ഈ നാടിനെ എങ്ങനെയാണ് പുനര്‍നിര്‍മിക്കേണ്ടത്?

തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കമെന്ന ഓര്‍മയില്‍ നിന്ന് 2018ലെ വെള്ളപ്പൊക്കമെന്ന യാഥാര്‍ഥ്യത്തിലേക്ക് എത്തുമ്പോള്‍ ഒരുപാട് സംഗതികള്‍ നമ്മളെ തുറിച്ചുനോക്കുന്നുണ്ട്. മുന്‍കാലങ്ങളില്‍ ഒറ്റക്കും തെറ്റക്കുമുണ്ടായ ദുരന്തങ്ങള്‍ മുന്നറിയിപ്പായിരുന്നു. അതില്‍ സഹതപിച്ച് നിഷ്‌ക്രിയരായിരുന്ന സമൂഹത്തിന്റെ മേലാണ് പ്രളയജലമൊഴുകിയത്, കുന്നുകള്‍ അടര്‍ന്നുവീണത്. ഇത് മനസ്സിലാക്കിയുള്ള പുനര്‍ നിര്‍മാണത്തിന് ഭരണകൂടം തയ്യാറാകുകയും അതു മനസ്സിലാക്കി പ്രതികരിക്കാന്‍ നമ്മള്‍ സന്നദ്ധരാകുകയും ചെയ്താലേ വരാനിരിക്കുന്ന ദുരന്തങ്ങളുടെ ആഘാതം കുറക്കാനാകൂ. പ്രളയത്തെ തോല്‍പ്പിക്കാന്‍, വിഷമത്തിലായവരെ സഹായിക്കാന്‍ ഒക്കെയായി രൂപമെടുത്ത കൂട്ടായ്മയുടെ അടുത്ത ഉത്തരവാദിത്തം അതാണ്.
Posted on: August 27, 2018 2:30 pm | Last updated: August 27, 2018 at 2:30 pm
SHARE

‘തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്ക’മെന്ന് മുന്‍കാലത്ത് സാന്ദര്‍ഭികമായും ഇപ്പോള്‍ നിരന്തരവും പരാമര്‍ശിക്കുന്നത് ഒട്ടൊക്കെ കാല്‍പ്പനികമായാണ്. വെള്ളപ്പൊക്കത്തെ അതീജീവിച്ചവരെന്ന തോന്നലാണ് തൊണ്ണൂറ്റൊമ്പതിനെ (ഇംഗ്ലീഷ് കലണ്ടറനുസരിച്ച് 1924) കാല്‍പ്പനികമാക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നത്. മഴയെക്കുറിച്ച്, ജലവിതാനത്തിലുണ്ടായ ഉയര്‍ച്ചയെക്കുറിച്ച്, അതുണ്ടാക്കിയ നാശനഷ്ടങ്ങളെക്കുറിച്ച്, സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്താന്‍ നടത്തിയ യത്‌നത്തെക്കുറിച്ച് ഒക്കെ പൂര്‍ണ വിവരങ്ങള്‍ ലഭ്യവുമല്ല. അതുകൊണ്ടുകൂടിയാണ് തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കം കാല്‍പ്പനികം കൂടിയായി മാറുന്നത്.

