വിയോജിപ്പുകളെ അടിച്ചമര്‍ത്തരുത്

Posted on: September 4, 2018 10:51 am | Last updated: September 4, 2018 at 10:51 am

നിലവിലെ ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യത്തില്‍ ഏറെ ശ്രദ്ധേയവും പ്രസക്തവുമാണ് വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച നിയമകാര്യ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ഭരണകൂട വിരുദ്ധ വിമര്‍ശങ്ങളെ സംബന്ധിച്ച നിരീക്ഷണങ്ങള്‍. ഭരണകൂടത്തെയോ രാജ്യത്തിന്റെ ഏതെങ്കിലും ദര്‍ശനങ്ങളെയോ രാജ്യത്തെ തന്നെയോ വിമര്‍ശിക്കുന്നത് രാജ്യദ്രോഹ കുറ്റമായി കാണാനാകില്ലെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ക്രിയാത്മക വിമര്‍ശനങ്ങളും ചര്‍ച്ചകളും രാജ്യത്ത് നടക്കേണ്ടതുണ്ട്. സര്‍ക്കാര്‍ നയങ്ങളിലെ പഴുതുകളും പാളിച്ചകളും ചൂണ്ടിക്കാട്ടേണ്ടതാണ്. അതിനുള്ള സ്വാതന്ത്ര്യം അനുവദിക്കുന്നില്ലെങ്കില്‍ സ്വാതന്ത്ര്യത്തിനു മുമ്പും ശേഷവുമുള്ള കാലഘട്ടങ്ങള്‍ തമ്മില്‍ എന്തു വ്യത്യാസം? വിമര്‍ശനത്തിന്റെയും അഭിപ്രായ പ്രകടനത്തിന്റെയും ഭാഷക്ക് മൂര്‍ച്ച കൂടിയെന്നാലും രാജ്യദ്രോഹമായി കാണാനാകില്ല. സായുധ നീക്കത്തിലൂടെ സര്‍ക്കാറിനെ അട്ടിമറിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള പ്രവൃത്തിയോ പരാമര്‍ശമോ നടത്തിയെങ്കിലേ രാജ്യദ്രോഹിയായി വിലയിരുത്താനാകൂ. രാജ്യദ്രോഹവുമായി ബന്ധപ്പെട്ട ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പ് 124 എ പുനപ്പരിശോധിക്കണമെന്നും നിയമ കമ്മീഷന്‍ നിര്‍ദേശിക്കുന്നു.
സര്‍ക്കാറിനെ വിമര്‍ശിക്കുന്നവരെ ദേശദ്രോഹികളും തീവ്രവാദ ബന്ധമുള്ളവരുമായി ചിത്രീകരിക്കുകയും വേട്ടയാടുകയും ചെയ്യുന്ന സ്ഥിതിവിശേഷമാണ് ഏറ്റവും മഹത്തായ ജനാധിപത്യ രാജ്യമെന്നറിയപ്പെട്ട ഇന്ത്യയില്‍ നിലവിലുള്ളത്. ജനകീയ സമരങ്ങളെ പിന്തുണക്കുകയും ഭരണകൂട ഭീകരത തുറന്നു കാട്ടുകയും ചെയ്ത മനുഷ്യാവകാശ പ്രവര്‍ത്തകരെ മഹാരാഷ്ട്ര പോലീസ് വേട്ടയാടിയത് ഈയടുത്ത ദിവസമാണ്. സ്വതന്ത്രമായ അഭിപ്രായ പ്രകടനങ്ങളെ അവര്‍ ഭയപ്പെടുന്നു. തങ്ങള്‍ക്ക് അഹിതമായവരെ ഉന്മൂലനം ചെയ്യാനുള്ള ആയുധങ്ങളാണ് ഫാസിസ്റ്റ് ഭരണകൂടത്തിന് നിമയങ്ങളും നിയമ പാലകരും. സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭങ്ങളെ കലാപത്തിലേക്കോ സംഘര്‍ഷത്തിലേക്കോ പ്രവേശിക്കാത്തിടത്തോളം ബലപ്രയോഗത്തിലൂടെ നീക്കം ചെയ്യാന്‍ ഭരണകൂടത്തിനോ പോലീസിനോ അധികാരമില്ല. എന്നാല്‍, സമാധാനപരമായ ജനകീയ സമരങ്ങളെ പോലും അടിച്ചമര്‍ത്തുന്നത് രാജ്യത്ത് പതിവാണ്. അധികാര വര്‍ഗത്തിനെതിരെ ഒരു വാക്കുപോലും ഉച്ചരിക്കാന്‍ പാടില്ലാത്തവിധം കടുത്ത ജനാധിപത്യ ധ്വംസനമാണിവിടെ നടക്കുന്നത്.

