എന്തിനായിരുന്നു നോട്ട് നിരോധനം?

Posted on: September 1, 2018 9:33 am | Last updated: September 1, 2018 at 9:33 am

നരേന്ദ്ര മോദി സര്‍ക്കാര്‍ വലിയ കൊട്ടിഘോഷത്തോടെ നടപ്പാക്കിയ നോട്ട് നിരോധം വന്‍ പരാജമായിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് റിസര്‍വ് ബേങ്ക് വാര്‍ഷിക റിപ്പോര്‍ട്ടിലെ തിരിച്ചെത്തിയ അസാധു നോട്ടുകളുടെ കണക്ക്. നോട്ട് നിരോധം നടപ്പാക്കിയ 2016 നവംബര്‍ എട്ടിന് ക്രയവിക്രയത്തിലുണ്ടായിരുന്ന 15.41 കോടിയുടെ 500ന്റെയും 1000ത്തിന്റെയും നോട്ടുകളില്‍ 15.31 ലക്ഷം കോടിയോളം തിരിച്ചെത്തിയെന്നാണ് ബുധനാഴ്ച പ്രസിദ്ധീകരിച്ച റിസര്‍വ് ബേങ്കിന്റെ 2017-18 വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നത്. 10,720 കോടിയുടെ നോട്ടുകള്‍ മാത്രമാണ് ഇനി തിരിച്ചെത്താനുള്ളത്.

അഴിമതിക്കും കള്ളപ്പണത്തിനുമെതിരെയുള്ള യുദ്ധത്തിന്റെ ഭാഗമാണ് നോട്ടുനിരോധമെന്നായിരുന്നു രാഷ്ട്രത്തോട് നടത്തിയ അഭിസംബോധനയിലെ പ്രധാനമന്ത്രിയുടെ അവകാശ വാദം. പൊതുവ്യവഹാരത്തില്‍ ഉള്ളതിനടുത്തോ അതിനപ്പുറമോ വരും രാജ്യത്തെ കള്ളപ്പണമെന്നും വിദേശ രാജ്യങ്ങളിലും പ്രവാസി ഇന്ത്യക്കാരുടെ കൈകളിലും കണക്കില്‍പ്പെടാത്ത ഭീമമായ തുകയുണ്ടെന്നും പ്രചരിപ്പിക്കപ്പെട്ടു. നിരോധിച്ച നോട്ടുകളില്‍ മൂന്ന് ലക്ഷം കോടി രൂപ വരെ ബേങ്കുകളില്‍ മടങ്ങിയെത്തില്ല. ഇത് റിസര്‍വ് ബേങ്കിന്റെ ബാധ്യത കുറക്കും. വര്‍ധിക്കുന്ന ഈ ലാഭം നിക്ഷേപങ്ങള്‍ക്കും വികസനപ്രവര്‍ത്തനങ്ങള്‍ക്കുമായി വിനിയോഗിക്കാമെന്നുമായിരുന്നു സര്‍ക്കാര്‍ അവകാശപ്പെട്ടത്. നോട്ട് നിരോധത്തിന് മുമ്പ് ക്രയവിക്രയത്തിലുണ്ടായിരുന്ന 15 ലക്ഷം കോടിയില്‍ 12 ലക്ഷം കോടിയില്‍ കൂടുതല്‍ തിരിച്ചെത്തില്ലെന്നും അങ്ങനെ തിരിച്ചെത്തിയാല്‍ താങ്കള്‍ പറയുന്ന എന്തു പണിയും ചെയ്യാന്‍ തയ്യാറാണെന്നുമായിരുന്നു അന്ന് ഒരു ചാനല്‍ ചര്‍ച്ചയില്‍ അവതാരകനോട് കേരളത്തിലെ ഒരു പ്രമുഖ ബി ജെ പി നേതാവിന്റെ വെല്ലുവിളി. ഇത്തരം വെല്ലുവിളികള്‍ പാര്‍ട്ടിയുടെ പല ദേശീയ നേതാക്കളും നടത്തിയിരുന്നു. റിസര്‍വ് ബേങ്കിന്റെ പുതിയ കണക്ക് പുറത്തു വന്നതോടെ സര്‍ക്കാറും ബി ജെ പി നേതൃത്വവും കടുത്ത പ്രതിരോധത്തിലായിരിക്കുകയാണ്.

