരിമറിക്കുന്നവരാണോ?
നിനക്ക് പൊന്ന് തരാന്‍ ഞാനയാളോട് പറഞ്ഞിട്ടില്ലലോ, പറഞ്ഞീര്‌ന്നോ?
ഇല്ല!
എന്നോട് ചോദിച്ചിട്ടാണോ നീ വള സ്വീകരിച്ചത്?
അല്ല!
എന്നാല്‍ എനിക്കിപ്പം വള വാങ്ങിത്തരാന്‍ മനസ്സില്ല. ഞാന്‍ ശമ്പളത്തില്‍ നിന്ന് ഇസ്‌കിയിസ്‌കിവെച്ച പൈസകൊണ്ടുവേണം നെല്ലിക്കുത്തുസ്താദിന്റെ ഒരു സെറ്റ് “മിര്‍ആത്” വാങ്ങിക്കാന്‍.
എന്റെ സംസാരത്തിലെ കടുപ്പം കേള്‍ക്കുമ്പോള്‍ ഏതൊരാള്‍ക്കും തോന്നുക, ഒടുവില്‍ വളവാങ്ങാതെ ഒത്തു/ ഒപ്പിച്ചു എന്നായിരിക്കും. പക്ഷെ, സ്വന്തം മിര്‍ആത് എന്നത് സ്വപ്‌നമായി അവശേഷിക്കുകയും ആ തുകയടക്കം വളയായി പരിണമിച്ച് ഒരു പുതുനാരിയുടെ കൈകളില്‍ ലങ്കിവിളങ്ങുകയും ചെയ്തു.
“പുതിയാപ്ല പിണങ്ങിയേക്കും, കടുപ്പിച്ചൊന്നും പറയല്ലേ, മോളേ!” എന്നവളോട് ആരെങ്കിലും ഉപദേശിക്കും എന്ന് ഞാനാശിച്ചെങ്കിലും, “കല്യാണശേഷം നടക്കുന്ന കുടുംബത്തിലെ ആദ്യ പരിപാടി ആയതിനാല്‍ ആരണക്കേട് കളിക്കരുതെന്ന്” ഞാന്‍ കഠിനമായി ഉപദേശിക്കപ്പെട്ടു!

അതുകഴിഞ്ഞു. രണ്ടാമതും, ചെരട്ടയില്‍ റബര്‍ പാലൂറും പോലെ എന്റെ മാസപ്പടിയില്‍ നിന്ന് കിനിഞ്ഞ് രണ്ടാം നിക്ഷേപം നിറയുകയാണ്. പുസ്തകങ്ങളെല്ലാം ചാടാപ്പക്കടാ പറന്ന് കിടക്കുകയാണ്. ഒതുക്കമുള്ള ഒരു മരഷെല്‍ഫ് എന്റെ പുരാതനമായ പൂതിയാണ്. അതിനിടെ, “വിജയത്തിലേക്കുള്ള രാജപാത” എന്ന പുസ്തകം അച്ചടിച്ച വകയില്‍ പാലാഴി മദനി ഉസ്താദ് ഒരയ്യായിരം രൂപ പോക്കറ്റില്‍ തിരുകിത്തന്നു. തുന്ദിലനായ ഞാന്‍ ആശാരിയെ കൊണ്ടുവന്ന് അളവെടുപ്പിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നതിനു മുമ്പ് എന്റെ കുടുംബത്തില്‍ ഒരു കല്യാണം പൊട്ടിപ്പുറപ്പെട്ടു! അവരും കൊടുത്തിരുന്നു, മുക്കാപ്പവന്റെ ഒരു ഹലാക്കുവള! ഞാന്‍ പറഞ്ഞിട്ടില്ല കൊടുക്കാന്‍, അവളോട് വാങ്ങരുതെന്നും. അന്ന് ആറായിരത്തില്‍ താഴെയേ അതിന് വരൂ. ഇന്ന് പതിനെട്ടായിരത്തിന് മുകളില്‍ നോക്കിയാമതി. കിടപ്പുമുറി കോര്‍ഡോബയും ഡമസ്‌കസും ആക്കാന്‍ മാറ്റിവെച്ച ആ ആയിരങ്ങള്‍ മട്ടന്നൂരിലെ ജ്വല്ലറിയില്‍ കൊണ്ടുലത്തി.

