Connect with us

Editorial

അര്‍ണബ് വീണ്ടും കേരളത്തിനെതിരെ

Published

|

Last Updated

ദേശീയ അവാര്‍ഡ് ജേതാവും ചിന്തകനും ഡോക്യുമെന്ററി സംവിധായകനുമായ ആനന്ദ് പട്‌വര്‍ധന്റെ ഭാഷയില്‍ പറഞ്ഞാല്‍ അര്‍ണബ് ഗോസ്വാമി വീണ്ടും കുരച്ചു ചാടിയിരിക്കുന്നു. കേരളത്തിന് യു എ ഇ 700 കോടി രൂപ സഹായവാഗ്ദാനം നല്‍കിയതുമായി ബന്ധപ്പെട്ട ചര്‍ച്ചക്കിടെ കേരളീയര്‍ക്കെതിരെയാണ് ഇത്തവണ അദ്ദേഹം കുരച്ചത്. “എന്തൊരു നാണം കെട്ട വിഭാഗം ഇന്ത്യക്കാരാണിത്, എന്തൊരു ഗൂഢാലോചനയാണിത്, എന്തൊരു വിലകുറഞ്ഞ പ്രവൃത്തിയാണിത്. ഇതിലൂടെ അവര്‍ക്ക് എന്താണ് ലഭിക്കുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. സ്വന്തം രാജ്യത്തെ മോശമാക്കുന്നതിനാണോ അവര്‍ക്ക് പണം ലഭിക്കുന്നത്. അവരേതെങ്കിലും സംഘത്തിന്റെ ഭാഗമാണോ. ആരാണ് അവര്‍ക്ക് ഫണ്ട് നല്‍കുന്നത്? ഇത് ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കമാണ്. മതപരമായ നുണകള്‍ പ്രചരിപ്പിക്കുകയാണിവര്‍” എന്നിങ്ങനെ പോകുന്നു അയാളുടെ കുറ്റപ്പെടുത്തലുകള്‍.

അസഹിഷ്ണുതക്കെതിരെയുള്ള പ്രതിഷേധ സൂചകമായി പല പ്രതിഭകളും ദേശീയ പുരസ്‌കാരങ്ങള്‍ തിരിച്ചുനല്‍കിയ നടപടിയെ അര്‍ണബ് ഗോസ്വാമി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചപ്പോഴാണ് അയാള്‍ തങ്ങള്‍ക്ക് നേരെ കുരച്ചു ചാടുകയാണെന്ന് ആനന്ദ് പട്‌വര്‍ധന്‍ പ്രതികരിച്ചത്. “അര്‍ണബിന്റെ വിവേകമില്ലായ്മയും ബഹുമാനമില്ലായ്മയും കടപ്പാടില്ലായ്മയുമെല്ലാമാണ് ഇതിലൂടെ വെളിപ്പെട്ടത്. ഭിന്നാഭിപ്രായം എനിക്ക് മനസിലാകും. എന്നാല്‍ ഈ കുരച്ചുചാടല്‍ എന്തിനാണെന്ന് മനസിലാകുന്നില്ല. ആരെങ്കിലും അദ്ദേഹത്തിന് ഒരു ബിസ്‌കറ്റ് ഇട്ടുകൊടുത്താല്‍ അദ്ദേഹം ഈ കുര അവസാനിപ്പിച്ചേക്കും” ആനന്ദ് പട്‌വര്‍ധന്‍ തുടര്‍ന്നു പറയുന്നു.