ഒരു മഹാസംഭവമെന്ന അവകാശവാദത്തോടെയാണ് നരേന്ദ്ര മോദി 2016 നവംബര്‍ എട്ടിന് രാത്രി നോട്ട് നിരോധം പ്രഖ്യാപിച്ചത്. മോദിയുടെ ഒരു ധീര നടപടിയായി സ്തുതി പാഠകരും കൂലിയെഴുത്തുകാരും ഇതിനെ വാഴ്ത്തുകയും ചെയ്തു. ഇത് തനിമണ്ടത്തരമാണെന്ന് അന്നേ പ്രമുഖ സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു. അവര്‍ പറഞ്ഞതു തന്നെ സംഭവിച്ചു. രാജ്യം ഇതിന് വലിയ വില കൊടുക്കേണ്ടി വന്നു. ചെറുകിട വ്യവസായം, വ്യാപാരം, കൃഷി തൊഴില്‍ തുടങ്ങിയവയെയെല്ലാം നോട്ട് നിരോധം പ്രതികൂലമായി ബാധിച്ചു. 2016 ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള പാദത്തില്‍ മൊത്തം ആഭ്യന്തര ഉത്പാദനം ഏഴ് ശതമാനമായിരുന്നത് ജനുവരി- മാര്‍ച്ച് പാദത്തില്‍ 6.1 ശതമാനമായും ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള ആ വര്‍ഷത്തെ രണ്ടാം പാദത്തില്‍ 5.7 ശതമാനമായും ഇടിഞ്ഞു. സാധാരണക്കാരനു കനത്ത കഷ്ടനഷ്ടങ്ങളും പ്രതിസന്ധി തീരാത്ത നിത്യജീവിതവുമാണ് ഇതുമൂലമുണ്ടായത്. പാര്‍ലിമെന്റ് പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി മുമ്പാകെ കഴിഞ്ഞ ജനുവരി 20നു റിസര്‍വ് ബേങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ തന്നെ ഇക്കാര്യങ്ങളൊക്കെ സമ്മതിച്ചതാണ്. ഭരണഘടന ഉറപ്പുനല്‍കുന്ന പൗരന്റെ അവകാശത്തിന്‍മേലുള്ള കടന്നുകയറ്റമായിരുന്നു യഥാര്‍ഥത്തില്‍ പൊടുന്നനെയുളള ഈ സര്‍ക്കാര്‍ നടപടി.

ചില സാമ്പത്തിക വിദഗ്ധരുമായി സര്‍ക്കാര്‍ നേരത്തെ ഇതുസംബന്ധിച്ചു ചര്‍ച്ച നടത്തിയപ്പോള്‍ ഗുണത്തേക്കാളേറേ ദോഷമായിരിക്കുമെന്ന മറുപടിയാണ് ലഭിച്ചത്. 2016 ഫെബ്രുവരിയില്‍ കേന്ദ്ര സര്‍ക്കാര്‍ ഇതുസംബന്ധിച്ചു അഭിപ്രായമാരാഞ്ഞപ്പോള്‍ ദീര്‍ഘകാലത്തില്‍ ചില നേട്ടങ്ങള്‍ ഉണ്ടായേക്കാമെങ്കിലും അതിന്റെ ഹ്രസ്വകാല പ്രത്യാഘാതങ്ങള്‍ മാരകമായിരിക്കുമെന്ന് താന്‍ അഭിപ്രായം അറിയിച്ചതായി മുന്‍ റിസര്‍വ് ബേങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ ‘ഐ ഡു വാട്ട് ഐ ഡു’ എന്ന തന്റെ പുതിയ പുസ്തകത്തിന്റെ ആമുഖത്തില്‍ പറയുന്നുണ്ട്. 2016 സെപ്തംബര്‍ മൂന്നിന് അദ്ദേഹത്തെ ആര്‍ ബി ഐ ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് നീക്കിയതിന്റെ തൊട്ടു പിന്നാലെയാണ് നോട്ട് നിരോധം പ്രഖ്യാപിച്ചത്. മാസങ്ങള്‍ നീണ്ടുനിന്ന കൂടിയാലോചനകള്‍ക്കും തയ്യാറെടുപ്പുകള്‍ക്കും ശേഷമാണ് നിരോധം നടപ്പിലാക്കിയതെന്ന സര്‍ക്കാര്‍ അവകാശവാദത്തിന്റെ പൊള്ളത്തരമാണ് ഇതു തുറന്നുകാണിക്കുന്നത്.