ഇത് രണ്ട് മേജര്‍ കേസുകള്‍. ഇതിനിടെ മൈനര്‍ കേസുകള്‍ അനവധി കഴിഞ്ഞു. അരീക്കോട് മജ്മഇലെ അലുംനി സിറ്റിംഗുകളില്‍ അഹ്‌സനി ഉസ്താദിന്റെയും ആനക്കരയുടെയുമൊക്കെ പ്രസംഗങ്ങള്‍ കേള്‍ക്കുമ്പോള്‍ സ്ഥാപനത്തിന് കാര്യമായി എന്തെങ്കിലുമൊക്കെ സംഭാവന ചെയ്യണം എന്നൊരാശ മനസ്സില്‍ പൂക്കൂം. അപ്പോഴായിരിക്കും, അളിയന്റെ ഭാര്യ പ്രസവിച്ചതിന്‍ പ്രതിയുള്ള “നാല്‍പ്പതുകുളി”ക്ക് ചെയ്ന്‍ കൊടുക്കേണ്ടിവരിക- അങ്ങനെ ആ പൂക്കള്‍ മൊട്ടിലേ വാടും.

ഇപ്പോള്‍ ഇതെഴുതാനുള്ള അടിയന്തിര കാരണമെന്തെന്നു വെച്ചാല്‍ അവളുടെ ഒരുറ്റ ചങ്ങാതിയുടെ ഹൗസ്‌വാമിംഗ് ഇങ്ങടുത്തെത്തിപ്പോയി. ഒരു നമ്പര്‍ വണ്‍ സോഫാസെറ്റോ, കിടിലന്‍ ഡൈനിംഗ് ടേബിളോ, ഫ്രണ്ട്‌ലോഡ് ഫുള്‍ ആട്ടോമേറ്റിക് വാഷിംഗ് മെഷീനോ കൊടുക്കണമെന്നിടത്താണ് അവള്‍. അത് അവതരിപ്പിക്കുന്നതാകട്ടെ മറ്റൊരു തരത്തിലും. അതായത് ഓഫറിന്റെ കടലാസുമായി വന്നിരിക്കുകയാണ്. 37560 രൂപ എന്നത് തെറ്റിട്ടിട്ട് 18350 ശരിവിലയാക്കി കാണിച്ചിരിക്കുന്നു, ബ്രോഷറില്‍. എത്രയാണ് ലാഭം!!! അതുകണ്ടതേ എനിക്ക് വന്‍കുടലിന്റെ പാര്‍ശ്വത്തില്‍ ഒരുജാതി പിത്തവെള്ളം പതഞ്ഞു. ഞാന്‍ പറഞ്ഞു: “മോളേ, ഇത് പാപമാണ്; മഹാപാപം! ഒരു സെറ്റ് വില്‍ക്കുമ്പോള്‍ അവര്‍ക്കെത്രയാണ് നഷ്ടം എന്നുകൂട്ടി നോക്ക്. പാവങ്ങള്‍ വാങ്ങിക്കോട്ടെ എന്നുകരുതി എത്രായിരം ഉറുപ്യന്റെ സാധനമാണ് ചീപ്പ് വിലക്ക് ചാടിക്കൊടുക്കുന്നത്. ഈ നിലക്ക് വില്‍പ്പന നടത്തിയാല്‍ ഒറ്റ മാസം കൊണ്ട് ആ പീടിക പൂട്ടിപ്പോവും.” ഇതുകേട്ടതും എന്റെ പദങ്ങളില്‍ പുരട്ടിയ പരിഹാസത്തിന്റെ പാഷാണം അവള്‍ക്ക് കയ്ച്ചു.

നിങ്ങള്‍ മറ്റൊന്നുകൂടി മനസ്സിലാക്കണം. മുമ്പത്തെപോലെ മാസാമാസം സേവ് ചെയ്ത് വെക്കാന്‍ ഇപ്പോള്‍ എനിക്ക് വകുപ്പില്ല. ഭാരിച്ച ബാധ്യതകള്‍ ചുമലിലുണ്ട്. എന്നിട്ടും കടംവാങ്ങിയെങ്കിലും സോഫ കൊടുത്തേ ഒക്കൂ എന്ന ആ മാമൂല്‍ ഫിലോസഫി എനിക്ക് ഇറങ്ങുന്നേയില്ല.

സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം ദൈനംദിന ജീവിതം സ്മൂത്തായി തള്ളുക എന്നുള്ളതുതന്നെ ആയാസകരമാണ്. അവശ്യവസ്തുക്കള്‍ക്കെല്ലാം പൊള്ളുംവിലയാണ്. വരുമാനത്തിന്റെ ഉറവക്കണ്ണുകളിലെല്ലാം മണ്ണടിയുകയാണ്. അങ്ങനെ അരിഷ്ടിച്ച് കഴിയുന്നതിനിടെയാണ് ആചാരപരമായ ഭീമന്‍ ചെലവുകളുടെ പ്രളയമുണ്ടാകുന്നത്. സമ്പന്നരെ സംബന്ധിച്ചിടത്തോളം അതൊരു പൊല്ലാപ്പേ അല്ല; മറിച്ച് പത്രാസ് തെളിയിക്കാനുള്ള മത്സരാവസരമാണ്. അതിദരിദ്രര്‍ക്ക് പിന്നെ കൊടുക്കാനാളും വാങ്ങാന്‍ മനസ്സുമുണ്ട്. ഇതിന്റെ ഇടയില്‍ കിടക്കുന്നവരാണ് ശരിക്ക് മിക്‌സിയില്‍ കിടന്ന് കുഴഞ്ഞ് പൊടിയുന്നത്.

ആഘോഷങ്ങളുടെ അരുചേര്‍ന്നുള്ള ആചാരനിഷ്ഠമായ ഈ കൊടുക്കല്‍വാങ്ങലുകള്‍ മെച്ചപ്പെട്ടൊരു സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് തന്നെയാണ്- പരസ്പരം സഹായിക്കാന്‍, സമ്മതിച്ചു! പക്ഷെ, അത് കരകവിഞ്ഞൊഴുകി കഴുത്തോളം മുങ്ങുമെന്നാവുമ്പോള്‍ മാമൂലുകളുടെ ഈ കട്ടിഷട്ടറുകള്‍ അടിച്ചുപൊട്ടിക്കേണ്ടെന്നോ അതോ വേണമെന്നോ എന്താ നിങ്ങള്‍ പറയുന്നത്?

മലയാളം കണ്ണുതുടച്ച് വായിച്ചു തീര്‍ത്ത ഒരു കഥയുണ്ട്; “ശബ്ദിക്കുന്ന കലപ്പ”, പൊന്‍കുന്നം വര്‍ക്കിയുടേത്. കണ്ണനെന്ന കാളയാണ് അതിലെ താരം. മകളുടെ പേറ് കഴിഞ്ഞു. ഇനി തിരിച്ച് കൊണ്ടാക്കുമ്പോള്‍ പല സാമാനങ്ങളും വേണം. ഏറ്റവും ചുരുങ്ങിയത് നേര്‍ത്തൊരു വെള്ളിയരഞ്ഞാണമെങ്കിലും. ഔസേപ്പച്ചന്റെ കരളാണ് കണ്ണനെന്ന കാള. അതിനെ വിറ്റാണ് കല്യാണം നടത്തിയത്. ഭാര്യ കുറിവെച്ച് അരിച്ചെടുത്ത തുകയും കൊണ്ട് വെള്ളിയും മുണ്ടും വാങ്ങാന്‍ പോയ ആള്‍ കാണുന്നത് കാള കിളവനായി കശാപ്പുശാലയിലെത്തിയതാണ്. ഉള്ള കാശു കൊണ്ട് അതിനെ തിരികെ വാങ്ങി ഔസേപ്പ് തിരിച്ചുപോന്നു. മക്ക…േ..േ.ളേ….!!! ഒരൗസേപ്പ് മാത്രമല്ല കെട്ടോ. അനവധി ഔസേപ്പുമാരും ഔക്കോയമാരും ഒതേനന്‍മാരും ഇമ്മട്ടില്‍ ഞരങ്ങുന്നുണ്ട്; മാസവാടക കൊടുക്കാനാകാതെ, കറന്റ് ബില്ല് അടക്കാന്‍ കഴിയാതെ, പ്രഷറിന്റെ ഗുളിക വാങ്ങാന്‍ ആവതില്ലാതെ, വീടിന്റെ ലോണടക്കാന്‍ ഗതിയില്ലാതെ. നമുക്ക് വീടുകൂടോടനുബന്ധിച്ച് യൂട്ടെന്‍സിലുകള്‍ കുന്നുകൂടുക നല്ല കാര്യമായിരിക്കാം. പക്ഷെ പരിഗണിക്കണ്ടേ, ഇത്തരക്കാരെ???!!!!

