Connect with us

Editorial

റോഹിംഗ്യ: യു എന്‍ റിപ്പോര്‍ട്ട്

Published

|

Last Updated

മ്യാന്‍മറിലെ രാഖിനെ പ്രവിശ്യയില്‍ നടന്നത് ക്രൂരമായ വംശഹത്യയാണെന്ന് യു എന്‍ വസ്തുതാന്വേഷണ സമിതിയും കണ്ടെത്തിയിരിക്കുന്നു. ആയിരക്കണക്കിന് റോഹിംഗ്യന്‍ മുസ്‌ലിംകള്‍ കൊല്ലപ്പെടുകയും ലക്ഷക്കണക്കിനാളുകള്‍ അഭയാര്‍ഥികളാകുകയും ചെയ്ത ഏറ്റവും പുതിയ ആക്രമണ പരമ്പര നടന്ന് ഒരു വര്‍ഷം പിന്നിടുമ്പോഴാണ് യു എന്‍ മനുഷ്യാവകാശ സമിതിയുടെ റിപ്പോര്‍ട്ട് പുറത്ത് വരുന്നത്. സൈനിക നേതൃത്വത്തെയും ആംഗ് സാന്‍ സൂകിയുടെ നേതൃത്വത്തിലുള്ള സിവിലിയന്‍ സര്‍ക്കാറിനെയും ഒരു പോലെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നതാണ് റിപ്പോര്‍ട്ട്. സൈനിക മേധാവിയടക്കം ആറ് ജനറല്‍മാരെ വംശഹത്യാ കുറ്റത്തിന് വിചാരണ ചെയ്യണമെന്ന് യു എന്‍ മനുഷ്യാവകാശ കമ്മീഷന്‍ നിയോഗിച്ച മൂന്നംഗ വസ്തുതാന്വേഷണ സംഘം ശിപാര്‍ശ ചെയ്തിരിക്കുന്നു.

വിദ്വേഷം വളരാന്‍ അവസരമൊരുക്കിയും രേഖകള്‍ നശിപ്പിച്ചും സൈനിക അതിക്രമങ്ങളില്‍ നിന്ന് ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാതെയും ആംഗ് സാന്‍ സൂകിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വംശഹത്യക്ക് കൂട്ടുനില്‍ക്കുകയായിരുന്നുവെന്നും സമൂഹ മാധ്യമമായ ഫേസ്ബുക്ക് വംശീയ വിദ്വേഷം പടര്‍ത്താന്‍ ഉപയോഗിക്കപ്പെട്ടുവെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. കൂട്ടക്കൊല, കൂട്ടമാനഭംഗങ്ങള്‍, ഗ്രാമങ്ങള്‍ തീവെച്ച് നശിപ്പിക്കല്‍, മാതാപിതാക്കളുടെ മുന്നില്‍ വെച്ച് കുട്ടികളെ കൊലപ്പെടുത്തല്‍ തുടങ്ങിയ ഒട്ടേറെ മനുഷ്യത്വരഹിത നടപടികളുടെ വിവരങ്ങളും റിപ്പോര്‍ട്ടിലുണ്ട്. വിചാരണ നേരിടേണ്ടവരില്‍ പ്രധാനികളായ ആറ് സൈനിക ഉദ്യോഗസ്ഥരുടെ പേര് റിപ്പോര്‍ട്ടില്‍ എടുത്തു പറഞ്ഞിട്ടുണ്ട്. 20 പേജുള്ള റിപ്പോര്‍ട്ടില്‍ സൂകി തന്റെ ധാര്‍മിക അധികാരം അല്‍പ്പം പോലും പ്രയോഗിച്ചില്ലെന്ന് വ്യക്തമാക്കുന്നുണ്ട്. ബുദ്ധ തീവ്രവാദികളുടെ ഇംഗിതത്തിന് സൗകര്യം ചെയ്തു കൊടുക്കുകയാണ് സൈന്യവും സര്‍ക്കാറും ചെയ്തത്. ഹേഗിലെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയിലോ പ്രത്യേകമായി രൂപവത്കരിച്ച ട്രൈബ്യൂണലിലോ വിചാരണ ചെയ്യണമെന്നാണ് റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നത്.

