ഇത് കീര്‍ത്തനത്തിന്റെ നേരമല്ല

കാടുകളില്‍ ഉരുള്‍പൊട്ടലുണ്ടായല്ലോ എന്ന് വാദിക്കുന്നവരോട് കാടുകളില്‍ ഉരുള്‍പൊട്ടലുണ്ടായാല്‍, കൈയേറിയും അനധികൃത നിര്‍മാണങ്ങള്‍ നടത്തിയും നമ്മള്‍ വേരറുത്തു നിര്‍ത്തിയിരിക്കുന്ന കുന്നുകളുടെ സ്ഥിതിയെന്താകുമെന്ന് തിരിച്ചുചോദിക്കാന്‍ സാധിക്കണം. റിസോര്‍ട്ടുകള്‍ക്ക് നോട്ടീസ് നല്‍കിയതിനെ വിമര്‍ശിക്കുന്ന ജനപ്രതിനിധികളോട് അത്തരം നിര്‍മാണങ്ങളാണ് ആയിരക്കണക്കിനാളുകളെ ഇപ്പോള്‍ തെരുവാധാരമാക്കിയത് എന്ന് ബോധ്യപ്പെടുത്താനാകണം. എന്നിട്ടും മനസ്സിലാകാത്തവര്‍ ജനപ്രതിനിധികളായി തുടരുന്നത്, പ്രളയ ദുരിതമനുഭവിക്കുന്ന ജനങ്ങളെ അപഹസിക്കലാകും. അത്തരക്കാര്‍, പിടിച്ചുനില്‍പ്പിനുള്ള വഴി കണ്ടെത്തുക, കീര്‍ത്തനാലാപനങ്ങളിലൂടെയായിരിക്കും. അത് മനസ്സിലാക്കി തിരുത്താനും പുനര്‍നിര്‍മാണം പരിസ്ഥിതിയെ സംരക്ഷിച്ച് മാത്രമേയുണ്ടാകൂ എന്നുറപ്പിക്കാനും പിണറായി വിജയനെന്ന നേതാവിനും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കും വലിയ അവസരമാണ് ഇപ്പോള്‍ കിട്ടിയിരിക്കുന്നത്. അതവര്‍ മനസ്സിലാക്കുന്നുണ്ട് എന്നതിന്റെ ചില സൂചനകള്‍ മുഖ്യമന്ത്രിയുടെയും പാര്‍ട്ടി സെക്രട്ടറിയുടെയും ധനമന്ത്രിയുടെയും വാക്കുകളിലുണ്ട്.
Posted on: September 3, 2018 10:21 am | Last updated: September 3, 2018 at 10:21 am
SHARE

മഴയുടെ തോതിനെക്കുറിച്ചുള്ള കൃത്യമായ മുന്നറിയിപ്പിന്റെ അഭാവം മുതല്‍ അണക്കെട്ടുകളിലെ ജലവിതാനം കൃത്യമായി നിരീക്ഷിച്ച് വേണ്ട സമയത്ത് വെള്ളമൊഴുക്കിക്കളയാത്തത് വരെ പല കാരണങ്ങള്‍ പ്രളയത്തിന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. കാരണമെന്തായാലും പ്രളയമുണ്ടായതിന് ശേഷം, രക്ഷാപ്രവര്‍ത്തനത്തെ ഏകോപിപ്പിക്കുന്നതിലും മനോവീര്യം തകരാതെ, പ്രതിസന്ധിയെ നേരിടാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നതിലും മുഖ്യമന്ത്രി പിണറായി വിജയന്‍ വഹിച്ച പങ്ക് ചെറുതല്ലാത്തതാണ്. ആരെയും പഴിപറയാനുള്ള സമയമല്ല ഇതെന്ന് തിരിച്ചറിഞ്ഞ, യോജിപ്പോടെ നില്‍ക്കേണ്ടതിന്റെ അനിവാര്യത ആവര്‍ത്തിക്കുന്ന രാഷ്ട്രതന്ത്രജ്ഞനെയാണ് ആ ദിവസങ്ങളില്‍ പിണറായിയില്‍ കണ്ടത്. അത് അഭിനന്ദിക്കപ്പെടേണ്ടതാണ്. മറ്റാരെങ്കിലുമായിരുന്നു മുഖ്യമന്ത്രി സ്ഥാനത്ത് എങ്കില്‍ ഇത്രയും പക്വമായി കാര്യങ്ങള്‍ കൈകാര്യം ചെയ്യപ്പെടുമായിരുന്നോ എന്ന സംശയമുന്നയിക്കുന്നവരുമുണ്ട്. എന്നാല്‍ പ്രളയ ദുരിതത്തേക്കാളും അതിനെ മറികടക്കാന്‍ ജനമൊന്നാകെ നടത്തിയ വലിയ പ്രയത്‌നത്തേക്കാളും വലുപ്പത്തില്‍ പിണറായി വിജയന്റെ പങ്കിനെ പെരുപ്പിച്ചു കാണിക്കാനും അസഹ്യമാം വിധത്തില്‍ വ്യക്തിപൂജ നടത്തുന്നതിനും പലരും തയ്യാറാകുന്നുണ്ട്. ദുരിതം വിശകലനം ചെയ്യാനും പരിഹാര നിര്‍ദേശങ്ങള്‍ സമാഹരിക്കാനും ലക്ഷ്യമിട്ടുചേര്‍ന്ന നിയമസഭാ സമ്മേളനത്തില്‍ പോലും ഭരണപക്ഷ പ്രതിനിധികള്‍, പ്രത്യേകിച്ച് സി പി എം അംഗങ്ങള്‍ മുഖ്യമന്ത്രിയെ പ്രകീര്‍ത്തിക്കാന്‍ മത്സരിക്കുകയായിരുന്നു.
ദുരിതം അവസാനിച്ചിട്ടില്ലെന്നും ഇനിയൊരു പ്രകൃതിക്ഷോഭമുണ്ടായാല്‍ ജീവനും സ്വത്തുക്കള്‍ക്കുമുണ്ടാകുന്ന നാശനഷ്ടം കുറയ്ക്കാനുതകും വിധത്തില്‍ പുനര്‍നിര്‍മാണം നടത്തേണ്ടതിനെക്കുറിച്ചാണ് ആലോചിക്കേണ്ടതെന്നും സി പി എം അംഗങ്ങളും അതിന്റെ ജനപ്രതിനിധികളും ചിന്തിക്കാന്‍ തുടങ്ങേണ്ടിയിരിക്കുന്നു. അല്ലെങ്കില്‍ അങ്ങനെ ചിന്തിക്കാന്‍ പിണറായി വിജയനോ അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ നേതൃത്വമോ അവരെ പ്രേരിപ്പിക്കണം. വി എസ് അച്യുതാനന്ദന്റെ ചിത്രം വെച്ച് തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയ കാലത്തും പി ജയരാജന്റെ അപദാനങ്ങള്‍ വാഴ്ത്തി പാട്ടുകള്‍ പിറന്ന സമയത്തും വ്യക്തിപൂജയുടെ അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുകയോ നടപടിയെടുക്കുകയോ ചെയ്തിട്ടുണ്ട് സി പി എം. വ്യക്തിപൂജക്ക് വഴിവെക്കുന്നത് നേതാവിന്റെ ജാഗ്രതക്കുറവാണെന്ന് വിലയിരുത്തിയിട്ടുമുണ്ട്. അത് പ്രവര്‍ത്തകരും അനുഭാവികളും ഓര്‍ക്കുന്നില്ലെങ്കില്‍ ഓര്‍മിപ്പിക്കേണ്ട ഉത്തരവാദിത്തമുണ്ട് പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും.

