Connect with us

Kerala

മോഹന്‍ലാലിനെ ലോക്‌സഭയിലേക്ക് മത്സരിപ്പിക്കാന്‍ ആര്‍ എസ് എസ് നീക്കം

Published

|

Last Updated

തിരുവനന്തപുരം:അടുത്ത പൊതുതിരഞ്ഞെടുപ്പില്‍ ചലച്ചിത്ര നടന്‍ മോഹന്‍ലാലിനെ സ്ഥാനാര്‍ഥിയാക്കാന്‍ ആര്‍ എസ് എസ്-ബി ജെ പി കേന്ദ്രങ്ങള്‍ നീക്കം തുടങ്ങി. ബി ജെ പി ഏറെ പ്രതീക്ഷ വെച്ചുപുലര്‍ത്തുന്ന തിരുവനന്തപുരം മണ്ഡലത്തില്‍ നിര്‍ത്താനാണ് സജീവ ആലോചനകള്‍ നടക്കുന്നത്. സ്ഥാനാര്‍ഥിത്വം അംഗീകരിക്കാന്‍ മോഹന്‍ലാലില്‍ സമ്മര്‍ദം ചെലുത്തുന്നുണ്ട്.

മോഹന്‍ലാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നതിനിടെയാണ് പുതിയ വാര്‍ത്ത വരുന്നത്. മോഹന്‍ലാലിന്റെ അച്ഛന്‍ വിശ്വനാഥന്‍ നായരുടെയും അമ്മ ശാന്തകുമാരിയുടെയും പേരിലുള്ള വിശ്വശാന്തി ഫൗണ്ടേഷന്റെ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അടക്കമുള്ള പദ്ധതികളുടെ ഉദ്ഘാടന ചടങ്ങുകള്‍ക്കായി പ്രധാനമന്ത്രിയെ വയനാട്ടിലേക്ക് ക്ഷണിക്കാനാണ് മോഹന്‍ലാല്‍ എത്തിയത്. ഈ കൂടിക്കാഴ്ചയില്‍ എടുത്ത ചിത്രങ്ങളാണ് ഇവ. ഇതിന് തൊട്ടുപിറകെയാണ് സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട വാര്‍ത്ത. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ വിശ്വശാന്തി ഫൗണ്ടേഷന്‍ സംഘ്പരിവാര്‍ ബന്ധമുള്ള സേവാഭാരതിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു.

2019 ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി മോഹന്‍ലാല്‍ ബി ജെ പിയില്‍ അംഗത്വം എടുത്തേക്കുമെന്നും അഭ്യൂഹമുണ്ടായിരുന്നു. എന്നാല്‍ ഈ വിഷയങ്ങളിലൊന്നും മോഹന്‍ലാല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. നേരത്തെ കലാകാരന്‍മാര്‍ക്കായുളള ക്വാട്ടയില്‍ നടന്‍ സുരേഷ് ഗോപിയെ ബി ജെ പി രാജ്യസഭയില്‍ എത്തിച്ചിരുന്നു.

Latest