Connect with us

Articles

കര്‍ണാടക ഗ്രാമങ്ങള്‍ പറയുന്നു, 2019ന്റെ സൂചനകള്‍

Published

|

Last Updated

അടുത്ത വര്‍ഷം നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കര്‍ണാടക തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തിന് എന്തുകൊണ്ടും രാഷ്ട്രീയ പ്രാധാന്യമുണ്ട്. മതേതര- ജനാധിപത്യ ശക്തികളുടെ വിശാല ഐക്യത്തിന് ഊര്‍ജം പകരുന്നതാണ് ഈ ഫലം. വര്‍ഗീയഫാസിസം പ്രത്യയ ശാസ്ത്രമായി സ്വീകരിച്ച ബി ജെ പിക്കെതിരെ മതേതര കര്‍ണാടക നല്‍കിയ മുന്നറിയിപ്പ് എന്ന് പറയുന്നതാവും കൂടുതല്‍ ശരി. കര്‍ണാടകയില്‍ താമര വിരിയിക്കാമെന്ന ലക്ഷ്യത്തോടെ നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിട്ട ബി ജെ പിക്ക് ഈ തിരഞ്ഞെടുപ്പിലും അടിപതറുകയായിരുന്നു. അവരുടെ ഉരുക്കുകോട്ടകളിലെല്ലാം കനത്ത വിള്ളല്‍ വീഴ്ത്തിക്കൊണ്ടാണ് ജനങ്ങള്‍ സമ്മതിദാനാവകാശം വിനിയോഗിച്ചത്.

കര്‍ണാടക സര്‍ക്കാറിന് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസും ജനതാദള്‍- എസും വെവ്വേറെയായി നിന്ന് തിരഞ്ഞെടുപ്പിനെ നേരിട്ടിട്ടും ബി ജെ പി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത് പാര്‍ട്ടിയുടെ നയ സമീപനങ്ങളെ ജനം അംഗീകരിക്കുന്നില്ലെന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ജനതാദളും ഒറ്റക്ക് മത്സരിച്ചപ്പോള്‍ നേട്ടം ബി ജെ പിക്കായിരുന്നു എന്നോര്‍ക്കണം. ഗ്രാമീണ മേഖലകളിലെല്ലാം കോണ്‍ഗ്രസ് നല്ല മുന്നേറ്റം നടത്തിയപ്പോള്‍ നഗര പ്രദേശങ്ങളില്‍ മാത്രമാണ് ബി ജെ പിക്ക് അല്‍പ്പമെങ്കിലും പിടിച്ചുനില്‍ക്കാനായത്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഡ്രസ് റിഹേഴ്‌സലായാണ് കര്‍ണാടകയില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിനെ ഇന്ത്യന്‍ രാഷ്ട്രീയം വിലയിരുത്തിയിരുന്നത്. കോണ്‍ഗ്രസ്- ജനതാദള്‍ സഖ്യ സര്‍ക്കാര്‍ നൂറ് ദിനം പൂര്‍ത്തീകരിക്കുന്ന ഘട്ടത്തിലാണ് സംസ്ഥാനത്തെ ഫലം വന്നത് എന്നത് ഇതിന് മറ്റൊരു മാനം നല്‍കുന്നു.