മഴയൊന്നടങ്ങി, വെള്ളം ഊര്‍ന്നിറങ്ങിയതോടെ വറ്റുന്ന പ്രതിസന്ധിക്ക് മുന്നിലല്ല കേരളം നില്‍ക്കുന്നത് എന്നതിനാലാണ് കീര്‍ത്തനാലാപനം അവസാനിപ്പിക്കാന്‍ അഭ്യര്‍ഥിക്കുന്നത്. കാതലായ പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കുന്നതാകരുത് ഭരണാധികാരിയെ അതികായനായി ചിത്രീകരിക്കാനുള്ള ശ്രമങ്ങള്‍. അത്തരമൊരു നിര്‍മിതിയുടെയും അതിന്റെ ചുവടുപിടിച്ച് അരങ്ങേറുന്ന വ്യാജ പ്രചാരണങ്ങളുടെയും അസത്യ വര്‍ഷങ്ങളുടെയും വിഷം വമിപ്പിക്കലിന്റെയും ദൂഷ്യം ഇന്ത്യന്‍ യൂനിയന്‍ ഇപ്പോള്‍ തന്നെ വേണ്ടുവോളം പേറുന്നുണ്ട്. ഒന്നര ലക്ഷത്തോളം വീടുകള്‍ ഭാഗികയമായും പന്ത്രണ്ടായിരത്തോളം വീടുകള്‍ പൂര്‍ണമായും പ്രളയത്തില്‍ തകര്‍ന്നുവെന്ന് സര്‍ക്കാര്‍ ഇതിനകം കണക്കാക്കിയിട്ടുണ്ട്. കണക്കെടുപ്പ് പൂര്‍ത്തിയാകുമ്പോള്‍ എണ്ണം കൂടാനാണ് സാധ്യത. അത്രയും വീടുകളുടെ പുനര്‍നിര്‍മാണം ചെറുതല്ലാത്ത വെല്ലുവിളിയാണ്. അവയുടെ പുനര്‍ നിര്‍മാണം പൂര്‍ത്തിയാകും വരെ ഇപ്പോഴത്തെ കണക്കനുസരിച്ച് അരലക്ഷത്തോളം പേരെ പോറ്റേണ്ടി വരും സര്‍ക്കാറിന്.
പ്രളയജലത്തില്‍ ദിവസങ്ങളോളം മുങ്ങിനിന്ന, ഇപ്പോഴും മുങ്ങി നില്‍ക്കുന്ന വീടുകള്‍ നിരവധിയുണ്ട്. വഴിമാറിയ നദികളുടെ ഒഴുക്കില്‍ ഇളകിയ മണ്ണില്‍ അടിത്തറ ഉലഞ്ഞ് നില്‍ക്കുന്ന വീടുകള്‍ വേറെയും. വേരുകളുടെ പിടുത്തമില്ലാതായപ്പോള്‍ തെന്നിനീങ്ങിയ മണ്ണില്‍ ഉറച്ചുനില്‍ക്കാന്‍ ബുദ്ധിമുട്ടുന്ന കെട്ടിടങ്ങളുമുണ്ട്. ഇവയിലെത്രയെണ്ണം വരും നാളുകളില്‍ വാസയോഗ്യമല്ലാതാകുമെന്നതിന്റെ കണക്കെടുപ്പ് വരും കാലത്ത് നടത്തേണ്ടിവരും. അവയ്ക്കും പകരം സംവിധാനം കാണേണ്ടിവരും ഭരണകൂടം. വീടില്ലാത്ത ലക്ഷക്കണക്കിനാളുകള്‍ പ്രളയത്തിന് മുമ്പ് തന്നെ സംസ്ഥാനത്തുണ്ടായിരുന്നു. അവര്‍ക്ക് തണലേകാനുള്ള പദ്ധതി പ്രാബല്യത്തില്‍ വരും മുമ്പാണ് പുതുതായി ആയിരങ്ങള്‍ തെരുവാധാരമാകുന്നത്. ഈ അവസ്ഥ എങ്ങനെയുണ്ടായെന്നും അതാവര്‍ത്തിക്കാതിരിക്കാന്‍ എന്തുചെയ്യണമെന്നും ആലോചിക്കേണ്ട സമയമാണ് കീര്‍ത്തനാലാപനത്തിന് ജനപ്രതിനിധികള്‍ ചെലവഴിക്കുന്നത്. ആലപിക്കുന്ന കീര്‍ത്തനങ്ങള്‍ക്കൊപ്പം നിക്ഷിപ്ത താത്പര്യങ്ങളുടെ സംരക്ഷണം ഉദ്ദേശിച്ച് അവാസ്തവങ്ങള്‍ പ്രചരിപ്പിക്കാന്‍ മടിക്കുന്നുമില്ല. പ്രകീര്‍ത്തനങ്ങളെ മുഖവിലക്കെടുക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകരും അനുയായികളും ഈ അവാസ്തവങ്ങളുടെ കെണിയില്‍ അകപ്പെടാനുള്ള സാധ്യത ഏറെയാണ്. കാടിന്, കുന്നുകള്‍ക്ക്, പാടങ്ങള്‍ക്ക്, തണ്ണീര്‍ത്തടങ്ങള്‍ക്ക് ഒക്കെ നാമേല്‍പ്പിച്ച പ്രഹരങ്ങളുടെ, പല താത്പര്യങ്ങളാല്‍ അത്തരം പ്രഹരങ്ങളെ ഭരണാധികാരികള്‍ കണ്ണടച്ച് പിന്തുണച്ചതിന്റെ ഫലമാണ് നാശനഷ്ടങ്ങളുടെ വ്യാപ്തിയെന്ന് ജനം മനസ്സിലാക്കുന്നുണ്ട്. അതവരെ കൂടുതല്‍ മനസ്സിലാക്കിക്കാന്‍ പറ്റിയ അവസരം കൂടിയാണ് പ്രളയാനന്തരകാലം. കുന്നിടിച്ച്, കെട്ടിടങ്ങള്‍ പണിത് ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും വഴിയൊരുക്കരുതെന്ന് ഇപ്പോള്‍ പറഞ്ഞാല്‍ ജനത്തിന് എളുപ്പത്തില്‍ മനസ്സിലാകും.

വലിയ നഷ്ടങ്ങളില്‍ നിന്നുള്ള തിരിച്ചുവരവ് പരിസ്ഥിതിയെ കൂടി സംരക്ഷിക്കുന്ന സുസ്ഥിര വാസവ്യവസ്ഥ സൃഷ്ടിച്ചുകൊണ്ടാവണമെന്ന് ഉറപ്പിക്കേണ്ട ഉത്തരവാദിത്വമാണ് നിറവേറ്റപ്പെടേണ്ടത്. നിര്‍മാണ പ്രവൃത്തികളൊന്നും നടക്കാത്ത കാടുകളില്‍ ഉരുള്‍പൊട്ടലുണ്ടായല്ലോ എന്ന് വാദിക്കുന്നവരോട് കാടുകളില്‍ ഉരുള്‍പൊട്ടലുണ്ടായാല്‍, കൈയേറിയും അനധികൃത നിര്‍മാണങ്ങള്‍ നടത്തിയും നമ്മള്‍ വേരറുത്തു നിര്‍ത്തിയിരിക്കുന്ന കുന്നുകളുടെ സ്ഥിതിയെന്താകുമെന്ന് തിരിച്ചുചോദിക്കാന്‍ സാധിക്കണം. പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളില്‍ പണിത റിസോര്‍ട്ടുകള്‍ക്ക് നോട്ടീസ് നല്‍കിയതിനെ വിമര്‍ശിക്കുന്ന ജനപ്രതിനിധികളോട് അത്തരം നിര്‍മാണങ്ങളാണ് ആയിരക്കണക്കിനാളുകളെ ഇപ്പോള്‍ തെരുവാധാരമാക്കിയത് എന്ന് ബോധ്യപ്പെടുത്താനാകണം. ക്വാറികളില്ലാതായാല്‍ റോഡുകളെങ്ങനെ നിര്‍മിക്കുമെന്ന് ചോദിക്കുന്നവരോട്, അനധികൃത നിര്‍മാണങ്ങളും അനാവശ്യ നിര്‍മാണങ്ങളും ഒഴിവാക്കിയാല്‍ പാറപൊട്ടിക്കല്‍ ചുരുക്കാനാകുമെന്ന് പറഞ്ഞുകൊടുക്കണം. എന്നിട്ടും മനസ്സിലാകാത്തവര്‍ ജനപ്രതിനിധികളായി തുടരുന്നത്, പ്രളയ ദുരിതമനുഭവിക്കുന്ന ജനങ്ങളെ അപഹസിക്കലാകും. അത്തരക്കാര്‍, പിടിച്ചുനില്‍പ്പിനുള്ള വഴി കണ്ടെത്തുക, കീര്‍ത്തനാലാപനങ്ങളിലൂടെയായിരിക്കും. അത് മനസ്സിലാക്കി തിരുത്താനും പുനര്‍നിര്‍മാണം പരിസ്ഥിതിയെ സംരക്ഷിച്ച് മാത്രമേയുണ്ടാകൂ എന്നുറപ്പിക്കാനും പിണറായി വിജയനെന്ന നേതാവിനും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കും വലിയ അവസരമാണ് ഇപ്പോള്‍ കിട്ടിയിരിക്കുന്നത്. അതവര്‍ മനസ്സിലാക്കുന്നുണ്ട് എന്നതിന്റെ ചില സൂചനകള്‍ മുഖ്യമന്ത്രിയുടെയും പാര്‍ട്ടി സെക്രട്ടറിയുടെയും ധനമന്ത്രിയുടെയും വാക്കുകളിലുണ്ട്. പശ്ചിമഘട്ടം, വയല്‍ – തണ്ണീര്‍ത്തടം എന്നിവയെയൊക്കെ പരിഗണിച്ചുള്ള ഭൂവിനിയോഗമേ പാടുള്ളൂവെന്ന് ഡോ. തോമസ് ഐസക്ക് തുറന്നുതന്നെ പറഞ്ഞിട്ടുമുണ്ട്.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും പുനര്‍ നിര്‍മാണത്തിന് വേണ്ട വിഭവസമാഹരണത്തിന്റെ സാധ്യതകളുമൊക്കെ വലിയ തോതില്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട് ഇപ്പോള്‍. അതൊക്കെ സമയബന്ധിതമായി പൂര്‍ത്തിയാക്കേണ്ട വലിയ ഉത്തരവാദിത്വം സര്‍ക്കാറിന് മുന്നിലുണ്ട്. അഭിപ്രായ ഭിന്നതകള്‍ നിലനില്‍ക്കുമ്പോഴും സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിക്കുന്ന പിന്തുണ, പുനര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗവും ലക്ഷ്യബോധവുമുണ്ടാകുമെന്ന പ്രതീക്ഷയിലാണ്. അതങ്ങനെ അധികകാലമുണ്ടാകുമെന്ന് കരുതരുത്. ദുരിതജീവിതത്തിന് ദൈര്‍ഘ്യമേറിയാല്‍ ജനം അക്ഷമരാകും. കേന്ദ്ര സര്‍ക്കാറില്‍ നിന്ന് കേരളം പ്രതീക്ഷിക്കുന്ന സഹായം ഉണ്ടാകാതിരിക്കുക കൂടി ചെയ്താല്‍ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണവുമാകും. അത്തമൊരു അവസ്ഥയിലേക്ക് കാര്യങ്ങളെത്തിക്കാതിരിക്കാന്‍ യത്‌നിക്കേണ്ടവര്‍ കൂടിയാണ് കീര്‍ത്തനാലാപനത്തില്‍ മുഴുകുന്നത്.

