പെയ്യുന്നത് ആശങ്കകളുടെ പെരുമഴ

Posted on: August 31, 2018 10:27 am | Last updated: August 31, 2018 at 10:27 am
SHARE

വെള്ളത്തില്‍ മുങ്ങിയ ജീവിതം തിരികെപ്പിടിക്കാനുള്ള പോരാട്ടമാണ് എങ്ങും. കാലങ്ങളുടെ പ്രയത്‌നം കൊണ്ട് സ്വരുക്കൂട്ടിയ സമ്പാദ്യങ്ങളെല്ലാം നിമിഷ നേരം കൊണ്ട് ഇല്ലാതായതിന്റെ സങ്കടവും വേദനയും കടിച്ചിറക്കി ഒന്നില്‍ നിന്ന് തുടങ്ങാനുള്ള തീവ്രയജ്ഞം. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി രണ്ട് ലക്ഷത്തില്‍ പരം മനുഷ്യരാണ് നീറിപ്പിടയുന്ന മനസ്സുമായി ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് പറിച്ചെറിയപ്പെട്ടത്. വെള്ളമിറങ്ങി വീടുകളിലേക്ക് മടങ്ങുമ്പോഴും ഇവരുടെയുള്ളില്‍ പെയ്യുന്നത് ആശങ്കകളുടെ പെരുമഴയാണ്.

മഹാപ്രളയത്തില്‍ ചേതനയറ്റ ചാലക്കുടിക്ക് സാധാരണ നിലയിലേക്ക് എത്താന്‍ ഇനിയുമൊരുപാട് കാത്തിരിക്കണം. ഇവിടുത്തെ കാഴ്ചകള്‍ ഹൃദയഭേദകമാണ്. വീടുകളുടെ അകത്തളങ്ങളിലെല്ലാം കെട്ടിക്കിടക്കുന്ന ചെളി നീക്കം ചെയ്യലാണ് പ്രദേശത്തെ ജനങ്ങളെ ഏറ്റവുമധികം ബുദ്ധിമുട്ടിക്കുന്നത്. വീട്ടുപകരണങ്ങളും രേഖകളും നഷ്ടപ്പെട്ടതിനു പുറമെ വിച്ഛേദിക്കപ്പെട്ട വൈദ്യുതി ബന്ധവും പലയിടത്തും ശരിയായിട്ടില്ല. മാര്‍ക്കറ്റില്‍ വെള്ളം കയറി നശിച്ച ചാക്കുകണക്കിന് അരിയും പലവ്യഞ്ജനങ്ങളും നഗര റോഡ് പരിസരങ്ങളില്‍ കുന്നുകൂടിക്കിടക്കുന്നു.
ജെ സി ബിയും മറ്റുമുപയോഗിച്ച് നീക്കം ചെയ്തു വരുന്നുണ്ടെങ്കിലും ഇപ്പോഴും ഇവ പൂര്‍ണമായി നിര്‍മാര്‍ജനം ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. ശുദ്ധജല ദൗര്‍ലഭ്യവും പ്രതിസന്ധി സൃഷ്ടിക്കുന്നു. ചാലക്കുടി താലൂക്കാശുപത്രിയിലെ മരുന്നുകളും ഉപകരണങ്ങളുമെല്ലാം നശിച്ചു. പത്ത് കോടിയോളം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. ആശുപത്രിയുടെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ കര്‍മനിരതരാണ് ഇവിടുത്തെ ജീവനക്കാര്‍.
ചാലക്കുടി- മാള അതിര്‍ത്തിയിലെ വൈന്തലയില്‍ പലരും വീടുകളിലേക്ക് തിരിച്ചെത്തിയെങ്കിലും വൈദ്യുതി, വാട്ടര്‍ കണക്ഷനുകള്‍ പുനഃസ്ഥാപിച്ചു കിട്ടിയിട്ടില്ലെന്ന് കടമ്പനാട് വീട്ടില്‍ കെ സി ബാബു പറഞ്ഞു. ‘ഞങ്ങള്‍ സുഹൃത്തുക്കളായ മുപ്പത് പേര്‍ ചേര്‍ന്ന് ഒരു സഹായ സംഘം രൂപവത്കരിച്ചിട്ടുണ്ട്. അരിയുള്‍പ്പെടെ വിവിധ പലവ്യഞ്ജന സാധനങ്ങളടങ്ങിയ കിറ്റുകള്‍ അയല്‍പ്പക്കത്തെ വീടുകളില്‍ എത്തിച്ചുകൊണ്ടിരിക്കുന്നു. പ്രായമായവരും രോഗികളുമുള്ള വീടുകളിലെത്തി അവരുടെ സ്ഥിതിഗതികള്‍ അന്വേഷിച്ചു ആവശ്യമായ സഹായങ്ങള്‍ ചെയ്യുന്നു.’

മാളയിലെ കൊച്ചുകടവ്, കുണ്ടൂര്‍, തിരുത്ത, ചെത്തിക്കോട്, മൈത്ര, കൊളത്തേരി, മേലാംതുരുത്ത്, തുമ്പരശ്ശേരി തുടങ്ങിയ പ്രദേശങ്ങളിലെ നിവാസികളെല്ലാം വീടുകളില്‍ തിരിച്ചെത്തി. എരവത്തൂര്‍, കുഴൂര്‍ എന്നിവിടങ്ങളില്‍ പലരുടെയും വീടുകള്‍ തകര്‍ന്നതോ വാസയോഗ്യമല്ലാത്തതോ ആയിട്ടുണ്ട്. അന്നമനട ഗ്രാമ പഞ്ചായത്തിലെ 9000 ത്തോളം വീടുകള്‍ തകര്‍ച്ചാ ഭീഷണിയിലുമാണ്.