സര്‍ക്കാറിനെ വിമര്‍ശിക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കും സ്ഥാപനങ്ങള്‍ക്കും രക്ഷയില്ല. ഭരണകൂടം അവരെ സമ്മര്‍ദത്തിലാക്കി നിശ്ശബ്ദരാക്കുകയോ പീഡിപ്പിക്കുകയോ ചെയ്യുന്നു. അമേരിക്കന്‍ സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഈ വര്‍ഷാദ്യം പുറത്തിറക്കിയ വാര്‍ഷിക മനുഷ്യാവകാശ റിപ്പോര്‍ട്ടില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടുന്നുണ്ട്. എന്‍ ഡി ടി വി മേധാവി പ്രണയ് റോയിയുടെ വീട്ടില്‍ നടത്തിയ സി ബി ഐ റെയ്ഡും ഗൗരി ലങ്കേഷ് കൊലചെയ്യപ്പെട്ട സംഭവവും ഇന്ത്യന്‍ മാധ്യമങ്ങള്‍ നേരിടുന്ന പ്രതിസന്ധിയിലേക്കും ഭരണകൂട വേട്ടയിലേക്കും വിരല്‍ ചൂണ്ടുന്നുണ്ട്. 2016 ജനുവരി മുതല്‍ 2017 ഏപ്രില്‍ വരെയുള്ള കാലഘട്ടത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ രാജ്യത്ത് 54 അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി ഹൂസ്റ്റ് ഇന്ത്യ ഫ്രീഡം റിപ്പോര്‍ട്ടിലും പറയുന്നു. ബി ജെ പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നത് മുതല്‍ പല തരത്തില്‍ മാധ്യമങ്ങളെ കൂച്ചുവിലങ്ങിടാന്‍ ശ്രമിച്ചതിന്റെയും ശ്രമിച്ചുകൊണ്ടിരിക്കുന്നതിന്റെയും വാര്‍ത്തകള്‍ നിരന്തരം പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.
രാഷ്ട്രീയ എതിരാളികളുടെയോ പ്രത്യയശാസ്ത്ര വിരുദ്ധരുടെയോ മാത്രമല്ല സ്വന്തം പാര്‍ട്ടിയിലുള്ളവരുടെ പോലും അഭിപ്രായത്തെ അടിച്ചമര്‍ത്തുന്നു ഭരണകൂടം. എം പിമാരുടെ യോഗം ചേരുമ്പോള്‍ തന്നോട് ആരും ചോദ്യം ചോദിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇഷ്ടപ്പെടില്ലെന്നും ചോദ്യങ്ങള്‍ അനുവദിക്കാറില്ലെന്നും 2017 ആഗസ്റ്റില്‍ നാഗ്പൂരിലെ ഒരു ചടങ്ങില്‍വെച്ചു പരാതിപ്പെട്ടത് ബി ജെ പി എം പി നാനാ പട്ടോളെയാണ്. ഒരിക്കല്‍ എം പിമാരുടെ യോഗത്തില്‍ കര്‍ഷക ആത്മഹത്യയുമായും ഒ ബി സി മന്ത്രാലയവുമായും ബന്ധപ്പെട്ട വിഷയങ്ങള്‍ ഉന്നയിക്കാന്‍ ശ്രമിച്ചപ്പോള്‍ പ്രധാനമന്ത്രി തന്നോട് ദേഷ്യപ്പെട്ടുവെന്നും പട്ടോളെ വെളിപ്പെടുത്തി. കേന്ദ്രമന്ത്രിമാരെല്ലാം മോദിയുടെ അനിഷ്ടം എപ്പോഴാണ് ഉണ്ടാകുകയെന്ന ഭയപ്പാടിലാണെന്നും അദ്ദേഹം പറയുന്നു.

ഏത് കാര്യത്തോടും യോജിക്കാനും വിയോജിക്കാനുമുള്ള സ്വാതന്ത്ര്യമാണ് ജനാധിപത്യത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. വിയോജിപ്പുകളെ സഹിഷ്ണുതയോടെ അഭിമുഖീകരിക്കുകയും അവയോട് ആരോഗ്യകരമായി സംവദിക്കുകയും വേണം. വ്യത്യസ്ത അഭിപ്രായങ്ങള്‍ ഏറ്റുമുട്ടുമ്പോഴാണ് ആശയങ്ങളില്‍ വ്യക്തത കൈവരുന്നത്. ഭരണം മെച്ചപ്പെടുത്താന്‍ പ്രത്യേകിച്ചും ജനാധിപത്യ സംവിധാനത്തില്‍ പ്രതികൂല വീക്ഷണങ്ങള്‍ ആവശ്യമാണ്. ഭരിക്കുന്നവരുടെ നയങ്ങള്‍ക്ക് നിരക്കാത്ത ചിന്താധാരകള്‍ പ്രകടിപ്പിച്ചതിന്റെ പേരില്‍ മാത്രം ആര്‍ക്കെതിരെയും നിയമനടപടികള്‍ സ്വീകരിക്കുകയോ രാജ്യദ്രോഹക്കുറ്റം ചുമത്തുകയോ അരുത്. ഇതാണ് നിയമ കമ്മീഷന്‍ ചൂണ്ടിക്കാട്ടുന്നത്. വിയോജിപ്പുകളെ സ്വാഗതം ചെയ്യുന്നവരായിരുന്നു ജവഹര്‍ലാല്‍ നെഹ്‌റു തുടങ്ങി രാജ്യത്തെ മുന്‍കാല ഭരണാധികാരികള്‍. ക്രിയാത്മകമായ വിമര്‍ശനം ജനാധിപത്യത്തിന് അനിവാര്യമാണെന്നും അത്തരം വിമര്‍ശനങ്ങളെ സ്വാഗതംചെയ്യുന്നുവെന്നും കേന്ദ്ര സര്‍ക്കാറിന്റെ മൂന്നാം വാര്‍ഷിക വേളയില്‍ പ്രതിമാസ റേഡിയോ പ്രഭാഷണ പരമ്പരയായ മന്‍ കി ബാത്തില്‍ സംസാരിക്കവെ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ പറഞ്ഞിരുന്നതാണ്.