എടീ സുഹൃത്തെ, നീ കേള്‍ക്ക്! നിനക്കിപ്പം നിന്റെ ചങ്ങായിച്ചിക്ക് സോഫ വാങ്ങിക്കൊടുക്കാത്തതിന്റെ കെറുവാണ്. എന്നാല്‍, നമ്മളെന്താ ചെയ്തത് എന്നോര്‍മയില്ലേ. ഈ വീടുകൂടിയട്ട് ഒന്നരക്കൊല്ലം ആകാന്‍ പോകുകയാണ്. അങ്ങേയറ്റം അടുത്ത അഞ്ചുപത്തുപേരെ മാത്രം വിളിച്ച് ഉപഹാരങ്ങളൊന്നും സ്വീകരിക്കില്ലെന്ന കര്‍ക്കശ തീരുമാനം അതീവരഹസ്യമായി പ്രചരിപ്പിച്ച് കയറിക്കൂടുകയായിരുന്നില്ലേ. എന്താകാരണം? ഞമ്മക്ക് സാധനങ്ങളൊന്നും വേണ്ടാഞ്ഞിട്ടാണോ? അല്ല! മറിച്ച്, പലവിധ കാരണങ്ങളാല്‍ ഞെരുങ്ങുന്നവരെ വീണ്ടും നമ്മുടെ വീടുകൂടല്‍ പ്രമാണിച്ച് പ്രയാസപ്പെടുത്തുന്നതോര്‍ക്കുമ്പോള്‍ എനിക്ക് ഇടനെഞ്ചില്‍ കടന്നല്‍ കുത്തുമ്പോലൊരു കടച്ചിലുണ്ടായത് കൊണ്ടാണ്? ഇവനും അവനും അവളും ഇവളുമൊക്കെ അങ്ങനെയും ഇങ്ങനെയുമൊക്കെ കൊടുക്കുമ്പോള്‍ ഞാന്‍ എന്താചെയ്യാ എന്നോര്‍ത്ത് ഒരാളും കരളുരുകരുത് എന്ന സല്‍ശാഠ്യമുള്ളതു കൊണ്ടാണ്. അല്ലാതെ വിളിച്ചാല്‍ ആള് വരാഞ്ഞിട്ടും സാധനങ്ങള്‍ കിട്ടാഞ്ഞിട്ടുമല്ല.

അന്നത്തെ എന്റെ നിലയും വിലയും വെച്ച് ആളുകളെ വിളിക്കുകയാണെങ്കില്‍ രണ്ടായിരത്തില്‍ താഴെ പേര്‍ എന്തായാലും വരും. വാട്ട്‌സാപ്, ഫെയ്‌സ്ബുക് ഫ്രണ്ട്‌സുകളെ കൂടി ക്ഷണിക്കുകയാണെങ്കില്‍ പിന്നെ ഒരൊഴുക്ക് തന്നെയായിരിക്കും. വീട്ടുപകരണങ്ങളുടെ കമ്മി കണ്ണിംഗായി/ ഭംഗ്യന്തരേണ സൂചിപ്പിക്കുക കൂടി ചെയ്തിരുന്നെങ്കില്‍ സോഫകളും ടേബിളുകളും ഫാനുകളും മിക്‌സികളും കൊണ്ട് എന്റെ വീടകം മുതലയെ മിണുങ്ങിയ പെരുമ്പാമ്പിനെ പോലെ തിങ്ങിവിങ്ങും. ഒരു ഇരുന്നൂറില്‍ താഴെ കസേരകള്‍ക്ക് ഒരു പ്രയാസവുമില്ല. ആവശ്യമുള്ളത് കഴിച്ച് മിച്ചം മറിച്ചുവിറ്റാല്‍ തന്നെ ഒരാറ് മാസം പാട്ടുമ്പാടി ചെലവ് കഴിയുകയോ, വീടിന്റെ കോണിപ്പണി/മുറ്റം ഇന്റര്‍ലോക്ക്/ ഗേറ്റ് പിടിപ്പ്/ മതില്‍തേപ്പ് എന്നിങ്ങനെ എന്തെങ്കിലുമൊന്ന് പൂര്‍ത്തീകരിക്കുകയോ ചെയ്യാം. പക്ഷെ ഞാന്‍ പിടിച്ചുനിന്നു. തെറ്റുദ്ധരിക്കരുതേ, ആരുടെയും ഔദാര്യം വേണ്ട എന്ന ഔദ്ധത്യം കൊണ്ടല്ലേ! അല്ലേയല്ല!!

