Connect with us

Articles

ദുരന്തവേളയിലെ അഭിമാന ചിത്രങ്ങള്‍

Published

|

Last Updated

ആഗസ്റ്റ് 16 വ്യാഴം പുലര്‍ച്ചെ നാലുമണി. അരീക്കോട്, വെറ്റിലപ്പാറ ഓടക്കയത്തെ നെല്ലിയായി കോളനിക്കാര്‍ ഓര്‍ത്തെടുക്കാന്‍ പോലും ഭയക്കുന്ന ദിവസം. അന്നാണ് ശാന്തമായുറങ്ങുന്ന ഒരു കൂട്ടം മനുഷ്യരുടെ മേല്‍ ദുരന്തമെത്തിയത്. ഓടക്കയത്ത് ഉരുള്‍പൊട്ടിയെന്ന വാര്‍ത്ത നാടെങ്ങും കാട്ടുതീ പോലെ പരന്നു. എന്തു ചെയ്യണമെന്നറിയാതെ ഓടക്കയത്തുകാര്‍ സ്തംഭിച്ചു പോയ നിമിഷം. മുന്നില്‍ വലിയ ചെളിക്കൂമ്പാരം, മലവെളളം ശക്തിയായി ഒലിച്ചു വരുന്നു. ഇനിയും പ്രകൃതി ഉഗ്രരൂപിയാകാനുളള സാധ്യതയേറെ, ഉറ്റവരുടെ കൂട്ട നിലവിളി . ആരെല്ലാം മണ്ണിനടിയിലുണ്ടെന്ന് തിരിച്ചറിയാനാകാത്ത അവസ്ഥ. പരിസരവാസികളുടെ മനസ്സില്‍ ഭയം പുതപ്പിട്ടു മൂടിയ അവസ്ഥയില്‍ വാര്‍ത്തയറിഞ്ഞ് അയല്‍നാടുകളില്‍ നിന്ന് ഓടിയെത്തിയ ഒരു കൂട്ടം യുവാക്കളാണ് ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയത്. അരീക്കോട് നിന്ന് 13 കിലോമീറ്റര്‍ അകലെയുളള ഓടക്കയത്തേക്ക് ഏറെ ദുര്‍ഘടം പിടിച്ച പാതയിലൂടെ ദുരന്തനിവാരണ സേന എത്തുന്നതിന് മുമ്പ് തന്നെ ഏകദേശ പ്രവര്‍ത്തനങ്ങള്‍ ഇവര്‍ ചെയ്തു തീര്‍ത്തിരുന്നു. പ്രളയകാലത്ത് കേരളം ഒരുമയുടെ കോറസ് പാടുകയായിരുന്നു.

ഇടുക്കി ഡാമിലെ വിശേഷങ്ങള്‍ വളരെ ആകാംക്ഷയോടെയാണ് കേരളം ഉറ്റുനോക്കിയത്. കനത്ത മഴയും ശക്തമായ മലവെളളപ്പാച്ചിലും മുലം ഇടുക്കി ഡാമിന്റെ അഞ്ച് ഷട്ടറുകളും തുറക്കേണ്ടി വന്നു. ചെറുതോണിപ്പുഴയുടെ ഇരുകരകളെയും വകഞ്ഞു മാറ്റി കുത്തിയൊലിച്ച വെള്ളം പുഴക്കു മീതെ കെട്ടിയ പാലത്തിന് മുകളിലേക്കും കുതിച്ചെത്തിയ സമയത്താണ് കേരളം ഭയാനകമായ കാഴ്ചക്ക് സാക്ഷ്യം വഹിച്ചത്. ധീരനായ ഒരു സൈനികന്റെ ആത്മവീര്യത്തിന് മുന്നില്‍ കേരളം മുഴുവന്‍ എഴുന്നേറ്റുനിന്ന നിമിഷം. അസുഖം ബാധിച്ച് ചികിത്സ അനിവാര്യമായ കുട്ടിയേയും കൊണ്ട് ബിഹാറുകാരനായ കനയ്യകുമാര്‍ ഓടിയത് സ്വന്തം ജീവന്‍ പണയം വെച്ചായിരുന്നു. അതും കുത്തിയൊലിച്ച് കലി തുള്ളി അത്യധികം അപകടത്തിലായ ചെറുതോണി പുഴക്കു കുറുകെ.

