പ്രളയ ദുരന്തം: ജുഡീഷ്യല്‍ അന്വേഷണം വേണം

Posted on: August 29, 2018 9:37 am | Last updated: August 29, 2018 at 9:38 am
SHARE

മനുഷ്യ നിര്‍രിതമായ, ഭരണകൂട നിര്‍മിതമായ ദുരന്തമായിരുന്നു പ്രളയദുരന്തം. കാര്യങ്ങള്‍ മുന്‍കൂട്ടി കാണുന്നതിലും സമയോചിതമായി പ്രവര്‍ത്തിക്കുന്നതിലും സര്‍ക്കാര്‍ വരുത്തിയ വന്‍ വീഴ്ചയാണ് വലിയ പ്രളയക്കെടുതിക്ക് കാരണമായത്. ജൂലൈ അവസാനത്തോടെ തന്നെ കേരളത്തിലെ ഡാമുകള്‍ എല്ലാം ഏറക്കുറെ സംഭരണശേഷിയുടെ പരമാവധിയിലെത്തിയിരുന്നു. അതുമൂലം പിന്നീടുവന്ന ശക്തമായ മഴയെത്തുടര്‍ന്നുണ്ടായ നീരൊഴുക്കിനെ ഉള്‍ക്കൊള്ളാന്‍ ഡാമുകള്‍ക്കായില്ല. മണ്‍സൂണ്‍ കാലയളവില്‍ വെള്ളം തുറുന്നു വിടാമായിരുന്നു.
എല്ലാ അണക്കെട്ടുകളും ഒരേ സമയം ഒരാഴ്ചയോളം തുറക്കേണ്ടിവന്നതാണ് ദുരന്തത്തിന് കാരണമായത്.

അന്തര്‍സംസ്ഥാന നദീജലബന്ധങ്ങള്‍ ശരിയായി പരിപാലിക്കുന്നതിലും അവധാനത ഉണ്ടായില്ല. അണക്കെട്ടുകള്‍ തുറക്കുന്നതിന് മുമ്പ് വേണ്ടത്ര മുന്നൊരുക്കങ്ങള്‍ സ്വീകരിക്കാതെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ആലസ്യത്തിലായിരുന്നു. സ്ഥിതിഗതികള്‍ വഷളാകുന്നത് കണ്ടിട്ടും ഉന്നതതല യോഗങ്ങള്‍ പോലും നടന്നില്ല. കേന്ദ്ര ഡാം സേഫ്റ്റി ഓര്‍ഗനൈസേഷന്റെ ഡാം സേഫ്റ്റി നടപടിക്രമങ്ങള്‍ പ്രകാരം പാലിക്കേണ്ട പല മാനദണ്ഡങ്ങളും പാലിക്കാതെയാണ് ഡാമുകള്‍ തുറന്നത്. റിസര്‍വോയര്‍ കണ്‍ട്രോള്‍ ഷെഡ്യുള്‍, റിലീസ് പ്രൊസീഡിയര്‍, ഗേറ്റ് ഓപ്പറേഷന്‍ ഷെഡ്യുള്‍ എന്നിവ അനുസരിച്ചുള്ള നടപടികള്‍ സ്വീകരിക്കുന്നത് അതുമൂലമുണ്ടാകുന്ന വെള്ളപ്പൊക്കം മുന്‍കൂട്ടി കണക്കാക്കി അത് നേരിടുന്നതിന് ആവശ്യമായ മുന്നറിയിപ്പുകള്‍ നല്‍കിയതിന് ശേഷമായിരിക്കണം. അവയുടെ നഗ്‌നമായ ലംഘനമാണ് ഇവിടെ ഉണ്ടായിട്ടുള്ളത്.
ജൂലൈ പകുതി കഴിഞ്ഞപ്പോള്‍ തന്നെ ഇടുക്കിയിലെ ഡാമുകള്‍ നിറഞ്ഞിരുന്നു. മഴ വീണ്ടും ശക്തി പ്രാപിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. വ്യാപകമായ ഉരുള്‍പൊട്ടല്‍ സാധ്യത നില നിന്നിരുന്നു. ഇതിനൊക്കെ പുറമേ മുല്ലപ്പെരിയാര്‍ നിറഞ്ഞ് അവിടെ നിന്നുള്ള വെള്ളവും ഇടുക്കിയിലെത്താനുള്ള സാധ്യത ഉണ്ടായിരുന്നു. എന്നിട്ടും ജലനിരപ്പ് പിടിച്ചു നിര്‍ത്താന്‍ വൈദ്യുത ബോര്‍ഡോ സംസ്ഥാന സര്‍ക്കാറോ നടപടികള്‍ എടുത്തില്ല.

