‘ദളിത്’ ഉപേക്ഷിച്ചതു കൊണ്ടായോ?

Posted on: September 5, 2018 9:52 am | Last updated: September 5, 2018 at 9:52 am
SHARE

പട്ടികജാതി വിഭാഗത്തില്‍പ്പെടുന്നവരെ കുറിച്ചു ‘ദളിത്’ എന്ന പദം ഉപയോഗിക്കരുതെന്ന് മാധ്യമങ്ങള്‍ക്കു കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ നിര്‍ദേശം. വാര്‍ത്തകളിലും ചര്‍ച്ചകളിലും ചാനലുകള്‍ പട്ടിക ജാതി എന്ന് തന്നെ ഉപയോഗിക്കണമെന്നും ദളിത് എന്ന പദം ഒഴിവാക്കണമെന്നും കാണിച്ച് ഇന്നലെയാണ് മന്ത്രാലയം വിജ്ഞാപനം ഇറക്കിയത്. മാധ്യമങ്ങള്‍ ദളിത് എന്ന് ഉപയോഗിക്കാതിരിക്കാന്‍ നിര്‍ദേശം നല്‍കണമെന്ന ഒരു സ്വകാര്യ ഹരജിയില്‍ മുംബൈ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബഞ്ചിന്റെ വിധി ചൂണ്ടിക്കാട്ടിയാണ് ഈ ഉത്തരവ്. ഷെഡ്യൂള്‍ഡ് കാസ്റ്റിനു വിവിധ ഭാഷകളിലുള്ള നേര്‍പരിഭാഷകള്‍ ഉപയോഗിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. ‘ദളിത്’ എന്നതിനു പകരം പട്ടികജാതി എന്നുതന്നെ ഉപയോഗിക്കണമെന്ന കേന്ദ്ര സാമൂഹിക നീതി വകുപ്പിന്റെ 2018 മാര്‍ച്ചിലെ നിര്‍ദേശവും വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം എടുത്തു പറയുന്നുണ്ട്. ദളിത് എന്ന പദം ഭരണഘടനയില്‍ ഇല്ലെന്ന് പറഞ്ഞു 2018 ജനുവരിയില്‍ മധ്യപ്രദേശ് ഹൈക്കോടതിയും സമാന ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

പുതിയ ഉത്തരവിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ദളിത് എന്ന പദം കാലങ്ങളായി ഉപയോഗിച്ചുവരുന്നതാണ്. മാധ്യമങ്ങള്‍ മാത്രമല്ല, രാഷ്ട്രീയനേതാക്കളും അക്കാദമിക് വിദഗ്ധരുമെല്ലാം ഈ പദം ഉപയോഗിക്കുന്നുണ്ട്. ഇപ്പോള്‍ എന്തിനാണ് ഇങ്ങനെയൊരു വിലക്കെന്നും ചര്‍ച്ചകളില്‍ പങ്കെടുക്കാനെത്തുന്ന അതിഥികളോട് ദളിത് എന്നുപയോഗിക്കരുത് എന്ന് പറയാനാകുമോ എന്നുമാണ് ന്യൂസ് ബ്രോഡ്കാസ്റ്റിംഗ് അസോസിയേഷന്റെ ചോദ്യം. പട്ടികജാതിക്കാര്‍ നേരിടുന്ന ക്രൂരതകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനെ ഈ ഉത്തരവ് സാരമായി ബാധിക്കാനിടയുണ്ടെന്ന ആശങ്കയും അസോസിയേഷന്‍ ഉയര്‍ത്തുന്നു. പട്ടികജാതി വിഭാഗങ്ങളെ കുറിക്കാന്‍ ഉപയോഗിക്കാറുള്ള ദളിത്, ആദിവാസി, ഹരിജന്‍, ഗിരിജന്‍ തുടങ്ങി വിവിധ പദങ്ങളില്‍ ഹരിജന്‍, ഗിരിജന്‍ എന്നീ പദങ്ങളോട് ദളിത് ബുദ്ധിജീവികളും ചിന്തകരും നേരത്തെ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നെങ്കിലും ദളിത്, ആദിവാസി എന്നീ പദങ്ങളോട് അവര്‍ വിയോജിപ്പ് പ്രകടിപ്പിച്ചിട്ടില്ല. ഈ രണ്ട് പദങ്ങളും അവര്‍ ധാരാളമായി ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്. സര്‍ക്കാര്‍ തന്നെ പഠനത്തിന്റെ ഭാഗമായും ഔദ്യോഗികമായും ഇതുവരെയും ഈ പദം ഉപയോഗിച്ചിരുന്നതാണ്. സാഹിത്യ അക്കാദമിയും ചലച്ചിത്ര അക്കാദമിയുമൊക്കെ ദളിത് സാഹിത്യം, ദളിത് സിനിമ എന്നിവയുമായി ബന്ധപ്പെട്ടു ശില്‍പശാലകള്‍ സംഘടിപ്പിക്കുകയും പ്രസിദ്ധീകരണങ്ങള്‍ ഇറക്കുകയും ചെയ്തിട്ടുണ്ട്. പിന്നെന്തിനാണ് കോടതിക്കും സര്‍ക്കാറിനും ഈ വാക്കിനോടിപ്പോള്‍ അലര്‍ജി എന്ന ചോദ്യവും ഉയരുന്നു.
സംസ്‌കൃതത്തിലെ ‘ദല്‍’ എന്ന പദത്തില്‍ നിന്നാണ് ‘ദളിത്’ ഉണ്ടായതെന്നാണ് ഭാഷാ പണ്ഡിതരുടെ പക്ഷം. ചിതറിയ, മുറിഞ്ഞ എന്നിങ്ങനെയുള്ള അര്‍ഥമാണ് സംസ്‌കൃതത്തില്‍ ഈ പദത്തിന്. ചരിത്രപരമായ കാരണങ്ങളാല്‍ സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്നും ഒഴിച്ചുനിര്‍ത്തപ്പെട്ട, സമൂഹ ശരീരത്തില്‍ നിന്നു ദലനം ചെയ്യപ്പെട്ട (മുറിച്ച് മാറ്റപ്പെട്ട) ജനവിഭാഗമാണല്ലോ പട്ടിക ജാതിക്കാര്‍. ആദ്യമായി ദളിത് എന്ന പദം ഉപയോഗിക്കുന്നത് മറാത്തി സാമൂഹിക പരിഷ്‌കര്‍ത്താവും വിപ്ലവകാരിയുമായ ജ്യോതിറാവു ഫൂലെയാണെന്നാണ് പറയുന്നത്. അടിച്ചമര്‍ത്തപ്പെട്ടവര്‍, ജാതി വ്യവസ്ഥക്ക് പുറത്തു നില്‍ക്കുന്നവര്‍, തൊട്ടുകൂടായ്മ, തീണ്ടിക്കൂടായ്മ തുടങ്ങിയവ അനുസരിക്കേണ്ടവര്‍ എന്ന അര്‍ഥത്തിലാണ് അദ്ദേഹം ഈ പദം പ്രയോഗിച്ചത്.
ആര്‍ എസ് എസ് ദേശീയ നേതൃത്വവും ദളിത് എന്ന പദത്തിന് വിലക്ക് കല്‍പിച്ചിട്ടുണ്ട്. 2017 ഏപ്രില്‍ 21ന് പുണെയില്‍ നടന്ന ആര്‍ എസ് എസ് ദേശീയ എക്‌സിക്യൂട്ടീവിലാണ് ദളിത് എന്ന വാക്ക് ആ വിഭാഗത്തെ അപമാനിക്കുന്നതും ജാതീയമായി വേര്‍തിരിക്കുന്നതുമായതിനാല്‍ ഉപയോഗിക്കുന്നത് നിര്‍ത്തണമെന്ന് അണികളോട് നേതൃത്വം ആവശ്യപ്പെട്ടത്. ഇത് അപകീര്‍ത്തികരവും കൊളോണിയല്‍ വാക്കുമാണെന്ന് ആര്‍ എസ് എസ് അഭിപ്രായപ്പെട്ടതായും ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പകരം ‘ഭരണഘടന അംഗീകരിച്ച പട്ടികജാതി പട്ടികവര്‍ഗ’ എന്ന വാക്കുകള്‍ ഉപയോഗിക്കാനും ഹിന്ദുത്വ ഗ്രൂപ്പുകള്‍ക്ക് സംഘടന നിര്‍ദേശം നല്‍കിയിരുന്നു.