മറ്റൊരു ഗുരുതരമായ പ്രശ്‌നം സാമ്പത്തിക പ്രതിസന്ധിയാണ്. പുനര്‍ നിര്‍മാണത്തിന് പണം കണ്ടെത്തുന്നതിനെക്കുറിച്ച് മാത്രമാണ് ഇപ്പോള്‍ ആലോചനകള്‍. ധനമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് തത്കാലം അതുമാത്രമേ സാധിക്കൂ. അതിനൊപ്പം പ്രധാനമാണ് വിവിധ മേഖലകളിലുണ്ടായ പ്രതിസന്ധി സംസ്ഥാനത്തിന്റെ സാമ്പത്തിക ആരോഗ്യത്തിന് ഏല്‍പ്പിച്ചിരിക്കുന്ന ആഘാതം. കൃഷി, കന്നുകാലി വളര്‍ത്തല്‍, എന്നിവയാണ് ഗ്രാമങ്ങളുടെയും ഇടത്തരം നഗരങ്ങളുടെയും സമ്പദ് വ്യവസ്ഥയുടെ അടിസ്ഥാനം. ഇവ രണ്ടില്‍ നിന്നും തത്കാലം വരുമാനമൊന്നും ലഭിക്കില്ല എന്നത് ഗ്രാമങ്ങളിലും ഇടത്തരം നഗരങ്ങളിലുമുള്ള ക്രയവിക്രയങ്ങളെ സ്തംഭിപ്പിക്കും. ഇവിടങ്ങളിലെ തൊഴിലവസരങ്ങളെയും ഇല്ലാതാക്കും. ഇത് ഈ പ്രദേശങ്ങളില്‍ പ്രയാസം സൃഷ്ടിക്കുക മാത്രമല്ല ക്രയവിക്രയങ്ങളിലൂടെ സംസ്ഥാനത്തിന് ലഭിക്കേണ്ട വരുമാനം ഇല്ലാതാക്കുകയും ചെയ്യും. പുനര്‍ നിര്‍മാണത്തിന് വിഭവ സമാഹരണം നടത്തുന്ന സര്‍ക്കാറിന്, വരുമാനത്തിലുണ്ടാകുന്ന കുറവ് നികത്താന്‍ ഭാവിയില്‍ കൂടുതല്‍ കടമെടുക്കേണ്ടി വരും. ഇത് കണക്കിലെടുത്ത് ദീര്‍ഘകാലത്തേക്കുള്ള ആസൂത്രണവും പദ്ധതി നടത്തിപ്പും നടക്കണം. പ്രാദേശിക വിപണിയിലെ പണ ലഭ്യതയും തൊഴിലവസര സൃഷ്ടിയും ഉറപ്പാക്കാന്‍ പാകത്തില്‍ പ്രാദേശികമായി തന്നെ പദ്ധതികള്‍ ആസൂത്രണം ചെയ്യേണ്ടിയും വരും. അതേക്കുറിച്ചൊക്കെ ആലോചിക്കേണ്ട ബാധ്യതയുണ്ട് ജനപ്രതിനിധികള്‍ക്ക്, തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക്, ജനങ്ങളുടെ ദൈനംദിന പ്രശ്‌നങ്ങളില്‍ ഇടപെടുന്ന രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് ഒക്കെ. അതൊന്നുമുണ്ടാകുന്നില്ലെങ്കില്‍, പ്രളയത്തില്‍ തകര്‍ന്നവരുടെ സാധാരണ ജീവിതത്തിലേക്കുള്ള മടക്കം പ്രതീക്ഷകള്‍ മാത്രമായി നില്‍ക്കും.
ഇത്രയും വലുതല്ലാത്ത പ്രകൃതിക്ഷോഭങ്ങളില്‍ മുന്‍കാലത്ത് വീടും വരുമാനമാര്‍ഗവും നഷ്ടപ്പെട്ട പലരും ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പോ തെരുവോ ആധാരമായി തുടരുന്നുണ്ട് എന്നത് പ്രത്യേകം ഓര്‍ക്കണം. അങ്ങനെ സംഭവിക്കുന്നില്ലെന്ന് ഉറപ്പാക്കുന്നതിലാണ് ഭരണകൂടത്തിന് ഇച്ഛാശക്തി വേണ്ടത്. ആ ഇച്ഛാശക്തി പ്രകടിപ്പിക്കാന്‍ ഭരണകൂടത്തെ പ്രേരിപ്പിക്കുക എന്ന വലിയ ചുമതലയില്‍ നിന്നുള്ള വ്യതിചലനത്തിന് മാത്രമേ വ്യക്തിപൂജ സഹായിക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here