കേന്ദ്ര അധികാരം കൈയാളുന്ന ബി ജെ പിക്ക് ചെറുതല്ലാത്ത പാഠമാണ് കര്‍ണാടകയിലെ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് ഫലത്തിലൂടെ ജനങ്ങള്‍ നല്‍കിയിരിക്കുന്നത്. കോണ്‍ഗ്രസും ജനതാദള്‍- എസും വെവ്വേറെ നിന്ന് മത്സരിച്ച സാഹചര്യത്തില്‍ ഗ്രാമപ്രദേശങ്ങളില്‍ ബി ജെ പിക്ക് കാര്യമായ മുന്നേറ്റമുണ്ടാക്കാന്‍ സാധിക്കേണ്ടതായിരുന്നു. 2267 വാര്‍ഡുകളില്‍ 982 സീറ്റുകളാണ് കോണ്‍ഗ്രസ് ഇത്തവണ സ്വന്തമാക്കിയത്. ബി ജെ പി 929 സീറ്റുകള്‍ നേടിയപ്പോള്‍ ജനതാദള്‍- എസിന് 375 സീറ്റുകള്‍ ലഭിച്ചു. 329 സീറ്റുകള്‍ സ്വതന്ത്ര സ്ഥാനാര്‍ഥികളും 13 സീറ്റുകള്‍ ബി എസ് പിയും സ്വന്തമാക്കി. തിരഞ്ഞെടുപ്പ് നടന്ന 53 ടൗണ്‍ മുന്‍സിപ്പാലിറ്റികളില്‍ 21 എണ്ണത്തില്‍ കോണ്‍ഗ്രസാണ് ജയിച്ചുകയറിയത്. ബി ജെ പി 12 സീറ്റുകളിലേക്ക് ഒതുങ്ങുകയാണുണ്ടായത്. സിറ്റി മുന്‍സിപ്പാലിറ്റികളില്‍ 243 വാര്‍ഡിലും ടൗണ്‍ മുന്‍സിപ്പാലിറ്റികളില്‍ 416 വാര്‍ഡുകളിലും കോണ്‍ഗ്രസാണ് ജയിച്ചത്.

കോണ്‍ഗ്രസിനും ജനതാദള്‍- എസിനും തനിച്ച് ഭരിക്കാന്‍ ഭൂരിപക്ഷമില്ലാത്ത സ്ഥലങ്ങളില്‍ സഖ്യമുണ്ടാക്കി ഭരണം കൈയാളുമെന്ന് ഇരുകക്ഷികളുടെയും നേതാക്കള്‍ പ്രഖ്യാപിച്ചത് തന്നെ ബി ജെ പി അധികാരത്തിലെത്തുന്നത് ഇല്ലാതാക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ്. ഭരണത്തില്‍ ഇരുകക്ഷികളും ഒരുമിക്കുന്നതോടെ സംസ്ഥാനത്തെ ഭൂരിഭാഗം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും അധികാരത്തില്‍ നിന്ന് ബി ജെ പി പുറന്തള്ളപ്പെടും. നിയമസഭാ തിരഞ്ഞെടുപ്പില്‍ മോശം പ്രകടനം കാഴ്ച വെച്ച ഹൈദരാബാദ്- കര്‍ണാടക മേഖലകളില്‍ കോണ്‍ഗ്രസ് തിരിച്ചുവരുന്നതാണ് ഇത്തവണ കണ്ടത്. ഗദക് ജില്ലയിലെ 123 വാര്‍ഡുകളില്‍ 57 എണ്ണവും ജനാര്‍ദ്ദന റെഡ്ഢിയുടെ തട്ടകമായ ബെല്ലാരിയിലെ 343 വാര്‍ഡുകളില്‍ 104 എണ്ണവും കോണ്‍ഗ്രസ് നേടി. ഇവിടെ വെറും 65 സീറ്റുകള്‍ മാത്രമാണ് ബി ജെ പിക്ക് നേടാനായത്. ടൗണ്‍ മുന്‍സിപ്പാലിറ്റികളിലും ടൗണ്‍ പഞ്ചായത്തുകളിലും ബി ജെ പിക്ക് നേട്ടമുണ്ടാക്കാനായെങ്കിലും കോണ്‍ഗ്രസ്- ദള്‍ സഖ്യം അവര്‍ക്ക് വെല്ലുവിളിയാകും. ബി ജെ പിയുടെ ശക്തികേന്ദ്രങ്ങളിലെല്ലാം ഈ തിരഞ്ഞെടുപ്പില്‍ പരാജയമാണ് പാര്‍ട്ടിക്ക് നേരിടേണ്ടി വന്നത്്. റായ്ച്ചൂര്‍ ബി ജെ പിയുടെ എക്കാലത്തെയും ഉരുക്കുകോട്ടയായാണ് അറിയപ്പെട്ടിരുന്നത്. എന്നാല്‍ റായ്ച്ചൂര്‍ ഉള്‍പ്പെടുന്ന 175 വാര്‍ഡുകളില്‍ 90 എണ്ണത്തിലും കോണ്‍ഗ്രസാണ് ജയിച്ചത്. ബി ജെ പിക്ക് കേവലം 23 സീറ്റുകള്‍ മാത്രമാണ് ഇവിടങ്ങളില്‍ നേടാനായത്. മൈസൂരു, മാണ്ഡ്യ, റായ്ച്ചൂര്‍, തുമക്കൂരു, ഹാസന്‍ എന്നിവിടങ്ങളില്‍ ജനതാദള്‍- എസ് മികച്ച നേട്ടമാണുണ്ടാക്കിയത്. മാണ്ഡ്യയില്‍ ദളിന് നല്ല മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചു. നഗര പ്രദേശങ്ങളില്‍ എക്കാലത്തും ബി ജെ പിയാണ് മേധാവിത്വം നിലനിര്‍ത്തിവരുന്നത്. മധ്യവര്‍ഗം ബി ജെ പിയെ കൈയൊഴിയാന്‍ തയ്യാറാകുന്നില്ലെന്നതാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. ഇവിടങ്ങളില്‍ പകുതി സീറ്റുകള്‍ പിടിച്ചാല്‍ പോലും അത് തങ്ങളുടെ നേട്ടമായാണ് കോണ്‍ഗ്രസും ജെ ഡി എസും വിലയിരുത്തുന്നത്.

