Connect with us

Articles

മലയാളി ജീവിതത്തെ വിഴുങ്ങുന്ന മഹാവിപത്തുകള്‍

Published

|

Last Updated

പ്രകൃതിയോടും മനുഷ്യരാശിയോടും സ്വര്‍ഥമോഹികളായ ഒരുകൂട്ടം മനുഷ്യര്‍ ചെയ്യുന്ന ദുഷ്‌കൃത്യങ്ങളുടെ പരിണിതഫലങ്ങള്‍ മലയാളി ജീവിതത്തിനുമേല്‍ മഹാവിപത്തുകളായി പെയ്തുതിമര്‍ക്കുകയാണ്. മഹാമാരിയും മഹാവ്യാധികളും പ്രകൃതിക്ഷോഭങ്ങളും കേരളത്തിലെ പല ഭാഗങ്ങളിലും വരുത്തിയിരിക്കുന്ന കെടുതികളുടെ തീവ്രത വിവരണങ്ങള്‍ക്കും അപ്പുറമാണ്. ഇടുക്കി, വയനാട്, പാലക്കാട് ജില്ലകളിലൊക്കെയും പ്രളയവും കനത്ത മഴയും വന്‍തോതിലുള്ള നാശനഷ്ടങ്ങള്‍ വരുത്തിവെച്ചു. മധ്യകേരളത്തിലും വടക്കന്‍കേരളത്തിലും നാശത്തിന്റെ തോത് ഭീകരമാണ്. സംസ്ഥാനത്തെ മറ്റു ഭാഗങ്ങളിലും പ്രകൃതിക്ഷോഭവും കെടുതികളും ജനജീവിതത്തെ ദുരിതപൂര്‍ണമാക്കിയിരിക്കുന്നു. കേരളത്തിലെ നദികളും പുഴകളും മറ്റു ജലാശയങ്ങളുമെല്ലാം കരകവിഞ്ഞൊഴുകി.
പ്രളയജലത്തില്‍ മനുഷ്യരും വളര്‍ത്തുമൃഗങ്ങളും സ്വത്തുവകകളുമെല്ലാം ഒലിച്ചുപോയി. മലയടിവാരങ്ങളില്‍ താമസിക്കുന്നവരെല്ലാം ഭയചകിതരാണ്. ഏറ്റവും സുരക്ഷിതമാണെന്ന് നമ്മളൊക്കെ കരുതുന്ന വീടുകളില്‍ ആര്‍ക്കും സ്വസ്ഥമായി കിടന്നുറങ്ങാന്‍ കഴിയാത്ത അവസ്ഥ. മണിമന്ദിരങ്ങളില്‍ വസിക്കുന്നവര്‍ക്കും കുടിലുകളില്‍ കഴിയുന്നവര്‍ക്കുമെല്ലാം ഇക്കാര്യത്തില്‍ ഒരേ ആശങ്കയാണ്. കാല്‍നൂറ്റാണ്ടിനുശേഷമാണ് ഇടുക്കിയിലെ ജലസംഭരണി നിറഞ്ഞുകവിയുന്നത്. ഇത്രയും അസാധാരണമായ സാഹചര്യം സംസ്ഥാനത്ത് ഇതിനുമുമ്പ് ഉണ്ടായിട്ടില്ല. കേരളത്തിലെ എല്ലാ അണക്കെട്ടുകളും തുറന്നുവിടേണ്ടിവന്നിരിക്കുന്നു. വീടും നാടും വിട്ട് സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറിയവര്‍ നൂറുകണക്കിനാണ്.

കനത്ത മഴ ഏറ്റവുമധികം നാശം വിതച്ച കുട്ടനാട്ടെ അവസ്ഥ അതിദയനീയമാണ്. ആയിരക്കണക്കിന് വീടുകള്‍ നശിച്ചതിന്റെയും കോടികളുടെ കൃഷിനാശം സംഭവിച്ചതിന്റെയും ആഘാതത്തില്‍ നിന്ന് അവിടുത്തെ ജനങ്ങള്‍ ഇപ്പോഴും മുക്തമായിട്ടില്ല. പ്രകൃതിയുടെ തിരിച്ചടികളില്‍ നിന്നും രക്ഷനേടുമ്പോള്‍ വിഭാഗീയ ചിന്തകള്‍ പോലുമില്ലാതെ എല്ലാവരും സ്വജീവന്‍ രക്ഷിക്കുക എന്ന ഒരേയൊരു ലക്ഷ്യത്തില്‍ എത്തിയിരിക്കുന്നതായി കാണാം. രക്ഷാപ്രവര്‍ത്തനങ്ങളും പുനരധിവാസങ്ങളും നടക്കുന്നുണ്ടെങ്കിലും അതൊക്കെ എത്രമാത്രം ഫലപ്രദമാകുമെന്ന സംശയമുണര്‍ത്തുന്ന വിധം പ്രളയം നാടിനെ താറുമാറാക്കിയിരിക്കുന്നു.