നമ്മളെല്ലാം ജീവിക്കുന്നത് പ്രത്യക്ഷമോ പരോക്ഷമോ ആയി പതിനായിരങ്ങളുടെ ഔദാര്യം കൊണ്ടുമാത്രമാണ്. ഉള്ള കടപ്പാടുകള്‍തന്നെ വീട്ടാനാവുന്നില്ല. കൂടുതല്‍ കടബാധ്യതകള്‍ ചുമലിലേറ്റണ്ട എന്ന വിനയമനോഹരമായ മനസ്സൊന്ന് കൊണ്ട് മാത്രമാണ്. എന്നിട്ടും എന്റെ മൂത്ത ഇത്താത്ത പറ്റിച്ചുകളഞ്ഞു. ബസികളും സാണുകളും അടുക്കിവെക്കുന്ന ഒരു തട്ടി അവള്‍ ഞാന്‍ കാണാതെ അടുക്കളയില്‍ കൊളുത്തി. ഞാനത് സ്‌നേഹപൂര്‍വം സ്വീകരിച്ചു. കാരണം, വെള്ളി പോലെ തിളങ്ങുന്ന ആ തട്ടിയുടെ ലങ്കല്‍, അവളുടെ ഹൃദയത്തിന്റെ അകക്കാമ്പില്‍ നിന്ന് പറിച്ചെടുക്കുമ്പോള്‍ പറ്റിപ്പിടിച്ചതായിരിക്കാം എന്നെനിക്ക് തോന്നിയത് കൊണ്ട്.
സത്യാവസ്ഥ പറയുകയാണെങ്കില്‍ കാര്യപ്പെട്ട നാലാള് കയറിവന്നാല്‍ പിടിച്ചിരുത്താന്‍ പറ്റിയ ഒരു സോഫ ഈ വീട്ടിലെ നടുത്തളത്തിലില്ല. ഒരു പാര്‍ട്ടിവെച്ച് പത്താളെ വിളിക്കണമെന്ന് വെച്ചാല്‍ വളഞ്ഞിരുന്ന് ഞണ്ണാന്‍ പറ്റിയ യെസ്പാക്ക് ഡൈനിംഗ് ടേബിളില്ല. ഒരു പ്ലാസ്റ്റിക്കിന്റെ ലക്കഡാ മേശയാണ് തിന്നാനും തേക്കാനും ഉപയോഗിക്കുന്നത്. അതിന് തന്നെ ആരോഗ്യമുള്ള ചുറ്റുകസേരകളില്ല. ഒന്നിന് വൃത്തികെട്ട ചര്‍മരോഗമാണ്. മറ്റൊന്നിന് മുതുകുവസന്തയാണ്. വേറൊന്നിന്റെ നടുപ്പുറത്ത് തുളയാണ്. നാലാമതൊന്നിന് കാലുറപ്പുകമ്മിയാണ്. അതിഥികള്‍ കൈകഴുകാന്‍ നീങ്ങുന്ന തക്കം നോക്കി സിറ്റൗട്ടിലിട്ട കസേരകളാണ് പാതികണ്ടും പാതിമറച്ചുപിടിച്ചും ടേബിളിന് ചുറ്റും ഞാന്‍ തത്ക്ഷണം വിന്യസിച്ചു പോരുന്നത്.

