Connect with us

Editorial

കോര്‍ത്ത കൈകള്‍ വേര്‍പിരിയരുത്

Published

|

Last Updated

കേരളത്തിന്റെ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തന മികവിനെയും ഈ രംഗത്തെ മലയാളി കൂട്ടായ്മയെയും കുറിച്ചാണ് ഇന്നെവിടെയും ചര്‍ച്ച. ദുരിതത്തിലായ സഹജീവികള്‍ക്കായി കേരള ജനത ഭിന്നതകളെല്ലാം മറന്നു കൈകോര്‍ക്കുകയായിരുന്നു. കേരളം ഇത്രയേറെ ഒത്തൊരുമയോടെ നിന്ന മറ്റൊരവസരം ചൂണ്ടിക്കാണിക്കാനില്ല. വെള്ളപ്പൊക്കവും മറ്റു പ്രകൃതി ദുരന്തങ്ങളുമുണ്ടാകുമ്പോള്‍ സര്‍ക്കാര്‍ സംവിധാനങ്ങളെ കാത്തിരിക്കുകയാണ് രാജ്യത്തിന്റെ മറ്റു മേഖലകളിലെ പതിവെങ്കില്‍ ഇവിടെ സര്‍ക്കാര്‍ സംവിധാനങ്ങളെയോ പുറത്തുനിന്നുള്ള സഹായത്തിനോ കാത്തുനില്‍ക്കാതെ ജനങ്ങള്‍ സ്വയം രംഗത്തിറങ്ങുകയായിരുന്നു. വ്യക്തികളും കുടുംബങ്ങളും സംഘടനകളും സമൂഹമാധ്യമ കൂട്ടായ്മകളും ദുരിതബാധിതരുടെയും അഭയാര്‍ഥികളുടെയും ആവശ്യം കണ്ടെത്തി പലപ്പോഴും സ്വന്തം പോക്കറ്റില്‍ നിന്നു പണം ചെലവാക്കിയാണ് സാധനസാമഗ്രികള്‍ എത്തിച്ചുകൊടുത്തത്. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് തങ്ങളാലാകുന്ന സഹായ മെത്തിക്കാന്‍ ജനങ്ങള്‍ ഒന്നിച്ച കാഴ്ചയാണ് എവിടെയും കാണാനായത്. രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടോ ദുരിതാശ്വാസ നിധിയിലേക്ക് പണവും അവശ്യ സാധനങ്ങളും സംഭാവന നല്‍കിയോ പ്രളയ അതിജീവന പ്രക്രിയയില്‍ കൈകോര്‍ക്കാത്ത മലയാളി കുടുംബങ്ങള്‍ നന്നേ വിരളം.
പാരസ്പര്യം മറന്നു സ്വന്തത്തിലേക്ക് ചുരുങ്ങുന്നവരും സാമൂഹികമാധ്യമങ്ങളില്‍ ഒതുങ്ങിക്കഴിയുന്നവരുമാണ് മലയാളി പുതുതലമുറയെന്നൊരു പരാതി പഴമക്കാര്‍ക്കുണ്ട്. പ്രളയം ആ ധാരണ തിരുത്തി.

പ്രളയ ബാധിത പ്രദേശങ്ങളിലെ രക്ഷാപ്രവര്‍ത്തനങ്ങളിലും വീടും സമ്പാദ്യവും ഉപേക്ഷിച്ചു പലായനം ചെയ്തവര്‍ക്കു താങ്ങായി വര്‍ത്തിക്കുന്നതിലും മുന്‍പന്തിയില്‍ മലയാളി യുവതയായിരുന്നു. എല്ലാ മേഖലകളിലും അവരുടെ സന്നദ്ധസേവനത്തിന്റെ അനുകരണീയ മാതൃകകള്‍ പ്രകടമായി. അഭയകേന്ദ്രങ്ങളിലേക്ക് പലായനം ചെയ്യുന്നവര്‍ക്ക് ബോട്ടില്‍ കയറാനുള്ള ചവിട്ടു പടിയായി കിടന്നു കൊടുത്ത ജൈസലിനെ പോലെയുള്ള യുവാക്കള്‍ ത്യാഗത്തിന്റെയും സേവനസന്നദ്ധതയുടെയും പ്രതീകങ്ങളായി ചരിത്രത്തില്‍ ഇടം പിടിച്ചു. സഹജീവികളെ രക്ഷിക്കാനുള്ള ശ്രമത്തില്‍ സ്വന്തം ജീവന്‍ പോലും അവര്‍ മറന്നു. രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമെന്ന് പറഞ്ഞു നേവിയും സൈന്യവും പിന്മാറിയ പ്രദേശങ്ങളില്‍ പോലും വെല്ലുവിളി ഏറ്റെടുത്ത് മത്സ്യത്തൊഴിലാളികളുടെ നേതൃത്വത്തില്‍ രംഗത്തിറങ്ങി ആയിരക്കണക്കിനാളുകളെ രക്ഷപ്പെടുത്തി.
ഉദ്യോഗസ്ഥ, രാഷ്ട്രീയ മേഖലയുടെ മാനുഷിക മുഖം തെളിഞ്ഞുനിന്ന അവസരവുമായിരുന്നു ഇത്. ഭരണപക്ഷവും പ്രതിപക്ഷവും രാഷ്ട്രീയം നോക്കാതെ ഒത്തൊരുമയോടെ പ്രവര്‍ത്തിച്ചു. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് മുഖ്യമന്ത്രി നേതൃത്വം നല്‍കുമ്പോള്‍ പ്രതിപക്ഷ നേതാവ് ഒപ്പം തന്നെയുണ്ടായിരുന്നു. മന്ത്രിമാര്‍, കലക്ടര്‍മാര്‍, പോലീസ് മേധാവികള്‍ തുടങ്ങി ഭരണകൂടത്തിന്റെ യന്ത്രങ്ങള്‍ എണ്ണയിട്ടതു പോലെ നീങ്ങി. ദുരിതാശ്വാസ ക്യാമ്പുകളില്‍ എത്തുന്ന സാധന സാമഗ്രികള്‍ ലോറികളില്‍ നിന്ന് ഇറക്കാനും ക്യാമ്പുകളിലേക്ക് കടത്താനും ക്യാമ്പുകളില്‍ ഭക്ഷണം വിളമ്പാനും മന്ത്രിമാരും ഉദ്യോഗസ്ഥ പ്രമുഖരും മത്സരിക്കുകയായിരുന്നു.