ഇത്തരമൊരു വിചാരണ നടക്കുമെന്നോ എത്രയും വേഗം കുറ്റക്കാര്‍ ശിക്ഷിക്കപ്പെടുമെന്നോ ഈ റിപ്പോര്‍ട്ടില്‍ പേര് പരാമര്‍ശിച്ചവര്‍ മാത്രമാണ് കുറ്റക്കാരെന്നോ പറയാനാകില്ല. യു എന്നിന്റെ മനുഷ്യാവകാശ സമിതിക്ക് എത്ര ആജ്ഞാ ശക്തിയുണ്ടെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ചൈനയോ അമേരിക്കയോ വീറ്റോ ചെയ്താല്‍ തീരാവുന്ന ഉശിരേ ഈ റിപ്പോര്‍ട്ടിനുള്ളൂ. എന്നാല്‍ റോഹിംഗ്യാ മുസ്‌ലിംകള്‍ അനുഭവിക്കുന്നതെന്തെന്ന് ലോകത്തെ ബോധ്യപ്പെടുത്താന്‍ ഈ റിപ്പോര്‍ട്ടിന് സാധിക്കും. അവിടെ നടക്കുന്നത് കലാപമോ വംശീയ സംഘര്‍ഷമോ തീവ്രവാദത്തോടുള്ള പ്രതികരണമോ അല്ലെന്നും ആസൂത്രിതമായ വംശഹത്യയാണെന്നും റിപ്പോര്‍ട്ട് തെളിവ് സഹിതം വ്യക്തമാക്കുന്നു. കുഞ്ഞുങ്ങളെ കൂട്ടത്തോടെ കത്തിച്ചതും സ്ത്രീകളെ പരസ്യമായി ബലാത്സംഗം ചെയ്തതും കൂരകള്‍ക്ക് തീവെച്ചതും മാതാപിതാക്കളുടെ മുന്നില്‍ വെച്ച് മകളെ പിച്ചിച്ചീന്തിയതും കെട്ടുകഥയായിരുന്നില്ലെന്ന് ഇനിയെങ്കിലും ലോകം പറയുമായിരിക്കും. സമാധാന നൊബേല്‍ ജേതാവ് ആംഗ് സാന്‍ സൂകി പറഞ്ഞത് ഭയം ഇരു പക്ഷത്തുമുണ്ടെന്നാണല്ലോ. എന്നുവെച്ചാല്‍ മുസ്‌ലിംകള്‍ ബൗദ്ധരെ ഭയപ്പെടുത്തുന്നു എന്ന് തന്നെ. സര്‍വായുധ സജ്ജരായി സൈന്യത്തിന്റെ അകമ്പടിയോടെ വരുന്ന ബുദ്ധ തീവ്രവാദികളെ നിരായുധരായ പട്ടിണിപ്പാവങ്ങള്‍ ഭീഷണിപ്പെടുത്തുന്നു പോലും. റോഹിംഗ്യന്‍ സാല്‍വേഷന്‍ പോലുള്ള വിഡ്ഢികളായ ഏതാനും തീവ്രവാദികളെ ചൂണ്ടിയാണ് സൂകി ഇതു പറഞ്ഞിരുന്നത്. എന്നാല്‍ യു എന്‍ റിപ്പോര്‍ട്ട് അര്‍ഥശങ്കക്കിടയില്ലാത്ത വിധം വ്യക്തമാക്കുന്നു: ഇത് ഏകപക്ഷീയമായ വംശഹത്യയായിരുന്നുവെന്ന്.
2017ല്‍ സംഭവിച്ച ഒന്നല്ല റോഹിംഗ്യന്‍ മുസ്‌ലിംകള്‍ക്ക് നേരെയുള്ള ആക്രമണം. 1960ല്‍ ജനറല്‍ നേവിന്നിന്റെ നേതൃത്വത്തില്‍ പട്ടാള ഭരണം ആരംഭിച്ചത് മുതല്‍ തുടങ്ങിയ ദുരന്തമാണത്. 1982ലെ പൗരത്വ നിയമം ഈ ജനവിഭാഗത്തിന്റെ പൗരത്വം നിഷേധിച്ചതോടെ ആര്‍ക്കും കൊന്നു തള്ളാവുന്ന സമൂഹമായി ഈ ആദിമ നിവാസികള്‍ മാറി. അവര്‍ നിരന്തരം ആട്ടിയോടിക്കപ്പെട്ടു. അവരുടെ മണ്ണും മാനവും കവര്‍ന്നു കൊണ്ടിരുന്നു. 2012ല്‍ കൂട്ടക്കൊല നടന്നപ്പോള്‍ മാത്രമാണ് ലോകത്തിന്റെ ശ്രദ്ധ വേണ്ട വിധത്തില്‍ റോഹിംഗ്യകള്‍ക്ക് നേരെ പതിഞ്ഞത്. അതില്‍ സാമൂഹിക മാധ്യമങ്ങളുടെ പങ്ക് നിര്‍ണായകമായിരുന്നു. ലോകത്തെ ഏറ്റവും ക്രൂരമായ അടിച്ചമര്‍ത്തല്‍ നേരിടുന്ന ന്യൂനപക്ഷ വിഭാഗമായി റോഹിംഗ്യകളെ യു എന്‍ പ്രഖ്യാപിച്ചത് അതിന് ശേഷമാണ്. യു എന്‍ മനുഷ്യാവകാശ ഏജന്‍സിയും അഭയാര്‍ഥി ഏജന്‍സിയും ഇവരെ പുനരധിവസിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങുകയും ചെയ്തു. ഇതിന്റെ ഭാഗമായി മ്യാന്‍മറില്‍ തന്നെ ക്യാമ്പുകള്‍ തുറന്നു. ജയിലുകള്‍ തന്നെയായിരുന്നു അവ. ഭൂരിപക്ഷം റോഹിംഗ്യകളും ആട്ടിയോടിക്കപ്പെട്ട് കഴിഞ്ഞു. മൗഗ്ഡൗ പോലുള്ള പ്രദേശങ്ങളില്‍ 80 ശതമാനം കുടിലുകളും അഗ്നിക്കിരയായിരിക്കുന്നു. ലോകത്ത് രാഷ്ട്രരഹിതരായി അലയുന്ന ഏഴില്‍ ഒരാള്‍ റോഹിംഗ്യാ മുസ്‌ലിം ആണെന്ന് ഹാര്‍വാര്‍ഡ് സര്‍വകലാശാല നടത്തിയ പഠനം വ്യക്തമാക്കുന്നു. ബംഗ്ലാദേശില്‍ മാത്രം പന്ത്രണ്ട് ലക്ഷത്തിലധികം പേര്‍ ഇപ്പോഴുണ്ട്. അവിടേക്കുള്ള ഒഴുക്ക് തുടരുകയാണ്. സ്വതവേ ദരിദ്രമായ ബംഗ്ലാദേശിന് ഇവരെ താങ്ങാനാകുന്നില്ല. വെള്ളവും ഭക്ഷണവും കിട്ടാതെ ക്യാമ്പുകളില്‍ കുട്ടികള്‍ മരിച്ചു വീഴുകയാണ്. പലായനം ചെയ്തവര്‍ തിരിച്ച് വരാതിരിക്കാന്‍ അതിര്‍ത്തിയില്‍ കിടങ്ങ് കുഴിക്കുകയും മൈന്‍ വിതറുകയും ചെയ്യുന്നുണ്ടെന്നാണ് ഏറ്റവും പുതിയ വിവരം.