2018 അങ്ങനെയല്ല. വസ്തുനിഷ്ഠ വിവരങ്ങളായി, ചിത്രങ്ങളും ദൃശ്യങ്ങളുമായി ഏതാണ്ട് മുഴുവന്‍ നമ്മുടെ മുന്നിലുണ്ട്. അതുകൊണ്ടുതന്നെ 2018ലെ വെള്ളപ്പൊക്കം നമ്മളെ സംബന്ധിച്ച് വലിയ ആലോചനകള്‍ക്ക്, അതിന്റെ അടിസ്ഥാനത്തിലുള്ള ആസൂത്രണത്തിന് പ്രേരകമാകേണ്ടതാണ്. തിരുവനന്തപുരം, കൊല്ലം, കാസര്‍കോട് എന്നിവയൊഴികെ ജില്ലകളെല്ലാം മഴയുടെ, വെള്ളപ്പൊക്കത്തിന്റെ, കുത്തൊഴുക്കിന്റെ, ഉരുള്‍പൊട്ടലിന്റെ ഒക്കെ തീവ്രത അനുഭവിച്ച് കഴിഞ്ഞിരിക്കുന്നു. ദുരന്തത്തിന്റെ വ്യാപ്തി ഇത്രത്തോളമായത് എന്തുകൊണ്ടെന്ന ചോദ്യമാണ് ആദ്യം പരിശോധിക്കപ്പെടേണ്ടത്? വ്യാപ്തി കുറക്കാന്‍ നമുക്ക് ഏതെങ്കിലും വിധത്തില്‍ സാധിക്കുമായിരുന്നോ എന്നതും.
കാലാവസ്ഥ
കാലാവസ്ഥയിലെ മാറ്റങ്ങള്‍ മനസ്സിലാക്കുന്നതിന് ഉപഗ്രഹ സഹായം ഉപയോഗിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. കാലാവസ്ഥാ പ്രവചനം കൃത്യമാക്കുക എന്ന ഉദ്ദേശ്യത്തോടെ നിരവധി ഉപഗ്രഹങ്ങള്‍ ഇന്നുണ്ടുതാനും. എന്നിട്ടും മാറ്റങ്ങള്‍ കൃത്യമായി മനസ്സിലാക്കി, സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കും ജനങ്ങള്‍ക്കും മുന്‍കരുതലെടുക്കാന്‍ പാകത്തിലുള്ള വിവരങ്ങള്‍ സമാഹരിക്കാന്‍ നമ്മുടെ കാലാവസ്ഥാ വിഭാഗത്തിന് ഇപ്പോഴും സാധിക്കുന്നില്ല എന്നത് വലിയ പോരായ്മയാണ്. കേരളത്തെ സംബന്ധിച്ച്, വേനല്‍ അവസാനിക്കുന്നതിന് മുമ്പ് തന്നെ മഴ തുടങ്ങിയിരുന്നു ഇക്കുറി. കാലവര്‍ഷത്തിന്റെ ആരംഭത്തെ സംബന്ധിച്ച് കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിപ്പുകള്‍ നല്‍കുകയും ചെയ്തു. സാധാരണ കാലവര്‍ഷമെന്ന അറിയിപ്പാണ് ആദ്യമുണ്ടായത്, പിന്നീട് പതിവില്‍ ലഭിക്കുന്നതിനേക്കാള്‍ 15 ശതമാനത്തോളം അധികം മഴ ലഭിക്കുമെന്നും അറിയിച്ചു. മെയ് രണ്ടാം വാരം മുതല്‍ ആഗസ്റ്റ് മൂന്നാം വാരം വരെ കേരളത്തിലുണ്ടായത് ഈ പ്രവചനത്തിന്റെ നൂറു ശതമാനം അധികം മഴയായിരുന്നു.