പ്രളയക്കെടുതി അനുഭവിക്കുന്ന കേരളത്തിന് യു എ ഇ നല്‍കിയ ധനസഹായം കേന്ദ്രം നിരസിച്ച നടപടിയെ ന്യായീകരിക്കാന്‍ അവകാശമുണ്ട്. കേന്ദ്ര നടപടിയോട് വിയോജിപ്പ് പ്രകടിപ്പിച്ച കേരളീയരെ വിമര്‍ശിക്കുകയുമാകാം. എന്നാല്‍ അതിന്റെ പേരില്‍ മാന്യത വിട്ട വികാര പ്രകടനമെന്തിനാണ്? അര്‍ണബിനറിയാമോ, കേരളമിപ്പോള്‍ ആഗോളമാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. സംസ്ഥാനം നേരിട്ട വന്‍പ്രളയത്തില്‍ അകപ്പെട്ടവര്‍ക്ക് വേണ്ടി ഒത്തൊരുമിച്ച് കേരളീയര്‍ നടത്തിയ ഐതിഹാസികമായ രക്ഷാ പ്രവര്‍ത്തനങ്ങളെ ലോകം അത്ഭുതത്തോടെയാണ് നോക്കിക്കണ്ടത്. മനുഷ്യത്വത്തിനും കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും പ്രളയ കാലത്ത് കേരളീയര്‍ ലോകത്തിന് തന്നെ മാതൃകയാവുകയായിരുന്നു. ചില പ്രദേശങ്ങളില്‍ പ്രളയം കാരണം പള്ളികള്‍ ഉപയോഗശൂന്യമായപ്പോള്‍ മുസ്‌ലിംകള്‍ക്ക് നിസ്‌കരിക്കാന്‍ സൗകര്യം ചെയ്തു കൊടുത്തത് ക്ഷേത്രഭാരവാഹികളായിരുന്നു. ഇതാണ് കേരളത്തിന്റെ മാതൃക. ഇതിനു നേരെയെല്ലാം കണ്ണടച്ചാണ് അര്‍ണബ് കേരളീയര്‍ നാണം കെട്ടവരാണെന്ന് ആക്ഷേപിക്കുന്നത്. അര്‍ണബിന്റെ കേരള വിരുദ്ധ പരാമര്‍ശങ്ങള്‍ ഇതാദ്യമല്ല. ഇതിനിടെ കേരളത്തിനെതിരെ ദേശീയ തലത്തില്‍ നടന്ന വ്യാപകമായ വ്യാജപ്രചരണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചിരുന്നത് അര്‍ണബിന്റെ റിപ്പബ്ലിക് ചാനലായിരുന്നു. സംഘ്പരിവാര്‍ ശക്തികളുടെ ഹിഡന്‍ അജന്‍ഡ കേരളത്തില്‍ നടപ്പാക്കാനും ദേശീയതലത്തില്‍ കേരളത്തെ അപകീര്‍ത്തിപ്പെടുത്താനും ചാനല്‍ കിണഞ്ഞു ശ്രമിച്ചിരുന്നു.

കേരളത്തിലെ മതസൗഹാര്‍ദവും ഹിന്ദുത്വ വര്‍ഗീയതക്കെതിരായ ചെറുത്തു നില്‍പുമാണ് യഥാര്‍ഥത്തില്‍ അര്‍ണബിന്റെയും സംഘ്പരിവാറിന്റെയും സംസ്ഥാനത്തോടുള്ള വിരോധത്തിന് പിന്നില്‍. സംഘ്പരിവാറിന്റെ വര്‍ഗീയ ഫാസിസ രാഷ്ട്രീയത്തെ കേരളീയര്‍ എന്നും മാറ്റിനിര്‍ത്തുകയായിരുന്നു. മോദി പ്രഭാവം രാജ്യമൊട്ടാകെ അലയടിച്ചപ്പോഴും ആ ഒഴുക്കില്‍ മുങ്ങിപ്പോകാത്ത തുരുത്തായി കേരളം നിലകൊണ്ടു. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിലും കേരളത്തില്‍ ബി ജെ പിക്ക് കാര്യമായ മുന്നേറ്റം ദേശീയനേതൃത്വം പ്രതീക്ഷിക്കുന്നുമില്ല.