താഴ്ന്ന ജാതിയെക്കുറിക്കുന്ന ഒരു പദമല്ല ഇന്ന് ദളിതര്‍. ജാതി വ്യവസ്ഥയുടെ കാലത്ത് ചെറുമര്‍, പഞ്ചമാര്‍, അസുരര്‍, ചണ്ടാലര്‍, ഹരിജന്‍, പറയര്‍, പുലയര്‍, എന്നിങ്ങനെ വിവിധ പേരുകളില്‍ വേര്‍പ്പെട്ടു നിന്നിരുന്ന അവര്‍ണ വിഭാഗങ്ങളുടെ ഒരു പൊതുവേദിയാണ്. തങ്ങള്‍ക്ക് അയിത്തം കല്‍പ്പിക്കുന്ന, ക്ഷേത്രങ്ങളില്‍ പോലും വിലക്കേര്‍പ്പെടുത്തുന്ന സവര്‍ണ മേലാളന്മാര്‍ക്കും ഹിന്ദുത്വ ഫാസിസത്തിനും എതിരെ പോരാടുന്ന കൂട്ടായ്മയുടെ പേരാണ്. കീഴാള വര്‍ഗത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പ് തടയുക എന്ന ലക്ഷ്യത്തോടെ ബ്രാഹ്മണ്യശക്തികള്‍ രൂപവത്കരിച്ച ആര്‍ എസ് എസും ജാതീയതയില്‍ അടിയുറച്ച ബ്രാഹ്മണിക്കല്‍ ഭരണകൂടവും ഈ പദത്തെ ഭയക്കാനും വെറുക്കാനുമുള്ള കാരണവും ഇതായിരിക്കണം. ദളിത് എന്ന വാക്കല്ല, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഉയര്‍ന്നുവരുന്ന ദളിത് മുന്നേറ്റങ്ങള്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഭാവിക്ക് നല്‍കുന്ന പ്രതീക്ഷകളെയാണ് അവരെ അസ്വസ്ഥരാക്കുന്നത്. ദളിത് എന്ന പദമല്ല ഇവിടെ ഉപേക്ഷിക്കേണ്ടത് അവര്‍ക്കെതിരെ സവര്‍ണരും അവരെ പ്രതിനിധീകരിക്കുന്ന ഭരണകൂടവും സ്വീകരിക്കുന്ന വിവേചനമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here