വീണ്ടും ആള്‍ക്കൂട്ടക്കൊല; യു പിയില്‍ യുവാവിനെ തല്ലിക്കൊന്നു

Posted on: August 31, 2018 9:20 am | Last updated: August 31, 2018 at 9:42 am
SHARE

ന്യൂഡല്‍ഹി: കന്നുകാലി മോഷണം ആരോപിച്ച് രാജ്യത്ത് വീണ്ടും ആള്‍ക്കൂട്ട കൊലപാതകം. ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് ഇരുപതുകാരനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നത്. എരുമയെ മോഷ്ടിച്ചെന്ന് ആരോപിച്ചാണ് ആള്‍ക്കൂട്ടം ആക്രമണം അഴിച്ചുവിട്ടത്. ബറേലിക്കടുത്ത് ഭോലാപൂര്‍ ഹദോലിയ ഗ്രാമത്തില്‍ ഷാരൂഖ് ഖാന്‍ ആണ് മരിച്ചത്. ബുധനാഴ്ച രാത്രിയിലാണ് സംഭവം. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.

മര്‍ദനത്തെ തുടര്‍ന്ന് വൃക്കയിലും കരളിലുമുള്ള ഗുരുതര മുറിവുകളാണ് മരണത്തിനിടയാക്കിയതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ദുബൈയില്‍ ട്രെയ്‌ലറായി ജോലി ചെയ്തിരുന്ന ഷാരൂഖ് അവധിക്ക് നാട്ടിലെത്തിയതായിരുന്നു. കന്നുകാലി മോഷ്ടാക്കളെന്ന് ആരോപിച്ച് ഷാരൂഖിനെയും മൂന്ന് സുഹൃത്തുക്കളെയും ആള്‍ക്കൂട്ടം ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കൂടെ ഉണ്ടായിരുന്ന സുഹൃത്തുക്കള്‍ ഓടി രക്ഷപ്പെട്ടു. പരുക്കുകളോടെ രക്ഷപ്പെട്ട ഇവര്‍ പിന്നീട് തൊട്ടടുത്ത ആശുപത്രിയിലെത്തി ചികിത്സ തേടിയെന്നും പോലീസ് പറഞ്ഞു.

നാല് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. കണ്ടാലറിയാവുന്ന 25 പേര്‍ക്കെതിരെയും കന്നുകാലി മോഷണത്തിന് ഷാരൂഖ് ഖാനും മൂന്ന് സുഹൃത്തുക്കള്‍ക്കുമെതിരെയും കേസെടുത്തിട്ടുണ്ട്.
കന്നുകാലിയെ മോഷ്ടിക്കാന്‍ ശ്രമിച്ചതായുള്ള ആരോപണം ഷാരൂഖിന്റെ കുടുംബം തള്ളിക്കളഞ്ഞു. സുഹൃത്തുക്കളെ കാണാനായി പുറത്തിറങ്ങിയ ഷാരൂഖ് തിരികെ എത്താത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അറിയുന്നതെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു.