ഗൂഗിള്‍ ടെസ് ഇനി ഗൂഗിള്‍ പേ; ഇന്‍സ്റ്റന്‍ഡ് ലോണ്‍ സൗകര്യവും നല്‍കും

Posted on: August 28, 2018 8:14 pm | Last updated: August 28, 2018 at 8:14 pm

ന്യൂഡല്‍ഹി: ഗൂഗിളിന്റെ പേയ്‌മെന്റ് ആപ്പായ ഗൂഗിള്‍ ടെസ് ഇനി ഗൂഗിള്‍ പേ എന്ന് അറിയപ്പെടും. പേരുമാറ്റത്തോടൊപ്പം പുതിയ ഫീച്ചറുകളും കൂട്ടിച്ചേര്‍ത്ത് ടെസിനെ ജനപ്രിയമാക്കാന്‍ ഒരുങ്ങുകയാണ് ഗൂഗിള്‍. ഇതിന്റെ ഭാഗമായി വൈകാതെ ഗൂഗിള്‍ പേ വഴി പ്രീ അപ്രൂവ്ഡ് വായ്പ സൗകര്യവും ലഭ്യമാക്കുമെന്ന് ഗൂഗിള്‍ ഇന്ത്യ വ്യക്തമാക്കി.

എച്ച്ഡിഎഫ്‌സി, ഐസിഐസിഐ, കൊടക് മഹീന്ദ്ര, ഫെഡറല്‍ ബാങ്ക് എന്നീ ബാങ്കുകളുമായി സഹകരിച്ചാണ് പ്രീ അപ്രൂവ്ഡ് ലോണ്‍ സൗകര്യം ഏര്‍പ്പെടുത്താന്‍ ഗൂഗിള്‍ പദ്ധതിയിടുന്നത്. അര്‍ഹരായ ഉപഭോക്താക്കള്‍ക്ക് പുതിയ ഫീച്ചര്‍ വന്നാല്‍ ഉടന്‍ ഇതുസംബന്ധിച്ച് നോട്ടിഫിക്കേഷന്‍ ലഭിക്കും. എത്ര പണം വായ്പയെടുക്കാം, എത്ര സമയം കൊണ്ട് അടച്ചുതീര്‍ക്കാം തുടങ്ങിയ കാര്യങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നിശ്ചയിക്കാം. ലോണിന് അപേക്ഷ നല്‍കി നിമിഷങ്ങള്‍ക്ക് അകം തന്നെ പണം അക്കൗണ്ടില്‍ ക്രെഡിറ്റ് ചെയ്യപ്പെടും.

രാജ്യത്തെ പ്രമുഖ റീടെയില്‍ വ്യാപാര സ്ഥാപനങ്ങളില്‍ നിന്ന് ഗൂഗിള്‍ പേ വഴി പണമടച്ച് സാധനങ്ങള്‍ വാങ്ങാന്‍ സാധിക്കും. ബിഗ് ബസാര്‍, എഫ് ബി ബി എന്നിവിടങ്ങളില്‍ ഗൂഗിള്‍ പേ വഴി പണമടക്കാനുള്ള സംവിധാനം ഒരുക്കാന്‍ ഗൂഗിള്‍ ചര്‍ച്ച നടത്തി വരികയാണ്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഗൂഗിള്‍ പേ വഴി ഒരു ട്രില്യണ്‍ യുഎസ് ഡോളറിന്റെ ഇടപാടാണ് ഗൂഗിള്‍ ലക്ഷ്യമിടുന്നത്. നിലവില്‍ ഇത് 200 ബില്യണ്‍ യുഎസ് ഡോളറാണ്.

ഇന്ത്യയില്‍ കഴിഞ്ഞ വര്‍ഷമാണ് ഗൂഗിള്‍ ടെസ് എത്തിയത്. ഇതുവരെ 55 ദശലക്ഷം പേര്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്. ഇതില്‍ 22 ദശലക്ഷം ആളുകള്‍ ആപ്പ് സ്ഥിരമായി ഉപയോഗിക്കുന്നു.