എതിരഭിപ്രായങ്ങള്‍ ജനാധിപത്യത്തിന്റെ സേഫ്റ്റി വാള്‍വെന്ന് സുപ്രിം കോടതി

Posted on: August 29, 2018 9:33 pm | Last updated: August 30, 2018 at 1:34 pm
SHARE

ന്യൂഡല്‍ഹി: ഭിമ കൊറേഗാവ് സംഭവത്തില്‍ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത ആക്ടിവിസ്റ്റുകളെ വീട്ടിലെത്തിക്കാന്‍ സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്. കേസില്‍ അടുത്ത വാദം കേള്‍ക്കുന്നത് വരെ ഇവരെ വീട്ടില്‍ നിന്ന് മാറ്റരുതെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഢ് . എ എം ഖാന്‍വിക്കാര്‍ എന്നിവരടങ്ങിയ ബഞ്ച് നിര്‍ദേശം നല്‍കി. കഴിഞ്ഞ ദിവസം പൂണെ പോലീസ് വീട് റെയ്ഡ് ചെയ്ത് അറസ്റ്റ് ചെയ്ത അഞ്ചു പേരെയും മഹാരാഷ്ട്രയിലേക്ക് കൊണ്ടുപോകാന്‍ പോലീസിന് കോടതി അനുമതി നിഷേധിച്ചു. അടുത്ത വ്യാഴാഴ്ച കേസ് വീണ്ടും പരിഗണിക്കും.

രാജ്യവ്യാപക റെയ്ഡ് നടത്തി ആക്ടിവിസ്റ്റുകളെ അറസ്റ്റ് ചെയ്ത പോലീസ് നടപടിക്കെതിരെ പ്രഫസര്‍മാരായ റൊമിലാ ഥാപ്പര്‍, ദേവകി ജെയ്ന്‍, പ്രഭാത് പട്‌നായിക്, സതീഷ് ദേശ്പാണ്ഡെ, മജദാറുവാല എന്നിവര്‍ നല്‍കിയ റിട്ട് ഹരജിയിലാണ് സുപ്രീംകോടതിയുടെ സുപ്രധാന ഇടപടെല്‍. ജയിലിലാക്കിയവരെ അവരുടെ വീടുകളില്‍ എത്തിക്കണം. അടുത്ത വാദം വ്യാഴാഴ്ച കേള്‍ക്കുന്നതുവരെ ഈ ഇടക്കാല ഉത്തരവ് നിലനില്‍ക്കുമെന്നും കോടതി വ്യക്തമാക്കി. ഹരജിയില്‍ മഹാരാഷ്ട്ര സര്‍ക്കാരിന് കോടതി നോട്ടീസ് അയച്ചു. അടുത്ത കേസ് പരിഗണിക്കുന്ന സെപ്റ്റംബര്‍ അഞ്ചിനകം മറുപടി സമര്‍പ്പിക്കമെന്നും ബഞ്ച് വ്യക്തമാക്കി.

എതിരഭിപ്രായങ്ങള്‍ ജനാധിപത്യത്തിന്റെ സേഫ്റ്റിവാള്‍ ആണ്. എതിരഭിപ്രായങ്ങളെ അനുവദിച്ചില്ലെങ്കില്‍ പ്രഷര്‍ കുക്കര്‍പോലെ പൊട്ടിത്തെറിക്കുമെന്നും സുപ്രീം കോടതി മുന്നറിയിപ്പ് നല്‍കി. നിയമ വിരുദ്ധമായി ഒരു അടിസ്ഥാനവുമില്ലാതെയാണ് ഇവരെ അറസ്റ്റ് ചെയ്തതെന്നും എഫ്.ഐ.ആറില്‍ അറസ്റ്റ് ചെയ്യപ്പെട്ടവരുടെ പേരില്ലെന്നും നടപടി സ്‌റ്റേ ചെയ്യണമെന്നും ഹരജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകര്‍ കോടതിയില്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here