കടലിന്‍ ഓശാരം ഈ കര

കേരളോത്പത്തിക്ക് ശേഷം നാം ദര്‍ശിച്ച ഏറ്റവും വലിയ ദുരന്തം പിന്നിട്ട് ദിവസങ്ങള്‍ക്കകം മറ്റൊരു പ്രതിഭാസവുമുണ്ടായി. പ്രളയത്തിന് ദിവസങ്ങള്‍ക്കകമുണ്ടായ കനത്ത വെയിലില്‍ നദികളിലും കിണറുകളിലും തണ്ണീര്‍ത്തടങ്ങളിലുമെല്ലാം വെള്ളം ക്രമാതീതമാം വിധം കുറഞ്ഞു. അതിര്‍വരമ്പുകള്‍ തകര്‍ത്ത് തരിപ്പണമാക്കി കൂലംകുത്തിയൊഴുകിയ നദികളില്‍ ദിവസങ്ങള്‍ക്കകം ജലനിരപ്പ് മണല്‍ത്തിട്ടകള്‍ കാണുംവിധം താഴ്ന്നത് കാലാവസ്ഥാ വ്യതിയാനത്തിന്റെ രൂക്ഷതയെ അടയാളപ്പെടുത്തുന്നു.
Posted on: September 5, 2018 11:23 pm | Last updated: September 5, 2018 at 11:38 pm
SHARE

ചരിത്രം ആവര്‍ത്തിക്കാറുണ്ട്. പലപ്പോഴും ബീഭത്സമായിത്തന്നെ. ദുരന്തങ്ങളുടെ വര്‍ത്തമാനവും ഇപ്രകാരമാണ്. 1907ലെയും 1924ലെയും വെള്ളപ്പൊക്കത്തിന്റെ ആവര്‍ത്തനം അത്യന്തം ഗുരുതരമായാണ് അനുഭവപ്പെട്ടത്. കൊച്ചു കേരളത്തിന്റെ 60 ശതമാനം ഭൂപ്രദേശവും തകര്‍ന്നടിയുന്ന കാഴ്ചയാണ് ദിവസങ്ങള്‍ക്ക് മുമ്പ് ദര്‍ശിക്കാനായത്. അതോടൊപ്പം ചേര്‍ത്തുവായിക്കേണ്ട അധികമാരും ശ്രദ്ധിക്കാത്ത മറ്റൊരു പ്രതിഭാസവുമുണ്ടായി. പ്രളയത്തിന് ദിവസങ്ങള്‍ക്കകമുണ്ടായ കനത്ത വെയിലില്‍ നദികളിലും കിണറുകളിലും തണ്ണീര്‍ത്തടങ്ങളിലുമെല്ലാം വെള്ളം ക്രമാതീതമാം വിധം കുറഞ്ഞു. അതിര്‍വരമ്പുകള്‍ തകര്‍ത്ത് തരിപ്പണമാക്കി കൂലംകുത്തിയൊഴുകിയ നദികളില്‍ ദിവസങ്ങള്‍ക്കകം ജലനിരപ്പ് മണല്‍ത്തിട്ടകള്‍ കാണും വിധം താഴ്ന്നത് കാലാവസ്ഥാ വ്യതിയാനത്തിന്റെ രൂക്ഷതയുടെ അടയാളമാണ്. വേനല്‍ക്കാലത്തോട് കിട പിടിക്കുന്ന രീതിയിലായിരുന്നു വെയില്‍ച്ചൂട്. വേനല്‍ക്കാലത്തിന് സമാനമായ രീതിയിലാണ് പല നദികളിലും തോടുകളിലും തണ്ണീര്‍ചാലുകളിലുമെല്ലാം ജലനിരപ്പ് താഴ്ന്നത്. പ്രകൃതിയുടെ ബ്ലാക് ഹ്യൂമര്‍ എന്ന് പറയാം.

