പുനര്‍നിര്‍മാണത്തിന് കെയര്‍ കേരള

Posted on: September 3, 2018 10:27 am | Last updated: September 3, 2018 at 10:27 am

പ്രളയക്കെടുതിമൂലമുള്ള കഷ്ടനഷ്ടങ്ങള്‍ നേരിടുന്നതിനും കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനുമായി സഹകരണവകുപ്പിന്റെ നേതൃത്വത്തില്‍ ‘കെയര്‍ കേരള’ എന്ന പേരില്‍ പദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കുകയാണ്. ഈ പദ്ധതിയുടെ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാനത്തെ വിവിധ സഹകരണ സംഘങ്ങളുടെ പ്രസിഡന്റുമാരുടെയും സെക്രട്ടറിമാരുടെയും സഹകരണ വകുപ്പ് ജീവനക്കാരുടെയും യോഗത്തില്‍ നടത്തി.
പ്രളയദുരന്തത്തില്‍ സമ്പൂര്‍ണമായും വീട് നഷ്ടപ്പെട്ടവര്‍ക്ക് പുതിയ വീട് നിര്‍മ്മിച്ചു നല്‍കുന്നതിനുള്ള പദ്ധതിയാണ് കെയര്‍ ഹോം. പ്രളയദുരന്തത്തില്‍ 7000ലധികം പേര്‍ക്ക് സമ്പൂര്‍ണമായും വീട് നഷ്ടപ്പെട്ടുവെന്നാണ് കണക്ക്. ഇതില്‍ ഒന്നാംഘട്ടമെന്ന നിലയില്‍ സമ്പൂര്‍ണമായും വീട് നഷ്ടപ്പെട്ട 1500കുടുംബങ്ങള്‍ക്ക് പുതിയ വീട് വെച്ച് നല്‍കുന്നതിനാണ് പദ്ധതി ലക്ഷ്യമാക്കുന്നത്. സഹകരണ മന്ത്രി കടകംപളളി സുരേന്ദ്രനാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ‘കെയര്‍ ഹോം’ പദ്ധതി ആവിഷ്‌കരിച്ചത്. ഒരു വീടിന് അഞ്ച് ലക്ഷം രൂപ വീതം സഹായധനം നല്‍കും. മൊത്തം പദ്ധതിച്ചെലവ് 75 കോടി രൂപ വരും.

