കാലാവസ്ഥാ പ്രവചനത്തില്‍ ന്യൂനതകളുണ്ടായിരുന്നു: മുഖ്യമന്ത്രി

Posted on: August 31, 2018 9:24 am | Last updated: August 31, 2018 at 9:42 am
SHARE

തിരുവനന്തപുരം: കാലാവസ്ഥാ പ്രവചനത്തില്‍ ന്യൂനതകളുണ്ടായിരുന്നുവെന്നും ഇതാണ് പ്രളയക്കെടുതി രൂക്ഷമാക്കിയതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ശക്തമായ മഴ (ഹെവി റെയിന്‍ഫാള്‍) ഏഴ് മുതല്‍ 11 സെന്റിമീറ്റര്‍ വരെയാണ്. അതിശക്തമായ മഴ പന്ത്രണ്ട് മുതല്‍ ഇരുപത് സെന്റിമീറ്റര്‍ വരെയും അതിതീവ്ര മഴ ഇരുപത് സെന്റിമീറ്ററില്‍ അധികവുമാണ്. അതിതീവ്രമഴയെന്ന പ്രവചനം കാലാവസ്ഥാ വകുപ്പ് നല്‍കിയിരുന്നില്ല.
ആഗസ്റ്റ് ഒന്ന് മുതല്‍ എട്ട് വരെ ശക്തമായ മഴ ലഭിക്കുമെന്ന പ്രവചനമാണ് ഉണ്ടായിരുന്നത്. ഒമ്പത് മുതല്‍ 15 വരെ അതിശക്തമായ മഴ ലഭിക്കുമെന്നും പ്രവചനമുണ്ടായി. എന്നാല്‍, 35.22 സെന്റിമീറ്റര്‍ മഴ പെയ്തു. അതായത് അതിശക്തമായ മഴയുടെ സ്ഥാനത്ത് അതി തീവ്രമഴയാണ് ലഭിച്ചത്.

ഇടുക്കി അണക്കെട്ടിന്റെ ഷട്ടര്‍ തുറക്കാവുന്ന കുറഞ്ഞ ഉയരം 2,373 അടിയാണ്. ഈ ഉയരത്തില്‍ വെള്ളം എത്തുന്നത് ജൂലൈ പതിനേഴിനാണ്. ജൂണ്‍ ഒന്ന് മുതല്‍ ആഗസ്റ്റ് എട്ട് വരെ പതിനഞ്ച് ശതമാനം അധികമഴയാണ് കിട്ടിയത്. അസാധാരണ സാഹചര്യമൊന്നും ഉണ്ടായിരുന്നില്ല. ആഗസ്റ്റ് ഒന്ന് മുതല്‍ എട്ട് വരെ സാധാരണ കിട്ടുന്ന മഴയേക്കാള്‍ 38 ശതമാനം കുറവായിരുന്നു. പിന്നീട് അപ്രതീക്ഷിതമായി മഴ ശക്തമായി. ആഗസ്റ്റ് 16 വരെ മഴയില്‍ 362 ശതമാനം വര്‍ധന. ഇടുക്കിയില്‍ മാത്രം 568 ശതമാനം അധിക മഴ ലഭിച്ചു. അപ്പോഴെല്ലാം കാലാവസ്ഥാ പ്രവചനം ഒരേ സ്വഭാവത്തിലുള്ളതായിരുന്നു. അപ്രതീക്ഷിത മഴ പ്രവചനത്തില്‍ വന്നതേയില്ല.
ആഗസ്റ്റ് ഒന്നിന് 2395.8 അടിയായി ഇടുക്കിയിലെ ജലനിരപ്പ്. ആഗസ്റ്റ് നാലിന് 2396.34 അടിയായി. പിന്നീട് ജലനിരപ്പ് കുറഞ്ഞു. ആഗസ്റ്റ് എട്ടിന് ജലനിരപ്പ് വര്‍ധിച്ചു. ഒന്‍പതിന് രണ്ടടി ഉയര്‍ന്ന് 2398.4 അടിയായി. ഇങ്ങനെയാണ് അണക്കെട്ട് തുറക്കേണ്ട സാഹചര്യം ഉണ്ടായത്. കാലാവസ്ഥാ നിരീക്ഷണത്തില്‍ കണ്ടെത്താന്‍ കഴിയാത്ത കാര്യങ്ങള്‍ ഡാം മാനേജ്‌മെന്റുമായി കൂട്ടിയിണക്കേണ്ട കാര്യമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

യു എ ഇ നേരത്തെ കേരളത്തിന് നല്‍കുമെന്നു പറഞ്ഞുകേട്ട തുകയല്ല, അതിനേക്കാള്‍ വലിയ തുക കേരളത്തിലേക്ക് വരുമെന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞത്. കേന്ദ്രത്തില്‍ നിന്ന് നല്ല സഹായം ലഭിക്കുമെന്നാണ് പ്രതീക്ഷ. പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവരില്‍ നിന്നുള്ള പ്രതികരണം അനുകൂലമായിരുന്നു. പുനരധിവാസത്തിന് രാജ്യാന്തര വിദഗ്ധരുടെ ഉപദേശം തേടുന്നതില്‍ വൈമുഖ്യമില്ല. അത് നാടിന് സഹായകരമാണ്. നാടിന് ചേരുന്നതും ഭാവിക്ക് ഗുണകരമായതുമായ എന്തും സ്വീകരിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here