നിയമ കമ്മീഷന്‍ റിപ്പോര്‍ട്ട്

Posted on: September 2, 2018 9:51 am | Last updated: September 2, 2018 at 9:51 am

ബി ജെ പിയുടെ ഏക സിവില്‍ കോഡ് വാദത്തിന് തിരിച്ചടിയാണ് കഴിഞ്ഞ വെള്ളിയാഴ്ച നിയമ കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട്. നിലവിലെ ഇന്ത്യന്‍ സാഹചര്യത്തില്‍ ഏക സിവില്‍ കോഡ് അനാവശ്യവും അനഭിലഷണീയവുമാണെന്നാണ് ജസ്റ്റിസ് ബി എസ് ചൗഹാന്‍ അധ്യക്ഷനായ കമ്മീഷന്റെ നിരീക്ഷണം. ഏക സിവില്‍ കോഡിനെക്കുറിച്ചു പഠിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ 2016 ജൂണില്‍ നിയോഗിച്ച കമ്മീഷന്‍ അതിന്റെ കാലാവധി അവസാനിക്കാനിരിക്കെ പ്രസിദ്ധീകരിച്ച വ്യക്തിനിയമ പരിഷ്‌കരണങ്ങളെക്കുറിച്ച ചര്‍ച്ചാരേഖയിലാണ് ഈ നിലപാട് വ്യക്തമാക്കിയത്. ഏകസിവില്‍ കോഡിന്റെ കാര്യത്തില്‍ രാജ്യം സമവായത്തില്‍ എത്താത്തതിനാല്‍ വ്യക്തി നിയമത്തിലെ വൈവിധ്യം നിലനിര്‍ത്തുകയാണ് വേണ്ടതെന്ന് നിയമ കമ്മീഷന്‍ പറയുന്നു. വ്യക്തി നിയമത്തില്‍ സമുദായങ്ങള്‍ക്കിടയില്‍ കാണുന്ന വ്യതിരിക്തത വിവേചനമായി കാണാനാകില്ല. ജനാധിപത്യത്തിന്റെ അന്തസ്സത്തയെയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്. മിക്ക രാജ്യങ്ങളും ഇത്തരം വൈജാത്യങ്ങള്‍ അംഗീകരിക്കുന്നുണ്ട.് അതേസമയം വ്യക്തിനിയമങ്ങള്‍ ഭരണ ഘടന അനുവദിച്ച മൗലികാവകാശങ്ങള്‍ ലംഘിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് കമ്മീഷന്‍ നിര്‍ദേശിക്കുന്നു. ചുരുങ്ങിയത് അടുത്ത പത്ത് വര്‍ഷത്തേക്കെങ്കിലും ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാന്‍ കഴിയുന്ന സാഹചര്യം രാജ്യത്ത് പ്രതീക്ഷിക്കാവതല്ലെന്ന് രണ്ട് മാസം മുമ്പ് അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് പ്രതിനിധി സംഘവുമായി നടത്തിയ കൂടിക്കാഴ്ചയിലും രാജ്യത്തെ നിയമ പരിഷ്‌കരണത്തില്‍ നിര്‍ണായക പങ്കുവഹിക്കുന്ന നിയമ കമ്മീഷന്‍ ചെയര്‍മാന്‍ വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി പ്രകടനപത്രികയിലെ മുഖ്യ വാഗ്ദാനങ്ങളിലൊന്നാണ്, തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ ഏക സിവില്‍ കോഡ് നടപ്പിലാക്കും എന്നത്. 