Connect with us

Kerala

കൊച്ചി വിമാനത്താവളം പ്രവര്‍ത്തന സജ്ജം; സര്‍വീസുകള്‍ ഇന്ന് ആരംഭിക്കും

Published

|

Last Updated

കൊച്ചി: ശക്തമായ കാലവര്‍ഷത്തില്‍ റണ്‍വേയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് താത്കാലികമായി നിര്‍ത്തലാക്കിയിരുന്ന കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ ഇന്ന് ഉച്ചക്ക് രണ്ട് മുതല്‍ പുനരാരംഭിക്കും. നിലവിലുള്ള സമയ വിവരപ്പട്ടിക അനുസരിച്ചായിരിക്കും വിമാനങ്ങള്‍ സര്‍വീസ് നടത്തുക.

സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി കസ്റ്റംസ്, എമിഗ്രേഷന്‍, ഗ്രൗണ്ട് ഹാന്റലിംഗ്, വിവിധ എയര്‍ലൈനുകള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ ദിവസം മുതല്‍ തുടങ്ങിയിരുന്നു. സഊദി എയര്‍ലൈന്‍സ് വിമാനമാണ് ആദ്യമായി സര്‍വീസ് നടത്തുക. വെള്ളം കയറിയതിനെ തുടര്‍ന്ന് വിമാനത്താവളത്തിനുണ്ടായ തകരാറുകള്‍ പൂര്‍ണമായി പരിഹരിക്കപ്പെട്ട സാഹചര്യത്തിലാണ് സര്‍വീസ് പുനരാരംഭിക്കാന്‍ അധികൃതര്‍ തയ്യാറായത്. നാളെ മുതല്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ആഭ്യന്തര, അന്താരാഷ്ട്ര വിമാന സര്‍വീസുകളില്‍ യാത്ര ചെയ്യേണ്ട യാത്രക്കാരുടെ വിമാന ടിക്കറ്റ് ബുക്കിംഗ് വിവിധ എയര്‍ലൈന്‍സുകള്‍ ആരംഭിച്ചിട്ടുമുണ്ട്.

കഴിഞ്ഞ 15ന് ഉച്ചക്ക് ശേഷ മാണ് വിമാനത്താവളം അടച്ചു പൂട്ടിയത്. പിന്നീട് ആഭ്യന്തര സര്‍വീസുകള്‍ കൊച്ചിയിലുള്ള നാവിക സേനയുടെ വിമാനത്താവളത്തില്‍ നിന്നാണ് താത്കാലികമായി നടത്തിയിരുന്നത്. കൊച്ചിയില്‍ നിന്ന് സര്‍വീസ് നടത്തിയിരുന്ന വളരെ കുറച്ച് എയര്‍ലൈന്‍സുകള്‍ മാത്രമേ നേവിയുടെ വിമാനത്താവളത്തില്‍ നിന്ന് ആഭ്യന്തര സര്‍വീസുകള്‍ നടത്താന്‍ തയ്യറായിരുന്നുള്ളൂ.
കനത്ത കാലവര്‍ഷത്തെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍, ഇടുക്കി ഡാമുകള്‍ തുറന്നതിനാലും പെരിയാറില്‍ അനിയന്ത്രതിമായി വെള്ളം ഒഴുകിയെത്തിയതിനാലുമാണ് എയര്‍പോര്‍ട്ട് പൂര്‍ണമായും അടക്കേണ്ടി വന്നത്. കുത്തിയൊലിച്ചെത്തിയ വെള്ളം റണ്‍വേയും പാര്‍ക്കിംഗ് ബേയും ടാക്‌സി പാര്‍ക്കിംഗ് ബേയും ഉള്‍പ്പടെ എല്ലാ സ്ഥലത്തും കനത്ത നാശം വിതച്ചു.

അത്യാധുനിക സംവിധാനങ്ങളോടെ അടുത്ത കാലത്ത് പണികഴിപ്പിച്ച പുതിയ അന്താരാഷ്ട്ര ടെര്‍മിനലായ ടെര്‍മിനല്‍ ത്രിയിലെയും ആഭ്യന്തര ടെര്‍മിനലിയിലെയും പഴയ അന്താരാഷ്ട്ര ടെര്‍മിനലിയിലെയും താഴത്തെ നിലയിലും പൂര്‍ണമായി വെള്ളം കയറിയിരുന്നു. മൂന്ന് ടെര്‍മിനലുകള്‍ കൂടാത ഏപ്രണ്‍, ലോഞ്ചുകള്‍ ഉള്‍പ്പടെ മുപ്പത് ലക്ഷം ചതുരശ്ര അടി സ്ഥലത്ത് വെള്ളവും ചെളിയും കയറി. ഇതില്‍ ഏറ്റവും കൂടുതല്‍ നഷ്ടം വന്നത് പുതിയ അന്താരാഷ്ട്ര ടെര്‍മിനലായ ടെര്‍മിനല്‍ ത്രിയിലായിരുന്നു. ഇവിടെ ഉപകരണങ്ങളും ഡ്യൂട്ടിഫ്രി ഷോപ്പ് ഉള്‍പ്പടെയുള്ള സ്ഥാപനങ്ങളും പൂര്‍ണമായും നശിച്ച നിലയിലായിരുന്നു. വെള്ളം കയറി നശിച്ച നാല് കണ്‍വെയര്‍ ബല്‍റ്റുകള്‍, 22 എക്‌സറേ യന്ത്രങ്ങള്‍, വൈദ്യുതി വിതരണ സംവിധാനം, ജനറേറ്ററുകള്‍, എണ്ണൂറോളം റണ്‍വേ ലൈറ്റുകള്‍ എന്നിവ പൂര്‍വസ്ഥിതിയിലാക്കി. തകര്‍ന്ന സൗരോര്‍ജ പ്ലാന്റുകളില്‍ ഭൂരിഭാഗവും നന്നാക്കി. കൂടാതെ, തകര്‍ന്ന രണ്ടര കിലോമീറ്റര്‍ ദൂരത്തില്‍ വരുന്ന ചുറ്റുമതില്‍ താത്കാലികമായി കെട്ടി. വിമാനത്താവളത്തിനുള്ളില്‍ നാല് ദിവസത്തോളം വെള്ളം കെട്ടി നിന്നു. വെള്ളം ഇറങ്ങിയതോടെ യുദ്ധകാലാടിസ്ഥാനത്തില്‍ അറ്റകുറ്റ പണികള്‍ നടത്തിയാണ് വിമാനത്താവളം പ്രവര്‍ത്തന സജ്ജമാക്കിയത്. ഏകദേശം ആയിരം കോടി രൂപയെങ്കിലും നഷ്ടമുണ്ടായിട്ടുണ്ടന്നാണ് പ്രാഥമിക നിഗമനം.

---- facebook comment plugin here -----

Latest