വീഴ്ചകളെന്ന് വിമര്‍ശം; അതിജീവനത്തിന് ഒറ്റക്കെട്ട്‌

അപ്രതീക്ഷിത പ്രളയക്കെടുതിയില്‍ നിന്ന് തിരിച്ചുവരുന്ന കേരളത്തിന്റെ പുനര്‍നിര്‍മിതിയുടെ ആസൂത്രണ തുടക്കമായിരുന്ന നിയമസഭയില്‍ നടന്ന പ്രത്യേക ചര്‍ച്ച. പ്രളയം വന്ന വഴിയെ ചൊല്ലി ഭിന്നാഭിപ്രായങ്ങളുയര്‍ന്നെങ്കിലും നവകേരള നിര്‍മിതിക്ക് ഒറ്റക്കെട്ടായി നില്‍ക്കുമെന്ന് നിയസഭ പ്രഖ്യാപിച്ചു. ഡാമുകള്‍ തുറന്നതിലെ അശാസ്ത്രീയത പ്രളയം വിളിച്ചുവരുത്തിയെന്നായിരുന്നു പ്രതിപക്ഷ വിമര്‍ശം. പ്രവചനങ്ങള്‍ക്കപ്പുറമുള്ള പേമാരിയാണ് കെടുതിയുടെ അടിസ്ഥാനമെന്ന് ഭരണപക്ഷവും നിലപാടെടുത്തു. ഇക്കാര്യത്തിലെ ഭിന്നത ചര്‍ച്ചകളില്‍ പ്രകടമായിരുന്നെങ്കിലും പുതിയ കേരളം സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിപക്ഷം പിന്തുണ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ച ഉപക്ഷേപത്തിന്മേല്‍ ഭരണ പ്രതിപക്ഷത്ത് നിന്ന് 41 അംഗങ്ങള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. എസ് ശര്‍മയാണ് ചര്‍ച്ചക്ക് തുടക്കമിട്ടത്. വി എസ് അച്യുതാനന്ദനും രമേശ് ചെന്നിത്തലയും അടക്കം മുതിര്‍ന്ന അംഗങ്ങള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Posted on: August 31, 2018 10:23 am | Last updated: August 31, 2018 at 10:23 am

വി എസ് അച്യുതാനന്ദന്‍
വികസന മന്ത്രം വികസന ആക്രോശമാകരുത്. കുന്നിടിച്ചും വനം കൈയേറിയും വയല്‍ നികത്തിയും തടയണകള്‍ കെട്ടിയും നടക്കുന്ന, അനധികൃതമോ അശാസ്ത്രീയമോ ആയ നിര്‍മാണങ്ങളും മറ്റ് പ്രവര്‍ത്തനങ്ങളും ഇനിയും കണ്ടില്ലെന്ന് നടിക്കാനാകില്ല. ആയിരക്കണക്കിന് നിരപരാധികളായ മനുഷ്യരുടെ ജീവനും ജീവനോപാധിയും വെച്ചുള്ള കളിയാണത്. ദുരന്ത നിവാരണത്തിലെ ശുഷ്‌കാന്തി, ദുരന്തങ്ങള്‍ ഒഴിവാക്കാനുള്ള പ്രവര്‍ത്തനങ്ങളിലും വേണം.
വികസനത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ കുറെക്കൂടി ശാസ്ത്രീയമായി പുനര്‍ നിര്‍വചിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവേണ്ട സമയമാണ്.
വികസനമെന്ന ലേബലില്‍ അനിയന്ത്രിതമായി പ്രകൃതിയില്‍ നടക്കുന്ന ഇടപെടലുകള്‍ക്ക് നിയന്ത്രണം വന്നേ തീരൂ. നിയമങ്ങള്‍ കുറെക്കൂടി കര്‍ശനവും പഴുതടച്ചുള്ളതുമാക്കണം. മൂന്നാറിലും പരിസര പ്രദേശങ്ങളിലുമുള്ള അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ചുമാറ്റുന്നതിനുമുള്ള, അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്ന പ്രക്രിയ ഇടക്ക് വെച്ച് നില്‍ക്കാനിടയായ സാഹചര്യങ്ങള്‍ പുനഃപരിശോധിക്കണം.