സാധാരണ മണ്‍സൂണിന് പുറത്ത്, ബംഗാള്‍ ഉള്‍ക്കടലിലും മറ്റും രൂപംകൊണ്ട ന്യൂനമര്‍ദങ്ങളുടെ ഫലവും ഇതിന് കാരണമായിട്ടുണ്ട്. ന്യൂനമര്‍ദങ്ങള്‍ രൂപപ്പെടാനുള്ള സാധ്യത, അതുവഴി ഉണ്ടാകാന്‍ ഇടയുള്ള മഴയുടെ ആധിക്യം എന്നിവ സംബന്ധിച്ച് മുന്‍കൂട്ടി അറിവ് നല്‍കാന്‍ കാലാവസ്ഥാ വകുപ്പിന് സാധിച്ചില്ല. രൂപംകൊണ്ട ന്യൂനമര്‍ദം എത്രദിവസം കരുത്തോടെ നില്‍ക്കുമെന്ന് കൃത്യമായി കണക്കാക്കാന്‍ പോലും അവര്‍ക്ക് കഴിഞ്ഞതുമില്ല. അതുകൊണ്ടാണ് മൂന്ന് ദിവസത്തേക്ക് കനത്ത മഴ എന്ന മുന്നറിയിപ്പ് ആദ്യം നല്‍കിയ അവര്‍, ആ സമയപരിധി അവസാനിക്കുമ്പോഴേക്ക് വീണ്ടും രണ്ട് ദിവസത്തേക്കോ മൂന്ന് ദിവസത്തേക്കോ മൂന്നറിയിപ്പുകള്‍ നല്‍കിയത്. ഈ സാഹചര്യം പ്രളയ സാധ്യത മുന്‍കൂട്ടി കാണുന്നതിനും അതിനനുസരിച്ച് സംസ്ഥാനത്തെ അണക്കെട്ടുകളിലെ വെള്ളം നിയന്ത്രിത അളവില്‍ പുറത്തേക്ക് തള്ളി, വലിയ കുത്തൊഴുക്കുണ്ടാകുന്നത് തടയാനും കഴിയാത്ത അവസ്ഥ സൃഷ്ടിച്ചു.
വൈദ്യുതി ബോര്‍ഡും
അണക്കെട്ടുകളുടെ മാനേജുമെന്റും
മഴയുടെ തീവ്രതയെക്കുറിച്ചും തുടര്‍ച്ചയെക്കുറിച്ചും കാലാവസ്ഥാ വിഭാഗത്തില്‍ നിന്ന് കൃത്യമായ വിവരം ലഭിക്കാതിരുന്നത് വൈദ്യുതി ബോര്‍ഡിന്റെയും അണക്കെട്ടുകള്‍ മാനേജ്‌ചെയ്യുന്ന അതോറിറ്റിയുടെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും മുന്നൊരുക്കങ്ങളെ ബാധിച്ചു. കൂടുതല്‍ വൈദ്യുതി ഉത്പാദിപ്പിക്കാന്‍ പാകത്തില്‍ അണക്കെട്ടുകളില്‍ പരമാവധി വെള്ളം സംഭരിക്കുക എന്നതിനാണ് കേരള സംസ്ഥാന വിദ്യത്ച്ഛക്തി ബോര്‍ഡിന്റെ മുന്‍ഗണന. അതിനനുസരിച്ചാവണം അസാധാരണമായ മഴക്കാലത്തും അവര്‍ തന്ത്രമാവിഷ്‌കരിച്ചിട്ടുണ്ടാകുക. ഇടമലയാറിലും പെരിങ്ങള്‍ക്കുത്തിലും ഇടുക്കിയിലും അപകടകരമാം വിധം ജലനിരപ്പ് ഉയര്‍ന്നതും എല്ലായിടത്തു നിന്നും ഒരേസമയം വലിയ അളവില്‍ വെള്ളം പുറത്തേക്ക് ഒഴുക്കേണ്ടിവന്നതും അതുകൊണ്ടാണ്. ഇടമലയാറിലെയും ഇടുക്കിയിലെയും വെള്ളം ഒരുമിച്ചെത്തിയതാണ് എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നാശം വിതച്ചത്.
