Connect with us

Ongoing News

ഒയ്യയേനിക്കുണ്ട്, പയ്യല്പിറായത്തില്‍....

Published

|

Last Updated

ഐക്യകേരളം രൂപംകൊണ്ട ശേഷം 1957ലെ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭക്ക് കോഴിക്കോടിന്റെ സ്വീകരണം. അറബിക്കടലിന്‍ തീരത്ത് ചെങ്കൊടിയുമായി ആയിരങ്ങള്‍. വെള്ളയില്‍ കടപ്പുറത്തെ വേദിയില്‍ ഇ എം എസ്, ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍, കെ ആര്‍ ഗൗരിയമ്മ, ചാത്തുണ്ണി മാഷ് തുടങ്ങിയ മഹാരഥന്മാര്‍. ഇവര്‍ക്കിടയിലേക്ക് വെളുത്ത് മെല്ലിച്ച ഒമ്പതുവയസ്സുകാരന്‍ നടന്നെത്തി. “ചുവപ്പേറും യവനിക പൊന്തിടുമ്പോള്‍” എന്ന ഗാനം തലശ്ശേരിയില്‍ നിന്നെത്തിയ ആ പയ്യന്‍ ആലപിച്ചതും തിരയിരമ്പം പോലെ നിലക്കാത്ത കൈയടി. വേദിയിലെ പ്രമുഖരെല്ലാം ആ പയ്യനെ നെഞ്ചോടുചേര്‍ത്തുപിടിച്ചു. കെ പി എ സിയുടെ സര്‍വേകല്ല് നാടകത്തിനായി മേക്കപ്പിടുകയായിരുന്ന കെ പി എ സി സുലോചന ഓടിയെത്തി ബാലനെ വാരിപ്പുണര്‍ന്നു. ആത്മാനുരാഗത്തിന്റെ മധുരമനോഹര ഗാനങ്ങള്‍ പില്‍ക്കാലത്ത് മലയാളക്കരക്ക് സമ്മാനിച്ച ഒരു ഇശല്‍ ചക്രവര്‍ത്തിയുടെ പിറവിയായിരുന്നു അത്. കണ്ടത്തില്‍ കുയിലിന്റെ നാദവുമായി പിറന്നവനെന്ന് മലയാളത്തിന്റെ ജനകീയ കവി വൈലോപ്പിള്ളി ശ്രീധര മേനോന്‍ വിശേഷിപ്പിച്ച, ഗാനകോകിലമെന്ന് വൈക്കം മുഹമ്മദ് ബഷീര്‍ നീട്ടിവിളിച്ച പീര്‍ മുഹമ്മദെന്ന മലബാറിന്റെ സ്വന്തം പീര്‍ക്കയുടെ മാസ് എന്‍ട്രി.

പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും മാപ്പിളപ്പാട്ട് ആസ്വാദകരുടെ ചുണ്ടുകള്‍ മൂളുന്ന നിരവധി ഇശലുകള്‍ പിന്നീട് ആ ശബ്ദത്തില്‍ പിറന്നു. ഇതില്‍ പലതും മാപ്പിളപ്പാട്ടിലെ എക്കാലത്തെയും വലിയ ഹിറ്റുകളായി. ഗ്രാമഫോണുകളില്‍ ഏറ്റവും കൂടുതല്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ട ശബ്ദം. 3000ത്തോളം ഗാനങ്ങള്‍, രാജ്യത്തിന് അകത്തും പുറത്തുമായി പതിനായിരക്കണക്കിന് വേദികളിലെ ആലാപനം, സംസ്ഥാന സര്‍ക്കാറിന്റെത് അടക്കം നിരവധി പുരസ്‌കാരങ്ങള്‍, ഫിലിം ഫെയര്‍ അവാര്‍ഡ് നൈറ്റില്‍ മാപ്പിളപ്പാട്ട് പാടാന്‍ അവസരം ലഭിച്ച ഏക വ്യക്തി, എം ജി ആര്‍, ശിവാജി ഗണേശന്‍, ജയലളിത, പ്രേം നസീര്‍, സുകുമാരന്‍, വൈക്കം മുഹമ്മദ് ബഷീര്‍, രാഘവന്‍ മാസ്റ്റര്‍ തുടങ്ങി കേരളത്തിന് അകത്തും പുറത്തുമള്ള കലാ- സാംസ്‌കാരിക രംഗത്തുള്ളവരുടെ പ്രിയപ്പെട്ടവന്‍. തലശ്ശേരിയിലെ കല്യാണ രാവുകളില്‍ പാടിത്തിമിര്‍ത്ത പീര്‍ക്കയുടെ പേരും പ്രശസ്തിയും ദേശങ്ങള്‍ കടന്നത് പെട്ടെന്നാണ്. പതിറ്റാണ്ടുകള്‍ മാപ്പിളപ്പാട്ട് വേദിയെ അടക്കിവാണ ശരീരം 2008ല്‍ അസുഖത്താല്‍ പാതി തളര്‍ന്നെങ്കിലും പ്രാര്‍ഥനയും മനസ്സാന്നിധ്യവും കൈമുതലാക്കി തിരിച്ചെത്തി. പ്രായാധിക്യത്താലുള്ള അവശതയുണ്ടെങ്കിലും ഇന്നും അദ്ദേഹം മാപ്പിളപ്പാട്ട് ആസ്വാദകര്‍ക്ക് മുമ്പിലെത്തുന്നു.

സുറൈഡയുടെ പാട്ടുകാരന്‍

തലശ്ശേരിയിലെ അസീസ് മുഹമ്മദിന്റെയും തെങ്കാശിയിലെ ബല്‍ക്കീസിന്റെയും മകനെ കുടുംബ പശ്ചാത്തലം തന്നെയാണ് സംഗീത ലോകത്ത് എത്തിച്ചത്. ലണ്ടനിലെ ട്രിനിറ്റി മ്യൂസിക് ക്ലബില്‍ സംഗീതം പഠിച്ചിറങ്ങിയ പിതാവിന്റെ സഹോദരി ഡോ. ആമിന ഹാശിം ആണ് പീറിന്റെ ആദ്യ വഴികാട്ടി. ഇവരുടെ വീട്ടിലെ ഹാര്‍മോണിയമാണ് പീര്‍ ആദ്യം ഉപയോഗിച്ച സംഗീതോപകരണം. തമിഴ്‌നാട് കേഡറിലെ ഐ എ എസ് ഓഫീസറായിരുന്ന ഭര്‍ത്താവ് ഹാശിമിനൊപ്പം തെങ്കാശിക്കടുത്ത സുറൈഡ ഗ്രാമത്തിലായിരുന്നു ഡോ. ആമിന ഹാശിം താമസിച്ചിരുന്നത്. പലപ്പോഴും ഇവിടെ എത്താറുണ്ടായിരുന്ന പീറിന്റെ പിതാവ് അസീസ് മുഹമ്മദ് സുറൈഡയിലെ ഒരു ജമീന്ദാറിന്റെ മാനേജരായി ജോലിയില്‍ പ്രവേശിച്ചു. ഇക്കാലത്താണ് ബല്‍ക്കീസിനെ കാണുന്നതും വിവാഹം കഴിക്കുന്നതും. ചെറുപ്രായത്തില്‍ പീര്‍ മുഹമ്മദും ഇവര്‍ക്കൊപ്പമായിരുന്നു. മുഹമ്മദ് റഫിയുടെയും ലതാ മങ്കേഷ്‌ക്കറിന്റെയും ഗാനങ്ങള്‍ ആലപിച്ച് തുടക്കം. പതിയെ സുറൈഡ ഗ്രാമത്തിന്റെ ആസ്ഥാന പാട്ടുകാരനായി. 1958ല്‍ എച്ച് എം വി (ഹിസ് മാസ്റ്റേഴ്‌സ് വോയിസ്)യില്‍ പീര്‍ക്കയുടെ ആദ്യ ഗ്രാമഫോണ്‍ റെക്കോര്‍ഡ് നടന്നു. തുടര്‍ന്ന് മദ്രാസിലെ ശാദി മഹല്‍ ഓഡിറ്റോറിയത്തില്‍ ആദ്യ ഗാനമേള. ഇതുകഴിഞ്ഞ് തിരിച്ചെത്തിയ കൊച്ചു പീറിന് ഗംഭീര സ്വീകരണമാണ് സുറൈഡ ഗ്രാമം ഒരുക്കിയത്. ജീവിതത്തിലെ ആദ്യ സ്വീകരണം. സുറൈഡ ഗ്രാമപഞ്ചായത്ത് ഓഫീസ് പരിസരത്ത് നിന്നും വാദ്യമേളങ്ങളും താലപ്പൊലികളുമായി നാട്ടുകാര്‍ അദ്ദേഹത്തെ ആനയിച്ചു.

