എലിപ്പനി: സംസ്ഥാനത്ത് ഇന്ന് അഞ്ച് മരണം; 13 ജില്ലകളില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചു

Posted on: September 2, 2018 2:08 pm | Last updated: September 3, 2018 at 11:00 am
SHARE

കോഴിക്കോട്: എലിപ്പനി ബാധിച്ച് സംസ്ഥാനത്ത് ഇന്ന് അഞ്ചു പേര്‍ കൂടി മരിച്ചു. ഇതോടെ എലിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 26 ആയി. കോഴിക്കോട് നാലു പേരും എറണാകുളത്ത് ഒരാളുമാണ് മരിച്ചത്. മുക്കം കാരമൂല ചെലപ്പുറത്ത് സലീം ഷാ, വേങ്ങേരി നെച്ചുകുഴിയില്‍ സുമേഷ്, മലപ്പുറം ചമ്രവട്ടം ചെറുകുളത്ത് ശ്രീദേവി, വടകര കുട്ടോത്ത് സ്വദേശി ഉജേഷ് എന്നിവരാണു കോഴിക്കോട് മരിച്ചത്. എറണാകുളത്ത് പെരുമ്പാവൂര്‍ അയ്മുറി ചാമക്കാല ഷാജിയുടെ ഭാര്യ കുമാരിയാണ് (51) മരിച്ചത്.

പകര്‍ച്ചവ്യാധികള്‍ പടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് 13 ജില്ലകളില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചു. ഇന്നലെ മാത്രം ഒന്‍പതു പേരാണ് എലിപ്പനി മൂലം മരിച്ചത്. വിവിധ ജില്ലകളില്‍ മഞ്ഞപ്പിത്തം, ഡെങ്കിപ്പനി തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എലിപ്പനി മരണങ്ങളുടെ പശ്ചാത്തലത്തില്‍ ആരോഗ്യവകുപ്പ് ചികില്‍സ പ്രോട്ടോക്കോള്‍ പുറത്തിറക്കി. രക്ഷാപ്രവര്‍ത്തകരും സന്നദ്ധപ്രവര്‍ത്തകരും നിര്‍ബന്ധമായും ആഴ്ചയിലൊരിക്കല്‍ എലിപ്പനി പ്രതിരോധ മരുന്ന് കഴിക്കണം. രാജ്യാന്തര മാനദണ്ഡമനുസരിച്ചു പ്രതിരോധവും ചികില്‍സയും സാംപിള്‍ ശേഖരണവും ഉറപ്പാക്കുമെന്ന് ആരോഗ്യമന്ത്രി കെകെശൈലജ അറിയിച്ചു. രോഗം മൂര്‍ച്ഛിക്കുന്നവര്‍ക്കായി താലൂക്ക് ആശുപത്രിതലം മുതല്‍ പെനിസിലിന്‍ ലഭ്യത ഉറപ്പാക്കി. സന്നദ്ധ പ്രവര്‍ത്തകര്‍ക്കു മാത്രമായി ആശുപത്രികളില്‍ പ്രത്യേക കൗണ്ടര്‍ വഴി പ്രതിരോധ ഗുളിക വിതരണം ചെയ്യുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here