Connect with us

Articles

അതിജീവന പാഠങ്ങള്‍

Published

|

Last Updated

ഒരു വലിയ മഹാദുരന്തത്തിനെ അതിജീവിച്ചു നമുക്ക് മുന്നേറിയേ പറ്റൂ എന്ന ലക്ഷ്യത്തോടെ സമൂഹം മുന്നോട്ടു നീങ്ങാന്‍ ശ്രമിക്കുന്ന ഘട്ടമാണിത്. എന്തെല്ലാമായിരിക്കും നാം അതിനായി ഉള്‍ക്കൊള്ളുന്ന അനുഭവപാഠങ്ങള്‍ എന്ന ചോദ്യം പ്രസക്തമാണ്. പുതിയ കേരളം എന്നത് പഴയതിന്റെ പുനര്‍നിര്‍മാണം ആകില്ല എന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞത് ആശ്വാസകരമാണ്. അതെത്രത്തോളം സാധ്യമാകുമെന്നതാണ് ഇനി കാണേണ്ടത്. പ്രളയത്തിന് മുമ്പുണ്ടായിരുന്ന കേരളത്തില്‍ നിന്നും എങ്ങനെയാകും പുതിയ കേരളം വ്യത്യസ്തമാകുക എന്നതാണ് പ്രധാന ചോദ്യം. വരും തലമുറകള്‍ക്കു വേണ്ടിയുള്ള കേരളമാണിത് എന്നതിനാല്‍ അവരുടെ അഭിപ്രായങ്ങള്‍ക്ക് മുന്‍ഗണന നല്‍കണം. ഈ ദുരന്തം ഉണ്ടായപ്പോള്‍ സര്‍ക്കാറുകളും മറ്റും പകച്ചു നിന്നപ്പോള്‍ ഒരു ആഹ്വാനവുമില്ലാതെ കര്‍മനിരതരായ കേരളത്തിലെ യുവസമൂഹത്തെ ഇനി അവഗണിക്കാന്‍ കഴിയില്ല. സമൂഹത്തോട് ഉത്തരവാദിത്തമില്ലാത്ത, അരാഷ്ട്രീയവാദികളെന്നു പലരും വിമര്‍ശിച്ച അവര്‍ എന്തുകൊണ്ട് ഊര്‍ജ്വസ്വലമായി ഇതില്‍ ഇടപെട്ടു? പൊതുവെ നാമവരെ ഒരു പൊതുരംഗത്തും കണ്ടിട്ടില്ല എന്നത് ശരി. അതെന്തു കൊണ്ടാകും? ഈ പുതുതലമുറ സമൂഹത്തെ അകമഴിഞ്ഞ് സ്‌നേഹിക്കുന്നു, അവരുടെ സ്‌നേഹവും ത്യാഗ സന്നദ്ധതയും വേണ്ട രീതിയില്‍ തിരിച്ചു വിടാന്‍ അവര്‍ക്കു മാതൃകകള്‍ ആകാന്‍ പഴയ തലമുറക്കാര്‍ക്കു കഴിഞ്ഞില്ല എന്നതല്ലേ സത്യം? ഈ കേരളത്തെ ഇത്ര മാത്രം ദുരന്തഭൂമിയാക്കിയ തലമുറയെ അവര്‍ മാതൃക ആക്കാതിരുന്നതോ തെറ്റ്? അല്ല. പരിസ്ഥിതി തുടങ്ങിയ പുതിയ കാലത്തെ വിഷയങ്ങളില്‍ കുട്ടികള്‍ക്ക് താത്പര്യമുണ്ടെന്ന് നേരിട്ടറിയാവുന്ന ഒരാളാണ് ഈ ലേഖകന്‍. എല്ലാ കലാലയങ്ങളിലും നല്ലൊരു വിഭാഗം കുട്ടികള്‍ ഇതൊക്കെ ശ്രദ്ധിക്കുന്നുണ്ട്. പക്ഷേ ആ വിഷയങ്ങളെ കേവലം കക്ഷിരാഷ്ട്രീയ തര്‍ക്കങ്ങളാക്കുക വഴി അരാഷ്ട്രീയവത്കരിക്കുന്നതിനാലല്ലേ ഇവര്‍ക്ക് അതില്‍ താത്പര്യമില്ലാതെ പോയത്? മറിച്ച് സമൂഹത്തെ ബാധിക്കുന്ന യഥാര്‍ഥ വിഷയങ്ങള്‍ വരുമ്പോള്‍ എല്ലാ അതിരുകളും ഭേദിച്ച് അതിലേക്കു എടുത്തു ചാടാന്‍ ഇവര്‍ മടിക്കുന്നുമില്ല. ഈ പുതിയ തലമുറക്ക് മേല്‍ക്കൈയുള്ള ഒരു കേരളം വേണമെന്ന പാഠമാണ് നമ്മള്‍ ആദ്യം പഠിക്കേണ്ടത്. അവരെ എങ്ങനെ ഇതിലേക്ക് കൊണ്ടുവരാം എന്നതാകണം നമ്മുടെ ചിന്ത. അത്തരം ചില പാഠങ്ങള്‍ മാത്രമാണിവിടെ പരിശോധിക്കുന്നത്.