മകന്റെ സംഗീത വാസന തിരിച്ചറിഞ്ഞ പിതാവ് നിരവധി കലാകാരന്മാരെ വാര്‍ത്തെടുത്ത തലശ്ശേരിയിലെ ജനത ക്ലബില്‍ പീറിനെയും ചേര്‍ത്തു. അതൊരു വഴിത്തിരിവായിരുന്നു. സംവിധായകരായ എ ടി ഉമ്മര്‍, ടി പി ഉമ്മര്‍, പൗലോസ്, ഗായകരായ പി കെ അബൂട്ടി, എം കുഞ്ഞിമൂസ, സി പി ഉമ്മര്‍ എന്നിവരോടൊപ്പം ജനത ക്ലബിലെ ജീവിതം. അക്കാലത്തെ സ്‌കൂള്‍ തലത്തില്‍ ലൈറ്റ് മ്യൂസിക് അടക്കമുള്ള മിക്ക മത്സരങ്ങളിലും ആദ്യ സ്ഥാനവും മറ്റാര്‍ക്കുമായിരുന്നില്ല.

സിനിമയും രാഷ്ട്രീയവുമല്ല, വഴി മാപ്പിളപ്പാട്ട്

ലീഗ് നേതാവും രാഷ്ട്രീയ ഭൂപടത്തിലെ അതികായനുമായ പി കെ കുഞ്ഞാലിക്കുട്ടിയെ തോല്‍പ്പിച്ച ചരിത്രമുണ്ട് പീര്‍ മുഹമ്മദിന്. തളിപ്പറമ്പ് സര്‍ സയ്യിദ് കോളജിലെ പഠന കാലം. അക്കാലത്ത് ക്യാമ്പസിലെ ഹീറോ ആയിരുന്ന പീര്‍, കലാലയ രാഷ്ട്രീയത്തിലും ഒരു കൈ നോക്കി. എതിരാളിയാകട്ടെ വേങ്ങരക്കാരന്‍ പി കെ കുഞ്ഞാലിക്കുട്ടി. തിരഞ്ഞെടുപ്പില്‍ പക്ഷേ, കുഞ്ഞാലിക്കുട്ടിയെ തോല്‍പ്പിച്ച് പീര്‍ മുഹമ്മദ് ഫൈന്‍ ആര്‍ട്‌സ് സെക്രട്ടറിയായി. എന്നാല്‍, രാഷ്ട്രീയം തട്ടകമാക്കാന്‍ ആ യുവാവ് ആഗ്രഹിച്ചില്ല. രാഷ്ട്രീയം പൂര്‍ണമായും ഉപേക്ഷിച്ച് രക്തത്തിലലിഞ്ഞ പാട്ടിനൊപ്പം സഞ്ചരിച്ചു.

