Connect with us

Articles

ഭുപേന്‍ ഹസാരിക പാടുന്നു

Published

|

Last Updated

അസാമില്‍ നിന്നും നാല്‍പത് ലക്ഷത്തിലേറെ മനുഷ്യരെ രാജ്യത്തിനു പുറത്തേക്ക് തള്ളിവിടാന്‍ മോദി സര്‍ക്കാര്‍ പ്രഖ്യാപിക്കുമ്പോള്‍ അദ്ദേഹത്തിന് രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ധാരാളമുണ്ടാവും. അതേ രാഷ്ട്രീയം വെച്ചുകൊണ്ടാണ് മോദി നോട്ട് നിരോധനം കൊണ്ടുവന്ന് കോടിക്കണക്കിന് ജനങ്ങളെ കണ്ണീരു കുടിപ്പിച്ചതും നൂറിലേറെ പേരെ കൊലക്ക് കൊടുത്തതും. ഈ അവസരത്തില്‍ അസാമിലെ രണ്ട് പ്രതിഭകളെ ഓര്‍ക്കാതെ വയ്യ. അതിലൊന്ന് മഹാനായ ഭുപേന്‍ ഹസാരിക ആയിരുന്നു. അദ്ദേഹത്തിന്റെ പ്രസിദ്ധമായ ഒരു ഗാനമുണ്ട്. “ഹേ, ജനങ്ങളെ നിങ്ങളുടെ നിലവിളി എന്റെ കാതില്‍ പ്രതിധ്വനിക്കുന്നു. നാട് വിട്ടുപോകാന്‍ വിധിക്കപ്പെട്ട സുഹൃത്തുക്കളെ…” എന്ന പാട്ട് അതിന്റെ പൂര്‍ണാര്‍ഥത്തില്‍ ഇപ്പോഴാണ് കേള്‍ക്കേണ്ടത്. മറ്റൊരു ഗാനം ഇങ്ങനെയാണ്: “എനിക്കൊരു കറുത്ത മനുഷ്യനെ തരൂ, കറുത്ത രക്തമുള്ള, എനിക്കൊരു വെളുത്ത മനുഷ്യനെ തരൂ, വെളുത്ത രക്തമുള്ള”. ഭുപേന്‍ ഹസാരിക ഇന്ന് ജീവിച്ചിരിക്കുന്നുണ്ടെങ്കില്‍ ഈ അനീതിക്കെതിരെ ആദ്യം ശബ്ദം ഉയര്‍ത്തുക അദ്ദേഹമായിരിക്കും. ഭുപേന്‍ ഹസാരിക ഒരു അസാംകാരനായിരിക്കെതന്നെ ബംഗാളിയുമായിരുന്നല്ലോ. അസാം ഭാഷക്ക് തന്നെ ബംഗാള്‍ ഭാഷയുമായി നല്ല സാമ്യവുമുണ്ട്. നമ്മുടെ മലയാള ഭാഷ എങ്ങനെയാണോ തമിഴ് ഭാഷയുമായി ചേര്‍ന്നു നില്‍ക്കുന്നത്, അതേപോലെ സന്‍ജിബ് ബറുവയുടെ പ്രസിദ്ധമായ “ഇന്ത്യ എഗേന്‍സ്റ്റ് ഇറ്റ്‌സല്‍ഫ്: അസാം ആന്‍ഡ് ദി പൊളിറ്റിക്‌സ് ഓഫ് നാഷനാലിറ്റി” എന്ന പുസ്തകവും ഈ കാലത്ത് ചര്‍ച്ചക്കെടുക്കേണ്ടതാണ്.
ആദാന പ്രദാനങ്ങളുടെ സംസ്‌കാരം അസാമിന്റെ പ്രത്യേകതയാണ്. അസാമിലേക്ക് കുടിയേറിയവരും, അസാമില്‍ നിന്ന് അന്യദേശങ്ങളിലേക്ക് പോയവരും ധാരാളമുണ്ട്. കൊടുത്തും വാങ്ങിയും ജീവിച്ചവരാണ് അസാംകാര്‍. നമ്മുടെ കേരളത്തില്‍ നിന്നും ഒരു കാലത്ത് ആ നാട്ടിലേക്ക് അന്നം തേടി പോയവര്‍ കുറവായിരുന്നില്ല. വൈലോപ്പിള്ളിയുടെ “അസാം പണിക്കാര്‍” എന്ന പ്രസിദ്ധ കവിത തന്നെ ആ ഒരു