Connect with us

Articles

മനുഷ്യ സ്‌നേഹത്തിന്റെ തുരുത്ത്

Published

|

Last Updated

എത്ര മായ്ച്ചാലും മായാത്ത ഒത്തിരി ചിത്രങ്ങള്‍ ബാക്കി വെച്ചാണ് മഹാപ്രളയത്തില്‍ നിന്ന് കേരളം കരകയറുന്നത്. നടുക്കുന്ന ഓര്‍മകളാണ് എല്ലാമെങ്കിലും മനുഷ്യസ്‌നേഹത്തിന്റെ അതിരുകളില്ലാത്ത ആകാശം കൂടി നമുക്ക് മുമ്പില്‍ തുറക്കപ്പെട്ടു ഈ പ്രളയകാലത്ത്. കുത്തിയൊലിച്ച് കടപുഴകിയെത്തുന്ന വന്‍ മരങ്ങള്‍ക്കും ഭീമാകാരമായ പാറക്കെട്ടുകള്‍ക്കും മുമ്പില്‍ മനക്കരുത്ത് കൊണ്ടും മനുഷ്യസ്‌നേഹത്തിന്റെ വന്‍മതില്‍ കെട്ടിയും നാമൊരുക്കിയ പ്രതിരോധം ചരിത്രം മറക്കില്ല, തീര്‍ച്ച. ഇച്ഛാശക്തിയുള്ള ഒരു ഭരണകൂടവും സര്‍വം മറന്നൊരുമിച്ച മഹാ മനുഷ്യരും. ഒരു പക്ഷേ ലോക ചരിത്രത്തില്‍ ഇതിന് സമാനമായ ഒരൈക്യം നാം മുമ്പ് ദര്‍ശിച്ചിരിക്കാനിടയില്ല.
നോക്കൂ.. എന്തെന്ത് തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ട് നമുക്കിടയില്‍? രാഷ്ട്രീയം, മതം, കല, സാഹിത്യം, സംസ്‌കാരം ഏതാണ് നമുക്ക് തര്‍ക്കിക്കാനില്ലാത്ത വിഷയം? വാക്ക് കൊണ്ട് മാത്രമല്ല, കായികമായും നമ്മളെത്ര ഏറ്റുമുട്ടിയവരാണ്? കൊടി നിറങ്ങളുടെ പേരില്‍, മത ദര്‍ശനങ്ങളുടെ പേരില്‍, ജാതി വെറിയുടെ പേരില്‍ നമ്മളെത്ര പേരെ കൊന്നൊടുക്കി? അപരിഹാര്യമായ എന്തെന്ത് സംഘര്‍ഷങ്ങള്‍? എത്രയെത്ര കൊലപാതകങ്ങള്‍? അംഗവിഛേദങ്ങള്‍? രാഷ്ടീയ, ജാതീയ, മതകീയ പകപോക്കലുകളുടെ ബാക്കിപത്രമായി എത്ര നിസ്സഹായ ജന്മങ്ങള്‍ കുടുംബത്തിന്റെ തീരാനൊമ്പരമായി കിടക്കുന്നുണ്ട് നമ്മുടെ ഗ്രാമങ്ങളില്‍, നഗരങ്ങളില്‍?
ഒരൊറ്റ വെള്ളപ്പൊക്കം നമ്മെ എന്തെല്ലാം പഠിപ്പിക്കുന്നുണ്ട്? ഈ പ്രളയം നമുക്ക് നല്‍കുന്ന ഏറ്റവും വലിയ സന്ദേശം നമുക്കിടയില്‍ സ്ഥാപിതമായിട്ടുള്ള, പൊളിച്ച് നീക്കാനാകില്ല എന്ന് നമുക്ക് തോന്നുന്ന ദ്വേഷത്തിന്റെ ചെകുത്താന്‍കെട്ടുകള്‍ വെറും കുമിളകള്‍ മാത്രമാണെന്നാണ്. ആരൊക്കെയോ നമ്മളെക്കൊണ്ട് ചുടുചോര്‍ മാന്തിക്കുകയായിരുന്നു ഇത്രയും കാലം. നമുക്കൊരിക്കലും മനുഷ്യരെ വെറുക്കാന്‍ കഴിയില്ല. സ്‌നേഹമാണ് നമ്മുടെ നാടിന്റെ അവിതര്‍ക്കിത സംസ്‌കാരം. അതിരുകളില്ലാത്ത സ്‌നേഹം.

രാഷട്രീയം കൊണ്ടും മതം കൊണ്ടും ആദര്‍ശങ്ങള്‍ കൊണ്ടും ഭിന്നവഴികള്‍ സ്വീകരിക്കുമ്പോഴും അകംനിറയെ ചിരിച്ച് സംവാദാത്മകമായി നമുക്ക് മുമ്പോട്ട് പോവാന്‍ കഴിയുമായിരുന്നു. പക്ഷേ, ആരൊക്കെയോ ചേര്‍ന്ന് നമ്മെ തമ്മിലടിപ്പിക്കുകയായിരുന്നു. ചോരയൊലിപ്പിക്കുകയായിരുന്നു. നമ്മള്‍ നമ്മെ, നമ്മുടെ ഉള്ളിലെ സ്‌നേഹക്കടലിനെ തിരിച്ചറിഞ്ഞില്ല. ആര്‍ദ്രമായിരുന്ന നമ്മുടെ കണ്ണുകള്‍ ആക്രോശത്തിന്റേതായത് അങ്ങനെയാണ്. സംഗീതമായിരുന്ന നമ്മുടെ വര്‍ത്തമാനങ്ങള്‍ സംഘര്‍ഷമായതങ്ങനെയാണ്.
ഈ പ്രളയം നമുക്ക് നമ്മെ തിരിച്ചറിയാനുള്ള മുഹൂര്‍ത്തമാണ്. എത്ര ഇരമ്പിയാര്‍ത്തെത്തുന്ന മഹാപ്രളയത്തെയും ഒന്നുമല്ലാതാക്കാന്‍ നമ്മുടെ അകത്ത് നിന്ന് അണ പൊട്ടി ഒഴുകുന്ന സ്‌നേഹപ്രവാഹത്തിനാവും. ഒരു ശരാശരി മലയാളിയുടെ ഐക്യബോധമെത്രയാണെന്ന് നമുക്ക് ബോധ്യപ്പെട്ടു. മൂന്ന് വര്‍ഷം മുമ്പ് പ്രളയ ദുരന്തമനുഭവിച്ച ചെന്നൈക്കാരന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുംപോലെ “എത്താത്ത സഹായത്തെയോര്‍ത്ത് നമ്മള്‍ നിലവിളിച്ചില്ല. ആരെയും പഴി ചാരിയില്ല. നമ്മള്‍ നമുക്കിടയില്‍ തന്നെ പരിഹാരം തേടുകയായിരുന്നു”.

