Connect with us

Kerala

കണ്ണൂരും കോഴിക്കോടും ഹജ്ജ് കേന്ദ്രങ്ങളാക്കണം: മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്ത് നിന്ന് ഹജ്ജ് യാത്രക്കുള്ള കേന്ദ്രങ്ങളായി കോഴിക്കോട്, കണ്ണൂര്‍ വിമാനത്താവളങ്ങളെ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് സിവില്‍-വ്യോമയാന മന്ത്രി സുരേഷ് പ്രഭുവിന് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചു.

കോഴിക്കോട് വിമാനത്താവളത്തിന്റെ റണ്‍വേ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഹജജ് എംബാര്‍ക്കേഷന്‍ കേന്ദ്രം താത്കാലികമായി കൊച്ചിയിലേക്ക് മാറ്റിയിരുന്നു. വലിയ വിമാനങ്ങള്‍ക്കിറങ്ങാന്‍ തടസ്സമുള്ളതുകൊണ്ടാണ് ഹജ്ജ് കേന്ദ്രം കൊച്ചിയിലേക്ക് മാറ്റിയത്. എന്നാല്‍ കോഴിക്കോട്ട് വലിയ വിമാനങ്ങള്‍ ഇറങ്ങാന്‍ ഈയിടെ സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ അനുമതി നല്‍കിയിട്ടുണ്ട്.

മലബാറില്‍ നിന്നുള്ള ഹജ്ജ് തീര്‍ഥാടകരില്‍ അധികവും കോഴിക്കോട് വിമാനത്താവളമാണ് ഉപയോഗിച്ചിരുന്നത്. കണ്ണൂര്‍ വിമാനത്താവളം വാണിജ്യ സര്‍വീസിന് ഒരുങ്ങുന്ന സാഹചര്യത്തില്‍ കണ്ണൂരിനെ കൂടി എംബാര്‍ക്കേഷന്‍ കേന്ദ്രമായി അംഗീകരിക്കണം.
കോഴിക്കോടിന് തെക്കുള്ള യാത്രക്കാര്‍ക്ക് കോഴിക്കോട് വിമാനത്താവളവും വടക്കുള്ള യാത്രക്കാര്‍ക്ക് കണ്ണൂര്‍ വിമാനത്താവളവും സൗകര്യപ്രദമാണ്. കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളിലുളളവര്‍ക്കും അയല്‍ സംസ്ഥാനമായ കര്‍ണാടകത്തിലെ മംഗലാപുരം, കുടക്, മൈസൂര്‍ എന്നിവിടങ്ങളിലുള്ളവര്‍ക്കും കണ്ണൂര്‍ വിമാനത്താവളമാണ് സൗകര്യം. അതിനാല്‍ കണ്ണൂര്‍ വിമാനത്താവളം കൂടി ഹജ്ജ് കേന്ദ്രമായി അംഗീകരിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ന്യൂനപക്ഷകാര്യമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വിക്കും മുഖ്യമന്ത്രി കത്തയച്ചിട്ടുണ്ട്.

Latest