രക്ഷാദൗത്യം എത്രമാത്രം ഏകോപനത്തോടെയാണ് നടന്നത് തുടങ്ങിയ വിഷയങ്ങള്‍ക്ക് ഒട്ടേറെ മാനങ്ങളുണ്ട്. ഇത്രയും വ്യാപകമായ ഒരു ദുരന്തത്തെ നാം ഇതുവരെ നേരിട്ടിട്ടില്ലല്ലോ. അതുകൊണ്ടുതന്നെ ദുരന്തനിവാരണ സംവിധാനം തന്നെ ഒരു ദുരന്തമായി മാറി. ദുരന്തം എത്രമാത്രം വ്യാപകമാണെന്ന് പോലും ഭരണകൂടം തിരിച്ചറിഞ്ഞത് എത്ര വൈകിയാണ്? നദികളിലൂടെ ജലം സംസ്ഥാനമാകെ ഒഴുകിപ്പരന്നതാണ് വെള്ളപ്പൊക്ക ദുരന്തമെന്ന് നമ്മള്‍ പറയുന്നത്. എന്നാല്‍ മനുഷ്യജീവന്റെ കണക്കു വെച്ചാണെങ്കില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുമാണ് വലിയ ദുരന്തമായത്. സര്‍ക്കാര്‍ തന്നെ പറയുന്ന കണക്കു വെച്ചുകൊണ്ടു മുന്നൂറിലേറെ ഇടങ്ങളില്‍ ഉരുള്‍ പൊട്ടി. മണ്ണിടിഞ്ഞത് രണ്ടായിരത്തിലധികം ഇടങ്ങളിലാണ്. ഈ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും പ്രളയദുരന്തത്തെ കൂടുതല്‍ ഭീതിതമാക്കുകയും ചെയ്തു. താഴേക്കു ഒഴുകിവന്ന മണ്ണും പാറകളും അണക്കെട്ടുകളുടെ വ്യാപ്തി കുറക്കുകയും പുഴക്കരകളെ കൂടുതല്‍ ഇടിച്ചു തകര്‍ക്കു കയും ചെയ്തു. യഥാര്‍ഥത്തില്‍ ഇത് കേവലം വെള്ളപ്പൊക്കമല്ല, മലവെള്ളം പോലെ അണക്കെട്ടുകളില്‍ നിന്നും ജലം കുത്തി ഒഴുകി നദികള്‍ വഴിമാറി ഒഴുകുകയായിരുന്നു. പലയിടത്തും വെള്ളം വളരെ ദിവസങ്ങളോളം ഒഴുകിയെന്നതും അത് കെട്ടിടങ്ങളുടെ ഒന്നാം നിലക്കുമേല്‍ ഉയര്‍ന്നു എന്നതും നാശങ്ങളുടെ തോത് കാര്യമായി ഉയര്‍ത്തി.

കേരളത്തെ ആകെ തകര്‍ത്ത പ്രളയത്തില്‍ മനുഷ്യജീവന്റെ രക്ഷക്കായി എത്തിയത് നമ്മുടെ പരമ്പരാഗത മത്സ്യത്തൊഴിലാളികളാണ് എന്ന സത്യം കേരളം മുഴുവന്‍ അംഗീകരിച്ചിരിക്കുന്നു. അവരുടെ ഇത്ര സമര്‍ഥമായ ഇടപെടല്‍ ഇല്ലായിരുന്നെങ്കില്‍ മരണസംഖ്യ നാലക്കത്തിലോ അഞ്ചക്കത്തിലോ എത്തുമായിരുന്നു എന്ന് തീര്‍ച്ച. മുഖ്യമന്ത്രി തന്നെ അവരെ “നമ്മുടെ സൈന്യം” എന്നാണു വിളിച്ച് അഭിനന്ദിച്ചത്. അവരുടെ നഷ്ടങ്ങള്‍ക്കു ചില പരിഹാരങ്ങള്‍ ചെയ്യാമെന്നും അദ്ദേഹം ഉറപ്പു നല്‍കുന്നു. അത്രയും നല്ലത്. നമ്മുടെ നിലവിലുള്ള ഔദ്യോഗിക സുരക്ഷാ ദുരന്തനിവാരണ സംവിധാനങ്ങള്‍ (അങ്ങിനെ ഒന്നുണ്ടെങ്കില്‍) അതെത്ര മാത്രം ദുര്‍ബലവും നിഷ്പ്രയോജനവുമാണെന്ന് നമ്മെ ഒരിക്കല്‍ കൂടി ബോധ്യപ്പെടുത്തി ഈ പ്രളയം.
എന്തായിരിക്കണം നമ്മുടെ ദുരന്തനിവാരണ സംവിധാനം എന്നതിനെക്കുറിച്ചുള്ള ചര്‍ച്ച തന്നെ ഇന്ന് അനിവാര്യമായിരിക്കുന്നു. കേവലം ദുരന്തം ഉണ്ടായാല്‍ എന്തെങ്കിലും ചെയ്യാനല്ല അങ്ങനെ ഒരു സംവിധാനം. ദുരന്തസാധ്യതകള്‍ കണ്ടറിഞ്ഞു അത് തടയാനോ അതിന്റെ ആഘാതം കുറക്കാനോ അതിനു കഴിയണം. നമുക്കിവിടെ അങ്ങനെയൊന്നും കഴിഞ്ഞതേയില്ല. കുത്തി ഒഴുകി വരുന്ന പുഴ എത്രമാത്രം വഴി മാറി ഒഴുകുമെന്നതിനെക്കുറിച്ചു യാതൊരു രൂപവും ആര്‍ക്കും ഉണ്ടായിരുന്നില്ല. അണക്കെട്ടുകള്‍ ശക്തമായ മഴയുള്ള സമയത്ത് തുറന്നുവിട്ടതാണ് പ്രശ്‌നമായത് എന്ന വാദം പ്രത്യക്ഷത്തില്‍ ശരിയാണ്. പക്ഷേ അണക്കെട്ട് തുറന്നു വെള്ളം പുഴയിലേക്ക് വിടുമ്പോള്‍ അത് എങ്ങനെ പോകും എന്നത് സംബന്ധിച്ചുള്ള കൃത്യമായ സൂചനകള്‍ നല്‍കാന്‍ കഴിയുന്ന വെള്ളപ്പൊക്ക ഭൂപടം ഇന്ന് ലോകത്ത് പല രാജ്യങ്ങളിലും ഉണ്ട്. അങ്ങനെ ഒന്ന് വേണമെന്ന് നിയമങ്ങള്‍ ഇവിടെയും നിര്‍ദേശിക്കുന്നു. അതെന്തുകൊണ്ട് ഇവിടെ ഉണ്ടായില്ല, അഥവാ ഉണ്ടാക്കിയില്ല എന്ന ചോദ്യം ഏറെ പ്രസക്തമാണ്. ഇതിനെ കേവലം ഭരണപ്രതിപക്ഷ തര്‍ക്കങ്ങള്‍ ആക്കുന്നതിനപ്പുറം അങ്ങനെ ഒന്ന് വേണമെന്ന് ഇതുവരെ നാട് ഭരിച്ചവര്‍ക്കൊന്നും