വീണ്ടും മഴ വര്‍ത്തമാനത്തിലേക്ക്

രേഖപ്പെടുത്തപ്പെട്ട മഴലഭ്യതയുടെ ചരിത്രത്തിന് വയസ്സ് 140. ഇതുസംബന്ധിച്ച രേഖകള്‍ സൂക്ഷിച്ചിട്ടുള്ളത് പൂനെയിലെ ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പിലാണ്. കേരളത്തിലെ രേഖപ്പെടുത്തപ്പെട്ട അതിവര്‍ഷം 1907ലെതത്രെ. അന്നത്തെ ആഗസ്റ്റില്‍ ശരാശരി മഴ ലഭ്യതയുടെ 175 ശതമാനം അധികം ലഭിച്ചു. ഇത് 900 മി.മീ ആയിരുന്നു. 1923ല്‍ 40 ശതമാനം മഴയുടെ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. 1924ലെ അതിവര്‍ഷത്തില്‍ ലഭിച്ചത് 64 ശതമാനം അധികം മഴയാണ്. 1961ല്‍ ശരാശരിയേക്കാള്‍ 50 ശതമാനം കൂടുതല്‍ ലഭിച്ചു. മെയ് 24ന് ആരംഭിച്ച കാലവര്‍ഷത്തിലെ മഴ ലഭ്യത ആഗസ്റ്റ് 22 വരെ, 2394.1 മി.മീ ആണ്. ശരാശരി മഴ ലഭ്യതയുടെ 150 ശതമാനം കൂടുതല്‍. ഈ കാലയളവില്‍ ശരാശരി മഴ ലഭിച്ചിരുന്നത് 1701 മി.മീ മാത്രം ആയിരുന്നു. ജൂണ്‍ ഒന്ന് മുതല്‍ ആഗസ്റ്റ് 15 വരെ മഴ ലഭ്യതയില്‍ 30.7 ശതമാനം വര്‍ധനയുണ്ടായി; 2091 മി. മീ. ഇക്കാലത്തെ ശരാശരി മഴ ലഭ്യത 1606 മി. മീ. ആണ്. പക്ഷേ, മഴക്കാലം അവസാനിക്കാന്‍ ഒരു മാസത്തിലധികം ബാക്കിയിരിക്കെ മഴ ലഭ്യതയുടെ അളവ് ഇനിയും ഉയരും.

ഇത്തവണ സംസ്ഥാനത്ത് കൂടുതല്‍ മഴ ലഭിച്ച ജില്ലകള്‍ ഇടുക്കിയും പാലക്കാടുമാണ്. ഇടുക്കിയില്‍ ലഭ്യമായത് 3555.5 മി.മീ ആണ്. ശരാശരി ഇവിടെ ലഭിക്കുന്ന മഴയുടെ അളവാകട്ടെ 1859 മി.മീ. യും. വര്‍ധനവ് 92 ശതമാനം! കണ്ണൂര്‍, കാസര്‍കോട്, തൃശ്ശൂര്‍ ജില്ലകളില്‍ മാത്രമാണ് ശരാശരി അളവില്‍ മഴ പെയ്തത്. 2015ലെ ചെന്നൈ പ്രളയത്തില്‍ ലഭിച്ച മഴയുടെ അളവ് 1600 മി. മി. ആയിരുന്നു. ഇക്കാലത്തെ ശരാശരി മഴ ലഭ്യത 790 മി.മീ. ആയിരുന്നു. അതായത് ഇക്കാലയളവില്‍ 102 ശതമാനം അധികം മഴ ലഭിച്ചു. എന്നാല്‍, മഴ മൂലമുള്ള ദുരന്തത്തേക്കാള്‍ എത്രയോ ഇരട്ടിയാണ് മലയിടിച്ചിലും ഉരുള്‍പൊട്ടലും വെള്ളത്തിന്റെ കുത്തൊഴുക്കും സൃഷ്ടിച്ച നാശനഷ്ടങ്ങള്‍…

അപ്രത്യക്ഷമാകുന്ന കുന്നുകള്‍

കേരളം മലനാടും ഇടനാടും തീരപ്രദേശവും അടങ്ങിയതാണ്. തീരപ്രദേശം തികച്ചും കടല്‍ ഉള്‍വലിഞ്ഞതുവഴി സൃഷ്ടിക്കപ്പെട്ടതും കടലിന്റെ സംഭാവനയുമാണ്. ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും വഴി സമുദ്ര നിരപ്പിലുണ്ടാവുന്ന ഉയര്‍ച്ച, തീരപ്രദേശങ്ങളുടെ നിലനില്‍പ്പിന് അനുദിനം ഭീഷണി സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. ഇടനാടന്‍ കുന്നുകള്‍ അപ്രത്യക്ഷമാകാന്‍ ആരംഭിച്ചിട്ട് വര്‍ഷങ്ങളായി. ഈ അപ്രത്യക്ഷമാകലിന്റെ അന്തിമഘട്ടത്തിലാണ് ഇപ്പോള്‍ നാം. ഇടനാടന്‍ കുന്നുകളുടെ തിരോധാനം വയലുകളുടെയും ചതുപ്പുകളുടെയും നിലനില്‍പ്പിന് ഭീഷണിയായി. 1960കളില്‍ 12 ലക്ഷം ഹെക്ടര്‍ ഉണ്ടായിരുന്ന വയലിന്റെ വിസ്തൃതി ഇന്നിപ്പോള്‍ 1.4 ലക്ഷം ഹെക്ടറായി കുറഞ്ഞു. മഴമൂലം ഉണ്ടാവുന്ന അധികജലം ഉള്‍ക്കൊള്ളാനുള്ള പ്രകൃതിയുടെ തനത് മാര്‍ഗം ഇതോടെ വളരെ ശോഷിച്ചു. ഇടനാടന്‍ കുന്നുകളുടെ തിരോധാനവും ജലസംഭരണ ശേഷിയെ നശിപ്പിച്ചത് ചെറുതായല്ല.