രമേശ് ചെന്നിത്തല
പ്രളയം ഭരണകൂട സൃഷ്ടിയാണ്. വീഴ്ച ചൂണ്ടിക്കാണിക്കേണ്ടത് പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്വമാണ്. പ്രളയമുണ്ടായ ഘട്ടം മുതല്‍ രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങള്‍ വെടിഞ്ഞ് ഭരണ, പ്രതിപക്ഷ വ്യത്യാസമില്ലാതെ ഒരുമിച്ചു പോകണമെന്നുള്ള നിലപാടാണ് പ്രതിപക്ഷം സ്വീകരിച്ചത്. വന്നതു വന്നു, നാളെ വരാന്‍ പാടില്ല, അങ്ങനെയാണെങ്കില്‍ അതിനുള്ള കാരണങ്ങള്‍ കണ്ടെത്തണം. അതുകൊണ്ടാണ് ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെടുന്നത്. ഏകോപനത്തിന്റെ കാര്യത്തില്‍ റവന്യൂ വകുപ്പ് പൂര്‍ണ പരാജയമായിരുന്നു. ഡാം മുഴുവന്‍ ഡീ കമ്മീഷന്‍ ചെയ്യണമെന്നുള്ള വാദഗതിക്കാരനല്ല ഞാന്‍. യാതൊരു മുന്നൊരുക്കവുമില്ലാതെ ഡാമുകള്‍ തുറന്നുവിട്ടതുകൊണ്ടുണ്ടായ ദുരന്തമാണ് കേരളം നേരിടുന്നത്. കേരളത്തിന്റെ പുനര്‍ നിര്‍മാണത്തിനും കേരളത്തിലെ ജനങ്ങളുടെ ജീവിത പ്രയാസങ്ങള്‍ ദൂരീകരിക്കുന്നതിനും ഈ സഭ ഒറ്റക്കെട്ടായി നില്‍ക്കണം. ഐ എം എഫില്‍ നിന്നോ വേള്‍ഡ് ബേങ്കില്‍ നിന്നോ എ ഡി ബിയില്‍ നിന്നോ വാങ്ങിയാലും സന്തോഷമാണ്. കരി ഓയില്‍ ഒഴിക്കാന്‍ ഞങ്ങള്‍ ഏതായാലും വരില്ല.
എസ് ശര്‍മ
പരിസ്ഥിതിയെകൂടി പരിഗണിച്ചുള്ള പുനരധിവാസമാണ് നടത്തേണ്ടത്. വെള്ളപ്പൊക്കത്തിന്റെ ഉയര്‍ന്ന ലെവല്‍ രേഖപ്പെടുത്തണം. ജനങ്ങള്‍ക്ക് പ്രകൃതി ദുരന്ത നിവാരണ പരിശീലനം നല്‍കണം. തീരദേശത്ത് കാറ്റാടിയും കണ്ടലും വെച്ചുപിടിപ്പിക്കണം. തുറമുഖത്തെയും അഴിമുഖത്തെയും എക്കലും മണ്ണും നീക്കം ചെയ്യണം.
വി ഡി സതീശന്‍
കുറ്റകരമായ അനാസ്ഥയുടെയും ആസൂത്രണമില്ലായ്മയുടെ ബാക്കിപത്രമാണ് ഈ മഹാദുരന്തം. ഇതൊരു പ്രകൃതി ക്ഷോഭമല്ല. മനുഷ്യനിര്‍മിതമായ ദുരന്തമാണ്. ഡാം മാനേജ്‌മെന്റിന്റെ എ ബി സി ഡി അറിയാത്തവരെ അതിന്റെ ഉത്തരവാദിത്വം ഏല്‍പ്പിച്ചു. വേലിയിറക്കമുള്ളപ്പോള്‍ ഡാം തുറന്നുവിടണമെന്ന പ്രാഥമിക വിവരം പോലും ബന്ധപ്പെട്ടവര്‍ക്കുണ്ടായില്ല. ഡാം മാനേജ്‌മെന്റില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യണം.