തോന്നിയില്ല. കേരളത്തില്‍ മാത്രമല്ല ഒരു സംസ്ഥാനവും ഇതുണ്ടാക്കിയിട്ടില്ല. വേണ്ടത്ര മുന്നറിയിപ്പില്ലാതെ അണക്കെട്ടുകള്‍ തുറന്നുവിട്ടതിനെക്കുറിച്ചു പരാതി ഉന്നയിച്ചത് പ്രതിപക്ഷങ്ങള്‍ മാത്രമല്ല, ഭരണകക്ഷി എം എല്‍ എമാര്‍ കൂടിയായ രാജു അബ്രാഹാമും വയനാട്ടിലെ കെ കേളുവും കല്‍പ്പറ്റ എം എല്‍ എ സി കെ ശശീന്ദ്രനുമാണ്. ബാണാസുരസാഗറിന്റെ കാര്യത്തില്‍ വയനാട് ജില്ലാ കലക്ടറും എന്തിനു സംസ്ഥാന ചീഫ് സെക്രട്ടറി പോലും പരാതിക്കാരനായിരുന്നു. അതില്‍ കുറെ സത്യമുണ്ട് താനും. പക്ഷേ, ഒരു വെള്ളപ്പൊക്ക ഭൂപടം ഇല്ലാതെ എന്ത് മുന്നറിയിപ്പാണ് നല്‍കുക എന്ന പ്രശ്‌നം ഉണ്ടുതാനും. അതില്ലാത്തിടത്ത് നമ്മള്‍ നല്‍കുന്ന മുന്നറിയിപ്പ് വിശ്വസനീയമല്ല.

ഉദാഹരണത്തിന് ചെറുതോണിയില്‍ ഷട്ടര്‍ തുറന്നു ഇത്ര വെള്ളം വിടുന്നു, പെരിയാറിന്റെ തീരത്ത് ഒരു കിലോമീറ്റര്‍ വരെയുള്ളവര്‍ക്ക് റെഡ് അലര്‍ട്ട് എന്ന് പറഞ്ഞാല്‍ എന്ത് പ്രയോജനം? അവരെ മാറ്റിപ്പാര്‍പ്പിക്കാമെന്നു തന്നെ കരുതുക. തങ്ങളുടെ വീട്ടില്‍ എത്ര വരെ വെള്ളം എത്തും, അതെത്ര നേരം നില്‍ക്കും എന്നറിയാത്തതിനാല്‍ ആണ് പലരും വീട് വിട്ടുപോകാന്‍ തയ്യാറാകാതിരുന്നത്. ഈ മുന്നറിയിപ്പില്‍ പറയുന്ന രീതിയിലാണോ വെള്ളം കയറിയത്? ഒരു കിലോമീറ്റര്‍ എന്ന് പറഞ്ഞിടത്ത് ആറും ഏഴും കിലോമീറ്റര്‍ വരെ വെള്ളം ചെന്നു. ചെങ്ങന്നൂര്‍ പട്ടണത്തിലും ആലുവയിലും ചാലക്കുടിയിലും കുഴൂരും പറവൂരും പന്തളത്തും റാന്നിയിലും ഇങ്ങനെ വെള്ളം കയറുമെന്ന് മുന്നറിയിപ്പുണ്ടായിരുന്നോ? സര്‍ക്കാര്‍ മാറ്റിപ്പാര്‍പ്പിച്ച ക്യാമ്പുകള്‍ തന്നെ മുങ്ങിപ്പോയില്ലേ? വെള്ളപ്പൊക്ക ഭൂപടം ഉണ്ടെങ്കില്‍ നാം നില്‍ക്കുന്ന സ്ഥലങ്ങളുടെ സമുദ്രനിരപ്പില്‍ നിന്നുള്ള ഉയരം കൂടി ഉണ്ട്. അങ്ങനെ വരുമ്പോള്‍ വെള്ളമൊഴുകുന്നതിന്റെ തോത് വെച്ച് കൊണ്ടു അവിടെ എത്ര ജലനിരപ്പ് ഉയരും എന്ന് ആ ഭൂപടം നോക്കിയാല്‍ പറയാന്‍ കഴിയും. ഇതിന്റെ നിര്‍മാണം അത്ര വിഷമം പിടിച്ചതൊന്നുമല്ല. യുവതലമുറക്ക് വളരെ എളുപ്പം ചെയ്യാം.