നദികളിലെ വ്യാപകമായ കൈയേറ്റങ്ങളും പ്രകൃതിജന്യ ജലസംഭരണ സംവിധാനത്തെ വളരെ ദുര്‍ബലമാക്കി. കൈയേറ്റവും വഴിവിട്ട വികസനവും വഴി ഒരു നദി ചരിത്രമായതു അധികമാരും ശ്രദ്ധിച്ചിട്ടില്ല. കോഴിക്കോട് ജില്ലയിലെ ചരിത്ര പ്രസിദ്ധമായ കല്ലായി പുഴയാണത്. ചെറുകുളത്തുര്‍ മലനിരകളില്‍ നിന്നും ഉത്ഭവിച്ച് സമീപ പ്രദേശങ്ങളിലെ വയലേലകളിലെയും ഭൂമിയിലെയും മറ്റും അധികം ജലവും വഹിച്ചു അറബിക്കടലില്‍ പതിച്ചിരുന്ന ഈ നദി, പെരുവയല്‍ പഞ്ചായത്തിലെ കുറ്റിക്കാട്ടൂര്‍ വരെ ഇന്നില്ല. കുറ്റിക്കാട്ടൂര്‍ മുതല്‍ കല്ലായി വരെ മാത്രമാണ് മാമ്പുഴ എന്ന പേരില്‍ ഇന്ന് കല്ലായി പുഴ ഒഴുകുന്നത്. കുറ്റിക്കാട്ടൂരും സമീപം പ്രദേശങ്ങളും പ്രളയജലത്തില്‍ മുങ്ങിയത് ഈ നദിയുടെ മരണമാണ് കാണിക്കുന്നത്.

കാടുകളുടെ ശോഷണം ജലസംഭരണശേഷിയെ കുറക്കുക മാത്രമല്ല, ശക്തിയേറിയ മഴത്തുള്ളികള്‍ നേരിട്ട് ഭൂമിയില്‍ അതി തീവ്രതയോടെ പതിക്കുന്നതിന് വഴിവെക്കുകയും ചെയ്തു. മരങ്ങളുടെ ഉന്മൂലനം, അത് കാടുകളിലായാലും നാടുകളിലായാലും, മണ്ണിന്റെ കൂട്ടിപ്പിടുത്തതിന്റെ കൂടി അന്ത്യമായി. ആയിരക്കണക്കിന് ലിറ്റര്‍ ജലം സംഭരിക്കാന്‍ മരങ്ങള്‍ സഹായിച്ചിരുന്നു. ഒരു പുല്‍ക്കൊടിക്ക് അതിന്റെ ശരീരഭാരത്തിന്റെ 96 മടങ്ങ് ജലം സംഭരിക്കാനാകുമെന്ന വസ്തുത നാം പാടെ മറന്നു.

ഈ സാഹചര്യങ്ങളില്‍ അതിവര്‍ഷം അനുഭവപ്പെട്ടപ്പോള്‍ മണ്ണില്‍ സംഭരിക്കാവുന്ന ജലത്തിന്റെ അളവ് പരിമിതമായി. പരിധിയിലധികം ജലം മണ്ണിന് ഉള്‍ക്കൊള്ളാനാകാതെയുമായി. ഇത്തരം സ്ഥലങ്ങളില്‍ വ്യാപകമായി മലയിടിച്ചിലുകള്‍ അനുഭവപ്പെട്ടു. ഭൂമിയുടെ വ്യാപകമായ തരം മാറ്റലുകള്‍ പ്രതിസന്ധി രൂക്ഷമാക്കി.
അധികൃതവും അനധികൃതവുമായി അയ്യായിരത്തിലധികം കരിങ്കല്‍ ഖനന കേന്ദ്രങ്ങളുണ്ട് കേരളത്തില്‍. എളുപ്പത്തിനും കൂടുതല്‍ ലാഭത്തിനുമായി ആറ് അടിയിലധികം താഴ്ചയുള്ള കുഴികളെടുത്ത് ഉഗ്ര സ്‌ഫോടനശേഷിയുള്ള വെടിമരുന്ന് നിറച്ചാണ് പാറ പൊട്ടിക്കുന്നത്. ഓരോ സ്‌ഫോടനവും സൃഷ്ടിക്കുന്ന പ്രകമ്പനം എഴ് കിലോമീറ്റര്‍ ദൈര്‍ഘ്യം വരെ നീളും. അത്രയും പ്രദേശത്തെ ഭൂമിയുടെ ഘടനയെയും ഉറപ്പിനെയും ശിഥിലമാക്കും. അങ്ങനെ ശിഥിലമാക്കപ്പെട്ട ഭൂമിയിലൂടെ, കാലാകാലങ്ങളായി സംഭരിക്കപ്പെട്ടിരിക്കുന്ന ജലം വാര്‍ന്നുപോകും. ഇത്തരത്തില്‍ ദുര്‍ബലമാക്കപ്പെട്ട ഭൂമിക്ക് ശക്തമായി പതിക്കുന്ന മഴവെള്ളത്തെ സംഭരിച്ച് നിര്‍ത്താനാകില്ല. തത്ഫലമായി മഴവെള്ളം കുത്തിയൊഴുകും. ഇതും ഉരുള്‍പ്പൊട്ടലുകള്‍ക്ക് കാരണമാകുന്നു. ചെങ്കല്‍ ഖനനവും പ്രതിസന്ധി രൂക്ഷമാക്കിയിട്ടുണ്ട്.

