Connect with us

National

ഹിസ്ബുള്‍ മുജാഹിദീന്‍ നേതാവ് സെയ്ദ് സ്വലാഹുദ്ദിന്റെ രണ്ടാമത്തെ മകനും അറസ്റ്റില്‍

Published

|

Last Updated

ശ്രീനഗര്‍: തീവ്രവാദ സംഘടനയായ ഹിസ്ബുള്‍ മുജാഹിദീന്റെ നേതാവ് സെയ്ദ് സലാഹുദ്ദീന്റെ മകന്‍ സെയ്ദ് ശക്കീല്‍ യൂസുഫിനെ എന്‍ഐഎ സംഘം അറസ്റ്റ് ചെയ്തു. ശ്രീനഗറിലെ റാംബാഗീല്‍ നടത്തിയ റെയ്ഡിന് ശേഷമായിരുന്നു അറസ്റ്റ്.

2011ല്‍ തീവ്രവാദ സംഘടനകള്‍ക്ക് പണം നല്‍കിയതുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. തീവ്രവാദ കേസില്‍ പോലീസ് തിരയുന്ന ഐജാസ് അഹമ്മദ് ഭട്ടില്‍ നിന്ന് യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വയര്‍ ട്രാന്‍സ്ഫര്‍ കമ്പനി വഴി ഷക്കീല്‍ പണം കൈപ്പറ്റിയിരുന്നതായി എന്‍ഐഎ വെളിപ്പെടുത്തി. അഹമ്മദുമായി ഷക്കീല്‍ ഫോണില്‍ നിരന്തര ബന്ധം പുലര്‍ത്തിയിരുന്നതായും എന്‍ഐഎ പറയുന്നു.

സര്‍ക്കാര്‍ ആശുപത്രിയായ ഷേറെ കാശ്മീര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ലബോറട്ടറി ടെക്‌നിഷ്യനാണ് സ്വലാഹുദ്ദീന്റെ രണ്ടാമത്തെ മകനായ ഷക്കീല്‍. എന്‍ഐഎ സംഘവും സിആര്‍പിഎഫും പോലീസും ചേര്‍ന്നാണ് ഷക്കീലിനെ പിടികൂടിയത്. സ്വലാഹുദ്ദീന്റെ മറ്റൊരു മകനായ ഷാഹിദ് യൂസുഫിനെ കഴിഞ്ഞ ജൂണില്‍ അറസ്റ്റ് ചെയ്തിരുന്നു.

Latest