ചരിത്രത്തില്‍ നിന്നാണ് ഉണ്ടാവുന്നത്. അസാമിന്റെ പേരു പോലും വിദേശികളുടെ സംഭാവനയാണല്ലോ. ഒഹോം എന്നാണ് അസാമിന്റെ യഥാര്‍ഥ പേര്. പതിമൂന്നാം നൂറ്റാണ്ടില്‍ അസാമിലേക്ക് വന്ന താഫ് വംശജരാണ് ഓഹോം എന്ന പേര് ആ നാടിന് നല്‍കിയത്. പിന്നീടാണ് അസാമായി പരിണമിക്കുന്നത്. നാട്ടുരാജ്യങ്ങളുടെ നാടായ അസാം നൂറുക്കണക്കിന് ഭാഷകള്‍കൊണ്ടും സംസ്‌കാരങ്ങള്‍ കൊണ്ടും സമ്പന്നമായതാണ്. ചുരുക്കത്തില്‍ ഇന്ന് അസാമില്‍ ജീവിക്കുന്നവരെല്ലാം തന്നെ ഒരര്‍ഥത്തില്‍ അല്ലെങ്കില്‍ മറ്റൊരര്‍ഥത്തില്‍ ആ മണ്ണിന് അവകാശപ്പെട്ടവരാണ്.
അസാം മൂവ്‌മെന്റ് നടക്കുന്നത് 1979-85 കാലത്താണ്. ലോവര്‍ അസാമിലെ ദറാജ് ജില്ലയിലെ മംഗളോദ്യ ലോക്‌സഭാ മണ്ഡലത്തിലേക്ക് നടന്ന 1978ലെ ഉപതിരഞ്ഞെടുപ്പില്‍ വോട്ടര്‍പട്ടികയില്‍ കണ്ട നുഴഞ്ഞുകയറ്റം ആസു (ആള്‍ അസാം സ്റ്റുഡന്റ്‌സ് യൂനിയന്‍) എന്ന വിദ്യാര്‍ഥി സംഘടനയെ പ്രകോപിപ്പിക്കുകയും അവര്‍ ബംഗ്ലാദേശ് കുടിയേറ്റക്കാര്‍ക്കെതിരെ തിരിയുകയും ചെയ്തു. അന്ന് അസാം ഭരിക്കുന്നത് പ്രഫുല്ലകുമാര്‍ മൊഹന്തയാണ്. ഇതിന്റെ തുടര്‍ച്ചയായിരുന്നു 1983ലെ നെല്ലി കൂട്ടക്കൊല. ഇന്ത്യ മാത്രമല്ല, ലോകമൊന്നടങ്കം ഞെട്ടിപ്പോയ ആ നിഷ്‌കരുണ കൊലയില്‍ ഒടുങ്ങിയത് പാവപ്പെട്ട നൂറുക്കണക്കിന് മുസ്‌ലിംകളാണ്. നിരായുധരായിരുന്നു അവര്‍. ആ സംഭവം വലിയ ഒച്ചപ്പാട് ഉണ്ടാക്കിയതോടെയാണ് കേന്ദ്രസര്‍ക്കാര്‍ 1985ല്‍ സമരക്കാരുമായി ഒത്തുതീര്‍പ്പിന് വഴങ്ങിയത്. അന്ന് കേന്ദ്രം ഭരിക്കുന്നത് കോണ്‍ഗ്രസാണ്. പ്രധാനമന്ത്രി പദത്തില്‍ രാജീവ് ഗാന്ധിയും. 1971 മാര്‍ച്ച് 24 അര്‍ധരാത്രിക്കു ശേഷം അസാമിലേക്ക് കുടിയേറിയ മുഴുവന്‍ ബംഗ്ലാദേശികളെയും നാടുകടത്താനായിരുന്നു ആ കരാറിലെ വ്യവസ്ഥ. ഒരര്‍ഥത്തില്‍ ഇരുകൂട്ടര്‍ക്കും സ്വീകാര്യമാവേണ്ടതായിരുന്നു ഈ കരാര്‍. 1971ന് മുമ്പ് അസാമിലേക്ക് കുടിയേറിയവര്‍ക്ക് ഈ നിയമം പരിരക്ഷ നല്‍കി. പക്ഷേ, സംസ്ഥാനത്തും കേന്ദ്രത്തിലും അധികാരം കൈയാളിയവര്‍ വേണ്ടത്ര ഗൗനിക്കാതെ പോയതിനാല്‍ പാളിപ്പോയ ഒരു കരാറായി അത് മാറി. 2015ല്‍ സുപ്രീം കോടതിക്ക് ഈ വിഷയത്തില്‍ ഇടപെടേണ്ടിവരികയും ചെയ്തു.