1976ല്‍ ഒ വി അബ്ദുല്ലയുടെ സൃഷ്ടിയില്‍ പീര്‍ ആലപിച്ച “അഴകേറുന്നോളെ വാ കാഞ്ചന മാല്യം ചൂടിക്കാം” എന്ന ഗാനം വടക്കന്‍ മലബാറിലെ കല്യാണരാവുകളില്‍ തരംഗമായി. തൊട്ടുപിന്നാലെ മോയിന്‍ കുട്ടി വൈദ്യരുടെ രചനയില്‍ പീര്‍ ആലപിച്ച “ഒയ്യയേനിക്കുണ്ട് പയ്യല് പിറായത്തില്‍” എന്ന ഗാനം, പ്രശസ്തി പ്രവാസ ലോകത്തേക്കും പരത്തി. ഈ ഗാനമാണ് മാപ്പിളപ്പാട്ട് ചരിത്രത്തില്‍ ഗ്രാമഫോണില്‍ ഏറ്റവും കൂടുതല്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ടത്. “അനര്‍ഘ മുത്തുമാല എടുത്തുകെട്ടി മാണിക്യ പതക്കങ്ങള്‍ അണിഞ്ഞ കുട്ടി” എന്ന ഗാനം കൂടി ഇറങ്ങിയതോടെ പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നില്ല. ആത്മാനുരാഗത്തിന്റെ ഇശലുകളുമായി മലബാറിലെങ്ങും തരംഗം സൃഷ്ടിക്കുന്ന പീര്‍ മുഹമ്മദിനെ മകന്‍ ഷാനവാസിന്റ വിവാഹത്തിന് പാടാന്‍ നിത്യഹരിത നായകന്‍ പ്രേംനസീര്‍ ക്ഷണിച്ചു. ആ കല്യാണ രാവിലെ പാട്ട്, സൗഹൃദം സിനിമാ മേഖലയിലേക്കും വളര്‍ത്തി. തേന്‍തുള്ളി, അന്യരുടെ ഭൂമി എന്നീ സിനിമകളില്‍ അദ്ദേഹം പാടി. സിനിമയില്‍ പാടാന്‍ നിരവധി അവസരങ്ങള്‍ തേടിവന്നെങ്കിലും മാപ്പിളപ്പാട്ടാണ് തന്റെ കര്‍മപഥമെന്ന് തിരിച്ചറിഞ്ഞ അദ്ദേഹം വഴിമാറി. പീറിന്റെ സ്വരമാധുര്യം തിരിച്ചറിഞ്ഞ രാഘവന്‍ മാസ്റ്റര്‍ അദ്ദേഹത്തെ ആകാശവാണിയില്‍ പാടിച്ചു. പിന്നീട് ആകാശവാണിയിലെ സ്ഥിരം പാട്ടുകാരനായി.

ഹിറ്റുകള്‍ വരി വരി വരിയായ്…

പി ടി അബ്ദുര്‍റഹ്മാന്റെ രചനയില്‍ “കാഫ് മല കണ്ട പൂങ്കാറ്റേ… കാണിക്ക നീ കൊണ്ട് വന്നാട്ടെ…” അടക്കമുള്ള പത്ത് പാട്ടുകള്‍ അടങ്ങിയ ഒരു ആല്‍ബം പുറത്തിറക്കാന്‍ തീരുമാനിച്ചു. ഇതിലെ മുഴുവന്‍ പാട്ടുകളും ശ്രദ്ധേയമായിരുന്നു. പാട്ടുകളുടെ റെക്കോര്‍ഡിംഗ് നടന്നുകൊണ്ടിരിക്കെ, പ്രവാസ ലോകത്തിന്റെ നേര്‍ച്ചിത്രം വിവരിക്കുന്ന ഒരു ഗാനവും കൂട്ടിച്ചേര്‍ത്ത് 11 പാട്ടാക്കണമെന്ന് പി ടിയെ പീര്‍ ഉണര്‍ത്തി. അഞ്ച് മിനുട്ടിനുള്ളില്‍ പി ടി ഒരു പാട്ടെഴുതി. കാര്യമായ ട്രയലുകളൊന്നുമില്ലാതെ പീര്‍ ആ ഗാനം പാടി.

