സര്‍ക്കാര്‍ നിലപാടുകളോട് സമരസപ്പെടാത്തവരെ രാജ്യദ്രോഹികളായി മുദ്രകുത്താനാകില്ല: നിയമ കമ്മീഷന്‍

Posted on: August 31, 2018 1:58 pm | Last updated: August 31, 2018 at 3:38 pm

ന്യൂഡല്‍ഹി: രാജ്യത്തേയോ രാജ്യത്തിന്റെ ഏതെങ്കിലും ദര്‍ശനങ്ങളേയോ വിമര്‍ശിക്കുന്നത് രാജ്യദ്രോഹ കുറ്റമായി കാണാനാകില്ലെന്ന് നിയമ കമ്മീഷന്‍. അക്രമത്തിലൂടെയോ നിയമവിരുദ്ധ പ്രവര്‍ത്തികളിലൂടെയോ സര്‍ക്കാറിനെ അട്ടിമറിക്കാന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളേയെ രാജ്യദ്രോഹ കുറ്റമായി കാണാനാകുവെന്നും കമ്മീഷന്‍ നിരീക്ഷിച്ചു. വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ലെങ്കില്‍ സ്വാതന്ത്ര്യലബ്ദിക്ക് മുമ്പെന്നും ശേഷമെന്നും പറയുന്ന വ്യത്യാസം ഇല്ലാതാകും.

ചരിത്രത്തെ വിമര്‍ശന വിധേയമാക്കാനും പ്രതിരോധിക്കാനുള്ള അവകാശം അഭിപ്രായ സ്വാതന്ത്ര്യമാണെന്നും ഇത് സംബന്ധിച്ച കണ്‍സള്‍ട്ടേഷന്‍ പേപ്പറില്‍ കമ്മീഷന്‍ പറയുന്നുണ്ട്. സര്‍ക്കാറിന്റെ നിലപാടുകളോടും അഭിപ്രായങ്ങളോടും ഐക്യപ്പെടാത്തവരെ രാജ്യദ്രോഹിയായി മുദ്രകുത്താനാകില്ല. സായുധ നീക്കത്തിലൂടെ സര്‍ക്കാറിനെ അട്ടിമറിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തിയോ പരാമര്‍ശമോ നടത്തിയാലെ രാജ്യദ്രോഹിയായി വിലയിരുത്താനാകുവെന്നും നിയമ കമ്മീഷന്‍ പറഞ്ഞ് വെക്കുന്നു.