ഒ രാജഗോപാല്‍
തകര്‍ന്ന കേരളത്തെ പുനഃസൃഷ്ടിക്കാന്‍ രാഷ്ട്രീയക്കാര്‍ക്ക് മാത്രം കഴിയില്ല. അതിനാല്‍ വിദഗ്്ധരുടെ സഹായം തേടണം. എന്നാല്‍ പലയിടത്തും ക്യാമ്പുകള്‍ പിടിച്ചെടുക്കാന്‍ രാഷ്ട്രീയക്കാര്‍ ശ്രമിച്ചത് ദൗര്‍ഭാഗ്യകരമായി.
സി കെ ശശീന്ദ്രന്‍
പ്രളയത്തില്‍ വീട് ഭാഗികമായി തകര്‍ന്നവര്‍ക്ക് നല്‍കുന്ന തുക വര്‍ധിപ്പിക്കുന്നതിന് ഇതിന്റെ മാനദണ്ഡങ്ങള്‍ പരിഷ്‌കരിക്കണം. സംസ്ഥാനത്ത് അഗ്നി രക്ഷാ സേനയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തണം. ഓരോ പഞ്ചായത്തിലും പരിസ്ഥിതി ആഘാത പഠനം നടത്തണം.
കെ എം മാണി
കൃഷിനാശം പരിഹരിക്കാന്‍ അടിയന്തര നടപടി വേണം. നെല്‍കൃഷി തന്നെ 25,000 ഹെക്ടര്‍ നശിച്ചിട്ടുണ്ട്. കര്‍ഷകര്‍ക്കുണ്ടായിട്ടുള്ള നാശനഷ്ടങ്ങള്‍ പരിഹരിക്കാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി വേണം. മലയോര മേഖലയില്‍ താമസിക്കുന്നവരെ അവിടെ പുനരധിവസിപ്പിക്കില്ലെന്ന് പറയുന്നത് കര്‍ഷക ദ്രോഹമാണ്.
അന്‍വര്‍ സാദത്ത്
ഡാമെന്ന് കേള്‍ക്കുമ്പോള്‍ വാട്ടര്‍ ബോംബെന്നാണ് ജനങ്ങളുടെ മനസ്സില്‍ തോന്നുന്നത്. വിളിപ്പാടകലെയുള്ള സഹായ നിലവിളിക്കു മുന്നില്‍ നിസ്സഹായനായി നില്‍ക്കേണ്ടി വന്ന ജനപ്രതിനിധിയാണ് ഞാന്‍. ക്യാമ്പിലെത്തിയവര്‍ക്ക് നല്‍കുന്നതുപോലെ ക്യാമ്പില്‍ വരാത്തവര്‍ക്കും സഹായം എത്രയും വേഗം ലഭ്യമാക്കണം.
കോവൂര്‍ കുഞ്ഞുമോന്‍
നവകേരള സൃഷ്ടിക്ക് പ്രത്യേക പാക്കേജ് വേണം. ഒരു വര്‍ഷത്തേക്കുള്ള സര്‍ക്കാറിന്റെ ആര്‍ഭാടച്ചെലവുകള്‍ മാറ്റിവെച്ച് ആ തുക പുനര്‍നിര്‍മാണത്തിന് ഉപയോഗപ്പെടുത്തണം.
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
ഡാം തുറക്കുന്നതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥ തലത്തില്‍ വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം. കാലാവസ്ഥാ വ്യതിയാനങ്ങള്‍ നിരീക്ഷിക്കാനുള്ള ഏജന്‍സികള്‍ ഒന്നും ഗുണം ചെയ്തില്ല. ദുരന്തമെങ്ങനെയുണ്ടായി എന്നത് പഠിക്കാനും സര്‍ക്കാര്‍ തയ്യാറാകണം.
