Connect with us

Kerala

പ്രളയം: നയരൂപീകരണത്തില്‍ പിഴവ് സംഭവിച്ചുവെന്ന് വിഎസ്

Published

|

Last Updated

തിരുവനന്തപുരം: പ്രളയ ദുരന്തത്തിന്റെ ആക്കം കൂട്ടിയത് കേരളത്തിന്റെ നയരൂപീകരണത്തിലുണ്ടായ പിഴവാണെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍. കനത്ത മഴയാണ് പ്രളയത്തിന് കാരണമായത്. എന്നാല്‍ അതിന്റെ ആക്കം കൂട്ടിയത് കുന്നിടിച്ചിലും ഉരുള്‍പൊട്ടലുമാണ്. അതിന് കാരണമായത് നാം പ്രകൃതിയില്‍ നടത്തിയ ഇടപെടലുകളാണ്. സ്വയം വിമര്‍ശനപരമായി പറഞ്ഞാല്‍ നയരൂപീകരണത്തില്‍ പിഴവ് സംഭവിച്ചുവെന്നും വിഎസ് വിശദീകരിച്ചു. പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുന്നിടിച്ചും വനം കയ്യേറിയും വയല്‍ നികത്തിയും തടയണകള്‍ കെട്ടിയും നടക്കുന്ന, അനധികൃതമോ അശാസ്ത്രീയമോ ആയ നിര്‍മാണങ്ങളും മറ്റു പ്രവര്‍ത്തനങ്ങളും ഇനിയും കണ്ടില്ലെന്നു നടിക്കാനാവില്ല. വികസനത്തിന്റെ പേരില്‍ അനിയന്ത്രിതമായി പ്രകൃതിയില്‍ നടക്കുന്ന ഇടപെടലുകള്‍ക്കു നിയന്ത്രണം വരണം. നിയമങ്ങള്‍ കുറെക്കൂടി കര്‍ശനമാക്കണം. ശാസ്ത്രീയമായി നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ എത്രയോ കാലമായി ഇതൊക്കെ കേള്‍ക്കുന്നുണ്ടെങ്കിലും സങ്കുചിത താല്‍പര്യങ്ങളുടെ സമ്മര്‍ദത്തില്‍, എല്ലാം അവഗണിക്കുകയായിരുന്നുവെന്നും വിഎസ് കുറ്റപ്പെടുത്തി.

ഇടതുസര്‍ക്കാറിന്റ കാലാത്താണ് മൂന്നാറിലെ അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ചുമാറ്റുന്നതിന് തുടക്കമിട്ടത്. ആ പ്രക്രിയ ഇടക്കുവെച്ച് നില്‍ക്കാനുണ്ടായ സാഹചര്യം പരിശോധിക്കണം. മൂന്നാറില്‍ മാത്രമല്ല, കേരളത്തിലെമ്പാടും നടക്കുന്ന അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിച്ചുകളയുകയും കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുകയും ചെയ്യുന്ന പ്രക്രിയ പുനരാരംഭിക്കണമെന്നും വിഎസ് പറഞ്ഞു.

Latest