ജലനിരപ്പ് 2397 അടിയായാല്‍ ട്രയല്‍റണ്‍ നടത്തുമെന്നാണ് വൈദ്യുതി മന്ത്രി എം എം മണി ജൂലൈ 27ന് പറഞ്ഞത്. പക്ഷേ അത് നടന്നില്ല. 2400 അടി എത്തുന്നത് വരെ കാത്തിരിക്കുകയായിരുന്നു. ചെറുതോണിക്ക് പുറമേ ഇടമലയാര്‍, ലോവര്‍ പെരിയാര്‍, കല്ലാര്‍കുട്ടി, ഭൂതത്താന്‍കെട്ട്, പൊന്മുടി, മാട്ടുപ്പെട്ടി, ചെങ്കുളം തുടങ്ങിയ എല്ലാ ഡാമുകളും ഒന്നിച്ച് തുറക്കേണ്ടിവന്നു. ഇതിനൊക്കെ പുറമേ മുല്ലപ്പെരിയാറില്‍ നിന്ന് ഇടുക്കിയിലേക്ക് തമിഴ്‌നാട് വെള്ളം തുറന്നു വിട്ടു. ചാലക്കുടി പുഴയില്‍ ആറ് ഡാമുകളാണ് ഒന്നിച്ച് തുറന്നത്. ചാലക്കുടി പുഴയിലെ ഏറ്റവും താഴത്തെ പെരിങ്ങല്‍ക്കുത്ത് ജൂണ്‍ പത്തിന് തന്നെ പൂര്‍ണ ശേഷിയിലെത്തിയിരുന്നു. പക്ഷേ ഡാം തുറക്കാന്‍ അധികൃതര്‍ തയ്യാറായില്ല. ജൂലൈ 28 മുതല്‍ ആഗസ്റ്റ് എട്ട് വരെ ഡാം നിറഞ്ഞ് കിടക്കുകയും മഴ കനക്കുകയും ചെയ്‌തെങ്കിലും ജലനിരപ്പ് താഴ്ത്താന്‍ ശ്രമിച്ചില്ല. ഇതിനിടയില്‍ അപ്പര്‍ ഷോളയാറില്‍ നിന്നും പറമ്പിക്കുളത്ത് നിന്നും തമിഴ്‌നാട് കേരളത്തിലേക്ക് വെള്ളം ഒഴുക്കിവിട്ടത് പ്രശ്‌നം വഷളാക്കി. അത് തടയാന്‍ സംസ്ഥാന സര്‍ക്കാറിന് കഴിഞ്ഞില്ല.
പമ്പയില്‍ ഒമ്പത് ഡാമുകളാണ് തുറന്നത്. മൂഴിയാര്‍, കൊച്ചുപമ്പ, സീതത്തോട്, കക്കി, മണിയാര്‍ പെരുന്തേനരുവി തുടങ്ങിയവയും സീതത്തോട് പ്രദേശത്തെ ചെറിയ ഡാമുകളും തുറന്നു. ഈ ഡാമുകള്‍ നേരത്തെ ക്രമമായി തുറന്ന് വിട്ടിരുന്നെങ്കില്‍ പമ്പാ തീരത്തെ അപ്രതീക്ഷിത വെള്ളപ്പൊക്കം ഒഴിവാക്കാമായിരുന്നു. പരമാവധി ലെവലില്‍ എത്തുമ്പോള്‍ ഡാമുകള്‍ തുറക്കുക എന്ന തത്വം മാത്രമാണ് കെ എസ് ഇ ബിയും ജലവിഭവ വകുപ്പും അനുവര്‍ത്തിച്ചത്.
മലമ്പുഴ ഡാമിന്റെ ഷട്ടര്‍ ആഗസ്റ്റ്് എട്ടിന് ഒരു മുന്നറിയിപ്പും കൂടാതെ 180 സെ. മി ആയി ഉയര്‍ത്തി. ഇത് മൂലം കല്‍പ്പാത്തി പുഴയിലൂടെയും തോടുകളിലൂടെയും വെള്ളം കുത്തി ഒഴുകി. പാലക്കാട് ടൗണിലേക്ക് പോലും വെള്ളം കയറി. ബാണാസുര സാഗര്‍ സാധരണ 50 സെ. മി ആണ് തുറക്കാറ്. ഇത്തവണ അത് 230 സെ.മി ആക്കിയതാണ് പ്രളയത്തിന് കാരണമായത്.
ഇത്രയും ഡാമുകള്‍ തുറന്നു വിടുമ്പോള്‍ പ്രളയം ഉണ്ടാകുമെന്ന് കണ്ട് മുന്നറിയിപ്പ് നല്‍കുന്നതിലും ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നതിലും പൊറുക്കാനാകാത്ത വീഴ്ചയാണ് ഉണ്ടായത്. 12 ലക്ഷത്തിലേറെ പേരാണ് അഭയാര്‍ഥികളായി ക്യാമ്പുകളിലെത്തിയത്. ജനങ്ങള്‍ അഞ്ച് ദിവസത്തോളം നരക യാതന അനുഭവിച്ചു. ഇതിന്റെ പൂര്‍ണ ഉത്തരവാദി ദുരന്ത നിവാരണ അതോറിറ്റിയുടെ ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രിയാണ്. എല്ലാ വിധ മുന്നറിയിപ്പുകളും യഥാ സമയം നടത്തി, നടപടി ക്രമങ്ങളെല്ലാം പാലിച്ചാണ് ഡാമുകള്‍ തുറന്നത് എന്നാണ് മുഖ്യമന്ത്രി ആവര്‍ത്തിച്ചത്. അത് ശരിയാണെങ്കില്‍ കുറ്റം ജനങ്ങള്‍ക്കാണ്. ഒഴിഞ്ഞ് പോകണമെന്ന് പറഞ്ഞിട്ടും അത് കേള്‍ക്കാതെ ജനങ്ങള്‍ അവിടെ തന്നെ ഇരുന്നു എന്നാണോ മുഖ്യമന്ത്രി അര്‍ഥമാക്കുന്നത്?

