മണ്ഡല്‍ കാര്യവാഹകിനെതിരെ വധശ്രമം: കേസ് പോപ്പുലര്‍ ഫ്രണ്ടുമായി ആര്‍ എസ് എസ് ഒത്തുതീര്‍പ്പാക്കി

Posted on: September 2, 2018 10:49 am | Last updated: September 2, 2018 at 10:49 am

കണ്ണൂര്‍: ആര്‍ എസ് എസ് മണ്ഡല്‍ കാര്യവാഹകിനെ പോപ്പുലര്‍ ഫ്രണ്ടുകാര്‍ വധിക്കാന്‍ ശ്രമിച്ച കേസ് ഒത്തുതീര്‍പ്പാക്കിയതായി ആരോപണം. ആര്‍ എസ് എസ് മണ്ഡല്‍ കാര്യവാഹക് ആയിരുന്ന തയ്യില്‍ ഐശ്വര്യയിയില്‍ ശശാങ്കനെ വധിക്കാന്‍ ശ്രമിച്ച കേസാണ് അട്ടിമറിക്കപ്പെട്ടതായി ആരോപണം ഉയര്‍ന്നിരിക്കുന്നത്. 2009 മാര്‍ച്ച് 15ന് കണ്ണൂര്‍ ജില്ലാ ആശുപത്രിക്ക് സമീപം നടന്ന സംഭവത്തിന്റെ വിചാരണ നടക്കുന്നതിനിടെയാണ് കേസ് ഒത്തുതീര്‍പ്പാക്കിയത്.

പറമ്പത്ത് ജംഷീര്‍, പുത്തന്‍പുരയില്‍ സാജിദ്, പഴയ പുരയില്‍ ലത്വീഫ്, പി ഹാഷിം, ടി കെ ഷാജഹാന്‍, കുന്നുമ്മല്‍ മുബഷീര്‍ തുടങ്ങിയവരായിരുന്നു പ്രതികള്‍. പ്രതികളെ തിരിച്ചറിയാന്‍ സാധിക്കുന്നില്ലെന്ന് വാദിഭാഗം മൊഴി നല്‍കിയതോടെ കോടതി കേസ് നടപടികള്‍ തുടരുന്നത് ഒഴിവാക്കുകയായിരുന്നു. ശശാങ്കന്‍ വധശ്രമത്തെ തുടര്‍ന്ന് പലയിടത്തും വ്യാപക അക്രമങ്ങള്‍ നടക്കുകയും ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം സംഭവിക്കുകയും ചെയ്തിരുന്നു.

നേരത്തെയും കണ്ണൂരില്‍ നടന്ന ചില കൊലപാതക കേസുകളില്‍ ഇത്തരം ഒത്തുതീര്‍പ്പ് ആരോപണം ഉയര്‍ന്നിരുന്നു. രാഷ്ട്രീയമായി പരസ്പരം ഏറ്റമുട്ടി കൊലപാതകം നടത്തുകയും പിന്നീട് ഇതിന്റെ പേരില്‍ അക്രമം അഴിച്ചുവിടുകയും പതിവായിരുന്നു. പോപ്പുലര്‍ ഫ്രണ്ടുകാര്‍ പ്രതിപ്പട്ടികയിലുള്ള ബി ജെ പി- ആര്‍ എസ് എസ് പ്രവര്‍ത്തകരായിരുന്ന അശ്വനികുമാറിന്റെയും സച്ചിന്‍ ദേവിന്റെയും കണ്ണവത്തെ ശ്യാമപ്രസാദിന്റെയും കൊലപാതക കേസുകളിലും സമാന ആരോപണം നിലനില്‍ക്കുന്നുണ്ട്.