അണക്കെട്ടുകള്‍ മാനേജുചെയ്യുന്ന അതോറിറ്റി ഏറ്റവും ദയനീയമായി പരാജയപ്പെട്ടതിന്റെ ദൂഷ്യം ഏറെ അനുഭവിച്ചത് പന്തളം, ചെങ്ങന്നൂര്‍ പ്രദേശങ്ങളിലും കുട്ടനാട്ടിലുമായിരുന്നു. പിന്നെ പാലക്കാട്ടും വയനാടും. ആ പരാജയത്തിന്റെയും ഒരു കാരണം കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തില്‍ നിന്ന് കൃത്യമായ മുന്നറിയിപ്പുകള്‍ ലഭിക്കാത്തതാണ്. പരാധീനതയുണ്ടായിരിക്കെ തന്നെ, അണക്കെട്ടുകളിലെ ജലനിരപ്പ് ഉയരുന്നതിന് അനുസരിച്ച്, കൂടുതല്‍ വെള്ളം തുറന്നുവിടേണ്ടിവരുമെന്നും മഴമൂലം നിറഞ്ഞുകിടക്കുന്ന പമ്പയിലേക്ക് കൂടുതല്‍ വെള്ളമെത്തുന്നത് ഗുരുതരമായ സാഹചര്യം സൃഷ്ടിക്കുമെന്നും മനസ്സിലാക്കി പ്രവര്‍ത്തിക്കേണ്ട ബാധ്യത അവര്‍ക്കുണ്ടായിരുന്നു. ഇടുക്കി അണക്കെട്ട് തുറക്കുന്നതിന് മുന്നോടിയായി സ്വീകരിച്ചത് പോലുള്ള മുന്‍കരുതല്‍ നടപടികള്‍ പമ്പയുടെയും അച്ചന്‍കോവിലിന്റെയും മണിമലയാറിന്റെയും തീരങ്ങളില്‍ സ്വീകരിക്കണമായിരുന്നു. അതുണ്ടായില്ല എന്നതും വൈകി ലഭിച്ച ജാഗ്രതാ അറിയിപ്പുകളോട് അവിടങ്ങളില്‍ താമസിക്കുന്നവര്‍ ഏറെക്കുറെ നിസ്സംഗമായി പ്രതികരിച്ചതും പന്തളത്തും ചെങ്ങന്നൂരിലും അപ്പര്‍ കുട്ടനാട്ടിലും ഭീതിയുടെ അന്തരീക്ഷം സൃഷ്ടിച്ചു. വീടുകള്‍ക്കും മറ്റ് കെട്ടിടങ്ങള്‍ക്കുമുണ്ടായ നാശനഷ്ടം ഒഴിവാക്കാനാകില്ലായിരുന്നുവെങ്കിലും, ജംഗമ സ്വത്തുവകകള്‍ക്കുണ്ടായ നാശം കുറച്ചുകൊണ്ടുവരാന്‍ അല്‍പ്പം നേരത്തെയുള്ള ജാഗ്രത കൊണ്ട് സാധിക്കുമായിരുന്നു.
ദുരന്തനിവാരണ അതോറിറ്റി
കാലാവസ്ഥാ വിഭാഗം, വൈദ്യുതി ബോര്‍ഡ്, അണക്കെട്ടുകളുടെ മാനേജുമെന്റ് അതോറിറ്റി എന്നിവയില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതീക്ഷിക്കാവുന്ന പ്രളയത്തിന്റെ വ്യാപ്തി മനസ്സിലാക്കി പ്രവര്‍ത്തിക്കേണ്ട ഉത്തരവാദിത്തമാണ് ദുരന്ത നിവാരണ അതോറിറ്റിക്കുള്ളത്. ഈ മൂന്ന് ഏജന്‍സികളുടെ ഭാഗത്തുമുണ്ടായ വീഴ്ചകള്‍ ദുരന്ത നിവാരണത്തെ പ്രതികൂലമായി ബാധിച്ചു. മുന്‍കൂട്ടി ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യാനാകാതെ, ദുരന്തമുണ്ടായതിന് ശേഷമുള്ള രക്ഷാ പ്രവര്‍ത്തനത്തിലേക്ക് അതോറിറ്റിക്ക് ചുരുങ്ങേണ്ടിവന്നു. അവിടെപ്പോലും അവശ്യം വേണ്ട സംവിധാനങ്ങളുടെ കുറവ് അവരെ വലച്ചു. രക്ഷാ പ്രവര്‍ത്തനത്തിന് സേനാ വിഭാഗങ്ങളെ നിയോഗിക്കണമെന്ന കേരള സര്‍ക്കാറിന്റെ ആവശ്യത്തോട് തുടക്കത്തില്‍ തണുപ്പന്‍മട്ടില്‍ പ്രതികരിച്ച കേന്ദ്ര ദുരന്ത നിവാരണ അതോറിറ്റിയും പ്രതിരോധ മന്ത്രാലയവും കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുകയും ചെയ്തു. പ്രതിസന്ധിയുടെ ആഴം മനസ്സിലാക്കി, സ്വയം നടപടികള്‍ സ്വീകരിക്കാന്‍ ഉത്തരവാദിത്തമുള്ള കേന്ദ്ര ദുരന്ത നിവാരണ അതോറിറ്റിയാണ് (നിയമപ്രകാരം അതവരുടെ ബാധ്യതയാണ്) ഇവ്വിധം പെരുമാറിയത്.
