ഓണപ്പരീക്ഷ ഒഴിവാക്കാന്‍ സാധ്യത

Posted on: August 27, 2018 10:12 am | Last updated: August 27, 2018 at 11:16 am
SHARE

മലപ്പുറം: പ്രളയക്കെടുതിയില്‍ സ്‌കൂള്‍ അധ്യയനം മുടങ്ങിയതിനാല്‍ ഓണപ്പരീക്ഷ ഒഴിവാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. ഇത് സംബന്ധിച്ച് ഈ മാസം 30ന് തിരുവനന്തപുരത്ത് ചേരുന്ന അധ്യാപക സംഘടനകളുടെയും ഡി ഡി ഇമാരുടെയും യോഗത്തില്‍ അന്തിമ തീരുമാനമെടുക്കും.
ഓണാവധി കഴിഞ്ഞ് ഈ മാസം 29നാണ് സ്‌കൂള്‍ തുറക്കുന്നത്. ഈ ദിവസം തന്നെ സ്‌കൂളില്‍ പുസ്തകം നഷ്ടമായ വിദ്യാര്‍ഥികളുടെ കണക്കെടുപ്പ് നടത്തുകയും ഒരാഴ്ചക്കുള്ളില്‍ പുസ്തക വിതരണം നടത്തുകയും ചെയ്യും. ഇതിന് വേണ്ടി മുഴുവന്‍ പുസ്തകവും അച്ചടിച്ചിട്ടുണ്ട്. ജില്ലാ ഓഫീസുകളില്‍ ഈ വര്‍ഷം അച്ചടിച്ച് ബാക്കി വന്ന പുസ്തകങ്ങളും ഇതിന് വേണ്ടി ഉപയോഗിക്കും.
അധ്യയന വര്‍ഷം വിദ്യാഭ്യാസ മേഖലക്ക് തുടക്കം മുതല്‍ തന്നെ തിരിച്ചടികളാണ് നേരിട്ടത്. നിപ്പാ വൈറസ് ബാധ കാരണം കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ സ്‌കൂള്‍ ആഴ്ചകള്‍ വൈകിയാണ് തുറന്നത്. തൊട്ട് പിന്നാലെ മഴക്കാലമെത്തി. ജൂലൈ അവസാനം മുതല്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ തുടങ്ങി. കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള എല്ലാ ജില്ലകളിലും തുടര്‍ച്ചയായി അവധി നല്‍കേണ്ട സാഹചര്യമുണ്ടായി. ദിവസങ്ങളോളം സ്‌കൂളുകള്‍ അടഞ്ഞു കിടന്നു. മഹാ പ്രളയമായതോടെ പിന്നെ സ്‌കൂളുകളെല്ലാം ദുരിതാശ്വാസ ക്യാമ്പുകളായി മാറി. പല ജില്ലകളിലും ആദ്യ പാഠ ഭാഗങ്ങള്‍ പോലും പഠിപ്പിച്ചു തീര്‍ന്നിട്ടില്ല.
ഇതിനുപുറമെ, പ്രളയത്തില്‍ ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ പാഠ പുസ്തകങ്ങളും നശിച്ചിട്ടുണ്ട്. പ്രളയ ദുരന്തത്തില്‍ തളര്‍ന്ന വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാനുള്ള മാനസികാവസ്ഥയിലായിരിക്കില്ലെന്നാണ് അധ്യാപകര്‍ പറയുന്നത്. ഈ മാസം 31 ന് ഓണപ്പരീക്ഷ നടത്താനായിരുന്നു നേരെത്തെ തീരുമാനിച്ചിരുന്നത്. ഇത് മാറ്റി ഡിസംബറില്‍ അര്‍ധ വാര്‍ഷിക പരീക്ഷ നടത്താനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.
എന്നാല്‍ ഓപ്പരീക്ഷ മാറ്റി വെക്കാന്‍ അനുവദിക്കില്ലെന്ന് കെ പി എസ് ടി എ ( കേരള പ്രദേശ് ടീച്ചേഴ്‌സ് അസോസിയേഷന്‍) സംസ്ഥാന പ്രസിഡന്റ് പി ഹരി ഗോവിന്ദന്‍ സിറാജിനോട് പറഞ്ഞു. പ്രളയ ബാധിത പ്രദേശങ്ങളില്‍ ഇത് ഒഴിവാക്കാവുന്നതാണ്. നിലവില്‍ ചോദ്യ പേപ്പറുകളെല്ലാം അച്ചടിച്ചിട്ടുണ്ട്. ഇത് അനാവശ്യമായി നശിപ്പിക്കേണ്ടതില്ല. സ്‌കൂളില്‍ ക്ലാസ് ടെസ്റ്റ് രൂപത്തില്‍ പരീക്ഷ നടത്താവുന്നതാണ്. സ്‌കൂളില്‍ പാഠ ഭാഗങ്ങള്‍ തീര്‍ന്നതിന് അനുസരിച്ച് പരീക്ഷ നടത്തണമെന്നും എടുക്കാത്ത ഭാഗങ്ങളില്‍ നിന്ന് വന്ന ചോദ്യങ്ങള്‍ അധ്യാപകര്‍ക്ക് മാറ്റി നല്‍കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here