ബി ജെ പിക്ക് സ്വാധീനമുള്ള ഒരു സംസ്ഥാനത്തായിരുന്നു ഇതു പോലുള്ള ഒരു ദുരന്തം സംഭവിച്ചതെങ്കില്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ മതപരവും ജാതീയവുമായ വേര്‍തിരിവ് പ്രകടമാകുമായിരുന്നു. കേരളത്തില്‍ തന്നെ പ്രളയ ദുരിതത്തെ മത,രാഷ്ട്രീയനേട്ടങ്ങള്‍ക്കായി ഉപയോഗപ്പെടുത്താനും സമൂഹത്തെ വര്‍ഗീയമായി ഭിന്നിപ്പിക്കാനുമുള്ള ശ്രമങ്ങളാണ് സംഘ്പരിവാറിന്റ ഭാഗത്തു നിന്നുണ്ടായത്. ബീഫ് കഴിക്കുന്ന കേരളത്തെ സഹായിക്കരുത്, ഒരു രൂപ പോലും ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന നല്‍കരുത് തുടങ്ങി പ്രചാരണങ്ങളായിരുന്നു സോഷ്യല്‍ മീഡിയയില്‍ അവര്‍ വ്യാപകമായി പ്രചരിപ്പിച്ചിരുന്നത്.

അര്‍ണബിന്റെ ഇപ്പോഴത്തെ നീക്കം ഒരൊറ്റപ്പെട്ടതല്ല. പ്രളയക്കെടുതിയുടെ മറവില്‍ കേരളത്തിനെതിരെ സംഘപരിവാര്‍ നടത്തുന്ന ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ്. കേരളത്തെ താറടിക്കാന്‍ അവര്‍ ചരിത്രത്തില്‍ തന്നെ അട്ടിമറികളും തിരുത്തുകളും നടത്തുകയാണെന്നാണ് പ്രളയവുമായി ബന്ധപ്പെട്ടു വിക്കിപീഡിയ എഡിറ്റ് ചെയ്തു ചെയ്ത സംഭവം വ്യക്തമാക്കുന്നത്. ബി ജെ പി നേതാവ് കെ സുരേന്ദ്രന്റെ വ്യാജപ്രചരണത്തെ ന്യായീകരിക്കാനാണ് വിക്കിപീഡികയില്‍ അവര്‍ തിരിമറി നടത്തിയന്നത്. 2013ലെ ഉത്തരാഖണ്ഡ് പ്രളയ ഘട്ടത്തില്‍ മറ്റു സംസ്ഥാനങ്ങള്‍ കോടികള്‍ സഹായം നല്‍കിയപ്പോള്‍ കേരളം ഒന്നും നല്‍കിയില്ലെന്ന് കാണിച്ചായിരുന്നു കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്. കേരള സര്‍ക്കാര്‍ അന്ന് രണ്ട് കോടി ധനസഹായവും മന്ത്രിമാരടക്കമുള്ളവരുടെ ഒരു ദിവസത്തെ ശമ്പളവും ഉത്താരാഖണ്ഡിന് നല്‍കിയ രുന്നു. ഇത് വിക്കിപീഡികയില്‍ രേഖപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഈ ഭാഗം അടുത്തിടെ ആരോ എഡിറ്റ് ചെയ്തു ഒഴിവാക്കി. ഇന്‍ഫോ ക്ലിനിക്ക് ഡോക്ടറായ നെല്‍സണ്‍ ജോസഫ് നടത്തിയ അന്വേഷണത്തില്‍ കേരളത്തെ താറടിച്ചു കാണിക്കാന്‍ സംഘ്പരിവാര്‍ കേന്ദ്രങ്ങളാണ് ഇത് ചെയ്തതെന്ന് കണ്ടെത്തി. അപ്പോള്‍ ആരാണ് ഇന്ത്യയിലെ ഏറ്റവും നാണം കെട്ട, വൃത്തി കെട്ട വിഭാഗം?

---- facebook comment plugin here -----

Latest