പക്ഷേ, അതുണ്ടാക്കാന്‍ ഇവര്‍ ആരും തയ്യാറാകില്ല. കാരണം വ്യക്തമാണ്. ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ പരിസ്ഥിതി ദുര്‍ബല മേഖലകള്‍ രേഖപ്പെടുത്തണം എന്ന നിര്‍ദേശമാണ് സ്ഥാപിത താത്പര്യക്കാര്‍ അതിനെതിരെ തിരിയാന്‍ കാരണമായത്. നിയമസഭ പാസാക്കിയ നെല്‍വയല്‍ സംരക്ഷണ നിയമത്തിന്റെ ഡാറ്റാ ബേങ്ക് പത്ത് വര്‍ഷമായിട്ടും തയ്യാറാക്കാന്‍ നമുക്ക് കഴിഞ്ഞില്ല. തീരദേശ സംരക്ഷണ നിയമമനുസരിച്ചുള്ള മേഖലാ വിഭജനവും നമ്മള്‍ തടസ്സപ്പെടുത്തുന്നു, ലംഘിക്കുന്നു. അതായത് ഭൂമിയെ അതിന്റെ പാരിസ്ഥിതിക വ്യത്യാസം അനുസരിച്ച് വേര്‍തിരിക്കുന്നതില്‍ നമുക്ക് താത്പര്യമില്ല. അങ്ങനെ ചെയ്താല്‍ നിര്‍മാണ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം വരും. അതുകൊണ്ടു തന്നെ വെള്ളപ്പൊക്ക മാപ്പ് നിര്‍മിക്കുന്നതിന്റെ അപകടം സ്ഥാപിത താത്പര്യക്കാര്‍ക്കറിയാം. അത് ചെയ്യാന്‍ നമ്മുടെ സര്‍ക്കാര്‍ തയ്യാറാകില്ല. ഈ ദുരന്തം കൊണ്ടെങ്കിലും അങ്ങനെ ഒന്നിന് തയാറാകണം എന്ന് പ്രേരിപ്പിക്കാന്‍ നമുക്ക് കഴിയണം.
ഇതുപോലെ തന്നെ വലിയതോതില്‍ വെള്ളം വരുമ്പോള്‍ അതിനു ഒഴുകിപ്പരക്കാന്‍ ഇടം വേണം. മഴ കൂടി വെള്ളപ്പൊക്കം ഉണ്ടാകുമ്പോള്‍ ആ വെള്ളം ഒഴുകിപ്പോകുന്ന ഇടങ്ങളെ വെള്ളപ്പൊക്കത്ത ടം (ഫഌ്‌പ്ലെയിന്‍) എന്നാണ് പറയുന്നത്. ഒന്നാം ഘട്ടം വെള്ളപ്പൊക്കത്തില്‍ പെരിയാറിലേക്ക് ഇടമലയാര്‍ അണക്കെട്ട് തുറന്നു ജലമൊഴുക്കിയപ്പോള്‍ വലിയ കുഴപ്പങ്ങള്‍ ഉണ്ടായില്ല. ആ സമയത്ത്, ജൂലൈ 31നു ഈ ലേഖകന്‍ എഴുതിയ ഒരു പോസ്റ്റിലെ പ്രസക്ത ഭാഗങ്ങള്‍ താഴെ ഇടുന്നു. ഈ വര്‍ഷത്തെ ദുരന്തം കഴിഞ്ഞു എന്ന് കരുതി ഇട്ടതാണിത്. “”പുഴ ഒഴുകിയിരുന്ന വഴികളില്‍ ഒട്ടനവധി തടസ്സങ്ങള്‍ നാം തന്നെ നിര്‍മിച്ചിട്ടുണ്ട്. അങ്ങനെ വരുമ്പോള്‍ ഏറ്റവും എളുപ്പമായ വഴിയിലൂടെ അതൊഴുകും എന്നാണു അനുഭവങ്ങള്‍ കാണിക്കുന്നത്. (മുംബൈയിലെ മൈതി നദി ഉദാഹരണം) അങ്ങനെ വഴിവിട്ടു ഒഴുകിയാല്‍ അതിനെ അതിജീവിക്കാന്‍ എന്ത് സംവിധാനമാണ് വേണ്ടത്? പുഴ അങ്ങനെ മാറി ഒഴുകാതിരിക്കുന്നതിനു പാടങ്ങളും കുളങ്ങളും തണ്ണീര്‍ത്തടങ്ങളും തടകളായി ഉണ്ടായിരുന്നു. ഇന്നവയെല്ലാം മൂടിപ്പോയി. ഈ തണ്ണീര്‍ത്തടങ്ങളും പാടങ്ങളും ഇനിയൊരിക്കലും തിരിച്ചുപിടിക്കാന്‍ കഴിയാത്തവിധം നശിച്ചു പോയി. അങ്ങനെ വരുമ്പോള്‍ മറ്റിടങ്ങളില്‍ ജലനിരപ്പ് അപ്രതീക്ഷിതമായി ഉയരാം. ഈ ദുരന്തം തടയാന്‍ എന്ത് മാര്‍ഗമുണ്ട്? …. വേമ്പനാട്ടു കായലിന്റെ നല്ലൊരു ഭാഗം ഇതിനകം കൈയേറിയിട്ടുണ്ട്. അവിടെയെല്ലാം കരിങ്കല്ലും മണ്ണും കൊണ്ട് നിറച്ചിട്ടുണ്ട്. ഇതുമൂലം കായലിന്റെ ശേഷി വളരെ കുറഞ്ഞിട്ടുണ്ട്. ഒഴുകിയെത്തുന്ന അധികജലം താങ്ങാന്‍ കായലിനു ശേഷി ഇല്ലാതായാല്‍ പ്രതിസന്ധി അതിരൂക്ഷമാകും””
പക്ഷേ, എന്റെ പ്രതീക്ഷകളെ തെറ്റിച്ചു കൊണ്ടു ആഗസ്റ്റില്‍ തന്നെ ആ അവസ്ഥ വന്നു. മുന്‍കാലങ്ങളില്‍ നെല്‍പ്പാടങ്ങളും കുളങ്ങളും ഒക്കെ ഉണ്ടായിരുന്നു. ഇന്ന് ആ സ്ഥലങ്ങളില്‍ കെട്ടിടങ്ങളായി, വിമാനത്താവളങ്ങളും മറ്റുമായി ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത് തന്നെ നെല്‍വയല്‍ സ്ഥിതിവിവരക്കണക്കുകള്‍ നിയമപരമായി ഉറപ്പാക്കുന്ന ഡാറ്റാ ബേങ്ക് ആറുമാസത്തിനകം തയ്യാറാക്കും എന്നാ പ്രഖ്യാപനത്തിലൂടെയാണ്. പക്ഷേ, രണ്ട് വര്‍ഷം പിന്നിടുമ്പോഴും അങ്ങനെ ഒന്നിനെ പറ്റി സംസാരിക്കുന്നതേയില്ല. നെല്‍വയല്‍ തണ്ണീര്‍ത്തട നിയമം ദുര്‍ബലപ്പെടുത്തുന്ന നിയമം പാസ്സാക്കിയിട്ടു കേവലം ആഴ്ചകള്‍ പോലുമായിട്ടില്ലെന്നും ഓര്‍ക്കാം. നെടുമ്പാശ്ശേരി വിമാനത്താവളം പണിയുന്ന കാലത്ത് തന്നെ ആ നെല്‍പ്പാടങ്ങളും ചെങ്കല്‍ തോടും പെരിയാറിന്റെ “ഫഌഡ്‌പ്ലെയിന്‍” ആണെന്ന് വാദിച്ച ഒരാളാണ് ഞാന്‍. അന്നതിനെ അവഗണിച്ചവര്‍, അത് പറയുന്നവരെ വികസനവിരുദ്ധര്‍ എന്ന് പറഞ്ഞവര്‍ ഇപ്പോള്‍ മൂന്നാഴ്ചയിലധികം കാലം വെള്ളം കയറി വിമാനത്താവളം അടച്ചിടേണ്ടിവരുമ്പോള്‍ എന്ത് പറയുമോ എന്തോ? കേവലം സോളാര്‍ വൈദ്യുതി ഉണ്ടാക്കുന്നു എന്നതിനാല്‍ ഒരു വിമാനത്താവളം പരിസ്ഥിതി സൗഹൃദമാകുന്നില്ല.