പള്ളികളും ചര്‍ച്ചുകളും അമ്പലങ്ങളും എത്ര പെട്ടെന്നാണ് ദുരിതാശ്വാസ ക്യാമ്പുകളായത്. ഇമാമും അച്ചനും സ്വാമിയും തങ്ങളുടെ മതക്കാര്‍ക്ക് നേരെ മാത്രമല്ല കൈ നീട്ടിയത്. സര്‍വ മനുഷ്യര്‍ക്കുമായിരുന്നു. ജൈസലിന്റെ മുതുകില്‍ ചവുട്ടി കരകയറിയത് ഫാത്വിമയും ആമിനയും മാത്രമായിരുന്നില്ല, കല്യാണിയും ജാനകിയും കൂടിയായിരുന്നു. വെച്ചുവിളമ്പിയത് ആരാണെന്ന് നോക്കിയല്ല നാം ദിവസങ്ങളോളം ഉണ്ടത്. കൊണ്ടു തന്നതാരാണെന്നും നാം അന്വേഷിച്ചില്ല. നമുക്കറിയാമായിരുന്നു, ഇത് മാനവ സ്‌നേഹത്തിന്റെ തേനുറവയില്‍ നിന്നും ഒഴുകിയെത്തുന്ന സ്‌നേഹക്കനിയാണെന്ന്.
നിസ്സാരമോ ഗൗരവമോ ആയ എന്തിന്റെ പേരിലും പരസ്പരം എത്ര പഴിപറഞ്ഞവരാണെങ്കിലും എല്ലാവരും എല്ലാവര്‍ക്കും വേണ്ടപ്പെട്ടവരാണെന്ന് നമ്മള്‍ തിരിച്ചറിഞ്ഞു. ആരും അന്യരല്ല. എല്ലാവരും ഒന്നാന്ന്. “മാനുഷരെല്ലാരുമൊന്നുപോലെ”. എല്ലാം മറന്നുള്ള മനുഷ്യ സേവനത്തിനായി ഒരവസരം പാര്‍ത്തിരിക്കുകയായിരുന്നോ നമ്മളെന്ന് തോന്നിപ്പിക്കുമാറ് നമ്മെ ഐക്യപ്പെടുത്തിയത് മറ്റൊന്നുമല്ല, നമ്മള്‍ മലയാളികള്‍ അങ്ങനെയാണ്. അല്ലങ്കില്‍ അങ്ങനെയാണ് ആകേണ്ടിയിരുന്നത്.
ഈ രണ്ടാഴ്ച നമുക്കിടയില്‍ എന്തെങ്കിലും അതിരുകളുണ്ടായിരുന്നോ? ഭൂമിശാസ്ത്രപരമായിപ്പോലും നമ്മളിത്ര അടുത്താണെന്ന് ഈ പ്രളയം നമ്മെ ബോധ്യപ്പെടുത്തുന്നില്ലേ? തെക്കു നിന്നും വടക്കു നിന്നും പരസ്പരം ഒഴുകിയെത്തിയ സ്‌നേഹപ്പൊതികള്‍ മറ്റെന്താണ് നമ്മെ ബോധ്യപ്പെടുത്തുന്നത്?
തീര്‍ച്ചയായും നമ്മള്‍ കരകയറിയിരിക്കുന്നു. മഹാപ്രളയത്തില്‍ നിന്നുമാത്രമല്ല, ദീര്‍ഘനാളായി നമ്മെ ബാധിച്ച, ദിനേന കട്ടികൂടിക്കൊണ്ടിരുന്ന വിദ്വേഷത്തിന്റെ അന്ധകാരത്തില്‍ നിന്നും. ഇനി നമ്മള്‍ തിരിച്ച് നടക്കേണ്ടത് ഈ പുതിയ വെളിച്ചത്തിലൂടെയാണ്. പഴയ ഇരുട്ടിലൂടെയല്ല.
ഇടുക്കി ഡാമില്‍ നിന്ന് ഒഴുകിയെത്തുന്ന പിടിച്ചുകെട്ടാനാകാത്ത ജലപ്രവാഹത്തിന് മുമ്പില്‍ ഏതോ ഒരാളുടെ രോഗിയായ കുഞ്ഞിനെയും കൊണ്ടോടുന്ന ആ പോലീസുകാരന്‍, തണുത്ത് വിറക്കുന്ന ദുരിതാശ്വാസ ക്യാമ്പിലെ കുഞ്ഞുങ്ങള്‍ക്കായി തന്റെ ജീവനോപാധിയായ അമ്പത് പുതപ്പുകള്‍ സൗജന്യം നല്‍കിയ രാജസ്ഥാന്‍കാരനായ വിഷ്ണു, സൈക്കിള്‍ വാങ്ങാനായി സ്വരുക്കൂട്ടിയ 1196 രൂപ ദുരിതക്കയത്തില്‍ നീന്തുന്ന പച്ചമനുഷ്യരുടെ അതിജീവനത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കയച്ച ഫാത്വിമ നദയെന്ന രണ്ടാം ക്ലാസുകാരി, സര്‍വം നഷ്ടപ്പെട്ട് ജീവനും പിടിച്ചോടുന്ന പാവം സഹോദരിമാര്‍ക്ക് ബോട്ടില്‍ കയറാനായി പുറംകുനിഞ്ഞ് നിന്ന് ചവിട്ടുപടിയൊരുക്കിയ ജൈസല്‍, പ്രളയക്കെടുതിയില്‍ വീട്ടുകാരുപേക്ഷിച്ച പട്ടിക്ക് ഭക്ഷണമെത്തിച്ച് കൊടുക്കുന്ന സാന്ത്വന വളണ്ടിയര്‍… മലയാളിക്ക് മറക്കാനാവാത്ത സ്മരണകളാണിത്.
പൂര്‍ണ ഗര്‍ഭമെത്തിയ യുവതിയെ എയര്‍ലിഫ്റ്റ് ചെയ്ത് സൈനിക ഹോസ്പിറ്റലിലെത്തിച്ച് സുഖപ്രസവത്തിന് അവസരമൊരുക്കിയ സൈനികര്‍, ഓഖിദുരന്തം വിതച്ച വറുതിയില്‍ നിന്നും കരകയറും മുമ്പ് സഹജീവികള്‍ക്കെത്തിയ പെരും ദുരന്തത്തില്‍ നിഷ്‌ക്രിയരായിരിക്കാതെ ലോറിയില്‍ ബോട്ട് കയറ്റിവന്ന് സുരക്ഷാ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട, അതിനാവശ്യമായ ചെലവുകള്‍ പങ്കിട്ടെടുത്ത “നമ്മുടെ സ്വന്തം സൈനികരായ” മത്സ്യത്തൊഴിലാളികള്‍ തീര്‍ത്താല്‍ തീരാത്ത കടപ്പാടുണ്ട് നമുക്കവരോട്.

