പകര്‍ച്ചവ്യാധികള്‍ക്കെതിരെ കേരള സര്‍ക്കാറിനെ സഹായിക്കും: ഡോ. കെ പി ഹുസൈന്‍

Posted on: September 3, 2018 10:41 am | Last updated: September 3, 2018 at 10:41 am
SHARE

ദുബൈ: കേരളത്തില്‍ പ്രളയാനന്തരം ഉണ്ടാകാനിടയുള്ള പകര്‍ച്ചവ്യാധികള്‍ പ്രതിരോധിക്കുന്നതിനും ആളുകള്‍ക്ക് മതിയായ ചികിത്സ ഒരുക്കുന്നതിനും കേരള സര്‍ക്കാറുമായി കൈകോര്‍ക്കുമെന്ന് ഫാത്തിമ ഹെല്‍ത് കെയര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. കെ പി ഹുസൈന്‍ ദുബൈയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കേരളത്തിലെ പ്രളയമേഖലകള്‍ ഹെലിക്കോപ്റ്ററിലും റോഡ് വഴിയും നേരിട്ടു സന്ദര്‍ശിക്കാന്‍ അവസരം ലഭിച്ചു. ഊഹിക്കാന്‍ പറ്റുന്നതിനപ്പുറമാണ് നഷ്ടങ്ങള്‍. നാട്ടില്‍ വെച്ച് കഴിയാവുന്നത്ര സഹായിച്ചു. തിരിച്ചു ദുബൈയിലെത്തിയപ്പോള്‍ ഇനിയും എന്തെങ്കിലും പ്രവര്‍ത്തിച്ചേ പറ്റൂ എന്നായിട്ടുണ്ട്. ഒരു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊടുത്തിരുന്നു. ഇനിയും പലതും ചെയ്യാനുണ്ട്. ഫാത്തിമാ ഹെല്‍ത് കെയറിന്റെ ഭാഗമായി ‘ഹെല്‍പിംഗ് ഹാന്റി’ന് 31 ലക്ഷം, ജന്മനാടായ തിരൂരിനടുത്തുള്ള പുറത്തൂര്‍, വെട്ടം, മംഗലം പഞ്ചായത്തുകള്‍ക്ക് 10 ലക്ഷം വീതം, ‘നന്‍മ’ സാമൂഹിക കൂട്ടായ്മക്ക് 10 ലക്ഷം, വയനാട്ടില്‍ വീടുകള്‍ നന്നാക്കാന്‍ അഞ്ച് ലക്ഷം, 11 പേര്‍ മരിച്ച കുടുംബങ്ങള്‍ക്ക് 16 ലക്ഷം എന്നിങ്ങനെ സഹായധനം കൊടുത്തു. രണ്ടു കോടി രൂപയുടെ മരുന്നുകള്‍ നല്‍കി. പീപ്ള്‍സ് ഫൗണ്ടേഷന് 25 ലക്ഷം രൂപ എസ്റ്റിമേറ്റ് കണക്കാക്കി അഞ്ച് വീടുകള്‍ നിര്‍മിക്കാന്‍ ധനം നല്‍കും. എറണാകുളത്ത് പുറമ്പോക്കില്‍ താമസിക്കുന്ന വീട്ടമ്മക്ക് സെപ്തംബര്‍ ആറിന് രണ്ടു ലക്ഷം രൂപ കൊടുക്കും. മൊത്തം, അഞ്ചു കോടി രൂപയുടെ ദുരിതാശ്വാസ, പുനഃനിര്‍മാണ സഹായമാണ് നല്‍കുക.

സംസ്ഥാനം നേരിട്ട പ്രളയക്കെടുതിയിലേക്ക് പ്രഖ്യാപിച്ച അഞ്ച് കോടി രൂപയുടെ ചെക്ക് കൈമാറുന്നതിനും ദുരിതാശ്വാസത്തിനു വേണ്ടുന്ന മറ്റു അടിയന്തിര പ്രവര്‍ത്തികള്‍ നിര്‍വഹിക്കുന്നതിനുമായിരുന്നു കഴിഞ്ഞയാഴ്ച തിരുവനന്തപുരത്തെത്തിയത്. മുഖ്യമന്ത്രിയെ കണ്ടിറങ്ങയതിനു ശേഷം ആരോഗ്യ മന്ത്രിയെയും ആരോഗ്യവകുപ്പ് സെക്രട്ടറിയേയും കാണുകയും ചര്‍ച്ചയില്‍ പകര്‍ച്ചവ്യാധികള്‍ വ്യാപിക്കുന്നത് തടയുന്നതിന്റെ ആവിശ്യകതെയെക്കുറിച്ചു വേണ്ട നിര്‍ദേശങ്ങള്‍ പങ്കുവെക്കുകയും ചെയ്തതായി ഡോ. ഹുസൈന്‍ പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here