വീടുകള്‍ നിര്‍മിച്ചു നല്‍കുന്ന സ്ഥലത്തെ പ്രാഥമിക സംഘങ്ങള്‍ അല്ലെങ്കില്‍ ശക്തമായ മറ്റ് സഹകരണസംഘങ്ങള്‍ എന്നിവയെ നിര്‍മാണച്ചുമതല ഏല്‍പ്പിക്കും. അതാത് പ്രദേശത്തെ സാഹചര്യം, ഭൂമിയുടെ ഘടന, ഭൂമിയുടെ ലഭ്യത, ഗുണഭോക്താവിന്റെ താത്പര്യവും സാമ്പത്തിക സ്ഥിതിയും എന്നിവക്ക് അനുസരിച്ച് വീടിന്റെ പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കും. ഇതിനായി എഞ്ചിനീയറിംഗ് വിദഗ്ധര്‍, എഞ്ചിനീയറിംഗ് കോളജ് വിദ്യാര്‍ഥികള്‍ എന്നിവരുടെ സേവനം ലഭ്യമാക്കും. പണിയാരംഭിച്ച് മൂന്ന് മാസത്തിനകം വീടിന്റെ നിര്‍മാണം പൂര്‍ത്തീകരിക്കും. വീടിന്റെ വിസ്തൃതി 600 സ്‌ക്വയര്‍ഫീറ്റില്‍ കുറയാന്‍ പാടില്ല. പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കാന്‍ കഴിയുന്ന രീതിയിലാകും വീടുകളുടെ രൂപകല്‍പന. വീടുനിര്‍മിക്കുമ്പോള്‍ അതിന്റെ ഉറപ്പ്, പരിസ്ഥിതിയുയര്‍ത്തുന്ന വെല്ലുവിളികളെ നേരിടാനുള്ള അനുയോജ്യത എന്നിവ ഉറപ്പാക്കും. അടിസ്ഥാന സൗകര്യങ്ങള്‍ കിണര്‍/കുടിവെള്ളം, വൈദ്യുതി, മാലിന്യനിര്‍മാര്‍ജന സൗകര്യങ്ങള്‍, വൃത്തിയുള്ള പരിസരം, കൊച്ചു പൂന്തോട്ടം/ അടുക്കളത്തോട്ടം തുടങ്ങിയവയും ഉള്‍പ്പെടുത്തും. 2018 സെപ്തംബര്‍ മാസം തന്നെ വീടുകളുടെ പണി ആരംഭിക്കും.
ജില്ലാഭരണകൂടം നല്‍കുന്ന ലിസ്റ്റിനനുസരിച്ചായിരിക്കും ഗുണഭോക്താക്കളെ നിശ്ചയിക്കുക. സര്‍ക്കാറിന്റെ മേല്‍നോട്ടം ഇക്കാര്യത്തില്‍ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. വീട് വെച്ച് നല്‍കുക എന്നതുമാത്രമല്ല പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. കുടുംബങ്ങളുടെ സാമൂഹിക പുനരധിവാസത്തിന് കൈത്താങ്ങായി ഒരു നിശ്ചിത കാലയളവില്‍ പ്രവര്‍ത്തിക്കാനും ഈ പദ്ധതി ലക്ഷ്യമിടുന്നു. ഇതിനായി സാമൂഹിക പ്രവര്‍ത്തകര്‍, കൗണ്‍സിലിംഗ് വൈദഗധ്യമുള്ളവര്‍, അധ്യാപകര്‍, ഡോക്ടര്‍മാര്‍ എന്നിങ്ങനെയുള്ളവരുടെ സേവനം സഹകരണസംഘങ്ങള്‍ മുഖാന്തിരം ലഭ്യമാക്കും.

കേരളത്തിലെ നാല് ലക്ഷത്തോളം വീടുകള്‍, നിരവധി ചെറുകിട വ്യാപാരവ്യവസായ സ്ഥാപനങ്ങള്‍ എന്നിവ വെള്ളത്തില്‍ മുങ്ങിയതു മൂലം ഫര്‍ണീച്ചറുകളും വീട്ടുപകരണങ്ങളും കച്ചവട ഉത്പന്നങ്ങളുമെല്ലാം വലിയ തോതില്‍ ഉപയോഗശൂന്യമാകുകയോ, ഒഴുകി പോകുകയോ ചെയ്തിട്ടുണ്ട്. ഇവരെ സഹായിക്കുന്നതിനായി സര്‍ക്കാര്‍ തലത്തില്‍ ഒരു പുതിയ സാമ്പത്തിക സഹായ പദ്ധതി ‘ഞലൗെൃഴാലി േഗലൃമഹമ ഘീമി രെവലാല’ എന്ന പേരില്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. പ്രകൃതി ക്ഷോഭത്തിന്റെ ആഘാതമേറ്റവര്‍ക്ക് സമയബന്ധിതമായും വേഗത്തിലും ധനസഹായം ലഭ്യമാക്കുകയാണ് ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. കുടുംബശ്രീ യൂനിറ്റുകളിലൂടെ ഒന്‍പത് ശതമാനം പലിശ നിരക്കിലായിരിക്കും ഈ വായ്പകള്‍ ഗുണഭോക്താക്കളിലെത്തിക്കുക. പലിശ സര്‍ക്കാര്‍ വഹിക്കും. ഈ സാഹചര്യത്തില്‍ വായ്പ നല്‍കുന്നതിന് കുടുംബശ്രീ യൂനിറ്റുകള്‍ക്ക് ആവശ്യമായ ഫണ്ട് ലഭ്യമാക്കുന്നതിന് പ്രാഥമിക കാര്‍ഷിക സംഘങ്ങള്‍ മുഖാന്തിരം കെയര്‍ ലോണ്‍ എന്ന പേരിലുള്ള വായ്പാ പദ്ധതി സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ക്കും മാര്‍ഗനിര്‍ദേശങ്ങള്‍ക്കും അനുസൃതമായി ആവിഷ്‌കരിച്ച് നടപ്പാക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്.
പ്രളയാനന്തര കേരളത്തിലെ ദുരിതബാധിതരായ ജനങ്ങളുടെ ആരോഗ്യ സംരക്ഷണം, കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ ലഭ്യമാക്കല്‍, പൊതുവായ സേവനങ്ങള്‍ ലഭ്യമാക്കല്‍ എന്നിവയ്ക്കായി ആവിഷ്‌കരിക്കുന്ന പദ്ധതിയാണ് ‘കെയര്‍ ഗ്രേസ്.’

പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ വലിയ പ്രാധാന്യമാണ് ആരോഗ്യ സംരക്ഷണ കാര്യങ്ങളില്‍ ഉള്ളത്. സഹകരണമേഖലയില്‍ ചെറുതും വലുതുമായ 120 ഓളം ആശുപത്രികള്‍, നിരവധി ക്ലിനിക്കുകള്‍, മെഡിക്കല്‍ ലാബുകള്‍, മെഡിക്കല്‍ സ്‌റ്റോറുകള്‍ എന്നിവ പ്രവര്‍ത്തിക്കുന്നു. ദുരിതബാധിതരായ ജനവിഭാഗത്തിന്റെ പൊതുവായ ആരോഗ്യസംരക്ഷണം ഉറപ്പുവരുത്തുന്നതിന് ഈ യൂനിറ്റുകളെ കോര്‍ത്തിണക്കി പ്രവര്‍ത്തിക്കും. പരിശോധനാ ചികിത്സാ സൗകര്യങ്ങള്‍ സൗജന്യമായോ കുറഞ്ഞ നിരക്കിലോ ലഭ്യമാക്കും. രോഗപ്രതിരോധം, മാലിന്യ സംസ്‌കരണം, ജനസ്രോതസുകളുടെ നവീകരണം എന്നീ കാര്യങ്ങളില്‍ പിന്തുണ നല്‍കും.
ദുരിതബാധിതഷായ കുടുംബങ്ങളിലെ കുട്ടികള്‍ക്കാവശ്യമായ പഠനോപകരണങ്ങള്‍ ലഭ്യമാക്കുന്നതിന് സാമ്പത്തിക പിന്തുണ നല്‍കാനും ഈ പദ്ധതിയിലൂടെ സാധിക്കും. പ്രളയദുരന്തമേഖലകളിലെ ജനങ്ങള്‍ക്ക് നഷ്ടപ്പെട്ട ഔദ്യോഗിക രേഖകള്‍, സര്‍ട്ടിഫിക്കറ്റുകള്‍, അപേക്ഷകള്‍ തയ്യാറാക്കല്‍ എന്നിവയ്‌ക്കെല്ലാമായി തൊട്ടടുത്ത സഹകരണസംഘങ്ങളില്‍ ഒരു ഹെല്‍പ് ഡെസ്‌ക് സംവിധാനം ഒരുക്കും.
പുനര്‍നിര്‍മാണത്തിലൂടെ കേരള ജനതയുടെ ജീവിത നിലവാരം ഇപ്പോള്‍ നിലവിലുള്ളതിനേക്കാള്‍ ഒരു പടികൂടെ ഉയരുന്ന തരത്തിലേക്ക് എത്തിക്കുക എന്ന ശ്രമകരമായ ദൗത്യവുമായി മുന്നോട്ടുപോകുന്ന കേരള സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നാനാവിധമായ പിന്തുണയും സഹകരണ പ്രസ്ഥാനത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്നും മന്ത്രി കടകംപളളി സുരേന്ദ്രന്‍ വ്യക്തമാക്കിയിട്ടുണ്ട്.