മീശ നോവലിനെതിരായ ഹരജിയില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും

Posted on: September 5, 2018 7:04 am | Last updated: September 5, 2018 at 10:37 am

ന്യൂഡല്‍ഹി: മാതൃഭൂമി ആഴ്ചപതിപ്പില്‍ പ്രസിദ്ധീകരിച്ച എസ് ഹരീഷിന്റെ മീശ നോവലിന് എതിരായ ഹരജിയില്‍ സുപ്രീം കോടതി ഇന്ന് വിധി പ്രസ്താവിക്കും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഢ്, എ എം ഖാന്‍വില്‍ക്കാര്‍ എന്നിവരടങ്ങിയ ബഞ്ചാണ് വിധി പ്രസ്താവിക്കുക. ഡല്‍ഹി മലയാളിയായ എന്‍. രാധാകൃഷ്ണനാണ് നോവലിനെതിരെ ഹരജി സമര്‍പ്പിച്ചിരുന്നത്.

നേരത്തെ വാദം കേള്‍ക്കുന്നതിനിടെ പുസ്തകം നിരോധിക്കുന്നതിനെ കേന്ദ്ര സര്‍ക്കാര്‍ എതിര്‍ത്തിരുന്നു. ഇത്തരം നടപടി ഭരണഘടനയുടെ 19ാം വകുപ്പിന്റെ ലംഘനമാകുമെന്നും ഭരണഘടന ഉറപ്പുനല്‍കുന്ന ആവിഷ്‌ക്കര സ്വാതന്ത്ര്യം തടയാനാവില്ലെന്നും കേന്ദ്ര സര്‍ക്കാറിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിറ്റര്‍ ജനറല്‍ പിങ്കി ആനന്ദ് വ്യക്തമാക്കിയിരുന്നത്. സംസ്ഥാന സര്‍ക്കാറും പുസ്തകം നിരോധിക്കുന്നതിനെ കോടതിയില്‍ എതിര്‍ത്തിരുന്നു. ഇതേ തുടര്‍ന്ന് നോവലിന്റെ വിവാദമായ മൂന്ന് അധ്യായങ്ങളുടെ ഇംഗ്ലീഷ് പരിഭാഷ അഞ്ച് ദിവസത്തിനകം ഹാജരാക്കുവാന്‍കോടതി നിര്‍ദേശിച്ചു. പുസ്തകം നിരോധിക്കുന്നതും പരാമര്‍ശങ്ങള്‍ നീക്കം ചെയ്യുന്നതും ആശയങ്ങളുടെ ഒഴുക്കിനെ ബാധിക്കുമെന്നും കോടതി ചൂണ്ടികാട്ടിയിരുന്നു.

എന്നാല്‍ പരിഭാഷ സമര്‍പ്പിച്ചതോടെ ഹരജിക്കാരന്‍ സുപ്രീംകോടതിയില്‍ നിലപാട് മയപ്പെടുത്തിയിരുന്നു. മീശ നോവലില്‍ വിവാദ പരാമര്‍ശങ്ങള്‍ മാത്രം നീക്കം ചെയ്താല്‍ മതിയെന്ന് സുപ്രീം കോടതിയില്‍ എഴുതി നല്‍കിയ സബ്മിഷനില്‍ ആണ് ഹര്‍ജിക്കാരന്‍ മുന്‍ നിലപാട് മയപ്പെടുത്തി രംഗത്തെത്തിയത്.