കെ എന്‍ എ ഖാദര്‍
കര്‍ഷകരെ പോലെ പ്രളയത്തില്‍ നാശ നഷ്ടങ്ങള്‍ നേരിട്ട ഇന്‍ഷ്വറന്‍സ് ഇല്ലാത്ത ചെറുകിട കച്ചവടക്കാരെ സഹായിക്കണം. നഷ്ടപരിഹാരങ്ങളുടെ കണക്കെടുപ്പില്‍ പഞ്ചായത്ത് അംഗങ്ങളുടെ സാന്നിധ്യം കൂടി ഉറപ്പാക്കണം. മാധവ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്ന കാര്യത്തില്‍ കേരളം പുനരാലോചന നടത്തണം. റിവര്‍ മാനേജ്‌മെന്റ് ഫണ്ട് താഴേക്കിടയില്‍ ലഭ്യമാകുന്നുവെന്ന് ഉറപ്പാക്കണം.
പി വി അന്‍വര്‍
പ്രത്യേക കാലാവസ്ഥ പരിഗണിച്ച് സ്‌കൂളുകളുടെ അവധി മെയ്, ജൂണ്‍ മാസങ്ങളിലാക്കണം. ലൈഫ് ഭവന പദ്ധതിയില്‍ പ്രളയ ദുരന്ത ബാധിതരെ ഉള്‍ക്കൊള്ളിക്കാന്‍ സിംഗിള്‍ വീട് പദ്ധതി മാറ്റി കംപാര്‍ട്ട്‌മെന്റ് വീട് പദ്ധതി നടപ്പാക്കണം. മഴവെള്ളം ഒഴുക്കി വിടാനായി പ്രത്യേകം കനാലുകള്‍ സ്ഥാപിക്കണം. കാലാവസ്ഥാ നിരീക്ഷണം പൂര്‍ണമായി വിശ്വസിക്കാന്‍ പറ്റാത്ത സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ ഇതിനായി സ്വന്തമായി ഒരു സംവിധാനമുണ്ടാക്കണം. സ്‌കൂളുകളില്‍ ഓഡിറ്റോറിയങ്ങള്‍ നിര്‍മിക്കണം. സ്വന്തമായി ദുരന്ത നിവാരണ സേന വേണം
പി സി ജോര്‍ജ്
കാര്‍ഷിക കടങ്ങള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിക്കണം. പണം ദുരുപയോഗം ചെയ്യാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇതിനായി ജനകീയ കമ്മിറ്റി വേണം.
അനൂപ് ജേക്കബ്
വിവിധ വകുപ്പുകള്‍ തമ്മിലുള്ള ഏകോപനമില്ലായ്്മയും പ്രളയക്കെടുതിയുടെ വ്യാപ്്തി കൂട്ടി. ദുരന്തത്തെ നേരിടാന്‍ ആവശ്യമുള്ള ഉപകരണങ്ങള്‍ ലഭ്യമാക്കി ഫയര്‍ ഫോഴ്‌സിനെ സജ്ജമാക്കണം.
എ പി അനില്‍കുമാര്‍
ജനങ്ങള്‍ക്കുണ്ടായ യഥാര്‍ഥ നഷ്ടം തിട്ടപ്പെടുത്തി ധനസഹായം നല്‍കിയാല്‍ മാത്രമേ നവകേരള സൃഷ്ടിയെന്ന സര്‍ക്കാര്‍ പ്രഖ്യാപനം യാഥാര്‍ഥ്യമാകൂ. ദുരിതം അനുഭവിക്കുന്നവര്‍ക്ക് ഇരുട്ടടിയായി, ചില കാരണങ്ങള്‍ പറഞ്ഞ് ക്ഷേമ പെന്‍ഷനുകള്‍ നിഷേധിക്കുകയാണ്.
സണ്ണി ജോസഫ്
അടിയന്തരമായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കേണ്ടതിനാല്‍ എം എല്‍ എമാരുടെ ആസ്തിവികസന ഫണ്ട് വര്‍ധിപ്പിക്കണം. കൂടുതല്‍ കേന്ദ്ര സഹായം തേടണം. ചുരങ്ങള്‍ക്ക് സമാന്തരമായി പുതിയ പാത നിര്‍മിക്കുന്നത് പരിശോധിക്കണം.
