സ്റ്റാലിനെ ഡിഎംകെ പ്രസിഡന്റായി പ്രഖ്യാപിച്ചു

Posted on: August 28, 2018 11:11 am | Last updated: August 28, 2018 at 1:14 pm

ചെന്നൈ: എംകെ സ്റ്റാലിനെ ഔദ്യോഗികമായി ഡിഎംകെ പ്രസിഡന്റായി പ്രഖ്യാപിച്ചു. ഇന്ന് രാവിലെ പാര്‍ട്ടി ആസ്ഥാനമായ അണ്ണാഅറിവാലയത്തില്‍ ചേര്‍ന്ന ജനറല്‍ കൗണ്‍സില്‍ യോഗത്തിലാണ് പ്രഖ്യാപനം. പാര്‍ട്ടി പ്രസിഡന്റ് സ്ഥാനത്തേക്ക് മറ്റാരും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നില്ല. 65 ജില്ലാ സെക്രട്ടറിമാരാണ് സ്റ്റാലിന്റെ പത്രികകളില്‍ ഒപ്പ് വെച്ചിരുന്നത്. മുതിര്‍ന്ന നേതാവ് എസ് ദുരൈമുരുകനാണ് ട്രഷറര്‍.

കരുണാനിധിക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ പിടിപെട്ടതിനെത്തുടര്‍ന്ന് 2017 ജനുവരിയിലാണ് സ്റ്റാലിന്‍ ഡിഎംകെയുടെ വര്‍ക്കിങ് പ്രസിഡന്റായി സ്ഥാനമേറ്റത്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നതിന്റെ പേരില്‍ സ്റ്റാലിന്റെ സ്വന്തം സഹോദരനും മുന്‍ കേന്ദ്രമന്ത്രിയുമായ എംകെ അഴഗിരിയെ 2014ല്‍ പാര്‍ട്ടിയില്‍നിന്നും പുറത്താക്കിയിരുന്നു. തെക്കന്‍ തമിഴ്‌നാട്ടില്‍ വന്‍ സ്വാധീനമുള്ള അഴഗിരിയാകും സ്റ്റാലിന്റെ പ്രയാണത്തില്‍ വലിയ വിലങ്ങുതടിയാവുകയെന്ന് ഉറപ്പാണ്.