ഏഷ്യന്‍ ഗെയിംസ്: ബാഡ്മിന്റന്‍ താരം സിന്ധു ഫൈനലില്‍

Posted on: August 27, 2018 1:11 pm | Last updated: August 28, 2018 at 10:12 am
SHARE

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസിന്റെ ബാഡ്മിന്റന്‍ വനിതാ സിംഗിള്‍സില്‍ ഇന്ത്യയുടെ പിവി സിന്ധു ഫൈനലില്‍. ലോക രണ്ടാം നമ്പര്‍ താരം ജപ്പാന്റെ അകാനെ യമാഗുച്ചിയെ ഒന്നിനെതിരെ രണ്ടു സെറ്റുകള്‍ക്ക് വീഴ്ത്തിയാണ് ഒളിംപിക്, ലോക ബാഡ്മിന്റന്‍ വേദികളിലെ വെള്ളിമെഡല്‍ ജേതാവു കൂടിയായ സിന്ധുവിന്റെ ഫൈനല്‍ പ്രവേശം. സ്‌കോര്‍: 21-17, 15-21, 21-10.

ഏഷ്യന്‍ ഗെയിംസിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഇന്ത്യന്‍ താരം ബാഡ്മിന്റന്‍ വനിതാ സിംഗിള്‍സില്‍ ഫൈനലിലെത്തുന്നത്. ചൊവ്വാഴ്ച നടക്കുന്ന ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരം ചൈനീസ് തായ്‌പേയിയുടെ തായ് സൂ യിങ്ങാണ് സിന്ധുവിന്റെ എതിരാളി.

അതേസമയം, സിന്ധുവിനു മുന്‍പേ ക്വര്‍ട്ടര്‍ കടമ്പ കടന്ന സൈന നെഹ്വാള്‍ സെമിഫൈനലില്‍ പരാജയപ്പെട്ടു. ഇന്നു നടന്ന ആദ്യ സെമി പോരാട്ടത്തില്‍ ചൈനീസ് തായ്‌പേയിയുടെ ലോക ഒന്നാം നമ്പര്‍ താരം തായ് സൂ യിങ് നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സൈനയെ വീഴ്ത്തിയത്.