തിരുവോണ നാളില്‍ തൃശൂര്‍ വി കെ മേനോന്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തിലെത്തിയ സാധന സാമഗ്രികള്‍ ലോറിയില്‍ നിന്നിറക്കിയവരുടെ കൂട്ടത്തില്‍ മന്ത്രി സി രവീന്ദ്രനാഥും വി എസ് സുനില്‍കുമാറുമുണ്ട്. വയനാട്ടിലെ പഞ്ചാരക്കൊല്ലി പിലാക്കാവ് ദുരിതാശ്വാസ ക്യാമ്പില്‍ അന്തേവാസികള്‍ക്ക് ഓണസദ്യ വിളമ്പിയത് മന്ത്രി ശൈലജയാണ്. വിദഗ്ധ ചികിത്സക്ക് അമേരിക്കയിലേക്ക് പോകാനിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ അതെല്ലാം മാറ്റിവെച്ചു ആഴ്ചകളോളം തിരുവനന്തപുരത്ത് തങ്ങി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുകയും വിവിധ ജില്ലകളിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ചു സ്ഥിതിഗതികള്‍ വിലയിരുത്തുകയും ആശ്വാസം പകരുകയും ചെയ്തു. മാധ്യമങ്ങള്‍ കുറ്റപ്പെടുത്തുന്നതു പോലെ കാര്‍ക്കശ്യക്കാരനായ മുഖ്യമന്ത്രിയല്ല; മനുഷ്യസ്‌നേഹിയായ ജനപ്രതിനിധിയായിരുന്നു ദുരന്ത മുഖത്തെ പിണറായി.

ശുചീകരണം, പുനരധിവാസം തുടങ്ങി രക്ഷാപ്രവര്‍ത്തനത്തിന്റെ രണ്ടാം ഘട്ടത്തിലും ഈ കൂട്ടായ്മ തുടരുകയാണ്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കൊപ്പം ജീവനക്കാരും സന്നദ്ധ സംഘടനകളും മത വിദ്യാര്‍ഥികളും സമൂഹത്തിന്റെ മറ്റു തുറകളിലുള്ളവരുമെല്ലാം ചേര്‍ന്നാണ് പ്രളയജലത്തിന്റെ അവശേഷിപ്പുകള്‍ കഴുകി വൃത്തിയാക്കുന്നത്. തെക്കന്‍ കേരളത്തിന്റെ പല ഭാഗങ്ങളിലും പ്രളയാനന്തര ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് മലബാറില്‍ നിന്നെത്തിയ സന്നദ്ധ പ്രവര്‍ത്തകരാണ്. മലയാളികള്‍ക്കൊപ്പം കാരന്തൂര്‍ മര്‍കസിലെ കശ്മീര്‍ വിദ്യാര്‍ഥികളുമുണ്ട് എറണാകുളത്ത് സ്‌നേഹവും സാന്ത്വനവുമായെത്തിയവരില്‍. ദുരന്തത്തിന്റെ തീഷ്ണത മാധ്യമങ്ങളിലൂടെ അറിഞ്ഞ കശ്മീരി വിദ്യാര്‍ഥികള്‍ സ്വയം താത്പര്യമെടുത്തു മാനേജ്‌മെന്റിന്റെ അനുമതിയോടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കെത്തുകയായിരുന്നു.
ചരിത്രത്തില്‍ ഇടം നേടിയ ഈ മലയാളി കൂട്ടായ്മ തുടരണം. ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവര്‍ത്തനം അവസാനിക്കുന്നതോടെ മലയാളികളുടെ പരസ്പരം കോര്‍ത്ത കൈകള്‍ വേര്‍പിരിയരുത്. തകര്‍ന്ന കേരളത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളിലും ഈ ഒത്തൊരുമയും ഐക്യവും തുടരണം. പരസ്പരസഹായത്തിന്റെ തിളക്കമുള്ള കാഴ്ചകള്‍ ഇനിയും പ്രകടമാകണം. മുഖ്യമന്ത്രി ഉണര്‍ത്തിയത് ഈ രീതിയില്‍ മുന്നോട്ട് ഏത് പ്രതിസന്ധിയെയും അതിജീവിക്കാന്‍ കേരളത്തിന് നിഷ്പ്രയാസം സാധിക്കും എന്നാണല്ലോ.

Latest