റോഷി അഗസ്റ്റിന്‍
റോഡുകള്‍ക്ക് പ്രത്യേക പാക്കേജ് അനുവദിക്കണം. ഇടുക്കിയാകെ ഒറ്റപ്പെട്ടിരിക്കുകയാണ്. അഞ്ച് ലക്ഷം വരെയുള്ള കാര്‍ഷിക കടമെങ്കിലും എഴുതി തള്ളണം. ധനസഹായം ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങളുടെ കാര്യത്തില്‍ വ്യക്തത വരുത്തണം.
പി ജെ ജോസഫ്
സംസ്ഥാനത്തെ ഡാമുമായി ബന്ധപ്പെട്ട് വൈദ്യുതിയേക്കാള്‍ സുരക്ഷക്ക് മുന്‍തൂക്കം നല്‍കുന്ന നടപടികള്‍ സ്വീകരിക്കണം. തുലാവര്‍ഷം മുന്‍കൂട്ടിക്കണ്ട് നിലവില്‍ ഡാമുകളിലെ ജലനിരപ്പ് കുറച്ചുകൊണ്ടുവരണം.
എം കെ മുനീര്‍
വിദഗ്ധ സമിതിയുടെ അന്വേഷണം വേണം. കേന്ദ്രസഹായത്തിനും കേരളത്തെ പുനര്‍നിര്‍മിക്കാനുള്ള പ്രക്രിയയിലും രാഷ്ട്രീയം നോക്കാതെ ഒന്നിച്ചുനില്‍ക്കും. കേന്ദ്രത്തിന്റെ ഒരു സഹായവും കേരളത്തിന് ലഭിക്കുന്നില്ല. 21 ലക്ഷം കോടി വാര്‍ഷിക ബജറ്റില്‍ നിന്നും 20,000 കോടിയുടെ നഷ്ടമുണ്ടായിട്ടുണ്ടെങ്കില്‍ അതെല്ലാം പ്രധാനമന്ത്രി നല്‍കേണ്ടതാണ്.
കെ ബി ഗണേഷ്‌കുമാര്‍
സുനാമി ഫണ്ട് കടലില്ലാത്ത കോട്ടയത്തും പാലായിലും ചെലവിട്ടവരാണ് ഓഖി ഫണ്ടില്‍ ആക്ഷേപം ഉന്നയിക്കുന്നത്. ഓഖി ഫണ്ട് അര്‍ഹതപ്പെട്ടവര്‍ക്കെല്ലാം ലഭ്യമാക്കിയിട്ടുണ്ട്. പ്രളയ രക്ഷാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ അചഞ്ചലവും മാതൃകാപരവുമായ നേതൃത്വമാണ് മുഖ്യമന്ത്രി നിര്‍വ്വഹിച്ചത്. ഒരു സ്ഥലത്തിരുന്ന് രക്ഷാ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്റെ ‘കണ്‍ട്രോള്‍ റൂം’ മുഖ്യമന്ത്രി പ്രവര്‍ത്തിപ്പിച്ചു. മികച്ച ഏകോപനമുണ്ടായി.
സണ്ണി ജോസഫ്
പ്രളയത്തിന് കാരണമായത് മാധവ ഗാഡ്ഗിലിനെയും കസ്തൂരി രംഗനെയും മറന്നതുകൊണ്ടാണെന്ന വാദം അംഗീകരിക്കാനാകില്ല. ഉരുള്‍പൊട്ടല്‍ ഏറെയും ഉണ്ടായത് മരങ്ങള്‍ തിങ്ങി വളരുന്ന ഉള്‍വനങ്ങളിലാണ്. കര്‍ണാടകയിലും കൂര്‍ഗിലും വലിയ തോതില്‍ ഉരുള്‍പൊട്ടലുണ്ടായി. കൂര്‍ഗില്‍ നിരവധി പേര്‍ മരിച്ചു. നിരവധി പേരെ കാണാതായി. തുടര്‍ച്ചയായ കനത്ത മഴയാണ് കാരണം.