ഇവിടെയാണ് സാഹചര്യങ്ങളുടെ ഗൗരവം മനസ്സിലാക്കി മത്സ്യത്തൊഴിലാളികളും നാട്ടുകാരും സര്‍വവും മറന്ന് രംഗത്തുവന്നത്. പലമേഖലകളില്‍ വൈദഗ്ധ്യം നേടിയവരേക്കാള്‍ എളുപ്പത്തില്‍ അവര്‍ക്ക് കാര്യങ്ങള്‍ മനസ്സിലായി. ജീവനുകള്‍ രക്ഷിക്കാന്‍ ചെയ്യേണ്ട കാര്യങ്ങളെന്തൊക്കെ എന്നതില്‍ പഠിച്ചുണ്ടാക്കുന്ന വൈദഗ്ധ്യത്തേക്കാള്‍ പ്രായോഗികമായ അറിവ് പ്രധാനമാണെന്ന് അവര്‍ തെളിയിക്കുകയും ചെയ്തു. അവരില്ലായിരുന്നുവെങ്കില്‍ ആള്‍നാശം ഏറെ വലുതാകുമായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ കോസ്റ്റ്ഗാര്‍ഡ് വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍, ഉത്തരാഖണ്ഡിലെയും മറ്റും അനുഭവത്തിന്റെ അടിസ്ഥാനത്തില്‍, പറഞ്ഞത് കേരളമല്ലായിരുന്നുവെങ്കില്‍ മരണ സംഖ്യ പതിനായിരമെങ്കിലുമാകുമായിരുന്നുവെന്നാണ്. അത്രയും ഗുരുതരമായ സാഹചര്യത്തെയാണ് മറികടന്നത് എന്ന് ചുരുക്കം.