അസാമിലെ കുടിയേറ്റക്കാരെ കണ്ടെത്തുന്നതിനു വേണ്ടി പല ശ്രമങ്ങളും പല കാലങ്ങളിലും ഉണ്ടായിട്ടുണ്ട്. ഇത് അസാമിന്റെ മാത്രം കഥയല്ല, കുടിയേറ്റം ലോകത്ത് എല്ലായിടത്തും സംഭവിക്കുന്ന ഒന്നാണ്. 1947ലെ ഇന്ത്യാ-പാക് വിഭജന കാലത്ത് അസാമിലേക്ക് ബംഗ്ലാദേശില്‍ നിന്ന് കുടിയേറ്റമുണ്ടായിട്ടുണ്ട്. 1951 ലാണ് എന്‍ ആര്‍ സി (നാഷണല്‍ രജിസ്റ്റര്‍ ഓഫ് സിറ്റി സണ്‍സ്) അസാമില്‍ തങ്ങളുടെ ദൗത്യം ആദ്യമായി നിര്‍വഹിക്കുന്നത്. യഥാര്‍ഥ ഇന്ത്യക്കാരെ കണ്ടെത്തുന്നതിനുവേണ്ടിയുള്ള എന്‍ ആര്‍ സിയുടെ പരിശ്രമങ്ങളില്‍ ഭൂമി നഷ്ടപ്പെട്ടവരും കുടുംബങ്ങള്‍ നഷ്ടപ്പെട്ടവരും അനേകമാണ്. വിദ്വേഷത്തിന്റെ രാഷ്ട്രീയമാണ് അന്ന് അസാമിന്റെ മണ്ണില്‍ പാകിയത്. എസ് ആര്‍ സിയുടെ പരിഷ്‌കരിച്ച നിയമപ്രകാരം 1951ല്‍ ഈ പട്ടികയില്‍ ഉള്‍പ്പെട്ടവരും അവരുടെ പിന്‍മുറക്കാരുമാണ് യഥാര്‍ഥ അസാംകാരായി വരുന്നത്. അല്ലെങ്കില്‍ 1971 മാര്‍ച്ച് മാസം അര്‍ധരാത്രിക്ക് മുമ്പ് അസാമില്‍ എത്തിപ്പെട്ടവര്‍. പന്ത്രണ്ടില്‍പരം രേഖകളില്‍ എന്തെങ്കിലും ഒന്ന് കൈവശമുള്ളവരാണ് അസാംകാരെന്ന് ഈ നിയമം പറയുന്നുണ്ട്. പക്ഷേ, കണക്കെടുത്തപ്പോള്‍ അതില്‍ ഉള്‍പ്പെടാത്ത അനേകായിരങ്ങള്‍ ഉണ്ടായി എന്നതാണ് വസ്തുത.
പഴയ നിയമങ്ങളുടെ കരടുരേഖ പരിഷ്‌കരിച്ചാണ് 2018 ജൂലൈ 31ന് പുതിയ പട്ടിക കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിടുന്നത്. ഇതില്‍ അപാകങ്ങള്‍ ധാരാളം കണ്ടെത്തുകയുണ്ടായി. എന്‍ ആര്‍ സി ലിസ്റ്റില്‍ അച്ഛനുണ്ടെങ്കില്‍ മകനില്ലാത്ത അവസ്ഥ. ഇനി മകനും അച്ഛനുമുണ്ടെങ്കില്‍ അമ്മ പുറത്തുനില്‍ക്കേണ്ട ഗതികേട്. പൗരത്വ പട്ടികയുടെ അന്തിമ കരടില്‍ നിന്ന് മുന്‍ മുഖ്യമന്ത്രി പുറത്തായ കഥ ഇതിന്റെ അശാസ്ത്രീയതയെ കൂടുതല്‍ ബലപ്പെടുത്തുന്നുണ്ട്.

