ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് വിവരം രഹസ്യമായി സൂക്ഷിക്കണം

Posted on: September 4, 2018 3:30 pm | Last updated: September 4, 2018 at 3:30 pm

ദുബൈ: ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളുടെ വിവരങ്ങള്‍ സൂക്ഷിക്കല്‍ ഉടമകളുടെ ഉത്തരവാദിത്തമെന്ന് യു എ ഇ സെന്‍ട്രല്‍ ബേങ്ക്. ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളില്‍ അടുത്ത കാലത്തായി വ്യാജം വ്യാപകമായി ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് നിര്‍ദേശം. ഏതെങ്കിലും വ്യക്തികള്‍ക്കോ, സ്ഥാപനങ്ങള്‍ക്കോ കാര്‍ഡിന്റെ ‘പിന്‍’ നമ്പര്‍ ഒരു കാരണവശാലും കൈമാറരുതെന്നും ഏതെങ്കിലും സാഹചര്യത്തില്‍ അങ്ങനെ വെളിപ്പെടുത്തേണ്ടി വന്നാല്‍ പ്രസ്തുത കാര്‍ഡ് മരവിപ്പിക്കാനും ‘പിന്‍’ നമ്പര്‍ മാറ്റുവാനും ബേങ്കുമായി ഉടന്‍ ബന്ധപ്പെടണമെന്നും സെന്‍ട്രല്‍ ബേങ്ക് ആവശ്യപ്പെട്ടു. എ ടി എം മെഷീനുകളില്‍ കാര്‍ഡുകള്‍ ഉപയോഗിക്കുമ്പോള്‍ അതീവ ജാഗ്രത പുലര്‍ത്തണം. ഏതെങ്കിലും വിധത്തില്‍ വിവരം പുറത്തായാല്‍ അക്കൗണ്ട് ദുരുപയോഗത്തിന് സാധ്യത കൂടുതലാണെന്നും അധികൃതര്‍ കാര്‍ഡ് ഉപയോക്താക്കളെ ഉപദേശിച്ചു. അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തിയതിന് അബുദാബി കൊമേഴ്ഷ്യല്‍ ബേങ്ക് (എ ഡി സി ബി) ജീവനക്കാരായ രണ്ട് ഇന്ത്യക്കാര്‍ പിടിയിലായിട്ടുണ്ട്.

ബേങ്ക് അക്കൗണ്ടില്‍ മൂന്ന് ലക്ഷത്തിലധികം ദിര്‍ഹമുള്ള ഇരുപത്തഞ്ചോളം ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തി മറ്റൊരു ഇന്ത്യക്കാരന് ഇവര്‍ നല്‍കുകയായിരുന്നു. ഇതിന് പ്രതിഫലമായി വന്‍തുകയും കൈപ്പറ്റിയതായി അന്വേഷണത്തില്‍ വ്യക്തമായി. ഒരാള്‍ക്ക് ഒരുലക്ഷം ദിര്‍ഹവും മറ്റൊരാള്‍ക്ക് അന്‍പതിനായിരത്തിനും ഒരു ലക്ഷത്തിനുമിടയിലുള്ള തുകയുമാണ് പ്രതിഫലമായി 30 വയസ്സുള്ള ഇന്ത്യക്കാരന്‍ നല്‍കിയത്. 5,99,000 ലക്ഷം ദിര്‍ഹമാണ് ഇയാള്‍ വിവിധ ആളുകളുടെ അക്കൗണ്ടുകളില്‍നിന്നും അപഹരിച്ചത്. ഉപഭോക്താക്കള്‍ യു എ ഇക്ക് പുറത്തുപോയ സമയത്തായിരുന്നു മോഷണം. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പ്രതികള്‍ മറ്റൊരു അക്കൗണ്ടില്‍നിന്ന് 16000 ദിര്‍ഹവും അപഹരിച്ചിരുന്നു.
ചതിയിലൂടെ പണാപഹരണം നടത്തിയതാണ് ഇവര്‍ക്കെതിരെ ചുമത്തിയ കുറ്റം. ബാങ്ക് ജീവനക്കാര്‍ക്കെതിരേ എ ടി എമ്മില്‍നിന്ന് പണം അപഹരിച്ചതിനും കേസുണ്ട്. 23 വയസ്സുള്ള ബേങ്ക് ജീവനക്കാരനെതിരേ പദവി ദുരുപയോഗം ചെയ്യല്‍, കൈക്കൂലി വാങ്ങല്‍, രഹസ്യം ചോര്‍ത്തല്‍, കുറ്റം ചെയ്യാന്‍ പ്രേരിപ്പിക്കല്‍ എന്നീ കുറ്റങ്ങളും ചുമത്തി. ഇതില്‍ ഇരയാക്കപ്പെട്ട 34 വയസ്സുള്ള ഇന്ത്യക്കാരിയുടെ അക്കൗണ്ടിലെ പണം സ്വര്‍ണം വാങ്ങാനായി ഉപയോഗിച്ചതായാണ് അവര്‍ക്ക് ലഭിച്ച വിവരം. 2016 ഡിസംബറില്‍ ഇന്ത്യയിലേക്ക് പോയ അവര്‍ 2017 ഫിബ്രവരി 25നാണ് തിരിച്ചെത്തിയത്. മാര്‍ച്ച് മൂന്നാം തീയതിയാണ് ഇടപാടുകള്‍ നടന്നതായി ബന്ധപ്പെട്ട ബേങ്കില്‍നിന്ന് സന്ദേശം ലഭിച്ചത്. കുറ്റം ചുമത്തപ്പെട്ട രണ്ട് ബാങ്ക് ജീവനക്കാരും കോടതിയില്‍ കുറ്റം നിഷേധിച്ചു. കേസിന്റെ വാദം സെപ്തംബര്‍ 20ലേക്ക് മാറ്റി.