മുന്‍കാല വീഴ്ചകളുടെ സംഭാവന
അണകളുടെ ബാഹുല്യവും മഴയുടെ അളവിലുണ്ടായ കുറവും സംസ്ഥാനത്തെ ഏതാണ്ടെല്ലാ പുഴകളിലെയും വെള്ളമൊഴുക്ക് കുറച്ചിട്ടുണ്ട്. വേനലില്‍ വരണ്ടുണങ്ങുന്ന സ്ഥിതി. മെലിഞ്ഞ പുഴയുടെ തീരങ്ങള്‍ കൈയേറാന്‍ നമ്മളാരും മടി കാണിച്ചില്ല. ആദ്യം കൃഷിയിറക്കി, പിന്നെ വീടു പണിതു, വൈകാതെ റിസോര്‍ട്ടുകളും ഹോട്ടലുകളും ഫ്‌ളാറ്റുകളുമുയര്‍ത്തി. മലകള്‍ ഇടിക്കാനും അധികൃതമായും അനധികൃതമായും ക്വാറികള്‍ തുടങ്ങാനും മടിച്ചില്ല നമ്മള്‍. ചെരിച്ച് ചെത്താവുന്ന മലഞ്ചെരിവുകളിലൊക്കെ വീടുകളും റിസോര്‍ട്ടുകളുമുയര്‍ന്നു. ഇതൊക്കെ കണ്ടിട്ടും കാണാത്ത മട്ടുനടിച്ചു നമ്മുടെ ഭരണ സംവിധാനങ്ങള്‍. നിലവിലുള്ള നിയമങ്ങള്‍ ലംഘിച്ച്, ഇവയെ ക്രമവത്കരിച്ചുനല്‍കാന്‍ മടികാണിച്ചതുമില്ല. നഗരങ്ങളിലെ അനധികൃത നിര്‍മാണങ്ങള്‍ പിഴയീടാക്കി ക്രമവത്കരിച്ച് കൊടുക്കാന്‍ ഈ സര്‍ക്കാറും തൊട്ടു മുമ്പത്തെ യു ഡി എഫ് സര്‍ക്കാറും നടത്തിയ ശ്രമം ചെറുതായിരുന്നില്ല. ഇത്തരം ക്രമവത്കരിക്കലുകള്‍ നിയമം ലംഘിച്ചുള്ള കൂടുതല്‍ നിര്‍മാണങ്ങള്‍ നടത്താന്‍ പ്രേരകമാകുകയാണെന്ന ചിന്ത ഭരണാധികാരികള്‍ക്ക് ഇക്കാലം വരെ ഉണ്ടായിട്ടുമില്ല.
1977 ജനുവരി ഒന്നിന് മുമ്പ് ഭൂമി കൈയേറിയവര്‍ക്കൊക്കെ പട്ടയം നല്‍കുമെന്ന പ്രഖ്യാപനം പതിറ്റാണ്ടുകള്‍ക്കിപ്പുറവും നടപ്പാക്കിത്തീര്‍ന്നിട്ടില്ല. ഇപ്പോഴും പട്ടയവിതരണങ്ങള്‍ മേളകളായി അരങ്ങേറുന്നു. ഇതിങ്ങനെ പൂര്‍ത്തിയാകാതെ കിടക്കുന്നത് കൂടുതല്‍ കൈയേറ്റങ്ങള്‍ക്കും കുടിയേറ്റങ്ങള്‍ക്കും കാരണമാകുന്നുവെന്നതാണ് വസ്തുത. അതൊന്നും പട്ടയ വിതരണം പൂര്‍ത്തിയാക്കണമെന്ന തോന്നല്‍ ഭരണാധികാരികളിലോ അവരെ നിയന്ത്രിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളിലോ ഉണ്ടാക്കുന്നില്ല. അതിന്റെയൊക്കെ ഫലം കൂടിയാണ് മഴ കനത്തപ്പോള്‍ ഉരുള്‍പൊട്ടലായും മണ്ണിടിച്ചിലായും നമ്മള്‍ കണ്ടത്. അണമുറിഞ്ഞൊഴുകിയ ജലം കരുത്തായപ്പോള്‍ പുഴകള്‍ അവയുടെ സ്ഥലം തിരിച്ചെടുക്കാനാണ് ശ്രമിച്ചത്. അവിടങ്ങളിലൊക്കെ നിര്‍മാണങ്ങള്‍ നടത്തി തടസ്സങ്ങളുണ്ടാക്കിയവരാണ് പുഴകളെ വഴിമാറിയൊഴുകാന്‍ നിര്‍ബന്ധിതമാക്കിയത്.