രാപ്പകലില്ലാതെ ജനങ്ങളെ ദുരിതക്കയത്തില്‍ നിന്ന് കരകയറ്റാന്‍ അശ്രാന്തം പരിശ്രമിച്ച വാര്‍ഡ് മെമ്പര്‍ മുതല്‍ക്കുള്ള ജനപ്രതിനിധികള്‍, ലോക്കല്‍ ഓഫീസുകളിലെ ക്ലാര്‍ക്ക് മുതലുള്ള ഉദ്യോഗസ്ഥര്‍, സോഷ്യല്‍ മീഡിയയിലെ തങ്ങളുടെ ഇടങ്ങളെ സ്വയം ഒരു കണ്‍ട്രോള്‍ റൂമായി പരിവര്‍ത്തിപ്പിച്ച് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ ചടുലമാക്കിയ യുവാക്കളുള്‍പ്പെടുന്ന സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റുകള്‍, അനേകമനേകം സന്നദ്ധ സേവാ സംഘങ്ങള്‍. നാമെങ്ങനെ മറക്കും മലയാളത്തിന്റെ ഈ സ്‌നേഹ സന്ദര്‍ഭത്തെ?
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും വിവിധ സംഘടനകളുടെ ദുരിതാശ്വാസ ഫണ്ടുകളിലേക്കും കോടികളും ലക്ഷങ്ങളും ആയിരങ്ങളും സംഭാവന നല്‍കിയ അനേകമനേകം മനുഷ്യസ്‌നേഹികള്‍ക്ക് പ്രാര്‍ഥനയല്ലാതെ നമുക്കെന്ത് തിരിച്ച് നല്‍കാനാകും?

എല്ലാത്തിനും മുന്നില്‍ ആത്മവിശ്വാസത്തോടെ നിശ്ചയദാര്‍ഢ്യത്തിന്റെ ഉരുക്കു രൂപമായി നടുനിവര്‍ത്തി നിന്ന് തന്റെ ജനതക്ക് ധൈര്യംപകര്‍ന്ന “ഇരട്ടച്ചങ്കന്‍” മുഖ്യമന്ത്രി. സര്‍വോപരി, കുന്നൊലിക്കുന്ന കുത്തൊഴുക്കിനു മുമ്പില്‍ മാനവ സ്‌നേഹത്തിന്റെ വന്‍വല വിരിച്ച മനുഷ്യ മഹാസഞ്ചയം. നമുക്കഭിമാനിക്കാം മനുഷ്യ സ്‌നേഹത്തിന്റെ ഈ മഹാതുരുത്തില്‍ പിറവി കൊണ്ടതില്‍. ഇവിടെ ജീവിച്ചു തീര്‍ക്കുന്നതില്‍.

---- facebook comment plugin here -----

Latest