പൊതുതിരഞ്ഞെടുപ്പിന്റെ മുന്നോടിയായുള്ള ബലപരീക്ഷണമായതുകൊണ്ട് ബി ജെ പി പ്രത്യേക സംഘത്തെ നിയോഗിച്ചാണ് ഇക്കുറി തദ്ദേശ തിരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നിട്ടും കാര്യമായ മുന്നേറ്റം നടത്താനോ ജനപിന്തുണ നേടിയെടുക്കാനോ സാധിച്ചില്ല. അതേസമയം, കൂടുതല്‍ വാര്‍ഡുകളില്‍ വിജയിക്കാനായത് സഖ്യ സര്‍ക്കാറിന്റെ പ്രവര്‍ത്തനത്തിന് ജനങ്ങള്‍ നല്‍കിയ അംഗീകാരമായാണ് കോണ്‍ഗ്രസ് നോക്കിക്കാണുന്നത്. ഫലം സഖ്യ സര്‍ക്കാറിനുള്ള പിന്തുണയാണെന്നാണ് മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി പ്രതികരിച്ചത്. സഖ്യ സര്‍ക്കാര്‍ പരാജയമാണെന്ന ബി ജെ പിയുടെ ആരോപണത്തെ ജനങ്ങള്‍ തള്ളിക്കളഞ്ഞതായും സര്‍ക്കാറില്‍ ജനങ്ങള്‍ വിശ്വാസമര്‍പ്പിച്ചതിന്റെ തെളിവാണ് തിരഞ്ഞെടുപ്പ് ഫലമെന്നും കുമാരസ്വാമി പറയുന്നു. സഖ്യസര്‍ക്കാറിന്റെ പ്രവര്‍ത്തനത്തെ കൂടുതല്‍ ദൃഢമാക്കുന്നതാണ് ഫലമെന്ന അഭിപ്രായമാണ് ജനതാദള്‍- എസ് സംസ്ഥാന അധ്യക്ഷന്‍ എ എച്ച് വിശ്വനാഥ് മുന്നോട്ട് വെക്കുന്നത്.

