വിവാഹലോചന നിരസിച്ചാല്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുവരും – ഇത് ബിജെപി എംഎല്‍എയുടെ വാഗ്ദാനം

Posted on: September 4, 2018 11:08 pm | Last updated: September 5, 2018 at 10:37 am
SHARE

മുംബൈ: പെണ്‍കുട്ടി വിവാഹാലോചന നിരസിച്ചാല്‍ അവരെ തട്ടിക്കൊണ്ടുവരാന്‍ യുവാക്കളെ സഹായിക്കുമെന്ന് ബിജെപി എംഎല്‍എയുടെ വാഗ്ദാനം. മഹാരാഷ്ട്രയിലെ ഘട്‌കോപാര്‍ വെസ്റ്റ് മണ്ഡലത്തിലെ എംഎല്‍എ രാം കദം ആണ് അനുയായികള്‍ക്ക് ഈ വാഗ്ദാനം നല്‍കിയത്. ആവശ്യക്കാര്‍ക്ക് ബന്ധപ്പെടാന്‍ തന്റെ മൊബൈല്‍ നമ്പറും അദ്ദേഹം നല്‍കി. മുംബൈയില്‍ ഒരു പൊതു ചടങ്ങിനിടെയായിരുന്നു എംഎല്‍എയുടെ വിചിത്രമായ പ്രഖ്യാപനം.

“നിങ്ങള്‍ ഒരു പെണ്‍കുട്ടിയോട് വിവാഹാഭ്യര്‍ഥന നടത്തി. എന്നാല്‍ അവള്‍ അത് നിരസിച്ചു. പക്ഷേ, നിങ്ങള്‍ സങ്കടപ്പെടേണ്ട. ഞാന്‍ നിങ്ങളെ സഹായിക്കും. നിങ്ങള്‍ സ്വന്തം മാതാപിതാക്കളോട് അഭിപ്രായം ചോദിക്കണം. അവര്‍ക്കും ഇഷ്ടമാണെങ്കില്‍ ഉറപ്പായും നിങ്ങള്‍ക്കായി ആ പെണ്‍കുട്ടിയെ ഞാന്‍ തട്ടിക്കൊണ്ടുവരും. എന്റെ ഫോണ്‍ നമ്പര്‍ സൂക്ഷിച്ചോളൂ…” ഇതായിരുന്നു എംഎല്‍എയുടെ വാക്കുകള്‍.

വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ നിറഞ്ഞതോടെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. എന്നാല്‍ തന്റെ വാക്കുകള്‍ വളച്ചൊടിച്ചാണ് പ്രചരിപ്പിക്കുന്നതെന്ന് എംഎല്‍എ പറയുന്നു.