2015 ഡിസംബറില്‍ ബി ജെ പി നേതാവ് അഡ്വ. അശ്വിന്‍ കുമാര്‍ ഉപാധ്യായ ഏക സിവില്‍ കോഡ് നിയമം നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാറിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ പൊതുതാത്പര്യ ഹരജി നല്‍കിയത് അതിനുള്ള കരുനീക്കങ്ങളുടെ ഭാഗമായിരുന്നു. മുസ്‌ലിം വ്യക്തിനിയമങ്ങള്‍ പക്ഷപാതപരവും മനുഷ്യത്വവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണെന്നായിരുന്നു ഹരജിക്കാരന്റെ വാദം. വ്യക്തിനിയമത്തിനു കീഴില്‍ മുസ്‌ലിം സ്ത്രീകള്‍ വിവേചനം നേരിടുന്നുവെന്ന മറ്റൊരു പരാതിയില്‍ സുപ്രീം കോടതി പിന്നീട് സ്വമേധയാ കേസ് എടുക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഏക സിവില്‍ കോഡ് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സര്‍ക്കാര്‍ നിയമ കമ്മീഷനോട് ആവശ്യപ്പെട്ടത്. കുടുംബ നിയമം, വ്യക്തിനിയമം, ആചാരം, ബഹുഭാര്യാത്വം, കുട്ടികളെ ദത്തെടുക്കല്‍, മുത്വലാഖ് തുടങ്ങി വിവിധ വിഷയങ്ങളെ സംബന്ധിച്ച ചോദ്യാവലി തയ്യാറാക്കിയാണ് കമ്മീഷന്‍ ഇതുസംബന്ധിച്ചു പൊതുജനാഭിപ്രായം തേടിയത്.

വിവാഹം, വിവാഹമോചനം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ മുസ്‌ലിം സ്ത്രീകള്‍ കടുത്ത വിവേചനം നേരിടുന്നുവെന്ന് ആരോപിച്ചാണ് സംഘ്പരിവാര്‍ വൃത്തങ്ങള്‍ ഏക സിവില്‍ കോഡിന് വേണ്ടി വാദിക്കുന്നത്. എന്നാല്‍ ഹൈന്ദവ സ്ത്രീകള്‍ അനുഭവിക്കുന്ന വിവേചനവും ഉച്ചനീചത്വവും ഇല്ലാതാക്കാനുള്ള ഒരു നീക്കവും അവരുടെ ഭാഗത്തു നിന്നുണ്ടാകുന്നില്ല. മാത്രമല്ല, ഈ ലക്ഷ്യത്തില്‍ സര്‍ക്കാറിന്റെ ഭാഗത്തു നിന്നുണ്ടാകുന്ന സര്‍വ നീക്കങ്ങളെയും തടസ്സപ്പെടുത്തുകയാണ് അവര്‍ ചെയ്തത്. വിവാഹമോചനത്തിനുള്ള അവകാശം അടക്കം ഹിന്ദു സ്ത്രീകളെ ശാക്തീകരിക്കുന്നതിനുള്ള നിരവധി നിര്‍ദേശങ്ങളുമായി ഹിന്ദു കോഡ് ബില്‍ ഭരണഘടനാ അസംബ്ലിക്ക് മുമ്പില്‍ അവതരിപ്പിക്കപ്പെട്ടപ്പോള്‍ ആര്‍ എസ് എസും സമാനസ്വഭാവമുള്ള ഹിന്ദുത്വ ഫാസിസ്റ്റ് സംഘടനകളും നെഹ്‌റുവിനും അംബേദ്കര്‍ക്കുമെതിരെ ശക്തമായ കാമ്പയിനുമായി രംഗത്ത് വരികയായിരുന്നു. ധര്‍മ ശാസ്ത്രത്തിന്റെ അടിസ്ഥാനത്തിലുള്ള ഹിന്ദു വ്യക്തിനിയമത്തില്‍ ഇടപെടാന്‍ ഭരണഘടനാ അസംബ്ലിക്ക് അവകാശമില്ലെന്ന വാദമാണ് അന്ന് അവര്‍ ഉയര്‍ത്തിയത്. ബി ജെ പി സര്‍ക്കാര്‍ അവകാശപ്പെടുന്നത് പോലെ മുസ്‌ലിം സ്ത്രീകളുടെ സുരക്ഷയല്ല, വര്‍ണാശ്രമവ്യവസ്ഥയില്‍ അധിഷ്ഠിതമായ ഹിന്ദുത്വ ഫാസിസത്തിന്റെ ഏകശിലാത്മക സംസ്‌കാരം പ്രതിഷ്ഠിക്കാനുള്ള സംഘ്പരിവാര്‍ അജന്‍ഡയുടെ ഭാഗമാണ് ഏക സിവില്‍ കോഡിനുള്ള മുറവിളി.