കോണ്‍ഗ്രസ് – ജെ ഡി എസ് സഖ്യ സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പ് എന്നതും രാഷ്ട്രീയ പ്രാധാന്യം വര്‍ധിപ്പിക്കുന്നു. ബി ജെ പിയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി വ്യക്തമായ മേല്‍ക്കൈ സ്ഥാപിക്കാന്‍ സാധിച്ചത് കോണ്‍ഗ്രസിന് പുത്തന്‍ ഊര്‍ജമാണ് പ്രദാനം ചെയ്തിരിക്കുന്നത്. ആത്മവിശ്വാസത്തോടെ അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിടാനുള്ള ഉത്തേജനമാണ് ഫലം കോണ്‍ഗ്രസിന് നല്‍കുന്നത്. പ്രാദേശിക തിരഞ്ഞെടുപ്പ് ആയതിനാല്‍ തന്നെ പാര്‍ട്ടിയുടെ അടിവേരുകള്‍ കൂടുതല്‍ ബലപ്പെടുത്തുന്നതിനും വേരോട്ടം മെച്ചപ്പെട്ട രീതിയില്‍ സാധ്യമാക്കുന്നതിനും കോണ്‍ഗ്രസിന് സാധിച്ചിരിക്കുന്നുവെന്ന് ഫലം സൂചിപ്പിക്കുന്നു. ജനപിന്തുണ ആര്‍ജിച്ചെടുക്കാന്‍ സാധിച്ചതിലൂടെ കോണ്‍ഗ്രസ്- ജെ ഡി എസ് സഖ്യസര്‍ക്കാറിന് കൂടുതല്‍ ആത്മവിശ്വാസത്തോടെ ഇനിയുള്ള നാളുകളില്‍ ഭരണചക്രം തിരിക്കാന്‍ സാധിക്കും.

കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളിയതും കഴിഞ്ഞ സര്‍ക്കാറിന്റെ ജനക്ഷേമ പദ്ധതികള്‍ മികച്ച രീതിയില്‍ തുടരാന്‍ തയ്യാറായതുമെല്ലാം ഫലത്തില്‍ പ്രതിഫലിച്ചു. ആരോപണ- പ്രത്യാരോപണങ്ങള്‍ക്കും അനാവശ്യമായ വിവാദങ്ങള്‍ക്കും വഴിമരുന്നിടാതെ, കാര്യക്ഷമവും സുതാര്യവുമായ ഭരണം കാഴ്ചവെക്കാനും പ്രകടനപത്രികയില്‍ പറഞ്ഞ കാര്യങ്ങള്‍ സമയബന്ധിതമായി നടപ്പാക്കാനുമാണ് ഈ ഫലം സര്‍ക്കാറിനെ നിര്‍ബന്ധിതമാക്കുന്നത്. അങ്ങനെയെങ്കില്‍ ബി ജെ പിയെ എന്നെന്നേക്കുമായി അകറ്റി നിര്‍ത്താന്‍ സാധിക്കും.
ഇനി ലക്ഷ്യം ലോക്‌സഭാ തിരഞ്ഞെടുപ്പാണ്. അഭിപ്രായ ഭിന്നതകളെല്ലാം പരിഹരിച്ച് കോണ്‍ഗ്രസും ജെ ഡി എസും ഒറ്റക്കെട്ടായി നേരിട്ടാല്‍ ബി ജെ പിയെ തുടച്ചുനീക്കുന്നതിലേക്ക് കാര്യങ്ങളെത്തും. ലോക്‌സഭ മുന്നില്‍ കണ്ട് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ചുവടുറപ്പിക്കാന്‍ പ്രാദേശിക കക്ഷികളുമായി ബി ജെ പിയും സഖ്യത്തിന് ശ്രമം ആരംഭിച്ചിട്ടുണ്ട്. ഉത്തരേന്ത്യയില്‍ നിന്ന് കഴിഞ്ഞ തവണ ലഭിച്ച സീറ്റുകള്‍ ഇക്കുറി കിട്ടാന്‍ സാധ്യതയില്ലെന്ന് തിരിച്ചറിഞ്ഞുകൊണ്ടാണ് ദക്ഷിണേന്ത്യയെ ഉന്നമിടാന്‍ ബി ജെ പി തന്ത്രങ്ങള്‍ മെനയുന്നത്. ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, തെലങ്കാന സംസ്ഥാനങ്ങളിലാണ് ബി ജെ പിയുടെ കണ്ണ്. ഇവിടങ്ങളില്‍ പ്രാദേശിക പാര്‍ട്ടികളുടെ സഹായത്തോടെ പരമാവധി സീറ്റുകള്‍ നേടാനാണ് നീക്കം. എന്നാല്‍, പാര്‍ട്ടിയുടെ ഇത്തരം നീക്കങ്ങള്‍ക്ക് പോലും ഈ തദ്ദേശ ഫലം നല്‍കിയിരിക്കുന്നത് കനത്ത തിരിച്ചടിയാണ്.

---- facebook comment plugin here -----

Latest