പ്രമുഖ ജെനോസൈഡ് ഗവേഷകന്‍ ഡാനിയല്‍ ഫിയര്‍സ്റ്റീന്‍ 2014ല്‍ മുന്നോട്ട് വെച്ച വംശഹത്യയുടെ സാമൂഹിക പ്രയോഗം എന്ന ആശയത്തില്‍ വംശഹത്യക്ക് ചുരുങ്ങിയത് ആറ് ഘട്ടങ്ങളാണ് മുന്നോട്ട് വെക്കുന്നത്. ഇതില്‍ അഞ്ച് ഘട്ടങ്ങളും പിന്നിട്ട ഒരേയൊരു ജനതയാണ് റോഹിംഗ്യകള്‍. കഴിഞ്ഞ വര്‍ഷം അരങ്ങേറിയ അതിക്രമങ്ങളും അഭയാര്‍ഥി പ്രവാഹവും റോഹിംഗ്യന്‍ വംശഹത്യ അഞ്ചാം ഘട്ടത്തിലേക്ക് പ്രവേശിച്ചതിന് തെളിവാണ്. മുമ്പൊരിക്കലും ഇല്ലാത്ത വിധം സര്‍ക്കാറും സൈന്യവും ഉദ്യോഗസ്ഥ സംവിധാനവും ബുദ്ധ തീവ്ര സമൂഹവും കൈകോര്‍ക്കുകയാണ് ചെയ്തത്. ആറാം ഘട്ടം ചരിത്രത്തില്‍ നിന്നുള്ള തുടച്ചു നീക്കലിന്റെതാണ്. യു എന്‍ റിപ്പോര്‍ട്ടിന്‍മേല്‍ നടപടിയെടുക്കാന്‍ അന്താരാഷ്ട്ര സമ്മര്‍ദമുണ്ടാകുമോ എന്നതാണ് ചോദ്യം. അതോ ചൈനയുടെ ചിറകിനടിയില്‍ എല്ലാ ജനറല്‍മാരും സുരക്ഷിതരാകുമോ? മുസ്‌ലിംകളായി എന്ന ഒറ്റക്കാരണത്താല്‍ അലയാന്‍ വിധിക്കപ്പെട്ട റോഹിംഗ്യകള്‍ക്ക് രാഷ്ട്രം തിരികെ ലഭിക്കുമോ?

Latest