കൊടുങ്ങല്ലൂര്‍ താലൂക്കില്‍ പ്രളയം ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ വിതച്ചത് എടത്തിരുത്തി പഞ്ചായത്തിലാണ്. കനോലി കനാലിന്റെ തീരത്ത് ഇരുകരകളിലുമായി പതിനായിരത്തിലേറെ കുടുംബങ്ങളെ ദുരന്തം പ്രത്യക്ഷത്തില്‍ ബാധിച്ചു. ഇപ്പോഴും ഏഴ് ക്യാമ്പുകളിലായി 139 കുടുംബങ്ങളില്‍ പെട്ട 406 അംഗങ്ങള്‍ കഴിയുന്നുണ്ട്. മാലിന്യ ശേഖരണത്തിന് ശുചിത്വ കേരള മിഷന്‍ പ്രകാരം തദ്ദേശ ഭരണ സ്ഥാപനങ്ങളെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിട്ടുണ്ടെങ്കിലും വീടുകളിലെത്തിയ കുടുംബങ്ങള്‍ക്ക് ഇവ സൂക്ഷിച്ചുവെക്കുവാന്‍ സാധിക്കാത്തത് പ്രശ്‌നമാണ്. മൂന്ന് കോടി രൂപയുടെ കൃഷിനാശം കൈപ്പമംഗലം മണ്ഡലത്തിലെ ഏഴ് പഞ്ചായത്തുകള്‍, കൊടുങ്ങല്ലൂര്‍ മുന്‍സിപ്പാലിറ്റി, പൊയ്യ പഞ്ചായത്ത് എന്നിവിടങ്ങളില്‍ സംഭവിച്ചതായാണ് പ്രാഥമിക കണക്ക്.

‘കുടിവെള്ളത്തിനു പോലും ബുദ്ധിമുട്ടുകയാണ്. കിണറില്‍ മാലിന്യങ്ങള്‍ കലര്‍ന്നതിനാല്‍ കുടിക്കാന്‍ വയ്യ. വീടിനു പിറകില്‍ മലിനജലം കെട്ടിക്കിടക്കുകയാണ്. ഇപ്പോള്‍ ചാറ്റല്‍മഴ പെയ്താല്‍ പോലും പ്രശ്‌നം രൂക്ഷമാകുന്നു.’-കൊടുങ്ങല്ലൂര്‍ തൃപ്പേക്കുളം പോനിശ്ശേരി ഷഫീന പറഞ്ഞു.
വെള്ളത്തിന്റെ കുത്തൊഴുക്കില്‍ അന്തിക്കാട്, മണലൂര്‍ത്താഴം പ്രദേശങ്ങളിലെ മൂവായിരത്തിലധികം വരുന്ന കോള്‍പ്പാടങ്ങളിലെ ഇടബണ്ടുകള്‍ പൊട്ടി. ഏനാമാക്കല്‍- ഇടിയഞ്ചിറ റെഗുലേറ്റര്‍ തുറന്നാണ് ഇവിടുത്തെ വെള്ളം കടലിലേക്ക് ഒഴിവാക്കുന്നത്. എന്നാല്‍, കാര്‍ഷികാവശ്യത്തിന് കൃത്യമായൊരളവില്‍ വെള്ളം നിലനിര്‍ത്താന്‍ തയ്യാറാകാതെ ഇപ്പോഴും റഗുലേറ്റര്‍ തുറന്നിട്ടിരിക്കുന്നത് കര്‍ഷകരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.

കരുവന്നൂര്‍ പുഴ ഗതി മാറി ഒഴുകിയതിനെ തുടര്‍ന്ന് ആറാട്ടുപുഴ- മന്ദാരംകടവ്-ചെറുപാലം, ഇല്ലിക്കല്‍ ബണ്ട് റോഡുകള്‍ പൊട്ടി 750 ഓളം വീടുകളാണ് വെള്ളത്തിലായത്. ഇവിടങ്ങളില്‍ താത്കാലിക ബണ്ട് നിര്‍മിച്ചിട്ടുണ്ട്. പ്രദേശത്തെ വില്ലേജ് ഓഫീസ് വെള്ളം കയറി പൂര്‍ണമായി നശിച്ചു. ആറാട്ടുപുഴയില്‍ നിന്ന് മുളങ്കുന്നത്തുകാവിലേക്കുള്ള പാലത്തിനു സമീപം പൊട്ടാറായ മറ്റൊരു ബണ്ട് ജൂലൈ അവസാനത്തോടെ ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ പെടുത്തി ബലപ്പെടുത്താന്‍ കഴിഞ്ഞതിനാലാണ് കൂടുതല്‍ വലിയ ദുരന്തത്തില്‍ നിന്ന് പ്രദേശം രക്ഷപ്പെട്ടതെന്ന് വില്ലേജ് ഓഫീസര്‍ സി രാജേന്ദ്രന്‍ പറഞ്ഞു. കലക്ടര്‍ അടിയന്തിരമായി അനുവദിച്ച ഒന്നര ലക്ഷം കൊണ്ടാണ് പണി പൂര്‍ത്തീകരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here