എന്നാല്‍ മുഖ്യമന്ത്രി പറയുന്ന ഈ മുന്നറിയിപ്പുകളില്‍ ഇടുക്കിയിലെ ചെറുതോണി ഒഴികെ മറ്റൊന്നും ജനങ്ങള്‍ അറിഞ്ഞ കാര്യങ്ങളല്ല. ആലുവ, കാലടി, പെരുമ്പാവൂര്‍, പറവൂര്‍, ചാലക്കുടി, വൈക്കം, ചെങ്ങന്നൂര്‍ തുടങ്ങിയ ഭാഗങ്ങളില്‍ ഒന്നും മുന്നറിയിപ്പുണ്ടായില്ല. പത്തനംതിട്ടയില്‍ മുന്നറിയിപ്പ് വാഹനങ്ങള്‍ തന്നെ വെള്ളത്തിലായി.
നൂറ് മീറ്ററിനുള്ളില്‍ താമസിക്കുന്നവര്‍ മാറി താമസിക്കണമെന്നാണ് മുന്നറിയിപ്പ് നല്‍കിയിരുന്നത്. പക്ഷേ, പെരിയാറ്റിലും പമ്പയിലും കിലോമീറ്ററുകളോളം ഉള്ളിലേക്ക് വെളളം കയറി. രാത്രിയില്‍ വീടുകളിലേക്ക് വെള്ളം കുതിച്ച് കയറിയപ്പോള്‍ ജനങ്ങള്‍ ഓടി രക്ഷപ്പടുകയോ രണ്ടാം നിലകളിലേക്കും മട്ടുപ്പാവുകളിലേക്കും ഓടിക്കയറുകയോ ആണ് ചെയ്തത്. ചെങ്ങന്നൂരിലും തിരുവല്ലയിലും മറ്റും രാത്രി ഒരു മണിക്കാണ് വെള്ളം കയറിയത്. കെ എസ് ഇ ബിയുടെ 2018 ആഗസ്റ്റ് ഒന്നിലെ ഉത്തരവില്‍ ഇടുക്കി, ഇടമലയാര്‍ പമ്പ, കക്കി റിസര്‍ വോയറുകള്‍ നിറയുമ്പോള്‍ സ്വീകരിക്കേണ്ട മുന്‍കരുതല്‍, അതി ജാഗ്രത, അതിതീവ്ര ജാഗ്രത നിര്‍ദേശങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. ഈ ഉത്തരവ് പ്രകാരം സ്വീകരിക്കേണ്ട നടപടികളില്‍ കുറച്ച് കാര്യങ്ങള്‍ ഇടുക്കി ചെറുതോണി ഡാമുകളില്‍ നടപ്പാക്കിയെങ്കിലും മറ്റ് പ്രധാന ഡാമുകളിലൊന്നും സ്വീകരിച്ചില്ല.

രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിന്നക്കുതിലും വന്‍വീഴ്ചയാണ് സംഭവിച്ചത്. സന്നദ്ധപ്രവര്‍ത്തകരും നാട്ടുകാരും സൈന്യവുമാണ് ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. ഓഖി ദുരന്ത ബാധിതര്‍ക്കായി പിരിച്ച 100 കോടി രൂപയില്‍ 25 കോടി രൂപ മാത്രമേ ഇതുവരെ ചെലവഴിച്ചിട്ടുള്ളൂ എന്നത് കൂടി ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതാണ്.

നാടിനെ ആകെ ബാധിച്ച ഈ കെടുതിയില്‍ പ്രതിപക്ഷം രാഷ്ട്രീയം മറന്ന് സര്‍ക്കാറിനോട് സര്‍വാത്മനാ സഹകരിക്കുകയാണുണ്ടായത്. സംസ്ഥാനത്തിന്റെ കാര്‍ഷിക, സാമ്പത്തിക, വ്യാവസായിക, തൊഴില്‍ മേഖലകളില്‍ ഈ ദുരന്തം വലിയ പ്രത്യാഘാതമാണ് ഉണ്ടാക്കാന്‍ പോകുന്നത്. ഇരുപതിനായിരം കോടിയിലധികം നഷ്ടമാണ് പ്രാഥമികമായി കണക്കാക്കുന്നതെങ്കിലും യഥാര്‍ഥ നഷ്ടം അതിന്റെ പതിന്മടങ്ങാണ്. വീടുകളുടെ പുനര്‍നിര്‍മാണവും കാര്‍ഷിക മേഖലയിലുണ്ടായ നഷ്ടങ്ങള്‍ക്ക് പരിഹാരം കാണുന്നതും വന്‍ സാമ്പത്തിക ബാധ്യതയാണ്.
ഇപ്പോള്‍ ഉണ്ടായ ഈ ദുരന്തത്തെ ഒരു പാഠമായി ഉള്‍ക്കൊണ്ടുകൊണ്ട് സമഗ്രമായ പരിശോധനകളും പരിഹാരക്രിയകളും നടത്തേണ്ടത് അത്യന്താപേക്ഷിതമാണ്. അതിന് ഈ ദുരന്തം എങ്ങനെ വന്നു എന്നതിനെപ്പറ്റി ഒരു അന്വേഷണം അനിവാര്യമാണ്. ജുഡീഷ്യല്‍ അന്വേഷണത്തിന് മാത്രമേ യഥാര്‍ഥ വസ്തുതകള്‍ പുറത്തുകൊണ്ടുവരാന്‍ സാധിക്കൂ.