നോട്ടുനിരോധനം കള്ളപ്പണം തടയുമെന്ന സര്‍ക്കാര്‍ വാദത്തെ സാമ്പത്തിക വിദഗ്ധര്‍ തള്ളിക്കളയുന്നുണ്ട്. വന്‍ കള്ളപ്പണയിടപാ ടുകാരൊന്നും അതു രൂപയാക്കി എവിടെയെങ്കിലും ഒളിച്ചുവെക്കുകയില്ല. അപ്പപ്പോള്‍ തന്നെ അത് സ്വര്‍ണ്ണത്തിലോ റിയല്‍ എസ്‌റ്റേറ്റിലോ നിക്ഷേ പിക്കും. പിന്നീട് നിയമവിധേയമായ ഇടപാടുകളിലൂടെ അത് വെളുപ്പിച്ചെടുക്കുകയും ചെയ്യുമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. പിന്നെയെന്തിന് വേണ്ടിയായിരുന്നു ധൃതി പിടിച്ചുള്ള ഇത്തരമൊരു നീക്കം? സാമ്പത്തിക ശാസ്ത്രത്തിന്റെ ബാലപാഠങ്ങളെങ്കിലും അറിയാവുന്നവര്‍ പിന്തുണക്കാത്ത, ഒരു ധനകാര്യ ന്യായീകരണവുമില്ലാത്ത ഈ നടപടി ആര്‍ക്കുവേണ്ടിയായിരുന്നു? ജനങ്ങളോട് ഭരണകൂടം വെളിപ്പെടുത്തേണ്ടതുണ്ട്. ഭാവി പ്രത്യാഘാതങ്ങളെക്കുറിച്ചും സാധാരണക്കാരെ എങ്ങനെയൊക്കെ ബാധിക്കുമെന്നും കൃത്യമായും സമഗ്രമായും പഠിച്ച ശേഷമായിരിക്കണം ഇത്തരമൊരു തീരുമാനം ഭരണകൂടം കൈക്കൊള്ളേണ്ടത്. ഇവിടെ അതുണ്ടായില്ല. നോട്ട് നിരോധന തീരുമാനത്തില്‍ സര്‍ക്കാറിന് തെറ്റു പറ്റിയിട്ടില്ല; അത് സമ്പദ്‌വ്യവസ്ഥയെ നിയമവിധേയമാക്കുകയും നികുതിയും ആഭ്യന്തരോത്പാദനവും വര്‍ധിപ്പിക്കുകയും ചെയ്തുവെന്നാണ് ധന മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഇന്നലെ ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ പറഞ്ഞത്. വീണത് വിദ്യയാക്കുകയാണദ്ദേഹം. കള്ളപ്പണവും കള്ളപ്പണക്കാരും ഇപ്പോഴുമുണ്ട് രാജ്യത്തെമ്പാടും. ഇത്തരം ചെപ്പടി വിദ്യകള്‍ കൊണ്ടൊന്നും അവരെ നിയന്ത്രിക്കാനാകില്ല.