ആകെ രണ്ട് കട്ടിലുകളുള്ളത് ആരും തന്നതല്ല. ഒന്ന് ഭാര്യവീട്ടിലെ അറയിലുണ്ടായിരുന്നത് നിയമാനുസൃതം കടത്തിക്കൊണ്ടുവന്നത്. മറ്റൊന്ന് കല്യാണക്കാലത്ത് ഞാന്‍ തന്നെ വിലകൊടുത്ത് വാങ്ങിയത്. രണ്ടിനും പത്തുപന്ത്രണ്ട് കൊല്ലം പഴക്കം കാണും. ഇക്കഴിഞ്ഞ ഞായറാഴ്ച മാവൂരും ഈങ്ങാപ്പുഴയിലുമുള്ള രണ്ട് സ്‌നേഹിതന്‍മാര്‍ പുത്രകളത്രാദികളൊത്ത് വിരുന്നടിച്ചു. രാത്രി ആ രണ്ട് ഫാമിലികള്‍ ആകെയുള്ള രണ്ട് കട്ടിലുകള്‍ കൈയേറിയപ്പോള്‍ എന്റെ കുടുംബം തനിതറയില്‍ ബ്ലാങ്കറ്റ് വിരിച്ച് ശയിച്ചു. ഉണരുന്നേരം ചെറിയമോന്‍ വിരിപ്പിന്റെ പരിധിക്ക് പുറത്താകയാല്‍ കുളുത്ത് കോച്ചിപ്പോയിരുന്നു. ഹവ്വാബിയുടെ തല ടൈല്‍സില്‍ നിന്ന് വലിച്ച് വിരിപ്പിലേക്കാക്കിയാണ് ഞാന്‍ പള്ളിയില്‍ പോയത്.

വീടുകൂടല്‍ ആഘോഷമാക്കിയിരുന്നെങ്കില്‍ എനിക്ക് കട്ടിലുകള്‍ വന്നടിയുമായിരുന്നില്ലേ? എന്തിന് കട്ടിലിന്റെ കാര്യം പറയുന്നു, കരണ്ടുപോയാല്‍ കത്തിക്കുന്ന ഇന്‍വേര്‍ട്ടര്‍ വീട്ടിലില്ല, തൊണ്ടവേദന വന്നാല്‍ ചുക്കുകാപ്പി ചൂടൂറാതെ വെക്കുന്ന ഫ്‌ളാസ്‌കില്ല. കൃത്യമായി മണിസൂചിയോടുന്ന ഒരു ക്ലോക്കില്ല. എന്താണിതിന്റെയൊക്കെ ആവശ്യം. ഘോഷഘോഷമായി കുറ്റൂസ കഴിച്ചിരുന്നെങ്കില്‍ ഫര്‍ണിച്ചറുകളും ഉപകരണങ്ങളും കൂമ്പാരമായി കുമിയുമായിരുന്നില്ലേ. പക്ഷെ വേണ്ട!!!. നിത്യവൃത്തിക്കുപോലും നടുനുറുങ്ങുന്ന കുറേ പേര്‍ കാണും. എല്ലാവരും കൊടുക്കുമ്പോള്‍ നിസ്സഹായതയുടെ നിലയില്ലാക്കയത്തിലേക്ക് മുങ്ങുമവര്‍. ചിലപ്പോള്‍ ഗതികെട്ട് പണ്ടം പണയം വെച്ച് ഒരു ഫാന്‍ വാങ്ങിത്തരും. ആര്‍ക്കാവും ആ ഉപകരണക്കാറ്റിന്റെ അഗ്നിശീതം കൊള്ളാന്‍? ചിലപ്പോള്‍, ഒരു വഴിയും തെളിഞ്ഞെന്ന് വരില്ല. കിടന്നാല്‍ ഉറക്ക് വരാണ്ടാവും. അപ്പോള്‍ പതിയെ പ്‌രാകും; “ഓരോരുത്തന്റെ ഒലക്കമ്മലെ പൊരേക്കൂടല്‍”.