പി കെ ബഷീര്‍
ആദിവാസി മേഖലയില്‍ ദുരന്തത്തില്‍ വീടുകള്‍ നഷ്ടമായവര്‍ക്ക് അവരുടെ വാസത്തിനു അനുയോജ്യമായ മേഖലയില്‍ തന്നെ വീടു നിര്‍മിച്ചു നല്‍കണം. ക്യാമ്പില്‍ കഴിയുന്നവര്‍ക്കും ബന്ധുവീട്ടിലേക്ക് പോയവര്‍ക്കും സഹായം ലഭ്യമാക്കണം.
ബി ഡി ദേവസി
രക്ഷാപ്രവര്‍ത്തനത്തിലെ ഒരുമ പുനരധിവാസത്തിലും വേണം. ഫേക്ക് ന്യൂസ് അയച്ച് ദുരന്തം ആഘോഷിച്ചവര്‍ക്കെതിരെ നടപടി വേണം.
റോജി എം ജോണ്‍
പ്രളയത്തില്‍ തകര്‍ന്ന റോഡുകള്‍ നിര്‍മിക്കാന്‍ കരാറുകാര്‍ക്ക് വ്യവസ്ഥകളില്‍ ഇളവ് നല്‍കണം. കാലടിയില്‍ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഫയര്‍സ്‌റ്റേഷന്‍ സ്ഥാപിക്കണം.
വീണാ ജോര്‍ജ്
ദുരന്തനിവാരണ മാനേജ്‌മെന്റ് സംവിധാനം പുനഃക്രമീകരിക്കണം. പുഴകള്‍ വീണ്ടെടുക്കുന്നതിന് ഊര്‍ജിതമായ നടപടികള്‍ സ്വീകരിക്കണം. ഫഌഡ് റൂട്ടിംഗ്, മാപ്പിംഗ് തുടങ്ങിയവ വേണം. ഐ ഐ ടികളുടെ സഹകരണത്തോടെ കെ എസ് ഇ ബി, ഇറിഗേഷന്‍ വകുപ്പുകള്‍ ചേര്‍ന്ന് ഇതിന് ആവശ്യമായ സംവിധാനമൊരുക്കണം.
ഷാഫി പറമ്പില്‍
പുനരധിവാസത്തിന് ബഡ്ജറ്റ് ഹൗസ് പ്ലാനിംഗ് രൂപവത്കരിക്കണം. ഹൗസിംഗ് പ്രോജെക്റ്റ് ഏര്‍പ്പാടാക്കണം. അതിജീവനത്തിന് കോണ്‍ഗ്രസ് രാഷ്ട്രീയം മറന്ന് പിന്തുണക്കും. രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട യുവജനങ്ങള്‍ക്ക് ബിഗ് സല്യൂട്ട്.
ഹൈബി ഈഡന്‍
മനുഷ്യനിര്‍മിത അപകടം. രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട മത്സ്യതൊഴിലാളികള്‍ക്ക് ആവശ്യമായ ഡീസല്‍ പോലും നല്‍കിയില്ല. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ രാഷ്ട്രീയവ്യത്യാസമില്ലാതെ നടക്കണം.
എസ് രാജേന്ദ്രന്‍
ഏതെങ്കിലും ഹോട്ടലിന് നോട്ടീസ് കൊടുത്തത് കൊണ്ട് പ്രളയം തടയാന്‍ കഴിയില്ല. 1924ല്‍ പ്രളയം ഉണ്ടായത് ഇടുക്കിയില്‍ കോണ്‍ക്രീറ്റ് ബില്‍ഡിംഗുകള്‍ ഉണ്ടായത് കൊണ്ടല്ല. ഇക്കാര്യത്തില്‍ പ്രായോഗിക സമീപനമാണ് വേണ്ടത്.