പ്രകൃതി ഇത്രയും രൗദ്രഭാവത്തിലെത്താന്‍ മനുഷ്യരുടെ വിവേകശൂന്യമായ പ്രവൃത്തികളും ഒരു പ്രധാനകാരണമാണ്. ഭൗതിക സുഖഭോഗങ്ങള്‍ വര്‍ധിപ്പിക്കാന്‍ പരിസ്ഥിതിയെ നശിപ്പിക്കാന്‍ മടിയില്ലാത്തവരായി മാറിയിരിക്കുകയാണ് ആധുനിക സമൂഹം. പ്രപഞ്ചത്തിന്റെ സന്തുലിതാവസ്ഥയെ തന്നെ തകിടം മറിക്കുന്ന വിധ്വംസക പ്രവര്‍ത്തനങ്ങള്‍ യാതൊരു നിയന്ത്രണവുമില്ലാതെ തുടരുകയാണ്. കാടുകള്‍ വെട്ടിവെളുപ്പിച്ചും മലകളും കുന്നുകളും ഇടിച്ചുനിരത്തിയും വയലുകളും മറ്റു നീരുറവകളും മണ്ണിട്ട് നികത്തിയുമൊക്കെ പ്രകൃതിക്ഷോഭത്തിന് വേണ്ട എല്ലാ അനുകൂലസാഹചര്യങ്ങളും ദുരാഗ്രഹികളായ മനുഷ്യര്‍ സൃഷ്ടിച്ചുവെച്ചിട്ടുണ്ട്. പരിസ്ഥിതിയെ സംരക്ഷിക്കാതെ മനുഷ്യന്‍ അടക്കമുള്ള ഒരു ജീവിവര്‍ഗത്തിനും നിലനില്‍പ്പില്ലെന്ന യാഥാര്‍ഥ്യം വിസ്മരിച്ചുകൊണ്ട് പ്രകൃതിക്കെതിരായ കൈയേറ്റങ്ങള്‍ തുടരുകയാണ്.
ആവാസവ്യവസ്ഥകളെ ഇല്ലായ്മ ചെയ്യുന്ന വിധത്തിലാണ് ഇത്തരത്തിലുള്ള അതിക്രമങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. ഇതിനു പുറമെ നിയമം ലംഘിച്ചുകൊണ്ടുള്ള അനധികൃത ഖനനങ്ങളും പ്രകൃതിദുരന്തങ്ങള്‍ക്കുള്ള ആക്കം കൂട്ടുകയാണ്. പരിസ്ഥിതിലോല പ്രദേശങ്ങളില്‍ പോലും അനധികൃത ചെങ്കല്‍കരിങ്കല്‍ ക്വാറികളുടെ പ്രവര്‍ത്തനങ്ങള്‍ സജീവമാണ്. ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലാണ് നിയമത്തെ വെല്ലുവിളിച്ചുകൊണ്ടുള്ള ഖനനം ഏറെയും നടക്കുന്നത്. ഖനനം കൂടുതലുള്ള ഭാഗങ്ങളില്‍ ഉരുള്‍പൊട്ടലും സംഭവിക്കുന്നു. നീരൊഴുക്കുകള്‍ തടഞ്ഞുകൊണ്ടുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പില്‍ക്കാലത്ത് വന്‍ പ്രകൃതിദുരന്തങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. മഴവെള്ളം ഒഴുകിപ്പോകാനും ഭൂമിക്കടിയിലേക്ക് ഊര്‍ന്നിറങ്ങാനുമുള്ള ഇടങ്ങള്‍ കുറഞ്ഞുവരുന്നതുമൂലമുള്ള പാരിസ്ഥിതികാഘാതങ്ങളും നമ്മള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നു. പരിസ്ഥിതി സംരക്ഷണത്തിന് പ്രാധാന്യം നല്‍കാതെയുള്ള വികസന പ്രവര്‍ത്തനങ്ങളിലാണ് നാടുഭരിച്ചവര്‍ താത്പര്യമെടുത്തത്. റോഡുകളും കുറേ കെട്ടിടങ്ങളുമായാല്‍ വികസനമായെന്നാണ് അധികാരികളുടെ പരമ്പരാഗത ധാരണ. എന്നാല്‍ ജീവിവര്‍ഗങ്ങളുടെ നിലനില്‍പ്പിനും സംരക്ഷണത്തിനും പരിസ്ഥിതി പരിരക്ഷിക്കപ്പെടേണ്ടതിന്റെ അനിവാര്യതയെക്കുറിച്ച് അധികാരികളും പൊതുസമൂഹവും വേണ്ടത്ര ബോധം പ്രകടമാക്കുന്നില്ല.