അണക്കെട്ടുകളും വെള്ളപ്പൊക്കവും തമ്മിലുള്ള ബന്ധം ഏറെ സങ്കീര്‍ണമാണ്. വളരെ ഗൗരവതരമായ പഠനങ്ങള്‍ ഈ വിഷയത്തില്‍ ലോകമെങ്ങും നടക്കുന്നുണ്ട്. അതും നാം ശ്രദ്ധിക്കണം. ഇതുപോലെ തന്നെയാണ് പാറഖനനം മൂലമുള്ള നാശങ്ങള്‍. ഒപ്പം വനനശീകരണവും ചേര്‍ന്നാല്‍ ഉരുള്‍ പൊട്ടലിന്റെ കാരണങ്ങളായി. നമുക്ക് അതിജീവിക്കാന്‍ കഴിയുന്ന ഒരു പുതിയ കേരളം വേണമെങ്കില്‍ തീര്‍ച്ചയായും ഇതിനൊക്കെ പരിഹാരം കാണണം. നാം പുതിയ ചിന്തകള്‍ ഉള്‍ക്കൊണ്ടു മാത്രമേ ഇത് സാധ്യമാകു. ഇനി വികസനം എന്ന വാക്കിനേക്കാള്‍ അതിജീവനം എന്ന വാക്കാകും പ്രയോഗിക്കേണ്ടി വരിക. അതിന്റെ പാഠങ്ങള്‍ നാം പഠിക്കുമോ ഈ ദുരന്തത്തില്‍ നിന്നും? സുഖം, സൗകര്യം, സന്തോഷം സൗന്ദര്യം, സ്വാദ് തുടങ്ങിയവ സംബന്ധിച്ച സങ്കല്‍പങ്ങളില്‍ വ്യത്യാസം വരണം. അതിനു ഇന്നുള്ള രാഷ്ട്രീയത്തില്‍ തന്നെ ഏറെ മാറ്റം വരണം. പരമ്പരാഗത കക്ഷി രാഷ്ട്രീയത്തിന്റെ നുകങ്ങളില്‍ നിന്നു വിട്ടു ചിന്തിക്കാനും പ്രവര്‍ത്തിക്കാനും നാം തയ്യാറാകണം. കിട്ടുന്ന ഏതവസരവും എതിരാളികളെ അടിച്ചിരുത്താനുള്ളതാണ് എന്ന രീതിയില്‍ മാറ്റം വരണം. എല്ലാ എതിര്‍ ശബ്ദങ്ങളെയും സഹിഷ്ണുതയോടെ കേള്‍ക്കാന്‍ തയ്യാറാകണം. ഈ ദുരന്തം ഉണ്ടായപ്പോള്‍ നമ്മള്‍ എല്ലാ വ്യത്യാസങ്ങളും മറന്നു ഒന്നിച്ചുനിന്നു. ഒരേ ലക്ഷ്യത്തോടെ നമ്മള്‍ പ്രവര്‍ത്തിച്ചപ്പോഴാണ് യുവത അതിനൊപ്പം നിന്നത്. ലോകം നമ്മെ അത്ഭുതത്തോടെ കണ്ടത്. അത്തരം ഒരു ലക്ഷ്യബോധത്തോടെ പുതിയ കേരളത്തെ പറ്റി ചിന്തിക്കാന്‍ നമുക്ക് കഴിയണം. അങ്ങനെ എല്ലാ അര്‍ഥത്തിലും ഒരു പുതിയ കേരളം ഉണ്ടാക്കാന്‍ ഭരണപ്രതിപക്ഷ ഭേദമില്ലാതെ കഴിയും വിധത്തിലുള്ള ചര്‍ച്ചകള്‍ ഉയര്‍ന്നുവരട്ടെ.

Latest