സംസ്ഥാനത്ത് പുതിയ ക്വാറികള്‍ക്ക് അനുമതി നല്‍കുന്നത് നിര്‍ത്തിവെച്ചു

Posted on: September 3, 2018 3:22 pm | Last updated: September 3, 2018 at 8:24 pm
SHARE

ന്യൂഡല്‍ഹി: കേരളത്തില്‍ പുതിയ ക്വാറികള്‍ക്കും ഖനനത്തിനും അനുമതി നല്‍കുന്നത് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം നിര്‍ത്തിവെച്ചു. സംസ്ഥാനത്തുണ്ടായ പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ പുതിയ ക്വാറികള്‍ക്കും ഖനനത്തിനും പരിസ്ഥതി അനുമതി തേടിയുള്ള അപേക്ഷകള്‍ ഇപ്പോള്‍ പരിഗണിക്കേണ്ടതില്ലെന്നാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയ വിദഗ്ധ സമിതിയുടെ തീരുമാനം. പാരിസ്ഥിതിക ദുര്‍ബല മേഖലകളിലടക്കം നടന്ന ഖനനങ്ങള്‍ ഉള്‍പ്പടെയുള്ളവയും പ്രളയത്തെ തുടര്‍ന്നുണ്ടായ ദുരന്തങ്ങള്‍ക്ക് കാരണമായെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് നടപടി.

25 ഹെക്ടറില്‍ താഴെയുള്ള ആറ് ക്വാറികള്‍ക്ക് പരിസ്ഥിതി അനുമതി തേടി നടത്തിപ്പുകാര്‍ മന്ത്രാലയത്തെ സമീപിച്ചിരുന്നു. എന്നാല്‍, കേരളത്തിലെ പ്രളയത്തിന് ഖനനവും കാരണമായെന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടിയ അവലോകന സമിതി അപേക്ഷകള്‍ മാറ്റിവെക്കാന്‍ തീരുമാനിക്കുകയയായിരുന്നു. സംസ്ഥാന പരിസ്ഥിതി പ്രത്യാഘാത അതോറിറ്റി പുനഃസംഘടിപ്പിക്കാത്തതിനാല്‍ കേരളത്തില്‍ നിന്ന് നിരവധി അപേക്ഷകളാണ് ലഭിക്കുന്നതെന്നും സംസ്ഥാനത്തെ ഖനനത്തിന്റെ വ്യാപ്തി അറിയില്ലെന്നും സമിതി വിലയിരുത്തി.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ ദുരന്തങ്ങള്‍ക്ക് പാരിസ്ഥിതിക ലോല പ്രദേശങ്ങളില്‍ നടത്തിയ ഖനനം ഉള്‍പ്പടെയുള്ളവ കാരണമായിട്ടുണ്ടെന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രാലയത്തിന്റെ നടപടി.

LEAVE A REPLY

Please enter your comment!
Please enter your name here