“ഒട്ടകങ്ങള്‍ വരി വരി വരിയായ്, കാരക്ക മരങ്ങള്‍ നിര നിര നിരയായ,് ഒട്ടിടവിട്ടുയരത്തില്‍ മലയുള്ള മരുഭൂമി വിലസിടുന്നു…” ഈ ഗാനത്തോളം മാപ്പിളപ്പാട്ടിന്റെ ജനകീയത വിശാലമാക്കിയ മറ്റൊരു ഗാനം പിന്നീട് പിറന്നിട്ടില്ല.

“മഹിയ്യില്‍ മാഹ സീനെന്നും, ആരംഭ സെബീദാന്റെ, പടവാളില്‍ മിഴിയുള്ളോളെ, പേരക്ക തോട്ടത്തില്‍, പൂമകളാണ് ഹുസുനുല്‍ ജമാല്‍, മൗതും ഹയാതും, ബദറുല്‍ ഹുദ യാസീന്‍, നിസ്‌കാര പായ നനഞ്ഞ് കുതിര്‍ന്നല്ലൊ…” തുടങ്ങി സൂപ്പര്‍ ഹിറ്റുകളുടെ മാത്രം ഗായകനായി പീര്‍ മാറുകയായിരുന്നു.

1980കളില്‍ രഞ്ജിനിയുമൊത്തുള്ള പീറിന്റെ ഗാനങ്ങളെല്ലാം ആസ്വാദക ഹൃദയങ്ങള്‍ വരവേറ്റു. വേദികളില്‍ നിന്ന് വേദികളിലേക്ക് ഈ സംഘം പറന്നു. ഗള്‍ഫ് നാടുകളില്‍ വേദികള്‍ കീഴടക്കുമ്പോഴും വി എം കുട്ടി, വിളയില്‍ ഫസീല, എരഞ്ഞോളി മൂസ എന്നിവരുമായുള്ള സൗഹൃദം പൂര്‍വാധികം ശക്തിയോടെ പീര്‍ കാത്തുപോന്നു. വൈക്കം മുഹമ്മദ് ബഷീറിന്റെ കുടുംബ സുഹൃത്തായി. യു എ ഖാദര്‍, യൂസഫലി കേച്ചേരി എന്നിവരുമായി ആത്മസൗഹൃദം കാത്തു. സൗത്ത് ഇന്ത്യന്‍ ഫിലിം ഫെയര്‍ അവാര്‍ഡില്‍ പാടിയതോടെ എം ജി ആര്‍, ശിവാജി ഗണേശന്‍ അടക്കമുള്ളവരുടെയും അടുപ്പക്കാരനായി. എം ജി ആറിന്റെയും മറ്റും വീടുകളിലെ വിരുന്നുകാരനായത് നിരവധി തവണ.

നല്ല രചനകള്‍ പിറക്കുന്നില്ലല്ലൊ!

പത്ത് വര്‍ഷം മുമ്പ് രോഗബാധിതനാകുന്നത് വരെ വേദികളില്‍ ഇശലിന്റെ തേന്‍മഴ ചൊരിഞ്ഞ അദ്ദേഹത്തിന് പുതുതലമുറ മാപ്പിളപ്പാട്ട് ഗായകരെ കുറിച്ചെല്ലാം നല്ല അഭിപ്രായമാണുള്ളത്. എന്നാല്‍ പാട്ടിനെക്കുറിച്ച് മാത്രം അല്‍പ്പം പരിഭവം. നല്ല രചനകള്‍ പിറക്കുന്നില്ല. മനസ്സില്‍ തട്ടുന്ന ഹൃദയത്തെ തരളിതമാക്കുന്ന പാട്ടുകളാണ് വിരചിതമാകേണ്ടത്. സമ്പന്നവും ഫലഭൂയിഷ്ഠവുമായ മാപ്പിളപ്പാട്ടിനെ വീണ്ടെടുക്കണം എന്ന് പറഞ്ഞ് അദ്ദേഹം നിര്‍ത്തി.