Connect with us

Kerala

എസ് എസ് എഫ് സംസ്ഥാന സാഹിത്യോത്സവ് ശനിയാഴ്ച തുടങ്ങും

Published

|

Last Updated

മലപ്പുറം: ഇരുപത്തിയഞ്ചാമത് എസ് എസ് എഫ് സംസ്ഥാന സാഹിത്യോത്സവിന് ചെമ്മാട് ധര്‍മപുരിയില്‍ ശനിയാഴ്ച തുടക്കമാകുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ചെമ്മാട് ഖുതുബുസ്സമാന്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലും പരിസരത്തുമായി 12 വേദികളാണ് ഒരുങ്ങുന്നത്. ആയിരം പേര്‍ക്ക് ഒരേ സമയം ഇരുന്ന് പരിപാടികള്‍ വീക്ഷിക്കാന്‍ കഴിയുന്ന തരത്തിലാണ് ഒന്നാം വേദി ഒരുക്കിയിരിക്കുന്നത്. 115 ഇനങ്ങളിലായി നടക്കുന്ന സാഹിത്യോത്സവില്‍ സംസ്ഥാനത്തെ 14 ജില്ലകള്‍ക്ക് പുറമെ തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയില്‍ നിന്നുള്‍പ്പെടെ മൂവ്വായിരത്തോളം പ്രതിഭകളാണ് മാറ്റുരക്കുക.

വെള്ളിയാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് മമ്പുറം മഖാം സിയാറത്ത് നടക്കും. സയ്യിദ് ഹബീബ് കോയ തങ്ങള്‍ നേതൃത്വം നല്‍കും. നാല് മണിക്ക് സാഹിത്യോത്സവ് നഗരിയില്‍ പ്രസ്ഥാനത്തിന്റെ 25 നേതാക്കള്‍ ചേര്‍ന്ന് 25 പതാകകള്‍ ഉയര്‍ത്തുകയും ചെയ്യും. ശനിയാഴ്ച വൈകീട്ട് നാല് മണിക്ക് സാഹിത്യോത്സവിന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ, ഹജ്ജ് , വഖഫ് വകുപ്പ് മന്ത്രി കെ ടി ജലീല്‍ നിര്‍വഹിക്കും. സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ഥന നടത്തും. എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് പി എ മുഹമ്മദ് ഫാറൂഖ് നഈമി അധ്യക്ഷത വഹിക്കും. പൊന്‍മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ പ്രഭാഷണം നടത്തും. ചടങ്ങില്‍ ഈ വര്‍ഷത്തെ സാഹിത്യോത്സവ് അവാര്‍ഡ് ജേതാവ് പി സുരേന്ദ്രനുള്ള ഉപഹാരം യുഎ ഖാദര്‍ സമ്മാനിക്കും.

പ്രളയത്തില്‍ പഠന സാമഗ്രികള്‍ നഷ്ടപ്പെട്ട 10000 വിദ്യാര്‍ഥികള്‍ക്ക് സാഹിത്യോത്സവിന്റെ ഭാഗമായി എജ്യുകെയര്‍ പഠനകിറ്റ് വിതരണം ചെയ്യും. പദ്ധതിയുടെ ഉദ്ഘാടനവും മന്ത്രി ചടങ്ങില്‍ നിര്‍വഹിക്കും. ഞായറാഴ്ച വൈകീട്ട് രണ്ട് മണിയോടെ സാഹിത്യോത്സവിന് സമാപനമാകും. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.

വാര്‍ത്താസമ്മേളനത്തില്‍ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് ഡോ. മുഹമ്മദ് ഫാറൂഖ് നഈമി അല്‍ ബുഖാരി, സെക്രട്ടറി, സെക്രട്ടറി എ പി മുഹമ്മദ് അശ്ഹര്‍ പത്തനംതിട്ട, സെക്രട്ടറിയേറ്റ് അംഗം ദുല്‍ഫുഖാറലി സഖാഫി, മീഡിയ കണ്‍വീനര്‍ എം കെ മുഹമ്മദ് സ്വഫ്‌വാന്‍ പങ്കെടുത്തു.

കഴിഞ്ഞ മാസം 25, 26 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന സാഹിത്യോത്സവ് പ്രളയ ദുരന്തത്തെ തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു.

Latest