സതാംപ്ടണ്‍ ടെസ്റ്റില്‍ ഇന്ത്യക്ക് 60 റണ്‍സ് തോല്‍വി; ഇംഗ്ലണ്ടിന് പരമ്പര

Posted on: September 2, 2018 10:15 pm | Last updated: September 3, 2018 at 11:00 am
SHARE


സതാംപ്ടണ്‍: നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന് എതിരെ ഇന്ത്യക്ക് ദയനീയ പരാജയം. ഇന്ത്യയെ 60 റണ്‍സിന് തോല്‍പ്പിച്ച് ഇംഗ്ലണ്ട് അഞ്ച് മത്സരങ്ങള്‍ അടങ്ങിയ പരമ്പര സ്വന്തമാക്കി. രണ്ടാം ഇന്നിംഗ്‌സില്‍ 245 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 184 റണ്‍സിന് എല്ലാവരും പുറത്തായി.

അര്‍ധസെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി (58), അജിങ്ക്യ രഹാനെ (51) എന്നിവരും 25 റണ്‍സെടുത്ത് അശ്വിനുമാണ് ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡ് അല്‍പമെങ്കിലും ചലിപ്പിച്ചത്. ഇവരെ കൂടാതെ ഋഷഭ് പന്തും (18) ധവാനും (17) മാത്രമാണ് രണ്ടക്കം കടന്നത്.

ഇംഗ്ലണ്ടിന് വേണ്ടി മോയിന്‍ അലി നാല് വിക്കറ്റുകള്‍ വീഴ്ത്തി. കോഹലിയെ മോയിന്‍ അലി വീഴ്ത്തിയതോടെ ഇന്ത്യന്‍ വിക്കറ്റുകള്‍ തുരുതുരാ വീഴുകയായിരുന്നു. നേരത്തെ 260/8 എന്ന നിലയില്‍ അഞ്ചാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച ഇംഗ്ലണ്ട് 11 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ ഓള്‍ഔട്ടായി. ഇന്ത്യയ്ക്കായി ഷാമി നാലും ഇഷാന്ത് രണ്ടും വിക്കറ്റ് നേടി.