“പത്തനംതിട്ടക്ക് കടലില്ലെങ്കില്‍ എന്താ കടലിന്റെ മക്കളുണ്ടല്ലോ”– സോഷ്യല്‍ മീഡിയ വാളുകളിലും മലയാളിയുടെ മനസ്സിലും ആരോ കുറിച്ചിട്ട വാക്കുകള്‍ക്ക് സര്‍ക്കാറും കൈകൊടുത്തു. അതെ, കേരളത്തിന്റെ “സൈന്യ”മാണ് മത്സ്യത്തൊഴിലാളികള്‍ എന്ന് മുഖ്യ മന്ത്രിയടക്കം എല്ലാവരും ഒരേ സ്വരത്തില്‍ പറഞ്ഞു. രക്ഷപ്പെടുത്തിയവരുടെ കണക്കുകള്‍ നിരത്തി മിടുക്ക് കാണിക്കാന്‍ അവരാരും ഇതുവരെ വന്നിട്ടില്ല. പ്രളയത്തില്‍ കേരളം ഒറ്റപ്പെട്ടപ്പോള്‍ ജീവിതത്തില്‍ എല്ലാമെല്ലാമായ തങ്ങളുടെ “കുട്ടിക്കൊമ്പന്‍”മാരെ ലോറിയിലേറ്റി അവര്‍ പാഞ്ഞു. ലക്ഷ്യം മീനല്ല ജീവനുകള്‍ ആയിരുന്നു എന്നുമാത്രം.
പത്തനംതിട്ട, ചെങ്ങന്നൂര്‍, കുട്ടനാട്, ആലുവ, പറവൂര്‍ തുടങ്ങി പ്രളയബാധിതമേഖലകളില്‍ എല്ലാം കടലിന്റെ മക്കള്‍ ഓടിയെത്തി. കടലിലെ ഓളം കണ്ടിട്ട് പേടിച്ചിട്ടില്ല. പിന്നെയല്ലേ ഈ പുഴവെളളം എന്ന ഭാവത്തില്‍ അവര്‍ കൈപിടിച്ചവരുടെ എണ്ണം പതിനായിരം കടക്കും. പ്രളയത്തിന്റെ തീവ്രത സംസ്ഥാനവ്യാപകമായി അലയടിച്ചപ്പോള്‍ മുന്നിട്ടിറങ്ങാന്‍ അവര്‍ അമാന്തിച്ചില്ല. ഹെലിക്കോപ്റ്ററുകള്‍ ഉപയോഗിച്ചും രക്ഷിക്കാനാകാത്ത വിധം വീടുകളില്‍ കുടുങ്ങിക്കിടന്നവരെ സാഹസികമായാണ് മത്സ്യത്തൊഴിലാളികള്‍ രക്ഷിച്ചത്. സഞ്ചാരം ദുസ്സഹമായ ഇടങ്ങളില്‍ പോലും അവരെത്തിച്ചേര്‍ന്നു. വറുതിയുടെ കാലമായിരുന്നിട്ടുപോലും വള്ളങ്ങള്‍ സ്വയം പണം മുടക്കി ലോറിയില്‍ കയറ്റിയാണ് മത്സ്യത്തൊഴിലാളികള്‍ പ്രളയമേഖലകളിലേക്ക് കുതിച്ചെത്തിയത്
പമ്പ, അച്ചന്‍കോവില്‍, മണിമല പുഴകളാണ് ചെങ്ങന്നൂരിനെ വലം വെച്ച് ഒഴുകുന്നത്. അവ മൂന്നും ആര്‍ത്തലച്ച് കുത്തിയൊലിച്ച് വന്നപ്പോള്‍ നാട് മുഴുവന്‍ മുങ്ങി. വീട്ടില്‍ കയറാവുന്നിടത്തോളം ഉയരത്തില്‍ കയറിയിട്ടും വെളളം അവരെ വിട്ടില്ല. പിന്നാലെ എത്തി പിടികൂടി. എവിടെയും രോദനങ്ങള്‍ മാത്രം ബാക്കി. ഒരു നേരത്തെ വിശപ്പടക്കാനുളള നേര്‍ത്ത നിലവിളികള്‍. വെളളം പൊങ്ങുമ്പോള്‍ മുകള്‍നിലയില്‍ കഴിയാം എന്നായിരുന്നു പലരുടെയും പ്രതീക്ഷ. വെള്ളം കുത്തിയൊലിച്ചെത്തിയപ്പോഴേക്ക് ആ പിടിവളളിയും നഷ്ടമായി.