ഇന്ത്യയിലെ മുസ്‌ലിം വിഭാഗത്തില്‍ നിന്നുള്ള ആദ്യ വനിതാ മുഖ്യമന്ത്രിയായ സൈദ അന്‍വാറ തൈമൂര്‍ ആണ് പൗരത്വ പട്ടികയില്‍ നിന്ന് പുറത്തായ വനിത. ഇത് ഒരു ഉദാഹരണം മാത്രമാണ്. മുന്‍ രാഷ്ട്രപതി ഫക്രുദ്ദീന്‍ അലി അഹമ്മദിന്റെ ബന്ധുക്കള്‍ പൗരത്വ പട്ടികയില്‍ നിന്ന് പുറത്തായ വിവരം സോഷ്യല്‍ മീഡിയ ആഘോഷിച്ചതാണ്.
ബ്രിട്ടീഷ് ഭരണകാലത്ത് ബംഗാളി ഭാഷയെ ഔദ്യോഗിക ഭാഷയായി 1836ലും 1871ലും പ്രഖ്യാപിച്ചത് അസാംകാരും ബംഗാളികളും തമ്മിലുള്ള ഭാഷായുദ്ധത്തിനും വംശീയ കലഹത്തിനും ഇടയാക്കിയത് ചരിത്രമാണ്. ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ബ്രിട്ടീഷ് തന്ത്രമായിരുന്നു ഇതിന്റെ പിറകില്‍. ബംഗാളികള്‍ തിങ്ങിത്താമസിക്കുന്ന മൂന്ന് ജില്ലകളിലാണ് ബ്രിട്ടീഷുകാര്‍ കോളനി കാലത്ത് ഇങ്ങനെ ചെയ്തത്. ഇത് ബംഗാളികളെ വേര്‍തിരിച്ചു കാണാന്‍ അസാംകാരെ അന്നേ പ്രേരിപ്പിച്ചിട്ടുണ്ട്. അനധികൃത കുടിയേറ്റത്തേയും ഭാഷാ പ്രശ്‌നത്തേയും മുന്‍നിര്‍ത്തി രാഷ്ട്രീയ ലക്ഷ്യം കാണാന്‍ അസാം ഗണപരിഷത്തും ആസുവും എക്കാലവും അസാമില്‍ ശ്രമിച്ചിട്ടുണ്ട്. പലപ്പോഴും അവര്‍ക്ക് പിന്തുണ നല്‍കാന്‍ മുഖ്യധാരാ രാഷ്ട്രീയ കക്ഷികളും മത്സരിച്ചിട്ടുണ്ടെന്ന കാര്യത്തില്‍ തര്‍ക്കം വേണ്ട. അധികാരത്തിനപ്പുറം മനുഷ്യനെ കാണാന്‍ കഴിയാത്തവരായി ഇവര്‍ തരംതാണ ചരിത്രം അസാമിന്റെ ഏടുകളില്‍ എമ്പാടുമുണ്ട്.
അസാമിലെ പൗരത്വ സംബന്ധിയായ പ്രതിസന്ധിയുടെ ഏറ്റവും വലിയ ഇരകള്‍ ബംഗാളി മുസ്‌ലിംകളാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയം ഉണ്ടാവില്ല. ബി ജെ പിയുടെ ജാതി രാഷ്ട്രീയം അതിന്റെ മുഴുവന്‍ ജാഗ്രതയും ഇവിടെ എടുത്ത് പ്രയോഗിക്കും. അതിന് ആരുമായും അവര്‍ ചങ്ങാത്തത്തിലാകുമെന്ന കാര്യത്തിലും സംശയമില്ല. ബോഡോകള്‍ അതിന് ഒരു ഉദാഹരണം മാത്രം. പ്രത്യേക രാജ്യത്തിനു വേണ്ടി സായുധ രംഗത്തുള്ളവരാണ് ബോഡോ തീവ്രവാദികളെങ്കിലും ഇന്നവര്‍ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഉറ്റ സുഹൃത്തുക്കളാണ്. കാരണം, പണ്ടേ മുസ്‌ലിം വിരുദ്ധരാണ് ബോര്‍ഡോകള്‍. അവര്‍ കൊന്നു തള്ളിയ മുസ്‌ലിംകള്‍ക്ക് കൈയും കണക്കുമില്ല. അര്‍ഥം കൊടുത്തും ആയുധം കൊടുത്തും അവരെ തീറ്റിപ്പോറ്റാന്‍ ഇന്ന് അസാമില്‍ ധാരാളം പേരുണ്ട്. കോകൂജാറില്‍ വെച്ച് കൊലചെയ്യപ്പെട്ട ന്യൂനപക്ഷ വിദ്യാര്‍ഥി നേതാവ് ലാഫിയ്യുല്‍ ഇസ്‌ലാമിന്റെ കഥ ഇവിടെ ഓര്‍ക്കുക. ന്യൂനപക്ഷ വേട്ടയുടെ ഒരു ഭാഗം മാത്രമായിരുന്നു ഈ കൊല. നെല്ലി കൂട്ടക്കൊലയെ അടിസ്ഥാനപ്പെടുത്തി സുബശ്രീ കൃഷ്ണ 2015ല്‍ തയ്യാറാക്കിയ ണവമ േവേല ളശലഹറ െൃലാലായലൃ എന്ന ഡോക്യുമെന്ററി മുസ്‌ലിം വേട്ടയുടെ ഒരു യഥാര്‍ഥ ചിത്രം നമുക്ക് മുന്നില്‍ തുറന്നിടും.
മോദി സര്‍ക്കാറിന്റെ ഒത്താശയോടെ നടന്ന ഇപ്പോഴത്തെ പൗരത്വ പട്ടികക്ക് പിന്നിലെ രാഷ്ട്രീയവും മറ്റൊന്നല്ല. മുസ്‌ലിം വേട്ടയുടെ അദൃശ്യ കണ്ണികള്‍ അതിനു പിറകിലുണ്ട്.

വരാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പില്‍ അസാമില്‍ നിന്ന് 40 ലക്ഷം പേര്‍ക്ക് വോട്ടില്ലാതായാല്‍ അതിന്റെ ഗുണഭോക്താക്കളാകുക ബി ജെ പിയാണ്. മാത്രവുമല്ല, ഇതിനെ എതിര്‍ക്കുന്ന പക്ഷം ഭൂരിപക്ഷ ഹിന്ദുക്കളുടെ വോട്ട് ബി ജെ പിയുടെ പെട്ടിയില്‍ വീഴുമെന്ന് അവര്‍ക്ക് നന്നായി അറിയാം. ബംഗാളി സംസാരിക്കുന്ന മുസ്‌ലിംകള്‍ “വിദേശികളായി” മാറുന്നതോടെ ചിത്രം കൂടുതല്‍ വ്യക്തമാകുന്നു. ഇത്് മനുഷ്യത്വ പ്രശ്‌നങ്ങളുടെയോ, മനുഷ്യാവകാശത്തിന്റെയോ വിഷയമല്ല. മറിച്ച് മനുഷ്യ ജീവിതങ്ങള്‍ തന്നെ ഇല്ലാതാവുന്നതിന്റെ പ്രശ്‌നമാണ്. രാജ്യമില്ലാതെ അലയാന്‍ വിധിക്കപ്പെട്ട റോഹിംഗ്യന്‍ അഭയാര്‍ഥികളെപ്പോലെ നാളെ ഇവരും നാടുകടത്തപ്പെട്ടേക്കാം. കടലിന്റെ വിശാലതയിലേക്ക് അവരെ എടുത്തെറിയും മുമ്പ് നാം ഉണര്‍ന്നേ തീരൂ.

Latest