മുസ്‌ലിം വ്യക്തിനിയമം സ്ത്രീ വിരുദ്ധമാണെന്ന വാദം അടിസ്ഥാന രഹിതമാണ്. ഇസ്‌ലാം ബഹുഭാര്യാത്വം അനുവദിക്കുന്നുണ്ടെങ്കിലും ഇന്ത്യന്‍ മുസ്‌ലിംകള്‍ക്കിടയില്‍ അത് അപൂര്‍വമാണെന്ന് നിയമ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ തന്നെ പറയുന്നുണ്ട്. 2011ലെ സെന്‍സസ് പ്രകാരം ഇന്ത്യയില്‍ ഏറ്റവുമധികം വിവാഹമോചനങ്ങള്‍ നടക്കുന്നത് ഹിന്ദു സമുദായത്തിലാണ്. ത്വലാഖും പുരുഷന് യഥേഷ്ടം പ്രയോഗിക്കാകുന്ന ഒന്നല്ല. ഇസ്‌ലാം അതിന് ചില കര്‍ശന നിര്‍ദേശങ്ങള്‍ വെക്കുന്നുണ്ട്. അത് പാലിക്കാതെ ആരെങ്കിലും വിവാഹമോചനം നടത്തുന്നുവെങ്കില്‍ വ്യക്തിനിയമത്തെ തച്ചുടക്കുകയല്ല, നിയമലംഘകരെ പിടികൂടുകയാണ് ന്യായമായ പരിഹാരം. രാജ്യത്തെ നിയമങ്ങള്‍ ജനങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തേണ്ടതും ലംഘിക്കുന്നവരെ മാതൃകാപരമായി ശിക്ഷിക്കേണ്ടതും സര്‍ക്കാറിന്റെയും നീതിപീഠത്തിന്റെയും ബാധ്യതയാണ്.
ഭരണഘടനയുടെ 44 ാം ഖണ്ഡിക ഏകസിവില്‍കോഡിന് ആവശ്യപ്പെടുന്നുണ്ടെന്നാണ് അനുകൂലികളുടെ വാദം. എന്നാല്‍ ഇത് ഭരണഘടനയുടെ നിര്‍ദേശക തത്വങ്ങളുടെ ഗണത്തിലാണ് പറയുന്നത്. അതേസമയം മതസ്വാതന്ത്ര്യം ഭരണഘടന അനുവദിച്ച അടിസ്ഥാനപരമായ ആറ് അവകാശങ്ങളിലൊന്നാണ്. ഈ അടിസ്ഥാനപരമായ അവകാശത്തിന് നേരെയുള്ള കൈയേറ്റമാണ് ഏക സിവില്‍ കോഡ്. വൈവിധ്യങ്ങളിലെ ഏകത എന്ന രാജ്യത്തിന്റെ സവിശേഷതയെയും സ്വത്വത്തെയും ഇത് അപകടപ്പെടുത്തും. ഏക സിവില്‍ കോഡിനെതിരെയുള്ള പോരാട്ടത്തില്‍ മതവിഭാഗങ്ങള്‍ക്കൊപ്പം രാജ്യത്തെ സ്‌നേഹിക്കുന്ന മതേതര സമൂഹവും അണിചേരുന്നത് ഇതുകൊണ്ടാണ്.