സര്‍ക്കാറും കാലാവസ്ഥാ നിരീക്ഷണ വകുപ്പും ഇടക്കിടെ നല്‍കുന്ന ജാഗ്രതാ നിര്‍ദേശങ്ങളെ അത്ര ഗൗരവത്തോടെ സമീപിക്കാത്ത മലയാളികള്‍ക്ക് വലിയൊരു പാഠമാണ് പ്രളയം. മഴ ശക്തമാകുന്ന സമയത്തും അണക്കെട്ടുകള്‍ ഒന്നൊന്നായി തുറക്കുമെന്ന നിര്‍ദേശങ്ങള്‍ അടിക്കടിയായി വന്നപ്പോഴും അതെന്നെ ബാധിക്കില്ല എന്ന ധാരണയായിരുന്നു വലിയൊരു വിഭാഗം മധ്യ വര്‍ഗത്തിന്. ഏറിയാല്‍ പുഴവെളളം എന്റെ മുറ്റത്തെത്തും, ഇനി ഒന്നാം നിലയിലേക്ക് വെള്ളം കയറിയാലും രണ്ടാം നിലയും ടെറസുമുണ്ടല്ലോ തങ്ങള്‍ക്ക് എന്നിങ്ങനെ മനക്കണക്ക് കൂട്ടിയവരെല്ലാം അവസാനം ജീവനു വേണ്ടി കേഴുന്ന ചിത്രങ്ങളാണ് നാം കണ്ടത്. പ്രകൃതിദുരന്തങ്ങളെ നേരിടാന്‍ ചിലതെല്ലാം നാം ത്യജിക്കേണ്ടി വരുമെന്ന ഓര്‍മപ്പെടുത്തല്‍ മാത്രമാണിത്.
കാര്യങ്ങള്‍ അങ്ങനെയൊക്കെയാണെങ്കിലും ലോകം കണ്ടിട്ടുളളതില്‍ വെച്ച് ഏറ്റവും വലിയ രക്ഷാപ്രവര്‍ത്തനം എന്ന് വിശേഷിപ്പിക്കാവുന്ന തരത്തില്‍ കേരള ജനത ഒറ്റക്കെട്ടായി. എല്ലാം സര്‍ക്കാറിനെ ഏല്‍പ്പിക്കുന്നതിന് പകരം കേരളക്കാര്‍ ഒരുമിച്ചിറങ്ങിയപ്പോള്‍ ദുരന്തത്തിന്റെ വ്യാപ്തി പതിന്മടങ്ങ് കുറക്കാന്‍ അവര്‍ക്കായി. പണവും വലിയ വീടും പത്രാസുമെല്ലാം മാനുഷിക സ്‌നേഹത്തിനു മുന്നില്‍ തലകുനിക്കുമെന്ന് മലയാളികള്‍ തെളിയിച്ച ദിവസങ്ങളാണ് നമുക്കു മുന്നില്‍ കടന്നു പോയത്.

Latest