മലയാളികളുടെ ജീവിതം ഇത്രയും വലിയ പ്രതിസന്ധിയെ അഭിമുഖീകരിച്ച കാലഘട്ടം ഇതിനുമുമ്പ് ഉണ്ടായിരുന്നുവോയെന്ന് സംശയമാണ്. മനുഷ്യ നിര്‍മിതദുരന്തങ്ങള്‍ മനുഷ്യനെ തന്നെ കൊല്ലുന്ന പ്രതികൂല സാഹചര്യങ്ങള്‍ വര്‍ധിച്ചുവരുന്നു. പ്രകൃതിദുരന്തങ്ങള്‍ വീടുകളും സ്ഥാപനങ്ങളും കൃഷിയിടങ്ങളും മാത്രമല്ല റോഡുകളെയും കവര്‍ന്നെടുക്കുന്നു. ഗതാഗത, വൈദ്യുതി മേഖലകളും ആശയവിനിമയ സംവിധാനങ്ങളും തകര്‍ന്നുകൊണ്ടിരിക്കുന്നു. ഇക്കുറി കാലവര്‍ഷത്തില്‍ മരണപ്പെട്ടവരുടെ എണ്ണം മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇരട്ടിയാണ്. വെള്ളക്കെട്ടില്‍ മുങ്ങിയും പുഴകളില്‍ ഒലിച്ചുപോയും കടലിലകപ്പെട്ടും മരിച്ചവര്‍ക്കുപുറമെ കാലവര്‍ഷത്തില്‍ തകര്‍ന്ന റോഡുകള്‍ സ്ത്രീകളും കുട്ടികളും അടക്കം എത്രയോ പേരുടെ വിലപ്പെട്ട ജീവനുകള്‍ കവര്‍ന്നിരിക്കുന്നു. ദേശീയസംസ്ഥാന പാതകള്‍ അടക്കമുള്ള റോഡുകളില്‍ രൂപപ്പെട്ട കുഴികളും പ്രതികൂല കാലാവസ്ഥയും അപകട മരണങ്ങള്‍ക്ക് ആക്കം കൂട്ടുന്നു. ചെറിയ മഴയോട് പോലും പിടിച്ചുനില്‍ക്കാനാകാത്ത വിധം ദുര്‍ബലമായ റോഡുകളും കേരളത്തിന്റെ ശാപമാണ്. റോഡ് നിര്‍മാണത്തിലെ അഴിമതികള്‍ റോഡ് പെട്ടെന്ന് തകരാന്‍ ഇടവരുത്തുന്നുണ്ട്. കുണ്ടും കുഴിയും നിറഞ്ഞ റോഡുകളിലൂടെയുള്ള ബസ് യാത്രകളും മറ്റ് വാഹനങ്ങളിലെ യാത്രകളും ജീവന്‍ പണയം വെച്ചുള്ള സാഹസങ്ങളായി മാറിയിരിക്കുന്നു. റോഡപകടങ്ങളുമായി ബന്ധപ്പെട്ട് മരണം സംഭവിച്ചവരെക്കുറിച്ചുള്ള വാര്‍ത്തകള്‍ എല്ലാ ദിവസവും പത്രത്താളുകളില്‍ കാണാം. ഗള്‍ഫ് രാജ്യങ്ങളിലുള്ളതുപോലെ മേന്‍മയുള്ള സുരക്ഷിതമായ റോഡുകള്‍ നമ്മുടെ നാട്ടിലുണ്ടാക്കാന്‍ ആര്‍ക്കും സമയവും താത്പര്യവുമില്ല. റോഡ് നിര്‍മാണത്തില്‍ അഴിമതി നടത്തുന്ന കരാറുകാരും ഉദ്യോഗസ്ഥരും അപകടങ്ങള്‍ക്ക് ഉത്തരവാദികളാണെങ്കിലും അവരാരും നിയമത്തിനുമുന്നില്‍ വരാറില്ല. റോഡ് തകര്‍ച്ചയാണ് അപകട കാരണമെങ്കില്‍ പോലും കേസില്‍പെടുന്നത് വാഹനങ്ങള്‍ ഓടിക്കുന്നവര്‍ മാത്രമാണ്. പൗരന്റെ ജീവന്‍ സംരക്ഷിക്കേണ്ട ഉത്തരവാദിത്വത്തില്‍ അധികാരികള്‍ക്ക് സംഭവിക്കുന്ന വീഴ്ചയുടെ ഒരു ഉദാഹരണമാണ് റോഡുകളുടെ ദയനീയാവസ്ഥയെന്ന് കാണാം. യാത്രക്കാര്‍ക്ക് സുരക്ഷിതത്വം നല്‍കുന്ന വിധത്തില്‍ റോഡുകളുടെ നിലവാരം ഉയര്‍ത്താനുള്ള തിരിച്ചറിവില്‍ അധികാരികള്‍ പൊതുനിരത്തുകള്‍ കുരുതിക്കളമാകുമ്പോഴും എത്തുന്നില്ലെന്നതാണ് നിര്‍ഭാഗ്യകരം.
പ്രകൃതിയും ജീവിതരീതിയും ഒരുക്കിയ കാറിലും കോളിലുംപെട്ട് ആടിയുലയുകയാണ് മലയാളികളുടെ ജീവിതം. ജീവിതമൂല്യങ്ങളും ധാര്‍മികചിന്തകളും ആദര്‍ശആശയങ്ങളും സംയോജിപ്പിച്ചുകൊണ്ടുള്ള ജീവിതക്രമത്തിലേക്ക് ഓരോ വ്യക്തിയും കടന്നുവരാതെ ഈ വിപത്തുകളെ ചെറുത്തുതോല്‍പ്പിക്കാനാവുകയില്ല.