സ്‌ട്രൈറ്റനിങ് ചെയ്തതിനെത്തുടര്‍ന്ന് മുടി കൊഴിഞ്ഞു; ബിബിഎ വിദ്യാര്‍ഥിനി പുഴയില്‍ ചാടി മരിച്ചു

Posted on: September 3, 2018 12:43 pm | Last updated: September 3, 2018 at 1:52 pm
SHARE

മൈസുരു: സ്‌ട്രൈറ്റനിങ് ചെയ്തതിനെത്തുടര്‍ന്ന് മുടി കൊഴിഞ്ഞതില്‍ മനംനൊന്ത ബിബിഎ വിദ്യാര്‍ഥിന് പുഴയില്‍ ചാടി മരിച്ചു. വിദ്യാര്‍ഥിനിയുടെ മാതാപിതാക്കളുടെ പരാതിയില്‍ പ്രദേശത്തെ ബ്യൂട്ടിപാര്‍ലറിനെതിരെ പോലീസ് കേസെടുത്തു. മൈസുരു സ്വദേശികളായ പെംമേഹ്-ഷയ്‌ല ദമ്പതികളുടെ ഏക മകളായ നേഹ ഗംഗാമയാണ് ആത്മഹത്യ ചെയ്തത്.

അടുത്തിടെയാണ് മൈസുരുവിലെ ഒരു ബ്യൂട്ടിപാര്‍ലറില്‍വെച്ച് നേഹ മുടി സ്‌ട്രൈറ്റനിങ് നടത്തിയത്. ഇതിന് ശേഷം വലിയ തോതില്‍ മുടി കൊഴിയുവാന്‍ തുടങ്ങി. മുടി പൂര്‍ണമായി കൊഴിഞ്ഞ് തനിക്ക് കഷണ്ടിയാകുമോയെന്ന് നേഹ ഭയപ്പെട്ടിരുന്നു. തന്റെ മുടി തിരിച്ചുവരുംവരെ കോളജില്‍ പോകില്ലെന്ന് നേഹ പറഞ്ഞതായി മാതാവ് പറഞ്ഞു. ബ്യൂട്ടിപാര്‍ലറില്‍ പോയതിന് ശേഷം ചര്‍മത്തില്‍ അലര്‍ജിയും കണ്ട് തുടങ്ങിയിരുന്നു. ഇത് സംബന്ധിച്ച് സഹപാഠികളുടെ ചോദ്യങ്ങളും നേഹയെ അസ്വസ്ഥയാക്കിയിരുന്നു. കഴിഞ്ഞമാസം 28 മുതല്‍ പേയിംഗ് ഗസ്റ്റായി കഴിഞ്ഞ വീട്ടില്‍നിന്നും നേഹയെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് ഈ മാസം ഒന്നിന് ബലേലിയില്‍ ലക്ഷ്മണ തീര്‍ത്ത നദിയുടെ തീരത്ത് മൃതദേഹം കണ്ടെത്തുകയായിരുന്നു. കൈയിലണിഞ്ഞ മോതിരത്തില്‍നിന്നാണ് നേഹയെ മാതാപിതാക്കള്‍ തിരിച്ചറിഞ്ഞത്. കാണാതായ 28ന് തന്നെ നേഹ പുഴയില്‍ ചാടിയെന്നാണ് കരുതുന്നത്.

മുടി സ്‌ട്രൈറ്റന്‍ ചെയ്യാന്‍ ബ്യൂട്ടിപാര്‍ലറുകള്‍ ഉപയോഗിച്ച രാസവസ്തുക്കളാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് മാതാപിതാക്കള്‍ ആരോപിച്ചു. കൂടുതല്‍ അന്വേഷണത്തിനായി പോലീസ് നേഹയുടെ മുടിയുള്‍പ്പെടെയുള്ള ശേഖരിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here