നിങ്ങള്‍ കൊടുത്തോളൂ, ആകുമെങ്കില്‍. പക്ഷെ, കഴിവതും വാങ്ങാതിരിക്കുകയാണ് നല്ലത്. പ്രത്യേകിച്ച് “എനിക്ക് കിട്ടിയേ തീരൂ, ഞാന്‍ വാങ്ങിച്ചേ അടങ്ങൂ” എന്ന സമ്മര്‍ദാവസ്ഥ സൃഷ്ടിക്കുന്നത് നല്ലോണം ശ്രദ്ധിക്കണം. ഞാന്‍ എന്റെ കാര്യം തന്നെ പറയാം. പല പരിപാടികള്‍ക്കും വമ്പന്‍ വില വരുന്ന സാമാനങ്ങള്‍ വാങ്ങിക്കൊടുത്തത് സമ്പൂര്‍ണ സംതൃപ്തിയോടെയാണെന്ന് ഉറപ്പുപറയാനാകില്ല. നമ്മള്‍ മറ്റെന്തെങ്കിലും ഉദ്ദേശ്യം വെച്ച് സ്വരുക്കൂട്ടുന്ന കുഞ്ഞുനിക്ഷേപങ്ങള്‍ ഇത്തരം മാമൂലാത്മകമായ ഈവെന്റുകളാല്‍ പച്ചക്ക് കൊള്ളയടിക്കപ്പെടുമ്പോള്‍ എന്തോ നെഞ്ചിലൊരു തൂശിതറപ്പിക്കുമ്പോലെ ആവാറുണ്ട്. പിന്നെ, പലപ്പോഴും സമ്മര്‍ദത്തിന്റെ അതിഭീകരാവസ്ഥയോട് സമരസപ്പെട്ട് മനസ്സിനെ മെരുക്കിയെടുക്കലാണ്.

ചോദ്യമിതാണ്, ഇത്തരം ബലാല്‍ക്കാരാധിഷ്ഠിത ഉപഹാരങ്ങള്‍ എന്തിന് നാം പ്രതീക്ഷിക്കണം എന്നാണ്. എന്താ വീട്ടില്‍ ഒന്ന് രണ്ട് അത്യാവശ്യ സാധനങ്ങള്‍ ഇല്ല എന്നു കരുതി വരാന്‍? ഇല്ലാത്തത് അന്യരില്‍ നിന്ന് കൊതിക്കാനല്ലല്ലോ, സഹിച്ച്/ സമാധാനിച്ച്/ സന്തോഷിച്ച് കഴിയാനല്ലേ നാം പഠിപ്പിക്കപ്പെട്ടത്. മുത്തുനബിക്ക് (സ്വ) തീര്‍ന്നു, ആര് എന്ന് കേട്ടാല്‍? ബീവി ഫാത്വിമ (റ)! അവിടുത്തെ കരളുതന്നെ!! കുശിനിപ്പണി ചെയ്തുചെയ്ത് ആ പൂക്കൈകളില്‍ പാടുപടര്‍ന്നു. അമ്മോശന്‍വശം ഇഷ്ടമ്മാതിരി അടിമസേവകര്‍ സ്റ്റോക്കെത്തിയ കാര്യം ആരറിഞ്ഞു? അലിയാരെന്നോര്‍. മെല്ലെ പറഞ്ഞയച്ചു നോക്കി. കരളിന്റെ കഷ്ണമല്ലേ, വെറുങ്കൈയായി തിരിച്ചയക്കില്ലെന്നാണ് കരുതിയത്. എന്നാല്‍ റഹ്മതുല്‍ ആലമീന്‍ പറഞ്ഞതെന്തെന്നോ? ക്ഷമിക്കാന്‍. ചൊല്ലിക്കൊണ്ടിരിക്കാനും. എന്ത്? സുബ്ഹാനല്ലാഹ്, അല്‍ഹംദുലില്ലാഹ്, അല്ലാഹു അക്ബര്‍. (ബുഖാരിയില്‍ ഈ ഹദീസ് ദറസ് നടത്തുമ്പോഴാണ് സുലൈമാനുസ്താദ് കണ്ണ് തുടച്ചു കൊണ്ട് ഇടക്കുവെച്ച് എഴുന്നേറ്റ് പോയത്)

ഈ കണ്ട നരകക്കുണ്ടാകുന്ന ദുന്‍യാവില്‍ നിന്ന് രക്ഷ നേടാന്‍ നാല് കാര്യമാണ് ശൈഖ് മഖ്ദൂമോര്‍ “അദ്കിയാഇ”ല്‍ പറഞ്ഞത്. അതില്‍ അവസാനത്തെ രണ്ടെണ്ണം ഇവയാണ്.
“വതകൂന മിന്‍ സൈബില്‍ ഉനാസീ ആയിസാ
വലി സൈബി നഫ്‌സിക ലില്‍ ഉനാസീ ബാദിലാ”.
“അപരന്റേതാഗ്രഹം വേണ്ടേവേണ്ടാ
അന്യനോ നന്നായി നീ കൊടുത്തോ”.
.