ഏതാണ്ട് ഇതേ അവസ്ഥയാണ് നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും നികത്തുന്നകാര്യത്തിലുമുണ്ടായത്. ഇക്കാര്യത്തില്‍ നേരത്തെയുണ്ടാക്കിയ നിയമത്തില്‍ പലകുറി ഇളവ് നല്‍കുകയും പിഴയീടാക്കി ക്രമവത്കരിക്കുകയും ചെയ്തതിലൂടെ കൂടുതല്‍ ഇടങ്ങള്‍ നികത്തപ്പെടുന്ന സ്ഥിതിയുണ്ടായി. അസാധാരണമാം വിധം പെയ്തിറങ്ങിയ വെള്ളത്തെ ഉള്‍ക്കൊള്ളാന്‍ പാകത്തിലുണ്ടായിരുന്ന വയലുകളും തണ്ണീര്‍ത്തടങ്ങളും നികത്തിയതോടെ വെള്ളം കിട്ടിയ പഴുതുകളിലൂടെ ഉയര്‍ന്നൊഴുകി. അതിലേക്കാണ് പുഴ വെള്ളവും അണ തുറന്നുവിട്ട അധിക വെള്ളവും ചേര്‍ന്നത്. ഒഴുകിയെത്തിയ വെള്ളത്തിന് ഒഴുക്കില്ലാതായതോടെ ചോര്‍ന്നുപോകാന്‍ പോലും പറ്റാത്ത സ്ഥിതിയുമുണ്ടായി. നാശനഷ്ടങ്ങളുടെ വ്യാപ്തി വര്‍ധിക്കാന്‍ അതും കാരണമായി. ആ നിലയ്ക്ക് ഇന്ന് കേരളം നേരിടുന്ന ദുരന്തം മനുഷ്യ നിര്‍മിതം തന്നെയാണ്. അതിന് ഭരണാധികാരികളെ പഴിക്കുന്നതിനൊപ്പം സ്വയം പഴിക്കുക കൂടി വേണം മലയാളികള്‍.
തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കമെന്ന ഓര്‍മയില്‍ നിന്ന് 2018ലെ വെള്ളപ്പൊക്കമെന്ന യാഥാര്‍ഥ്യത്തിലേക്ക് എത്തുമ്പോള്‍ ഒരുപാട് സംഗതികള്‍ നമ്മളെ തുറിച്ചുനോക്കുന്നുണ്ട്. നമ്മള്‍ തന്നെ സൃഷ്ടിച്ച, നമ്മുടെ തന്നെ ഭരണകൂടങ്ങള്‍ പലകാരണങ്ങളാല്‍ (അഴിമതി, സ്വാധീനം, സ്വജനപക്ഷപാതം ഒക്കെയുണ്ട്) കണ്ണടച്ച് വളര്‍ത്തിയ പലതും. മുന്‍കാലങ്ങളില്‍ ഒറ്റക്കും തെറ്റക്കുമുണ്ടായ ദുരന്തങ്ങള്‍ മുന്നറിയിപ്പായിരുന്നു. അതില്‍ സഹതപിച്ച് നിഷ്‌ക്രിയരായിരുന്ന സമൂഹത്തിന്റെ മേലാണ് പ്രളയജലമൊഴുകിയത്, കുന്നുകള്‍ അടര്‍ന്നുവീണത്. ഇത് മനസ്സിലാക്കിയുള്ള പുനര്‍ നിര്‍മാണത്തിന് ഭരണകൂടം തയ്യാറാകുകയും അതു മനസ്സിലാക്കി പ്രതികരിക്കാന്‍ നമ്മള്‍ സന്നദ്ധരാകുകയും ചെയ്താലേ വരാനിരിക്കുന്ന ദുരന്തങ്ങളുടെ ആഘാതം കുറക്കാനാകൂ. പ്രളയത്തെ തോല്‍പ്പിക്കാന്‍, വിഷമത്തിലായവരെ സഹായിക്കാന്‍ ഒക്കെയായി രൂപമെടുത്ത കൂട്ടായ്മയുടെ അടുത്ത ഉത്തരവാദിത്തം അതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here