Connect with us

Kerala

നവകേരളത്തിന് കൈകോര്‍ത്ത്‌

Published

|

Last Updated

തിരുവനന്തപുരം: പ്രളയം നശിപ്പിച്ച കേരളം പുനര്‍നിര്‍മിക്കാന്‍ ഒരുമിച്ച് നില്‍ക്കുമെന്ന് നിയമസഭയില്‍ ഭരണ- പ്രതിപക്ഷ പ്രഖ്യാപനം. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും കേരളത്തിന്റെ പുനര്‍നിര്‍മാണത്തിലും ഒറ്റക്കെട്ടായി മുന്നേറണമെന്ന് നിയമസഭ ഐകകണ്‌ഠ്യേന അംഗീകരിച്ച പ്രമേയം ആവശ്യപ്പെട്ടു. കൂടുതല്‍ കേന്ദ്ര സഹായവും വിദേശ സഹായവും ലഭ്യമാക്കണം. പ്രളയക്കെടുതി സംബന്ധിച്ച് എട്ട് മണിക്കൂറിലധികം നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് പ്രമേയം അംഗീകരിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ച ഉപക്ഷേപത്തിന് ശേഷം 42 പേര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. അണക്കെട്ടുകള്‍ തുറന്നതില്‍ വീഴ്ചയുണ്ടായെന്നും ഇക്കാര്യത്തില്‍ സമഗ്ര അന്വേഷണം വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

പ്രളയക്കെടുതിയുടെ ആഘാതം ശാസ്ത്രീയാടിസ്ഥാനത്തില്‍ പരിശോധിക്കാനും നാശനഷ്ടങ്ങളുടെയും പുനരധിവാസ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളുടെയും കൃത്യമായ കണക്കുകള്‍ തയ്യാറാക്കാനുമായി വിദഗ്ധര്‍ ഉള്‍പ്പെടുന്ന ഒരു പ്രത്യേക ഏജന്‍സിയെ ചുമതലപ്പെടുത്തും. വിഭാഗീയ ചിന്താഗതികള്‍ക്ക് അതീതമായി കേരളത്തെ പുനര്‍നിര്‍മിക്കാനുള്ള ദൃഢനിശ്ചയത്തോടെ പുതിയ കൂട്ടായ്മയും യോജിപ്പിന്റെ പുതിയ സംസ്‌കാരവും ഉയര്‍ന്നുവരുന്നത് അഭിമാനകരമാണ്. വിദേശ രാജ്യങ്ങള്‍, ഐക്യരാഷ്ട്ര സഭ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര ഏജന്‍സികള്‍, ലോക ബേങ്ക് ഉള്‍പ്പെടെയുള്ള ധനകാര്യ ഏജന്‍സികള്‍ എന്നിവയില്‍ നിന്നുള്ള സാമ്പത്തിക സാങ്കേതിക സഹായവും സഹകരണവും കേരളത്തിന്റെ താത്പര്യം സംരക്ഷിച്ച് പ്രയോജനപ്പെടുത്തും. കൂടുതല്‍ കേന്ദ്ര സഹായം അനുവദിക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടു. 981 വില്ലേജുകളിലായി 55 ലക്ഷത്തോളം ആളുകള്‍ പ്രളയദുരന്തത്തിന് ഇരയായി. 483 പേര്‍ മരിക്കുകയും 14 പേരെ കാണാതാകുകയും ചെയ്തു. 140 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്ത കേന്ദ്ര, സംസ്ഥാന സംവിധാനങ്ങളെയും മത്സ്യത്തൊഴിലാളികള്‍, യുവാക്കള്‍, സന്നദ്ധപ്രവര്‍ത്തകര്‍. ജനപ്രതിനിധികള്‍ എന്നിവരെയും സഭ അഭിനന്ദിച്ചു.

വൈദ്യുതി, ഇറിഗേഷന്‍, റവന്യൂ വകുപ്പുകള്‍ക്ക് വീഴ്ച സംഭവിച്ചെന്ന് ചര്‍ച്ചയില്‍ പ്രതിപക്ഷം വിമര്‍ശം ഉന്നയിച്ചു. അണക്കെട്ടുകള്‍ ഒരുമിച്ച് തുറന്നതാണ് കടുത്ത പ്രളയത്തിന് ഇടയാക്കിയത്. ഇക്കാര്യത്തില്‍ സമഗ്ര അന്വേഷണം വേണം. രക്ഷാപ്രവര്‍ത്തനത്തില്‍ തുടക്കത്തില്‍ പാളിച്ച സംഭവിച്ചെന്നും പ്രതിപക്ഷം ആരോപിച്ചു. എന്നാല്‍, വിമര്‍ശങ്ങള്‍ വസ്തുതാവിരുദ്ധമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
റിസര്‍വോയറുകളുടെ പരിപാലനത്തിന് കൂടുതല്‍ കാര്യക്ഷമമായ സംവിധാനം ഉണ്ടാക്കും. അന്തര്‍സംസ്ഥാന റിസര്‍വോയര്‍ പരിപാലനത്തിലും മാറ്റം വരുത്തും. മഴക്കാലത്തും തകരാത്ത വിധം റോഡുകള്‍ പുനര്‍നിര്‍മിക്കും. വെള്ളം പെട്ടെന്ന് കയറുന്ന സ്ഥലങ്ങളിലും ഉരുള്‍പ്പൊട്ടല്‍ പ്രദേശങ്ങളിലും പുനരധിവാസം ഒഴിവാക്കും. ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്തും. ഇവിടങ്ങളിലെ കെട്ടിട നിര്‍മാണം വേണോയെന്ന കാര്യവും ആലോചിക്കും. എന്നാല്‍, ഈ മേഖലയില്‍ കൃഷി തടയില്ല.

ഫയര്‍ഫോഴ്‌സിനെയും പോലീസിനെയും ആധുനികവത്കരിക്കും. ജനങ്ങളെ ദുരന്തനിവാരണ പ്രക്രിയയില്‍ ഉള്‍പ്പെടുത്താന്‍ പദ്ധതിയുണ്ടാക്കും. കമ്മ്യൂണിറ്റി റസ്‌ക്യു വളണ്ടിയേഴ്‌സ് സ്‌കീം ശക്തിപ്പെടുത്തും. പുഴകളുടെ തീരങ്ങള്‍ സംരക്ഷിക്കും.

ഡാം സുരക്ഷ അതോറിറ്റിയെയും കാര്യക്ഷമമാക്കും. നിര്‍മാണ സാമഗ്രികളുടെ അപര്യാപ്തത മറികടക്കാനും ജീവനോപാധികള്‍ നഷ്ടമായവര്‍ക്ക് സംരക്ഷണം നല്‍കുന്നതിനൊപ്പം അവരെ കൂടി ഇന്‍ഷ്വറന്‍സ് പരിധിയില്‍ കൊണ്ടുവരാനും നടപടിയെടുക്കും. മത്സ്യത്തൊഴിലാളികളില്‍ നിന്ന് തിരഞ്ഞെടുത്ത ഇരുനൂറ് പേര്‍ക്ക് നിയമനം നല്‍കി തീരദേശ സേനയുണ്ടാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

---- facebook comment plugin here -----

Latest