Connect with us

Kerala

സര്‍ക്കാര്‍ മേളകള്‍ ഒഴിവാക്കി; എതിര്‍പ്പുമായി വകുപ്പുകള്‍

Published

|

Last Updated

തിരുവനന്തപുരം: പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ രാജ്യാന്തര ചലച്ചിത്രോത്സവവും കലോത്സവങ്ങളും ഉള്‍പ്പെടെ എല്ലാവകുപ്പുകളുടെയും ആഘോഷങ്ങളും സാംസ്‌കാരിക പരിപാടികളും ഒരു വര്‍ഷത്തേക്ക് ഒഴിവാക്കി പൊതുഭരണവകുപ്പ് ഉത്തരവിറക്കി. ടൂറിസം വകുപ്പിന് കീഴില്‍ നടക്കുന്ന വിവിധ പരിപാടികളും ഉപേക്ഷിച്ചിട്ടുണ്ട്. വകുപ്പുകളുമായി വേണ്ടത്ര കൂടിയാലോചന ഇല്ലാതെയും മന്ത്രിസഭായോഗത്തില്‍ ചര്‍ച്ച ചെയ്യാതെയുമാണ് മുഖ്യമന്ത്രിക്ക് കീഴിലുള്ള പൊതുഭരണവകുപ്പിന്റെ ഉത്തരവ്. ഇക്കാര്യത്തില്‍ മറ്റുവകുപ്പുകള്‍ക്ക് അതൃപ്തിയുണ്ട്. ചലച്ചിത്ര മേള വേണ്ടെന്ന തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് എ കെ ബാലന്‍ ചീഫ്‌സെക്രട്ടറിക്ക് കത്ത് നല്‍കി. ചലച്ചിത്രമേളയുടെ നടത്തിപ്പ് സംബന്ധിച്ച് മന്ത്രി ഇന്നലെ അക്കാദമി ഭാരവാഹികളുടെ യോഗം വിളിച്ചിരുന്നു. ഗ്രേസ് മാര്‍ക്ക് നല്‍കുന്നതിലുള്‍പ്പെടെ കലോത്സവം ഒഴിവാക്കുന്നതില്‍ പ്രായോഗിക പ്രശ്‌നങ്ങളും നിലനില്‍ക്കുന്നു. കലോത്സവത്തിന്റെ കാര്യത്തില്‍ ഇളവ് നല്‍കണമെന്ന് വിദ്യാഭ്യാസവകുപ്പും ആവശ്യപ്പെട്ടിട്ടുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയിലേക്കു പോകുന്നതിനു മുമ്പ് നല്‍കിയ നിര്‍ദേശം അനുസരിച്ചാണ് പൊതുഭരണവകുപ്പിന്റെ തീരുമാനം. മന്ത്രിമാര്‍ ഇക്കാര്യം അറിഞ്ഞതാകട്ടെ ഉത്തരവ് ഇറങ്ങിയ ശേഷവും. സര്‍ക്കാറിന്റെ ആഭിമുഖ്യത്തിലും സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ചും നടത്തുന്ന ആഘോഷ പരിപാടികളെല്ലാം ഒരു വര്‍ഷത്തേക്ക് ഒഴിവാക്കണമെന്നും ഇതിനായി നീക്കിവെച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്നുമാണ് പൊതുഭരണവകുപ്പ് പ്രിന്‍സിപ്പല്‍സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ ഇറക്കിയ ഉത്തരവിലുള്ളത്.

ഉദ്ഘാടന സമാപന പരിപാടികള്‍ ഉപേക്ഷിച്ച് ചലച്ചിത്രമേള നടത്താനായിരുന്നു സാംസ്‌കാരികവകുപ്പിന്റെ ആലോചന. അക്കാദമി അധ്യക്ഷന്‍ കമലും മന്ത്രി എ കെ ബാലനും തമ്മില്‍ ഇക്കാര്യത്തില്‍ ഇന്നലെ രാവിലെ ചര്‍ച്ച നടത്തിയിരുന്നു. ഉച്ചക്ക് ശേഷം അക്കാദമിയുടെ യോഗവും വിളിച്ചുചേര്‍ത്തിരുന്നു. ചലച്ചിത്ര മേള ആര്‍ഭാടമില്ലാതെയും ചെലവ് ചുരുക്കിയും നടത്തുകയാണ് വേണ്ടതെന്ന് മന്ത്രി പറഞ്ഞു. ചലച്ചിത്ര മേള വേണ്ടെന്ന തീരുമാനത്തോട് മാനസികമായി പൊരുത്തപ്പെടാനാകില്ല. കലോത്സവം ഒഴിവാക്കിയതിനോടും വിയോജിപ്പുണ്ടെന്നും ബാലന്‍ പറഞ്ഞു.

ചലച്ചിത്രമേള ഉപേക്ഷിച്ചതില്‍ നിരാശയുണ്ടെന്ന് അക്കാദമി ചെയര്‍മാന്‍ കമലുംപ്രതികരിച്ചു. സര്‍ക്കാര്‍ ഫണ്ട് കുറച്ച് അക്കാദമി ഫണ്ട് ഉപയോഗിച്ച് മേള നടത്താനാണ് ഉദ്ദേശിച്ചിരുന്നത്. ടിക്കറ്റ് നിരക്ക് കൂട്ടാനും തീരുമാനിച്ചിരുന്നു. മന്ത്രിയുമായി ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാറിനെ സമ്മര്‍ദ്ധത്തിലാക്കാനില്ലെന്നും കമല്‍പ്രതികരിച്ചു.

സ്‌കൂള്‍ കലോത്സവം ഒഴിവാക്കുന്ന കാര്യം വിദ്യാഭ്യാസവകുപ്പും അറിഞ്ഞിരുന്നില്ല. സ്‌കൂള്‍ കലോത്സവം വേണ്ടെന്ന് വെച്ചതായുള്ള സമൂഹ മാധ്യമങ്ങളിലെ പ്രചരണം നിഷേധിച്ച് ഡി പി ഐ. കെ മോഹന്‍കുമാര്‍ ഇന്നലെ വിശദീകരണ കുറിപ്പ് ഇറക്കിയിരുന്നു. തൊട്ടുപിന്നാലെയാണ് പൊതുഭരണവകുപ്പിന്റെ ഉത്തരവുണ്ടായത്. കുട്ടികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കേണ്ടതിനാല്‍ സ്‌കൂള്‍ കലോത്സവം ഒഴിവാക്കാന്‍ കഴിയില്ലെന്നാണ് വിദ്യാഭ്യാസവകുപ്പിന്റെ നിലപാട്. ദേശീയ തലത്തില്‍ കുട്ടികളെ പങ്കെടുപ്പിക്കേണ്ടതിനാല്‍ സംസ്ഥാന മേളയും ഒഴിവാക്കാനാകില്ല. ജില്ലാതലം വരെയെങ്കിലും കലോത്സവം നടത്താന്‍ അനുവദിക്കണമെന്ന് അവര്‍ ആവശ്യപ്പെടുന്നു. കലോത്സവ നടത്തിപ്പ് ചര്‍ച്ച ചെയ്യാന്‍ ഈ മാസം ഏഴിന് ക്യു ഐ പി യോഗം ചേരാനിരിക്കുകയാണ്. നേരത്തെ മാറ്റിവെച്ച ആലപ്പുഴയിലെ നെഹ്‌റുട്രോഫി വള്ളംകളി നടത്താന്‍ ടൂറിസം വകുപ്പും നീക്കം ആരംഭിച്ചിരുന്നു. ടൂറിസം പരിപാടികള്‍ ഒഴിവാക്കുന്നത് വലിയ വരുമാനനഷ്ടമുണ്ടാക്കുമെന്നാണ് വകുപ്പിന്റെ നിലപാട്. വിദേശ സഞ്ചാരികളുടെ വരവിനെയും ഇടയാക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

Latest