കവര്‍ന്നതെല്ലാം തിരിച്ചുനല്‍കാം

അടികൊണ്ടാലും പഠിക്കാത്തവരാണ് നാം. ഈ പ്രളയകാലം കേരളീയരെ ഒരുമിച്ചു എന്നത് സത്യമാണ്. പക്ഷേ, കേരളോത്പത്തിക്ക് ശേഷം നാം ദര്‍ശിച്ച ഏറ്റവും വലിയ ദുരന്തമാണ് നേരിടുന്നത്. രണ്ടാം ലോകയുദ്ധത്തില്‍ തകര്‍ന്ന ജപ്പാന്റെ അവസ്ഥയാണ് നമുക്കിന്ന്. ഇതിനെ നേരിടാന്‍ വര്‍ധിച്ച ഇച്ഛാശക്തി വേണം. കരുത്തുറ്റ നടപടികളും തീരുമാനങ്ങളും വേണം. അവ സത്യസന്ധമായി സമയബന്ധിതമായി നടപ്പാക്കപ്പെടണം. കേരളത്തിന്റെ ശക്തിയും കരുത്തും ഇവിടെ വിലയിരുത്തപ്പെടും.

പുഴകള്‍ തങ്ങളുടെ അന്യാധീനപ്പെട്ട സ്ഥലം വീണ്ടെടുത്തിരിക്കുന്നു. അവ വിട്ടുകൊടുക്കുകയാവും ബുദ്ധി. മലകളാവട്ടെ, ഉരുള്‍പ്പൊട്ടലിലൂടെയും മലയിടിച്ചിലൂടെയും തങ്ങള്‍ക്കവകാശപ്പെട്ട പ്രദേശങ്ങള്‍ കാണിച്ചു തന്നിരിക്കുന്നു. അവയും പ്രകൃതിക്ക് തിരിച്ചു നല്‍കാം. ഭൂമിയുടെ തരംമാറ്റലുകള്‍ അവസാനിപ്പിക്കാം. തണ്ണീര്‍ത്തടങ്ങളെയും വയലേലകളെയും നമുക്ക് തിരിച്ചുപിടിക്കാം, പുനഃസ്ഥാപിക്കാം. കാടുകളും പുനര്‍നിര്‍മിക്കാന്‍ ശ്രമിക്കാം.

പിഴുതെറിയപ്പെട്ട മനുഷ്യര്‍ക്കും പക്ഷി മൃഗാദികള്‍ക്കും ആവാസ കേന്ദ്രങ്ങള്‍ ഒരുക്കേണ്ടതുണ്ട്. അതിന് കൂട്ടായ ചര്‍ച്ചയും തീരുമാനവും വേണം. ഇടനാടുകളിലെ സര്‍ക്കാര്‍വക ഭൂമികളും പരിധിയിലധികം ഭൂമിയുള്ളവരുടെതും മറ്റും ഇതിനായി പരിഗണിക്കാവുന്നതാണ്. തരിശ്ശിട്ട മിച്ചഭൂമികളും കേരളത്തിലങ്ങോളമിങ്ങോളമുള്ള ഉപേക്ഷിക്കപ്പെട്ട ക്വാറി സ്ഥലങ്ങളും പരുവപ്പെടുത്തി ഉപയുക്തമാക്കാം.
.

LEAVE A REPLY

Please enter your comment!
Please enter your name here